ഹിന്ദുത്വ ദേശീയതയുടെ ലിംഗപരമായ പക്ഷപാതങ്ങൾ

ഹിന്ദുത്വ ദേശീയതയുടെ ലിംഗപരമായ പക്ഷപാതങ്ങൾ

​ലോകത്തെ എല്ലാ വലതുപക്ഷ ആശയങ്ങളുടെയും പൊതുസ്വഭാവം സ്ത്രീവിരുദ്ധതയാണ്. പുരുഷ കേന്ദ്രീകൃതവും പുരുഷാധിപത്യപരവുമായ സാമൂഹിക ഘടനയെ സംരക്ഷിക്കാനാണ് അത്തരം ആശയധാരകൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. വലതുപക്ഷ ആശയങ്ങളുടെ നിലനിൽപിന് ഈ സാമൂഹിക ഘടന ഇങ്ങനെ തന്നെ തുടരേണ്ടത് അനിവാര്യമാണെന്ന് അവർ കരുതുന്നു. പുരുഷനും സ്ത്രീയും ഒരേ ജൈവഘടനയുടെ രണ്ട് ആവിഷ്കാരങ്ങളാണെങ്കിലും ഈ തുല്യത സ്ത്രീ സമൂഹത്തിന് ലഭിക്കാറില്ല എന്നത് ഒരു യാഥാർഥ്യമാണ്; ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രത്യേകിച്ചും. സാമൂഹിക പരിണാമത്തിൻ്റെ ചരിത്രത്തിൽ പുരുഷൻ നടത്തിയ അധികാര കയ്യേറ്റമാണ് ഈ തുല്യതയെ ഇല്ലാതാക്കിയത്. ജൈവികമായ സവിശേഷതകളെ സാമൂഹികമായ പോരായ്മകളായി വ്യാഖ്യാനിച്ചാണ് പുരുഷൻ സ്ത്രീക്ക് മേൽ അധികാരത്തെ സ്ഥാപിച്ചത്. ലളിതമായി പറഞ്ഞാൽ കുടുംബത്തിലും സമൂഹത്തിലും വ്യവസ്ഥയിലും ഈ മനോഭാവത്തെ തുടർന്നുകൊണ്ട് പോകാൻ നടത്തുന്ന ശ്രമത്തിൻ്റെ പേരാണ് പാട്രിയാർക്കി. പാട്രിയാർക്കിയുടെ മൂർത്തമായ ഇന്ത്യൻ   രൂപമാണ് സംഘപരിവാർ അഥവാ ഹിന്ദുത്വ. ഹിന്ദുത്വയുടെ ദേശീയ സങ്കൽപത്തിനുള്ളിലെ സ്ത്രീകളുടെ അസ്തിത്വം ഭീകരമായ നിലയിൽ നിശബ്ദമായതാണ്. അതിൻ്റെ മുഖ്യമായ കാരണം ഹിന്ദുത്വയുടെ ആശയപരമായ ഉള്ളടക്കം തന്നെയാണ്. 

സംഘപരിവാർ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകളും പരമ്പരാഗതമായ പിതൃമേധാവിത്വ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതും സ്ത്രീവിരുദ്ധ നിലപാടുകളിൽ അടിയുറച്ചതുമാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംസ്കാര സംരക്ഷകരായി സ്ത്രീകളെ മഹത്വവൽക്കരിക്കുക വഴി അവരുടെ സ്വയംനിർണ്ണയാധികാരത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും നിഷേധിക്കുന്ന ഒരു സമീപനത്തെയാണ് ആർഷഭാരത സംസ്കാരമെന്ന പേരിൽ സംഘപരിവാർ ഉയർത്തിപ്പിടിക്കുന്നത്. ഏത് വഴികളിലൂടെ വായിച്ചാലും ഹിന്ദുത്വ എന്ന പേര് കൊണ്ട് രൂപപ്പെടുത്തപ്പെട്ട രാഷ്ട്രീയ സാംസ്കാരം സമ്പൂർണമായും സ്ത്രീവിരുദ്ധമായതാണ്. ഭൂരിപക്ഷ ദേശീയതയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി സ്ത്രീ ശരീരത്തെയും അവരുടെ ഐഡന്റിറ്റിയെയും ഉപകരണവൽക്കരിക്കുന്നുവെന്നതാണ് ഹിന്ദുത്വ ദേശീയതയുടെ പ്രധാന പ്രത്യേകത.​ ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ദേശീയത, രാജ്യത്തെ സ്ത്രീ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും മേൽ ഗുരുതരമായ വെല്ലുവിളികളാണ് ഉയർത്തുന്നത്.

ഹിന്ദുത്വയുടെ സ്ത്രീവാദ കാപട്യങ്ങൾ

പുറമേയ്ക്ക് സ്ത്രീ ശാക്തീകരണത്തിന്റെയും നാരീശക്തിയുടെയും വക്താക്കളായി സ്വയം അവതരിപ്പിക്കാറുണ്ടെങ്കിലും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറ നിലനിൽക്കുന്നത് കർശനമായ പിതൃമേധാവിത്വ ഘടനകളിലാണ്.​ ഹിന്ദുത്വ രാഷ്ട്രീയം സ്ത്രീകളെ പ്രധാനമായും കാണുന്നത് ഭാരത മാതാവ് എന്ന സങ്കൽപ്പത്തിന്റെയോ അല്ലെങ്കിൽ പവിത്രമായ കുടുംബ വ്യവസ്ഥയുടെ കാവൽക്കാരുടെയോ വേഷങ്ങളിലാണ്. ഇവിടെ സ്ത്രീ ഒരു വ്യക്തിയെന്ന നിലയിലല്ല, മറിച്ച് രാഷ്ട്രത്തിന്റെ അല്ലെങ്കിൽ സാംസ്കാരിക പാരമ്പര്യത്തിന്റെ അമരക്കാരി എന്ന നിലയിലാണ് അടയാളപ്പെടുത്തപ്പെടുന്നത്. ഈ സങ്കൽപ്പം സ്ത്രീക്ക് ചില പ്രത്യേക പരിഗണനകൾ നൽകുമ്പോൾ തന്നെ അവളുടെ സ്വന്തം ശരീരത്തിന് മേലുള്ള അവകാശത്തെയും ചോയ്സുകളെയും ശക്തമായി നിഷേധിച്ച് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. പരമ്പരാഗതവും ലിംഗപരവുമായ തൊഴിൽ വിഭജനത്തെയും ആചാരങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്ന ഹിന്ദുത്വ ദേശീയതക്ക് ഒരിക്കലും സ്ത്രീകളെ സാമൂഹികമായി പുരുഷന് തുല്യരായി കാണാൻ കഴിയില്ല. അതിൻ്റെ കാരണം, രാമൻ മാത്രം ധീരനും വിശുദ്ധനുമാകുകയും സീതയുടെ സ്വതന്ത്ര അസ്തിത്വത്തെ  തമസ്കരിക്കുകയും ചെയ്യുന്ന ഒരു ആഖ്യാനത്തിലാണ് അവർ വിശ്വാസമർപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് സാംസ്കാരിക പവിത്രതയുടെയും ജനസംഖ്യാ രാഷ്ട്രീയത്തിന്റെയും ഉപകരണങ്ങൾ മാത്രമായി സ്ത്രീകളെ സംഘപരിവാർ പരിഗണിക്കുന്നത്. ഇത്തരം പിതൃമേധാവിത്വ മൂല്യങ്ങളെയും വർഗീയ രാഷ്ട്രീയത്തെയും ചോദ്യം ചെയ്തും പരാജയപ്പെടുത്തിയും മാത്രമേ ലിംഗനീതിയിലും സമത്വത്തിലധിഷ്ഠിതമായതും ആധുനിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാൻ നമ്മുടെ രാജ്യത്ത് സാധിക്കുകയുള്ളൂ. ഈ തിരിച്ചറിവും ധാരണയുമില്ലാത്ത ഏതൊരു രാഷ്ട്രീയ മുന്നേറ്റത്തിനും ഹിന്ദുത്വ ദേശീയത സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന അപകടങ്ങളിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷപ്പെടുത്താൻ കഴിയില്ല.

indiatoday.in

ഹിന്ദുത്വ ദേശീയത ഉയർത്തിപ്പിടിക്കുന്ന സ്ത്രീ വിരുദ്ധതയുടെ പ്രകടമായ മറ്റൊരുദാഹരണം സ്ത്രീകളുടെ പ്രണയം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട അവരുടെ കാഴ്ചപ്പാടുകളാണ്. മുസ്ലീം വിരുദ്ധ രാഷ്ട്രീയ അജണ്ടകൾക്കായി സ്ത്രീകളെ കരുവാക്കുന്ന ഒരു ശൈലിയും കൂടി ഇതിലുണ്ട്. സ്ത്രീക്കും പുരുഷനും തുല്യമായ സാമൂഹ്യ പദവിയെന്ന കാഴ്ചപ്പാട് ഹിന്ദുത്വക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. സ്ത്രീയുടെ പ്രണയം അപകടകരവും പുരുഷൻ്റെ പ്രണയം ധീരവുമാകുന്ന ഒരു പക്ഷപാതിത്വമാണ് ഹിന്ദുത്വയ്ക്കുള്ളത്. ലൗ ജിഹാദ് പോലുള്ള പ്രചാരണങ്ങളുടെ അടിസ്ഥാനം തന്നെ ഹിന്ദുത്വയുടെ ഈ ആവലാതിയാണ്. മുസ്ലീം പുരുഷന്മാരുമായുള്ള ഹിന്ദു സ്ത്രീകളുടെ പ്രണയത്തെയും വിവാഹത്തെയും ക്രിമിനൽവൽക്കരിക്കുകയും ഹിന്ദു സ്ത്രീകളുടെ സെക്ഷ്വാലിറ്റിയെയും തെരഞ്ഞെടുപ്പുകളെയും നിയന്ത്രിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് വരുത്തിത്തീർക്കുകയുമാണ് ഹിന്ദുത്വ ചെയ്യുന്നത്. ഇത് സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്. ആൾക്കൂട്ടങ്ങളെ കൊണ്ട് സ്ത്രീകളെ വാചികമായ ആക്രമണങ്ങൾക്ക് വിധേയരാക്കുകയും ഇത്തരം സ്ത്രീകൾ അതർഹിക്കുന്നുണ്ട് എന്നൊരാഖ്യാനം രൂപപ്പെടുത്തുകയും ചെയ്യുന്നതിൻ്റെ അനേകം ഉദാഹരണങ്ങൾ നമുക്ക് ചുറ്റും കാണാൻ സാധിക്കും. ഒരു സ്ത്രീക്ക് തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ പോലും സാംസ്കാരിക അതിക്രമമായി ചിത്രീകരിക്കുന്ന ഈ പ്രവണത നമ്മുടെ സമൂഹത്തിൽ ശക്തിപ്പെടുന്നത് സ്ത്രീയെ പുരുഷൻ്റെ കാമനകൾക്ക് മാത്രമുള്ള ഒരു ഉപഭോഗവസ്തുവായി കാണുന്ന കാഴ്ചപ്പാട് കൊണ്ട് മാത്രമാണ്. സ്ത്രീകളെ ആദരിക്കുന്നുവെന്ന് നടിക്കുകയും പ്രവർത്തികളിലൂടെ അവരെ ചവിട്ടിത്താഴ്ത്തി നിന്ദിക്കുകയും ചെയ്യുന്ന ഒന്നാന്തരം ഇരട്ടത്താപ്പാണ് സംഘപരിവാറിൻ്റെ ആദർശവും ദേശീയതയും. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ വർഗീയവൽക്കരിക്കുന്ന രീതിയും ഹിന്ദുത്വ രാഷ്ട്രീയത്തിൽ പ്രകടമാണ്. പ്രതികൾ ഏതെങ്കിലും പ്രത്യേക സമുദായത്തിൽ പെട്ടവരാണെങ്കിൽ മാത്രം വലിയ രീതിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും അതേസമയം സ്വന്തം ആശയധാരയിൽ പെട്ടവരാണ് കുറ്റവാളികളെങ്കിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ്  സ്ത്രീകളുടെ സ്വത്വത്തെ ഹിന്ദുത്വ രാഷ്ട്രീയ നേട്ടങ്ങൾക്കായി മാത്രം ഉപയോഗപ്പെടുത്തുന്നതിന്റെ തെളിവാണ്.

സ്ത്രീകളെ അദൃശ്യവൽക്കരിക്കുന്ന ചരിത്രരചന

ചരിത്രരചന എല്ലായ്പ്പോഴും അധികാരത്തിന്റെ ഉപകരണമാണ്. ഹിന്ദുത്വ ദേശീയത മുന്നോട്ടുവെക്കുന്ന ചരിത്രബോധത്തിൽ, സ്ത്രീകൾക്ക് വളരെ പരിമിതമായ ഇടം മാത്രമേയുള്ളൂ. അവർ ഒന്നുകിൽ അബലകളായ ഭാരതീയ നാരീമണികൾ എന്ന ബിംബത്തിൽ ഒതുക്കപ്പെടുന്നു. അല്ലെങ്കിൽ വീരപത്നിമാർ എന്ന നിലയിൽ പുരുഷന്റെ വീരതയെ വാഴ്ത്താനുള്ള ഉപകരണങ്ങളായി മാറുന്നു. രണ്ടായാലും പുരുഷ കാമനകളുടെ സാക്ഷാത്കാരം മാത്രമാണ് ഹിന്ദുത്വ, അവർക്കായി നൽകുന്നത്. പുരാതന ഭാരതത്തിലെ സ്ത്രീകൾക്ക് വിജ്ഞാനമേഖലയിലുണ്ടായിരുന്ന പങ്കാളിത്തമോ, ബൗദ്ധികമായ ഇടപെടലുകളോ ഹിന്ദുത്വയുടെ പുതിയ ചരിത്രനിർമ്മിതിയിൽ അവഗണിക്കപ്പെടുകയാണ്. വൈദികകാലത്തെ സ്ത്രീകളെ വിശുദ്ധീകരിക്കുകയും, മധ്യകാലഘട്ടത്തെ അന്ധകാരം എന്ന് മുദ്രകുത്തുകയും ചെയ്യുന്നതിലൂടെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസൃതമായ ഒരു സുവർണ്ണകാല മിത്തിനെ അവർ ഇവിടെയും നിർമ്മിക്കുകയാണ്.

​ദേശീയതയെ പലപ്പോഴും ഒരു മാതൃരൂപമായാണ് ഹിന്ദുത്വ ചിത്രീകരിക്കുന്നത്. ഈ മാതൃരൂപം സംരക്ഷിക്കപ്പെടേണ്ട ഒരു വസ്തുവായി മാറുമ്പോൾ സ്ത്രീകളുടെ സ്വയംഭരണാധികാരവും അവകാശങ്ങളും നിഷേധിക്കപ്പെടും. സ്ത്രീശരീരം ദേശീയ അഭിമാനത്തിന്റെ അടയാളമായി മാറുന്നിടത്ത് അവളുടെ വ്യക്തിത്വം ഇല്ലാതാവുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. വ്യക്തിത്വമില്ലാത്ത സ്ത്രീകളെയാണ് ഹിന്ദുത്വ ദേശീയത വാർത്തെടുക്കാൻ ശ്രമിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ വിശുദ്ധവൽക്കരണം ഒരു കെണിയാണ്. നീതിക്കു വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടങ്ങളെയും അതിൻ്റെ ചരിത്രത്തെയും മുഴുവൻ റദ്ദ് ചെയ്ത് കളയുന്നതാണ് ഈ വിശുദ്ധവൽക്കരണം. വിശുദ്ധിയുടെ പ്രതിച്ഛായ പോരാട്ടങ്ങൾക്ക് യോജിക്കുന്നതല്ല. ​ഹിന്ദുത്വ ദേശീയതയുടെ ഏറ്റവും വലിയ തന്ത്രം മിത്തുകളെ ചരിത്രമായി അവതരിപ്പിക്കുകയെന്നതാണല്ലോ. സ്ത്രീകളെ സീതയോ സാവിത്രിയോ പോലുള്ള പുരാണ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്ത്, ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകങ്ങളായി മാത്രം വാഴ്ത്തുമ്പോൾ അതിലൂടെ പാട്രിയാർക്കി ഭദ്രമായി സംരക്ഷിക്കപ്പെടുകയാണ്.

വിശുദ്ധിയുടെ പരിവേഷം ചാർത്തപ്പെടുന്നതോടെ സ്ത്രീയുടെ കർത്തവ്യങ്ങൾ കുടുംബത്തിനകത്തും പുരുഷന് വിധേയപ്പെട്ടതുമായി ചുരുങ്ങുന്നു. സാമൂഹിക പരിഷ്കരണത്തിന് വഴിയൊരുക്കിയ ധീരരായ സ്ത്രീകളെക്കാൾ പുരുഷാധിപത്യത്തിന് അനുസൃതമായ വിധേയത്വമുള്ള സ്ത്രീകളെയാണ് ഹിന്ദുത്വ ദേശീയതക്ക് ആവശ്യമായിട്ടുള്ളത്. 

ചരിത്രത്തെ മതപരമായ വീക്ഷണകോണിൽ മാത്രം കാണുമ്പോൾ മധ്യകാലഘട്ടത്തിലെ സ്ത്രീകളുടെ പങ്കാളിത്തം മതപരമായ ചേരിതിരിവുകളിലൂടെ അപഹരിക്കപ്പെടുന്ന ഒരു പ്രശ്നം കൂടിയുണ്ടാകുന്നുണ്ട്. ഉദാഹരണത്തിന്, അക്കാലത്തെ സാംസ്കാരിക കൈമാറ്റങ്ങളിലും ഭരണകൂട ഇടപെടലുകളിലും സ്ത്രീകൾ വഹിച്ച പങ്ക് പലപ്പോഴും വിസ്മരിക്കപ്പെടുകയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുന്നു. ​ഈ ചരിത്രനിർമ്മിതിയെ പ്രതിരോധിക്കാൻ സ്ത്രീപക്ഷ വായനയ്ക്ക് വലിയൊരു പങ്കുവഹിക്കാനുണ്ട്.

​ഹിന്ദുത്വ മറച്ച് വെക്കാൻ ശ്രമിക്കുന്ന ചരിത്രത്തിലെ സ്ത്രീകളെ വീണ്ടെടുത്ത് കൊണ്ട് മാത്രമേ സ്ത്രീ വിരുദ്ധതയുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. ഭരണകൂടത്തിന്റെയും രാജാക്കന്മാരുടെയും മാത്രം ചരിത്രമല്ല നമ്മുടേത്. താഴെത്തട്ടിൽ പ്രവർത്തിച്ച, വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ സ്ത്രീകളുടെ ജീവിതങ്ങൾ കൂടി ചരിത്രത്തിൽ ഉൾച്ചേർക്കണം. ഇതിലൂടെ മാത്രമേ സ്ത്രീകളെ വെറും പ്രതീകങ്ങളായി കാണുന്നതിന് പകരം അവർ ചരിത്രത്തെ സൃഷ്ടിക്കുന്നതിൽ തുല്യപങ്കാളിത്തമുള്ളവരായി അംഗീകരിക്കപ്പെടുകയുള്ളൂ. തങ്ങളുടെ അസ്തിത്വത്തെയും പൗരത്വം, അധികാരം, വിഭവങ്ങളുടെ വിനിയോഗം എന്നിവയിൽ സ്ത്രീയുടെ സ്വതന്ത്രമായ അഭിപ്രായത്തിന് മുൻഗണന നൽകുന്ന ഒരു ദേശീയതയെക്കുറിച്ചാണ് ഇന്ത്യയിലെ സ്ത്രീകൾ സംസാരിച്ച് തുടങ്ങേണ്ടത്.

​ഹിന്ദുത്വ പുലർത്തുന്ന സ്ത്രീ വിരുദ്ധത, കേവലം വ്യക്തിപരമായ പക്ഷപാതമല്ല, അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും ദേശീയ സങ്കല്പത്തിൻ്റെയും ആണിക്കല്ലാണ്. ജാതി വ്യവസ്ഥയെയും പുരുഷാധിപത്യത്തെയും ഒരേസമയം നിലനിർത്തിക്കൊണ്ടുമാത്രമേ ഹിന്ദുത്വത്തിന് നിലനിൽക്കാൻ കഴിയൂ. അതിനാൽ തന്നെ, ആധുനിക ജനാധിപത്യ മൂല്യങ്ങളും തുല്ല്യതയും ആഗ്രഹിക്കുന്ന ഏതൊരു സമൂഹത്തിലും ഹിന്ദുത്വത്തിന്റെ ഈ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടപ്പെടേണ്ടത് അനിവാര്യമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെ ഉന്മൂലനം ചെയ്യുന്ന സവർണ്ണ-പുരുഷാധിപത്യ ആശയങ്ങളെ പ്രതിരോധിച്ചുകൊണ്ട് മാത്രമേ യഥാർത്ഥ സാമൂഹിക നീതി കൈവരിക്കാനാകൂ. ചരിത്രത്തെ തിരുത്തിയെഴുതുന്നതിലൂടെ ഹിന്ദുത്വ ദേശീയത ലക്ഷ്യമിടുന്നത് വർത്തമാനകാലത്തെ സ്ത്രീകളെക്കൂടി നിയന്ത്രണത്തിലാക്കുക എന്നതാണ്. മിത്തുകളെ ചരിത്രമായി തെറ്റിദ്ധരിപ്പിച്ച് സ്ത്രീയെ കുടുംബത്തിന്റെ മാനം എന്ന ചട്ടക്കൂടിൽ തളച്ചിടുമ്പോൾ നഷ്ടപ്പെടുന്നത് ചരിത്രപരമായ സത്യസന്ധത മാത്രമല്ല, സ്ത്രീയുടെ രാഷ്ട്രീയ ബോധം കൂടിയാണ്. പുരുഷൻ ആവിഷ്കരിക്കുന്ന കാഴ്ചപ്പാടുകൾക്ക് വഴങ്ങുകയും വിധേയമാക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് മാത്രമേ ഹിന്ദുത്വയുടെ ദേശീയ സങ്കൽപങ്ങളിൽ സ്ഥാനമുണ്ടാകുകയുള്ളൂ.



എം എസ് ഷൈജു

എം എസ് ഷൈജു

എഴുത്തുകാരൻ, കോളമിസ്റ്റ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top