
പഴകും തോറും വീര്യം കൂടുന്ന അബ്കാരി നിയമം
ക്രിസ്തുമസ്സിന് മുന്നോടിയായി വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് കേരളത്തിൽ വളരെ സാധാരണമാണ്. എന്നാൽ ഇങ്ങനെ വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് – ഒരൊറ്റ കുപ്പി ആണെങ്കിൽ പോലും – കേരള അബ്കാരി ആക്ട് 55(b) പ്രകാരം 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണെന്ന് എത്ര പേർക്കറിയാം? 2020 കളുടെ തുടക്കം വരെ വീടുകളിലെ വൈൻ നിർമാണം സർക്കാരുകൾ കണ്ടില്ലെന്ന് നടിച്ചിരുന്നു. പിന്നീടതിൽ മാറ്റം വന്നു.കേസുകൾ കൂടി. പോലീസിനും എക്സൈസിനും അനിയന്ത്രിതമായ അധികാരങ്ങൾ നൽകുന്ന അബ്‌കാരി ആക്ടിലെ പ്രശ്നങ്ങൾ എന്തൊക്കെ?
നിയമം എന്താണ് പറയുന്നത്
കേരള അബ്കാരി ആക്‌ടിലെ (Act 1 of 1077) സെക്ഷൻ 3/(10) പ്രകാരം ‘liquor’ എന്നതിന് വിശാലമായ നിർവചനമാണ് നൽകിയിട്ടുള്ളത്. വൈൻ ഉൾപ്പെടെ ആൽക്കഹോൾ അടങ്ങിയ ഏത് ദ്രാവകവും ഇതിൽ ഉൾപ്പെടുന്നു. ഫെർമെന്റേഷന്റെ രീതിയിലും ലഹരിയുടെ അളവിലും അടിസ്ഥാനപരമായ വ്യത്യാസമുള്ള വൈനെ പക്ഷെ ഇൻഡസ്ട്രിയൽ സ്പിരിറ്റിനും, ചാരയത്തിനും ഒപ്പം ഒരേ നിയമ വിഭാഗത്തിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ അബ്കാരി നിയമങ്ങളിലും എക്സൈസ് ചട്ടങ്ങളിലും പഴങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന വൈനെക്കുറിച്ച് പ്രത്യേക പരാമർശങ്ങളൊന്നുമില്ല.
കൈവശം വെക്കാവുന്ന മദ്യത്തിന് അളവ് പരിധി ഉണ്ട്; നിർമാണത്തിന് ഇല്ല
അബ്‌കാരി നിയമത്തിലെ സെക്ഷൻ 12 പ്രകാരം, ലൈസൻസ് ഇല്ലാതെയുള്ള ഏത് തരത്തിൽ ഉള്ള മദ്യത്തിന്റെ നിർമ്മാണവും പൂർണ്ണമായി നിരോധിതമാണ്. സെക്ഷൻ 55(b) ഇതിന്റെ ശിക്ഷ വ്യവസ്ഥ ചെയ്യുന്നു.പത്ത് വർഷം വരെ തടവും ഒരു ലക്ഷത്തിൽ കുറയാത്ത പിഴയും ഇതിൽ ഉൾപ്പെടും.
കൈവശം വെക്കാൻ കഴിയുന്ന മദ്യത്തിന്റെ അളവ് സംബന്ധിച്ച് നിയമത്തിൽ വ്യവസ്ഥയുണ്ട് (സെക്ഷൻ 13) അതായത് നിശ്ചിത അളവിൽ കൂടുതൽ കൈവശം വച്ചാൽ മാത്രമാണ് കുറ്റകരമാവുന്നത്. എന്നാൽ മദ്യം ഉൽപ്പാദിപ്പിക്കുന്നതിന് അളവ് പരിധി നിശ്ചയിച്ചിട്ടില്ല. അതായത് മദ്യം നിർമിക്കുന്നത് എത്ര കുറഞ്ഞ അളവിലാണെങ്കിലും കുറ്റകരമാണ്. ക്രിസ്മസിന് ഒരു കുപ്പി വീഞ്ഞ് ഉണ്ടാക്കിയാൽ പോലും അബ്കാരി നിയമപ്രകാരം അകത്ത് പോകാമെന്നർത്ഥം.
ജാമ്യം എളുപ്പമല്ല
അബ്കാരി ആക്ട് സെക്ഷൻ 41/A പ്രകാരം മൂന്ന് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന ഏത് കുറ്റവും ജാമ്യമില്ലാത്ത കുറ്റമാണ്. സെക്ഷൻ 55(b) പ്രകാരമുള്ള ശിക്ഷ 10 വർഷം വരെ ആയതിനാൽ, ഗാർഹിക വൈൻ നിർമ്മാണം ജാമ്യമില്ലാത്ത കുറ്റമാണ്.

‘Bona fide home consumption’- നിയമത്തിലെ തുറക്കാത്ത വാതിൽ.
ഉൽപ്പാദനത്തിന്മേൽ ഏർപ്പെടുത്തിയ അടിസ്ഥാന നിരോധനം (സെക്ഷൻ 12) 1902 മുതൽ ഇന്നുവരെ, ഒരു ഭേദഗതിയും കൂടാതെ അതേപടി തുടരുന്നു. എന്നാൽ നിയമത്തിൽ ഒരു പോംവഴി ഉണ്ട് എന്നത് ശ്രദ്ധേയമാണ്. സെക്ഷൻ 12-ന്റെ proviso ഇങ്ങനെ പറയുന്നു:
“ഏതെങ്കിലും പ്രാദേശിക പ്രദേശത്ത്, യഥാർത്ഥ ഗാർഹിക ഉപയോഗത്തിന് (bona-fide home consumption) വേണ്ടി മദ്യം നിർമ്മിക്കുന്നതിന് ലൈസൻസ് എടുക്കേണ്ടത് ആവശ്യമില്ല എന്ന് സർക്കാരിന്, വിജ്ഞാപനം മുഖേന, നിർദ്ദേശിക്കാവുന്നതാണ്.”
എന്നാൽ ഇത് സ്വയമേവയുള്ള അവകാശമല്ല.സർക്കാർ ഓരോ പ്രദേശത്തിനും, ഓരോ മദ്യ ബ്രാൻഡിനും പ്രത്യേകം നോട്ടിഫൈ ചെയ്യണം. ചരിത്രപരമായി ഈ ഇളവ് കള്ളിന് (toddy) മാത്രമാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് – സെക്ഷൻ 15-ന്റെ തലക്കെട്ടിൽ തന്നെ “Power to exempt toddy” എന്ന് പ്രത്യേകം എഴുതിച്ചേർത്തിട്ടുണ്ട്. വൈനിന് ഇന്നുവരെ ഈ ഇളവ് ഒരിക്കലും അനുവദിക്കപ്പെട്ടിട്ടില്ല.
ബിഷപ്പ്മാർക്ക് ലൈസൻസ്
ഇതിനു സമാനമായി കൊച്ചിൻ മാസ്സ് വൈൻ റൂൾസ് പ്രകാരം, പള്ളികളിൽ കുർബാനയ്ക്ക് ഉപയോഗിക്കുന്ന ‘മാസ്സ് വൈൻ’ നിർമ്മിക്കാനും ഉപയോഗിക്കാനും, ഒരു ബിഷപ്പിന്റെ പേരിൽ മാത്രം ലൈസൻസ് നൽകാവുന്ന ഒരു പ്രത്യേക കാറ്റഗറി തന്നെ നിയമത്തിനുള്ളിൽ ഉണ്ട്. അതായത്, പള്ളികളിലെ വൈൻ ഉപയോഗത്തിന് നിയമപരമായ ഒരു വഴി എപ്പോഴും ഉണ്ടായിരുന്നു. എന്നാൽ ഒരു സാധാരണ കുടുംബത്തിന് വീട്ടിൽ, സ്വന്തം ആവശ്യത്തിന് വൈൻ ഉണ്ടാക്കാൻ അത്തരം ഒരു ഇളവ് നൽകിയിട്ടില്ല
വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് തടഞ്ഞ് നിയമം കർശനമായി നടപ്പിലാക്കാൻ സർക്കാരുകൾ തുനിഞ്ഞിരുന്നില്ല. ‘സ്വകാര്യ ചടങ്ങുകൾക്കായി വീട്ടിൽ വൈൻ നിർമ്മിക്കുന്നത് ഒരിക്കലും നിരോധിച്ചിട്ടില്ലെ’ന്ന് 2019-ൽ അന്നത്തെ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. എന്നാൽ സാങ്കേതികമായി നോക്കിയാൽ ഈ പ്രസ്താവനക്ക് നിയമത്തിന്റെ പിൻബലമില്ല.
2022-ലെ പരിഷ്കരണം
കേരള സ്മാൾ സ്കെയിൽ വൈനറി ചട്ടം, 2022 പ്രകാരം ചക്ക, മാങ്ങ, കശുവണ്ടി, വാഴപ്പഴം തുടങ്ങിയവയിൽ നിന്ന് 15.5% വരെ ആൽക്കഹോൾ ഉള്ള വൈൻ നിർമ്മിക്കാൻ വാണിജ്യ ലൈസൻസ് ഏർപ്പെടുത്തി – വാർഷിക ഫീസ് ₹50,000, ബോട്ടിലിംഗ് ഫീസ് ₹5,000 എന്നിങ്ങനെയായിരുന്നു നിരക്ക്. ഇത് വാണിജ്യ അടിസ്ഥാനത്തിലുള്ള നിർമാണം പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. വ്യക്തിപരമായ, ഗാർഹികമായ വൈൻ നിർമ്മാണം അപ്പോഴും നിയമവിരുദ്ധമായി തന്നെ തുടർന്നു.
നൂറ്റാണ്ട് പഴക്കമുള്ള നിയമം എന്തുകൊണ്ട് പെട്ടെന്ന് സജീവമായി?
സോഷ്യൽ മീഡിയയുടെ വരവാണ് ഒരു കാരണം എന്ന് പറയാം. സ്വകാര്യ ആവശ്യങ്ങൾക്കായി ആളുകൾ വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് കാലങ്ങളായി നടന്നു പോരുന്നതാണെങ്കിലും എക്സൈസ് വകുപ്പ് ഒരിക്കലും നടപടികൾക്ക് മുതിർന്നിട്ടില്ല. എന്നാൽ വൈൻ ഉണ്ടാക്കുന്നതും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതുമൊക്കെ ആളുകൾ സോഷ്യൽ മീഡിയയിൽ ഇടാൻ തുടങ്ങിയതോടെ അത് പരസ്യമായ കുറ്റസമ്മതത്തിന് തുല്യമായി മാറി.
വൈൻ ഉണ്ടാക്കുന്ന റീലുകളും ‘ക്രിസ്മസ് വൈൻ ബുക്ക് ചെയ്യൂ’ എന്ന പരസ്യങ്ങളും ഫലത്തിൽ FIR ഇടാൻ തക്ക തെളിവ് സൃഷ്ടിക്കുന്നതിന് തുല്യമായി. എക്സൈസ് ഉദ്യോഗസ്ഥർക്ക്, നേരെ വീട്ടിൽ കയറി ചെന്ന് തിരയുകയും അറസ്റ്റ് ചെയ്യുകയുമാവാം. 2019-ലെ ക്രിസ്മസിനു മുന്നോടിയായി വൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് ഒരു ബോധവത്കരണ പരിപാടി നടത്തിയിരുന്നു.

അതേസമയം, കർഷകർക്ക് വാണിജ്യ വൈൻ ലൈസൻസും (2022), ലോ ആൽക്കഹോൾ ബീവറേജിന് നികുതി ഇളവുകളും (2026) നൽകി – വരുമാനം കൊണ്ടുവരുന്ന വൈനിന് വാതിൽ തുറന്നു, വരുമാനം കൊണ്ടുവരാത്ത, ഒരു സാധാരണ കുടുംബത്തിന്റെ ക്രിസ്മസ് വൈൻ ജാറിന് ഇന്നും 10 വർഷത്തെ ജയിൽ ഭീഷണി നിലനിൽക്കുന്നു. 2020-22 കാലത്ത് കോവിഡ് ലോക്ക് ഡൗണിൽ BEVCO ഔട്ട്ലെറ്റ് അടഞ്ഞപ്പോൾ വീടുകളിലെ വൈൻ നിർമാണം കൂടുതൽ ആകർഷകമായി, അതേസമയം സർക്കാരിന്റെ എക്‌സൈസ് വരുമാനം ഇടിഞ്ഞു – ഇത് നിയമം കർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു.
വീട്ടിൽ മദ്യം വിളമ്പുന്നത് നിയമലംഘനമാണോ? ഹൈക്കോടതിയുടെ നിരീക്ഷണം
വീട് ‘പൊതുസ്ഥലം’ അല്ലെന്നും വീട്ടിൽ മദ്യം വിളമ്പാൻ FL-6 ലൈസൻസ് ആവശ്യമില്ലെന്നും നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. പൊതു/സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാൻ/വിൽക്കാൻ ഉള്ള ഒരു താൽക്കാലിക ലൈസൻസാണിത്.
അലക്സ് വി ചാക്കോ v.ഡിജിപി എന്ന കേസിൽ 2017 ലാണ് കോടതി, അബ്‌കാരി നിയമത്തിലെ കർക്കശ വ്യവസ്ഥകളെ വിമർശിച്ചു കൊണ്ട് ഈ നിരീക്ഷണം നടത്തിയത്. അലക്സ് വി ചാക്കോ എന്നവ്യക്തി, തന്റെ വീട്ടിൽ വെച്ചു നടത്തുന്ന ചടങ്ങിൽ അതിഥികൾക്ക് മദ്യം വിളമ്പുന്നതിന് പ്രത്യേക എക്സൈസ് ലൈസൻസ് എടുക്കണമെന്ന് ഉദ്യഗസ്ഥർ സമ്മർദ്ദം ചെലുത്തുവെന്ന് ആരോപിച്ച് 2017 ജൂണിൽ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
‘ഒരു തണുത്ത സായാഹ്നത്തിൽ നിങ്ങളുടെ ഒരു സുഹൃത്ത് വീട്ടിൽ വരുന്നു; നിങ്ങൾ രണ്ടുപേരും സൗഹൃദസംഭാഷണത്തിൽ സമയം ചെലവഴിക്കുന്നു. ഒരു അതിഥിയായതിനാൽ, നിങ്ങൾ അയാൾക്ക് ഒരു ഗ്ലാസ് വൈൻ വിളമ്പുന്നു. നിങ്ങൾ നിയമം ലംഘിക്കുകയാണ് – കാരണം നിങ്ങൾ മദ്യം വിൽക്കുകയാണ്. അമ്പരപ്പിക്കുന്നതായി തോന്നാമെങ്കിലും, നിയമം പറയുന്നത് ഇതാണ് – കുറഞ്ഞപക്ഷം, സർക്കാർ അങ്ങനെയാണ് വാദിക്കുന്നത്’ വിധിന്യായത്തിൽ പറയുന്നു.
അതേ സമയം കൈവശം വയ്ക്കാനുള്ള അളവ് പരിധി, നിർമ്മാണത്തിന്മേലുള്ള നിയന്ത്രണം എന്നീ വിഷയങ്ങളിൽ ഇടപെടാൻ കോടതി തയ്യാറായില്ല.
നിയമത്തിന്റെ ദുരുപയോഗ സാധ്യതകൾ
ബാക്കിയാവുന്ന ചോദ്യമിതാണ്. ഈ നിയമം സർക്കാരിന് ദുരുപയോഗം ചെയ്യാൻ കഴിയുമോ? സാങ്കേതികമായി നോക്കിയാൽ കഴിയും എന്ന് തന്നെയാണ് ഉത്തരം.
വകുപ്പ് 31 ൽ പറയുന്നതനുസരിച്ച് അനധികൃതമായി മദ്യം ഉണ്ടാക്കുന്നു/വിൽക്കുന്നു എന്നതിനെ കുറിച്ച് ഉദ്യോഗസ്ഥർക്ക് ‘മതിയായ ബോധ്യം ഉണ്ടെങ്കിൽ’ (reason to believe) സെർച്ച് ചെയ്യാനും പിടിച്ചെടുക്കാനും അധികാരമുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ ബോധ്യം എന്ന വ്യക്താധിഷ്ഠിതമായ മാനദണ്ഡത്തിൽ വാറന്റ് ഇല്ലാതെ സേർച്ച് ചെയ്യാനുള്ള അധികാരമാണ് നിയമം നൽകുന്നത്. നിയമത്തിൽ അളവ് പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ വാണിജ്യാടിസ്ഥാനത്തിൽ അനധികൃതമായി നിർമ്മാണം നടത്തുന്നവരും സ്വന്തം ഉപയോഗത്തിന് വീട്ടിൽ ഒരു കുപ്പി വൈൻ ഉണ്ടാക്കുന്നവരും ഒരേ ശിക്ഷക്ക് അർഹരാണ് എന്നത് സ്വാഭാവിക നീതിയുടെ ലംഘനമാകുന്നു. ഇത് ആർക്കെതിരെ, എപ്പോൾ, എത്ര കാഠിന്യത്തിൽ പ്രയോഗിക്കണം എന്ന തീരുമാനം പൂർണ്ണമായും നിയമം നടപ്പിലാക്കുന്നവരുടെ വിവേചനാധികാരത്തിൻ കീഴിലാണ് എന്നത് നിയമത്തിന്റെ ദുരുപയോഗ സാധ്യത കൂട്ടുന്നു.
കേരളാ ഹൈക്കോടതിയിൽ 2010-ലും 2011-ലും ഫയൽ ചെയ്ത,അനിൽകുമാർ എ ബി v. സ്റ്റേറ്റ് ഓഫ് കേരള എന്ന കേസിലെ ഹർജിക്കാർക്ക് രണ്ടര ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. രണ്ട് വ്യത്യസ്‍ത അബ്‌കാരി കേസുകളിലായി അൻപത് ദിവസം തടവിൽ കഴിഞ്ഞ ഇവരെ കുറ്റവിമുക്തരാക്കിയതിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകാനായി കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരം നൽകണമെന്ന് മാത്രമല്ല, അബ്കാരി കേസുകളിലെ റെയ്‌ഡ്, പിടിച്ചെടുക്കൽ , അറസ്റ്റ് നടപടിക്രമം പുനഃപരിശോധിക്കാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. പത്ത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2022 ലാണ് ഇവർക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ചു കൊണ്ടുള്ള കോടതി ഉത്തരവ് ഉണ്ടായത്.
എന്തായാലും വീട്ടാവശ്യത്തിനുള്ള വൈൻ നിർമ്മാണം പോലും കുറ്റകരമാക്കിയിരിക്കുന്ന വ്യവസ്ഥയിൽ ഇത് വരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. അത് കൊണ്ട് തന്നെ ഇതെപ്പോൾ വേണമെങ്കിലും ആർക്കെതിരെയും ഉപയോഗിക്കാം എന്ന സാധ്യത നിലനിൽക്കുന്നു.
ക്രിസ്മസ് അടുത്തു. സോഷ്യൽ മീഡിയയിലെ ‘വൈൻ റീലുകൾ’ ജയിലിലേക്കുള്ള വാതിൽ തുറക്കാൻ ഇടയാക്കിയേക്കും എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക