
മൊണാലിസ ബോസ്ലെയെ വേട്ടയാടി സംഘപരിവാർ അനുകൂല അക്കൗണ്ടുകൾ; മരണവാർത്ത വ്യാജം.
2025ലെ പ്രയാഗ് രാജ് മഹാകുഭമേളയിൽ വൈറൽ ആയ മധ്യപ്രദേശ് സ്വദേശിനി മൊണാലിസ ബോസ്ലെ അന്തരിച്ചു എന്ന് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. നിരന്തരം സംഘപരിവാർ അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന അക്കൗണ്ടുകളാണ് മലയാളത്തിൽ ഈ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മൊണാലിസ ബോസ്ലെ മരിച്ചെന്ന വാർത്തയുടെ ഉറവിടം എന്താണ് ?
നിരന്തരം സംഘപരിവാർ അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന 15k ഫോളോവേഴ്സ് ഉള്ള സത്യമേവ ജയതേ എന്ന ഫേസ്ബുക് അക്കൗണ്ട് നവംബർ 26ന് പങ്കുവച്ച പോസ്റ്റിന് നവംബർ 27 വരെ മാത്രം 405 ലൈക്കുകളും, അറുനൂറിൽ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. 38k ഫോളോവേഴ്സ് ഉള്ള Marunadan Supporters Group എന്ന ഫേസ്ബുക് പേജിലാണ് സത്യമേവ ജയതേ എന്ന അക്കൗണ്ട് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. “അങ്ങിനെ മോണാലിസ പടമായി കേട്ടാ…. മരണ കാരണം പീഡനമെന്നത് പറയേണ്ട കാര്യം ഇല്ലല്ലോ… കെട്ടിയ സുടാപ്പി അടുത്ത ഇരയെ തേടി പോയിട്ടുണ്ട്” എന്ന് തുടങ്ങുന്ന ദീർഘമായ ഒരു അടിക്കുറിപ്പോടെയാണ് ഈ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

നവംബർ 26ന് തന്നെ K N Prebhakaran Nair എന്ന ഫേസ്ബുക് അക്കൗണ്ടും ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. “ഹാ: !പുഷ മേ അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണ്ക്കയേ നീ. പ്ലാസ്റ്റിക് മാലയും വളയുംഒക്കെ വിറ്റ് ജീവിച്ച ഒരു പാവം പെണ്ണ് ലവ് ജിഹാദ് വഴികേരളത്തിൽ എത്തിച്ചവിപ്ലവം പറയുന്ന നേതാക്കന്മാരും മന്ത്രിമാരും ബ്രോക്കർമാരായ നിന്ന് ആ മനുഷ്യമൃഗത്തിന് പെൺകുട്ടിയെ ഏൽപ്പിച്ചു കൊടുത്തു ഇവിടെ ആ പുഷ്പം വാടി കൊഴിഞ്ഞു.” ഇങ്ങനെ ഒരു അടിക്കുറിപ്പോടെ പങ്കുവച്ച പോസ്റ്റിന് നവംബർ 27 വരെ മാത്രം നാന്നൂറിലധികം ലൈക്കുകളും നിരവധി ഷെയറുകളും ലഭിച്ചു.

“മൊണാലിസ എന്ന പെൺകുട്ടിയെ തീവ്രവാദിക്കു കെട്ടിച്ചുകൊടുത്തു മതേതര വോട്ട് ഉറപ്പാക്കിയ ശിവൻകുട്ടിക്ക് സന്തോഷമായില്ലേ. ഒരു പാവം പെൺകുട്ടിക്ക് കുംഭമേളയിൽ ലഭിച്ച അനുഗ്രഹം ശാപമാക്കാൻ പ്രവൃത്തിച്ചവരുടെ പത്തു തലമുറ ഗതിപിടിക്കില്ല.” ഇങ്ങനെ ഒരു തലക്കെട്ടോടെ നവംബർ 27ന് Nanda Kumar Moolathodi എന്ന ഫേസ്ബുക് അക്കൗണ്ടും ഇതേ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഇതും നിരന്തരം സംഘപരിവാർ അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന അക്കൗണ്ട് ആണ്.

“സുഡാപ്പിയുടെ കൂടെ ഇറങ്ങിത്തിരിച്ച് ഹിന്ദുവിനെ കൊട്ടിയവൾ, കല്യാണം നടത്തിയപോലെ ഈ മരണത്തിന്റെ ഉത്തരവാദിത്തവും പോളിറ്റ് ബ്യൂറോ ഏറ്റെടുക്കണം, ഈ കുട്ടിയുടെ ശവം ഇവിടുത്തെ സിപിഎമ്മുകാർക്ക് വിട്ടുകൊടുക്കണം” എന്നിങ്ങനെ വിദ്വേഷ കമന്റുകളാണ് ഈ പോസ്റ്റുകളുടെ കമന്റ്ബോക്സുകളിൽ അധികവും. കൂടാതെ വ്യാജ വാർത്തയാണെന്നുള്ള കമന്റുകളും കാണാം.
എന്താണ് സത്യാവസ്ഥ?
വൈറൽ പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം എ ഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ എ ഐ നിർമ്മിതമാണെന്ന് വ്യക്തമായി.

കൂടാതെ മൊണാലിസ ബോസ്ലെയുടെ വെരിഫൈഡ് ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഞങ്ങൾ പരിശോധിച്ചു. നവംബർ 26 മുതലാണ് മൊണാലിസ ബോസ്ലെ മരണപ്പെട്ടു എന്ന തരത്തിലുള്ള വൈറൽ പോസ്റ്റുകൾ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാൽ നവംബർ 27നും മൊണാലിസ ബോസ്ലെയുടെ വെരിഫൈഡ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അവർ പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.

കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഒ ബി സി മൊണാലിസ ബോസ്ലെയുടെ സുഹൃത്തുമായി ഫോണിലൂടെ ബന്ധപ്പെട്ടു. മൊണാലിസ ബോസ്ലെ മരണപ്പെട്ടു എന്ന പേരിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും, മൊണാലിസ സുരക്ഷിതയാണെന്നും അവരുടെ സുഹൃത്ത് ഞങ്ങളോട് വ്യക്തമാക്കി.
തുടർച്ചയായി സൈബർ ആക്രമണം നേരിടുന്ന മൊണാലിസ ബോസ്ലെ.
2025ലും ഇത്തരത്തിൽ മൊണാലിസ ബോസ്ലെ മരണപ്പെട്ടന്ന തരത്തിലുള്ള വ്യാജ വാർത്തകൾ വൈറൽ ആയിരുന്നു. പിന്നീട് 2026 മാർച്ച് 11-ന് ഉത്തർപ്രദേശ് സ്വദേശിയും നടനുമായ ഫർമാൻ ഖാനെ തിരുവനന്തപുരത്ത് വെച്ച് മൊണാലിസ വിവാഹം കഴിച്ചതോടെ ‘ലവ് ജിഹാദ്’ അടക്കം നിരവധി ആരോപണങ്ങളാണ് ദമ്പതികൾ നേരിട്ടത്.


2026 ഏപ്രിലിൽ, മൊണാലിസയെ കാണാതായെന്നും,ഭർത്താവായ ഫർമാൻ ഖാൻ ജോധ്പൂരിലെ തെരുവുകളിൽ മൊണാലിസയുടെ ചിത്രവുമായി കരഞ്ഞുകൊണ്ട് അന്വേഷിച്ചു നടക്കുകയാണെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലായിരുന്നു.

മൊണാലിസ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ഇതിനോടൊപ്പം നടന്നു. എന്നാൽ ദൃശ്യങ്ങളിമുള്ളത് ഫാർമാൻ ഖാൻ അല്ലെന്നും അയാളോട് രൂപസാദൃശ്യമുള്ള അരവിന്ദ് കുമാർ ജോഷി എന്ന യുവാവാണെന്നും ഒ ബി സി ഫാക്റ്റ്ചെക്കിലൂടെ തെളിയിച്ചിരുന്നു. കൂടാതെ, ഫർമാൻ ഖാനുമായുള്ള വിവാഹശേഷം മൊണാലിസ ബോസ്ലെയ്ക്കെതിരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് നിരന്തരം സംഘപരിവാർ അനുകൂല ഉള്ളടക്കങ്ങൾ പങ്കുവയ്ക്കുന്ന അക്കൗണ്ടുകൾ ആണെന്നതും ശ്രദ്ധേയമാണ്.
ചുരുക്കത്തിൽ
2025-ലെ പ്രയാഗ്രാജ് മഹാകുംഭമേളയിലൂടെ ശ്രദ്ധേയയായ മൊണാലിസ ബോസ്ലെ അന്തരിച്ചു എന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണ്. പ്രചരിക്കുന്ന പോസ്റ്റുകളിലെ ചിത്രം എ ഐ നിർമ്മിതമാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ, മരണവാർത്ത പ്രചരിച്ചതിന് ശേഷവും മൊണാലിസ തന്റെ വെരിഫൈഡ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സജീവമായി പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. അവർ സുരക്ഷിതയാണെന്ന് സുഹൃത്തും ഒ ബി സി യോട് ഫോണിലൂടെ സ്ഥിരീകരിച്ചു.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക