
‘സോണിയ ആടിത്തിമിർത്ത ഡാൻസ് ബാർ’; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം
നെഹ്‌റു കുടുംബത്തിനേതിരെയുള്ള സദാചാര ആക്രമണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പുതിയതല്ല.ആ കൂട്ടത്തിലെ ഒടുവിലത്തേതാണ് ‘സോണിയാ ഗാന്ധി നൃത്തം ചെയ്ത ബാറി’ ന്റെ വിശേഷങ്ങൾ. ‘എഡ്വിഗേ അന്തോനിയ ആൽബിന മൈനോയുടെ (സോണിയ) മാദക നൃത്തം നടന്ന ബാർ’. ഇങ്ങനെ ഒരു തലക്കെട്ടോടെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘സോണിയ ആടിത്തിമിർത്ത ആ ബാർ ഇതാണ്; കോൺഗ്രസുകാർ ചില്ലിട്ട് സൂക്ഷിക്കേണ്ട ചിത്രം പുറത്തുവിട്ട് എ ഐ സി സി’ എന്നും ചിത്രത്തിൽ അടിക്കുറിപ്പായി രേഖപ്പെടുത്തിയിട്ടുണ്ട്.
നിരന്തരം ബി ജെ പി അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന അക്കൗണ്ടുകളാണ് ഇത്തരം ഒരു പ്രചരണം നടത്തുന്നത്. എന്താണ് ഈ പ്രചരണത്തിന്റെ സത്യം? ഏതാണ് ഈ ബാർ?. ഒ ബി സി പരിശോധിച്ചു.
ഫേസ്ബുക്കിൽ 5.8K ഫോളോവേർസ് ഉള്ള Sudhi Sudhi എന്ന അക്കൗണ്ടിൽ സെപ്റ്റംബർ 12നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് ഇതുവരെ മാത്രം (സെപ്റ്റംബർ 15) 2.3K ലൈക്കുകൾ ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. 731പേർ കമന്റ് ചെയ്യുകയും 716 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്. തുടർച്ചയായി ബിജെപി അനുകൂല പോസ്റ്റുകൾ പങ്ക് വെക്കുന്ന അക്കൗണ്ടാണിത്.

സോണിയ ഗാന്ധിയെ അവഹേളിക്കുന്ന തരത്തിലുള്ള മറ്റു പോസ്റ്റുകളും ഈ അക്കൗണ്ടിൽ കാണുവാൻ സാധിക്കും.


ഏതാണ് ഈ ‘ബാർ’?
പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഇറ്റലിയിലെ വെനീസ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന കഫെ ഫ്ലോറോയൻ എന്ന പ്രശസ്തമായ ‘കോഫി ഹൗസ്’ ആണെന്ന് റിവേഴ്‌സ് ഇമേജ് പരിശോധനയിലൂടെ വ്യക്തമായി.1720 ൽ സ്ഥാപിതമായ കഫെ ഫ്ലോറിയാൻ ഇറ്റലിയിൽ, നിലവിൽ പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന കഫേ ആണ്. മദ്യം ഉൾപ്പെടെയുള്ള പാനീയങ്ങൾ ലഭിക്കുമെങ്കിലും, അത് ഡാൻസ് ബാർ എന്ന രീതിയിൽ പ്രവർത്തിച്ചിട്ടില്ലെന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്ന് മനസ്സിലായത്.കഫെ ഫ്ലോറിയന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഉൾപ്പെടെ ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ നിന്നാണ് ഇത് വ്യക്തമായത്. കഫേ ഫ്ലോറിയാനുമായി, ഇത് സംബന്ധിച്ച് ഞങ്ങൾ ഇ-മെയിൽ വഴി ബന്ധപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
കഫെ ഫ്ലോറിയനിൽ സോണിയ ഗാന്ധി ജോലി ചെയ്തിട്ടുണ്ടോ?
കഫെ ഫ്ലോറിയനിൽ സോണിയ ഗാന്ധി ഒരു ബാർ ഡാൻസർ ആയി ജോലി ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന യാതൊരു രേഖകളും എവിടെയും ലഭ്യമല്ല. 1960കളിൽ, കേംബ്രിഡ്ജിൽ പഠിച്ചിരുന്ന കാലത്ത്, സോണിയാ ഗാന്ധി അവിടെയുള്ള ഒരു ബാറിൽ വെയിറ്ററെസ് ആയി ജോലി ചെയ്തിരുന്നു എന്ന് ചില ഗവേഷണങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ കഫേ ഫ്ലോറിയാൻ സ്ഥിതി ചെയ്യുന്നത് ഇറ്റലിയിൽ ആണ്. 18ാം വയസ്സിൽ പഠനത്തിനായി ഇറ്റലി വിട്ട സോണിയ തന്റെ 21ാം വയസ്സിൽ വിവാഹിതയായി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ജന്മദേശമായ ഇറ്റലിയിൽ എവിടെയെങ്കിലും സോണിയ ഗാന്ധി ജോലി ചെയ്തതായി വ്യക്തമാക്കുന്ന യാതൊരു തെളിവുകളുമില്ല.

ഇങ്ങനെ ഒരു ചിത്രം എ ഐ സി സി പുറത്തുവിട്ടിട്ടുണ്ടോ?
എ ഐ സി സി യുമായി ബന്ധപ്പെട്ട ഓദ്യോഗികമായ എല്ലാ സൈബർ ഹാൻഡിലുകളിൽ നിന്നുള്ള പോസ്റ്റുകളും പരിശോധിച്ചു. കഫേ ഫ്ലോറിയാനുമായോ, സോണിയ ഗാന്ധി ജോലി ചെയ്തിരുന്നുവെന്ന് കരുതപ്പെടുന്ന മറ്റേതെങ്കിലും സ്ഥാപനവുമായോ ബന്ധപ്പെട്ട യാതൊരു വിവരങ്ങളും അവർ പങ്കുവച്ചതായി തെളിവുകളില്ല.
ചുരുക്കത്തിൽ സോണിയ ഗാന്ധി നൃത്തം ചെയ്തത് എന്ന പേരിൽ പ്രചരിപ്പിക്കുന്ന പോസ്റ്റിലെ വിവരങ്ങൾ വ്യാജമാണ്. ആ ചിത്രത്തിൽ കാണുന്ന കഫേയും സോണിയാ ഗാന്ധിയും തമ്മിൽ ബന്ധമൊന്നും ഉള്ളതായി തെളിവുകളില്ല.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക