
ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ ;സത്യമെന്ത് ?
ആരുണാചൽ പ്രദേശിലെ ഇൻഡോ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു എന്ന വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇതിൽ വ്യാജവാർത്തകളും ധാരാളമായുണ്ട്. അതിർത്തിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയെന്നും ചിലർക്ക് പരിക്കേറ്റെന്നുമുള്ള അവകാശവാദങ്ങളോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ? OBC അന്വേഷിച്ചു.
ഒക്ടോബർ 25ന് പശ്ചിമേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന Arab-Military (@ashrafnsier) എന്ന X അക്കൗണ്ട് ഏതാനും സൈനികർ ഏറ്റുമുട്ടുന്നതും ചിലർക്ക് പരിക്കേറ്റതായി തോന്നിക്കുന്നതുമായ ഒരു വീഡിയോ പങ്കുവെച്ചു. ‘ഇന്ന് രാവിലെ ഇന്ത്യ-ചൈന അതിർത്തിയിൽ’ എന്നാണ് അറബിയിലുള്ള അടിക്കുറിപ്പിന്റെ അർഥം.

ഒക്ടോബർ 26 വരെ ഈ പോസ്റ്റിന് പത്ത് ലക്ഷത്തിലധികം വ്യൂസും 7,200 ലൈക്കുകളും 1,200 റീപോസ്റ്റുകളും ലഭിച്ചിരുന്നു.
ഇന്ത്യയിലെ വിവിധ സാമൂഹ്യമാധ്യമങ്ങളിലായി ഈ ദൃശ്യങ്ങൾ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. അരുണാചൽ പ്രദേശിലെ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ വെടിവെപ്പുണ്ടായി എന്ന തരത്തിലുള്ള അടിക്കുറിപ്പോടെയാണ്, ഇൻസ്റ്റാഗ്രാമിൽ war_threats എന്ന പേജിൽ ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒക്ടോബർ 26 വരെ ഈ ദൃശ്യങ്ങൾക്ക് പത്തുലക്ഷത്തിൽ അധികം വ്യൂസും 18k ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
അരുണാചൽ അതിർത്തിയിൽ വിവിധ ഇടങ്ങളിലായി ചൈനീസ് സൈനികരുമായി ഏറ്റുമുട്ടലുകൾ നടക്കുന്നതായി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ITBP) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ പറഞ്ഞുവെന്ന അവകാശവാദവും പോസ്റ്റിലുണ്ടായിരുന്നു.
ഇതേ വീഡിയോ theviralinsta_ എന്ന ഇന്ത്യൻ ഇൻസ്റ്റാഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്. ഒക്ടോബർ 26 വരെ മാത്രം 152k വ്യൂസും അയ്യായിരത്തിൽ അധികം അധികം ലൈക്കുകളും ആണ് ഈ പോസ്റ്റിനു ലഭിച്ചിട്ടുള്ളത്.

സർക്കാരിന്റെ മുൻഗണനകളെ ചോദ്യം ചെയ്തും സൈന്യത്തിന്റെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ചും നിരവധി പേർ പോസ്റ്റിനു താഴെ പ്രതികരിച്ചു. കൂടാതെ ഇത് വ്യാജവാർത്ത ആണെന്നും AI നിർമിതമാണെന്നും, ഇന്ത്യ ഒരിക്കലും ഇത്ര വില കൂടിയ മിലറ്ററി ഗിയറുകൾ ധരിക്കാൻ സാധ്യത ഇല്ലെന്നും കമന്റുകൾ ഉണ്ട്.
എന്താണ് സത്യാവസ്ഥ
വൈറൽ വീഡിയോയിൽ കാണിക്കുന്ന സംഭവങ്ങൾ യഥാർഥത്തിൽ ഇന്ത്യ-ചൈന അതിർത്തിയിൽ നടന്നതാണോ എന്ന് പരിശോധിക്കാൻ ഔദ്യോഗിക രേഖകളും ലഭ്യമായ വിവരങ്ങളും പരിശോധിച്ചു. എന്നാൽ, പോസ്റ്റിലെ അവകാശവാദം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല. തുടർന്ന് വീഡിയോയിലെ സൈനികരുടെ യൂണിഫോമുകൾ ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു. ‘AOK-CCO’ എന്ന അടയാളം കാണാമായിരുന്നു. യൂണിഫോമിന്റെ ചിത്രങ്ങൾ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ അത് കസാഖിസ്ഥാൻ സായുധസേനയുടെ യൂണിഫോം ആണെന്ന് മനസ്സിലായി.

കസാഖ് ഭാഷയിലെ AOK എന്നും റഷ്യൻ ഭാഷയിലെ CCO എന്നും രേഖപ്പെടുത്തിയിരിക്കുന്നത് കസാഖിസ്ഥാന്റെ സായുധസേനയിലെ പ്രത്യേക സൈനിക വിഭാഗമായ സ്പെഷൽ ഓപ്പറേഷൻസ് ഫോഴ്സിനെ സൂചിപ്പിക്കുന്ന ചുരുക്കെഴുത്തുകളാണെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ, വൈറൽ ദൃശ്യങ്ങളുടെ വിവിധ കീ-ഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ കസാഖിസ്ഥാനിൽ നിന്നുള്ള ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 2026 ജൂലൈ 28ന് ഇതേ വീഡിയോ പങ്കുവെച്ചിരുന്നതായി കണ്ടെത്തി.

എന്താണ് 1996ലെ ഇൻഡോ-ചൈന കരാറും ആർട്ടിക്കിൾ ആറും
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷസാധ്യത കുറയ്ക്കുന്നതിനായി ഇരു രാജ്യങ്ങളും 1996 നവംബർ 29ന് സൈനികതലത്തിൽ പരസ്പരവിശ്വാസം വളർത്തുന്നതിനുള്ള ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു. നിയന്ത്രണരേഖയെ മാനിക്കുക, അതിർത്തിയിലെ സൈനികശക്തി നിയന്ത്രിക്കുക, സൈനിക പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറുക, സംഘർഷം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയാണ് കരാറിന്റെ പ്രധാന വ്യവസ്ഥകൾ.
കരാറിലെ ആർട്ടിക്കിൾ 6 പ്രകാരം നിയന്ത്രണരേഖയിൽനിന്ന് രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ വെടിവെപ്പ് നടത്തുന്നതിന് നിയന്ത്രണമുണ്ട്. അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ നേർക്കുനേർ വരുന്ന സാഹചര്യമുണ്ടായാൽ സംയമനം പാലിക്കണമെന്നും സംഘർഷം രൂക്ഷമാകുന്നത് തടയാൻ ഉടൻ കൂടിയാലോചന നടത്തണമെന്നും ഇതേ ആർട്ടിക്കിൾ വ്യക്തമാക്കുന്നു.
ചുരുക്കത്തിൽ
അരുണാചൽ പ്രദേശിൽ ഇന്ത്യ, ചൈന സൈനികർ ഏറ്റുമുട്ടിയെന്ന അവകാശവാദത്തോടെ പ്രചരിച്ച വീഡിയോ കസാഖിസ്ഥാൻ സൈന്യത്തിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സുമായി ബന്ധപ്പെട്ടതാണെന്നാണ് OBC നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ദൃശ്യങ്ങളിലെ സൈനികരുടെ യൂണിഫോമിലുള്ള ‘AOK-CCO’ എന്ന അടയാളവും കസാഖിസ്ഥാനിലെ സൈനിക അക്കൗണ്ടുകളിൽ നേരത്തേ പങ്കുവെച്ച യഥാർത്ഥ ദൃശ്യങ്ങളും ഇതിന് തെളിവാണ്. അതിനാൽ, ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക