
ഹെൽമെറ്റിൽ എയർബാഗ് ! മുഖ്യധാരാ മാധ്യമങ്ങൾക്ക് വരെ ചുവട് പിഴക്കുമ്പോൾ
ബൈക്ക് യാത്രികർക്കും ‘എയർ ബാഗ്’ അതും ഹെൽമെറ്റിൽ!. അപകട സമയത്ത് ഹെൽമെറ്റിൽ നിന്നും എയർബാഗ് പുറത്തുവരുന്ന സാങ്കേതികവിദ്യ ചൈന കണ്ടെത്തി എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആവുന്നു. മാധ്യമവും ജനയുഗവും പോലുള്ള മുൻനിര മാധ്യമങ്ങളടക്കം പങ്കുവച്ച വീഡിയോയുടെ സത്യമെന്ത്? ഒ ബി സി അന്വേഷിച്ചു.
മലയാളത്തിലെ മുൻനിര മാധ്യമങ്ങളിൽ ഒന്നായ ‘മാധ്യമത്തിന്റെ’ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നവംബർ 18ന് പങ്കുവച്ച വീഡിയോയ്ക്ക് നവംബർ 26 വരെ മാത്രം ലഭിച്ചത് 170k വ്യൂസ് ആണ്. കൂടാതെ രണ്ടായിരത്തിൽ അധികം ലൈക്കുകളും, രണ്ടായിരത്തഞ്ഞൂറിൽ അധികം ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

നവംബർ 17ന് ജനയുഗം ഓൺലൈൻ എന്ന ഇൻസ്റ്റാഗ്രാം പേജിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. “സീറ്റിൽ നിന്ന് വിടർന്ന് തലയ്ക്ക് സംരക്ഷണം എയർബാഗ്; വാഹനലോകത്തെ ഞെട്ടിച്ച് പുതിയ സുരക്ഷാ ഫീച്ചർ” എന്ന അടിക്കുറിപ്പോടെയാണ് ജനയുഗംഓൺലൈൻ ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. നവംബർ 26 വരെ മാത്രം രണ്ടായിരത്തിൽ അധികം വ്യൂസ് ആണ് ഈ പോസ്റ്റിനു ലഭിച്ചത്.

ഇതുകൂടാതെ നിരവധി വ്യക്തിഗത അക്കൗണ്ടുകളും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ 15k ഫോളോവേഴ്സ് ഉള്ള Haris Journals എന്ന വ്യക്തിഗത അക്കൗണ്ട് നവംബർ 18ന് പങ്കുവച്ച പോസ്റ്റിന് നവംബർ 26 വരെ മാത്രം പത്തുലക്ഷത്തിൽ അധികം വ്യൂസ് ആണ് ലഭിച്ചത്. കൂടാതെ 16k ലൈക്കുകളും 22k ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. “എയർബാഗുള്ള ഹെൽമെറ്റ് കണ്ടുപിടിച്ചു ചൈന. പ്രമുഖ കമ്പനിയായ യാങ്സി യെമയാണ് പരീക്ഷണം നടത്തിയത്!” എന്ന അടിക്കുറിപ്പോടെയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

“ഇത് കേരളത്തിന് വളരെ ആവശ്യമുള്ള ഒരു കണ്ടുപിടുത്തമാണ്, ഇതൊക്കെ എത്രയോ കൊല്ലം മുൻപ് നടന്നു, ഇപ്പോഴാണോ അറിയുന്നത്, ഈ ഹെൽമെറ്റ് താഴെ വീണാൽ എയർബാഗ് തുറക്കാൻ സാധ്യതയില്ലേ” എന്നിങ്ങനെ നിരവധി കമന്റുകൾ ഈ പോസ്റ്റുകളുടെ കമന്റ്‌ബോക്സിൽ കാണാം. കൂടാതെ ഇത് എ ഐ നിർമ്മിതമാണെന്ന് വാദിക്കുന്ന കമന്റുകളും ഉണ്ട്.
എന്താണ് സത്യാവസ്ഥ?
ഈ വീഡിയോയുടെ ഉറവിടം കണ്ടെത്തുന്നതിനായി ദൃശ്യങ്ങളുടെ കീഫ്രെയിമുകൾ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. ഈ ദൃശ്യങ്ങൾ ഒക്ടോബർ 2ന് Zero Gravity Gang എന്ന ഫേസ്ബുക് പേജിൽ പങ്കുവച്ചിരുന്നതായി കണ്ടെത്തി. അത്യാധുനികമായ വാഹനങ്ങളുടെയും, യന്ത്രങ്ങളുടെയും എ ഐ നിർമ്മിത ദൃശ്യങ്ങൾ സ്ഥിരമായി പോസ്റ്റ് ചെയ്യുന്ന അക്കൗണ്ട് ആണിതെന്നും ഞങ്ങൾ കണ്ടെത്തി.

ഈ ദൃശ്യങ്ങൾ എ ഐ നിർമിതമാണെന്ന് തോന്നിപ്പിക്കുന്ന നിരവധി സൂചനകൾ ഈ വീഡിയോയിൽ തന്നെ കാണാം. അപകടം ചിത്രീകരിക്കുന്നവരുടെ മൊബൈൽ ഫോണുകളിൽ കാണുന്ന രംഗവും പ്രധാന വീഡിയോയിലെ രംഗവും വ്യത്യസ്തമാണ്. കൂടാതെ, ബൈക്ക് യാത്രികന്റെ കൈമുട്ടിലെ സംരക്ഷണ കവചത്തിന്റെ നിറം മാറുന്നതും ഒരു കൈ ദൃശ്യത്തിൽ അപ്രത്യക്ഷമാകുന്നതും എ ഐ നിർമ്മിതിയുടെ സൂചനകളാണ്. എ ഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഈ ദൃശ്യങ്ങൾ പൂർണ്ണമായും എ ഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായി.

എയർബാഗ് ഉള്ള ഹെൽമെറ്റുകൾ യാഥാർഥ്യമാണോ?
ഏതെങ്കിലും ചൈനീസ് കമ്പനികൾ ഈ ദൃശ്യങ്ങളിൽ കാണുന്നപോലെ ശരീരം മുഴുവൻ പൊതിയുന്ന എയർബാഗ് ഹെൽമെറ്റുകൾ വികസിപ്പിച്ചതായോ പരീക്ഷിച്ചതായോ സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.
എന്നാൽ, അപകടസമയത്ത് യാത്രികന്റെ ശരീരത്തെ സുരക്ഷിതനാക്കാൻ സഹായിക്കുന്ന എയർബാഗ് ജാക്കറ്റുകൾ നിലവിലുണ്ട്. 2022-ൽ ഇറ്റാലിയൻ കമ്പനിയായ AIROH-യും സ്വീഡിഷ് കമ്പനിയായ Autoliv-ഉം ഹെൽമെറ്റിനോട് ചേർന്ന എയർബാഗ് സംവിധാനത്തിന്റെ ഒരു പ്രോട്ടോടൈപ്പും അവതരിപ്പിച്ചിരുന്നു. എന്നാൽ അതിന് ഈ ദൃശ്യങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന സാങ്കേതിക വിദ്യയുമായി സാമ്യമില്ല.
ചുരുക്കത്തിൽ
അപകടസമയത്ത് ഹെൽമെറ്റിൽ നിന്നും വലിയ എയർബാഗ് വിടർന്ന് യാത്രികനെ സംരക്ഷിക്കുന്നതായി കാണിക്കുന്ന വൈറൽ വീഡിയോ പൂർണ്ണമായും എ ഐ നിർമ്മിതമാണ്. ചൈന ഇത്തരമൊരു സാങ്കേതികവിദ്യ വികസിപ്പിച്ചതായോ പരീക്ഷിച്ചതായോ യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല. ഒക്ടോബർ 2-ന് ‘Zero Gravity Gang’ എന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട എ ഐ ദൃശ്യങ്ങളാണ് യഥാർത്ഥ കണ്ടുപിടുത്തമെന്ന പേരിൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിലവിൽ എയർബാഗ് ജാക്കറ്റുകളും വെസ്റ്റുകളും വിപണിയിലുണ്ടെങ്കിലും, വീഡിയോയിൽ കാണുന്ന തരത്തിലുള്ള സംവിധാനം യാഥാർത്ഥ്യമല്ല.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക