
കനിഷ്ക് ബാജ്പേയ് എന്തിന് ആത്മഹത്യ ചെയ്തു? ഇന്ത്യയിലെ പൊതു മേഖലാബാങ്കുകൾ ജീവനക്കാരോട് ചെയ്യുന്നത്
ഒരു കാലത്ത് ഇന്ത്യൻ മിഡിൽ ക്ലാസിന്റെ സ്വപ്ന ജോലി ആയിരുന്ന ബാങ്കിങ് മേഖലയിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? കഴിഞ്ഞ പത്ത് വർഷത്തിനിടെ, ജോലി സമ്മർദ്ദം താങ്ങാനാവാതെ അഞ്ഞൂറിലേറെ ബാങ്ക് ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്. എണ്ണമറ്റ സ്വകാര്യ സേവനങ്ങളും പൂർത്തീകരിക്കാനാവാത്ത ടാർഗറ്റുകളും കൊണ്ട് വലയുകയാണ് ബാങ്ക് ജീവനക്കാർ. തെരുവിലിറങ്ങി ഡെപ്പോസിറ്റിനു വേണ്ടി യാചിക്കേണ്ട നിലയാണ് ബാങ്ക് ഉദ്യോഗസ്ഥർക്കുള്ളത്
ഒക്ടോബർ മൂന്ന് ശനിയാഴ്ച.
ഇന്ത്യൻ ബാങ്കിന്റെ ഐടി വിഭാഗം ചീഫ് മാനേജരായിരുന്ന കനിഷ്ക് ബാജ്പേയി എന്ന അൻപത്തിയേഴുകാരൻ ചെന്നൈയിലെ ഇന്ത്യൻ ബാങ്ക് ആസ്ഥാനത്ത് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ പോലീസ് ആത്മഹത്യ തന്നെയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജോലി സ്ഥലത്തെ സമ്മർദ്ദം താങ്ങാനാകാതെയാണ് കനിഷ്ക് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ പത്ത് വര്ഷങ്ങൾക്കിടെ, ജോലി സമ്മർദ്ദം താങ്ങാനാവാതെ രാജ്യത്ത് ആത്മഹത്യ ചെയ്ത അഞ്ഞൂറോളം ബാങ്ക് ജീവനക്കാരിൽ ഒരാളാണ് കനിഷ്ക് ബാജ് പേയ്.
“ഇനി ഒരു അരമണിക്കൂർ കൂടി ഇരുന്നാലെ ഇന്നത്തെ ജോലി തീരൂ” രാത്രി 8 മണിക്ക് ഫോണിൽ സംസാരിക്കുമ്പോഴും ബാങ്കിലെ കമ്പ്യൂട്ടറിന് മുന്നിൽ തന്റെ പണികളിൽ മുഴുകി ഇരിക്കുകയാണ് തൃശൂരിലെ ഒരു എസ്ബിഐ ചീഫ് മാനേജർ. പതിവ് പോലെ രാവിലെ 10 മണിക്ക് ഡ്യൂട്ടിയിൽ പ്രവേശിച്ചതാണ്. ഇന്നും മടക്കം പതിവ് തെറ്റിക്കാതെ രാത്രി 8 മണിക്ക് ശേഷം. ദിവസേന 10-11 മണിക്കൂർ ജോലി എന്നത് പൊതുമേഖേലാ ബാങ്കുകളിലെ ഒരു സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ ആത്മഹത്യ വാർത്തകളും അപൂർവം അല്ലാതായിട്ടുണ്ട്.
രാപ്പകൽ ജോലി; താങ്ങാനാവാത്ത സമ്മർദ്ദം
ഒരു കാലത്ത് ഇന്ത്യൻ മധ്യവർഗത്തിന്റെ ഏറ്റവും സുരക്ഷിതമായ സ്വപ്നജോലിയായിയായിരുന്നു ബാങ്ക് ഉദ്യോഗം. ആ സാഹചര്യം ഇന്ന് പാടേ മാറിയിരിക്കുന്നു. ബാങ്കുകളിൽ പൊതുജനങ്ങൾക്കായുള്ള ഇടപാട് സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ്. അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനും കൗണ്ടറുകൾ ബാലൻസ് ചെയ്യാനുമായി 5 മണി വരെ ജീവനക്കാരുടെ ഔദ്യോഗിക സമയവും നിശ്ചയിച്ചിരിക്കുന്നു. എന്നാൽ ഈ സമയക്രമം നിലവിൽ കടലാസുകളിൽ മാത്രമാണ് അവശേഷിക്കുന്നത്. ഉദ്യോഗസ്ഥർ രാത്രി ഒൻപത് മണി വരെ ജോലിചെയ്യേണ്ടി വരുന്നത് ഒരു സാധാരണ സംഭവം മാത്രമാണ്.
“ഞങ്ങളുടെ ബാങ്ക് സമയം വൈകിട്ട് 5 മണി വരെയാണ്. എന്നാൽ 5 മണിക്ക് ജോലി അവസാനിപ്പിച്ച് വീട്ടിൽ പോകാൻ ഒരു ഉദ്യോഗസ്ഥനും സാധിക്കാറില്ല. ആറരക്കൊക്കെ ഓഫീസിൽ നിന്ന് ഇറങ്ങുന്നതിനെ ‘നേരത്തെ പോകുന്നു’ വെന്നാണ് പറയുക. അത്രയും രൂക്ഷമാണ് സാഹചര്യം” എസ്ബിഐ യിലെ ഒരു ചീഫ് മാനേജർ ഒബിസി യോട് പറഞ്ഞു. മാത്രമല്ല, 7.30 ന് മുൻപ് ഇറങ്ങണമെങ്കിൽ മേലോദ്യോഗസ്ഥരിൽ നിന്നും പ്രത്യേകം അനുമതിയും വാങ്ങണം. എപ്പോഴും ലഭിക്കുന്ന മറുപടി “നാളെ രാവിലെ നേരത്തെ വന്ന ബാക്കി പണി തീർത്തോളൂ” എന്നായിരിക്കും. വനിതാ ജീവനക്കാരെ സംബന്ധിച്ചിടത്തോളം രാത്രി വൈകി വീട്ടിലെത്തി കുടുംബകാര്യങ്ങൾ കൂടി നോക്കേണ്ടി വരുന്നത് ഇരട്ടി സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
ബാങ്കിങ് ഇതര സേവനങ്ങൾ, അപ്രായോഗികമായ ടാർഗറ്റുകൾ
പരമ്പരാഗത വായ്പാ സേവനങ്ങളിൽ നിന്ന് മാറി, ബാങ്ക് ശാഖകളെ ബാങ്കിങ് ഇതര സേവനങ്ങൾ വിറ്റഴിക്കാൻ നിർബന്ധിക്കുന്നതാണ് ഈ തൊഴിൽ സമ്മർദ്ദത്തിന് പ്രധാന കാരണമെന്ന് ജീവനക്കാർ പറയുന്നു. നിക്ഷേപങ്ങൾ സ്വീകരിക്കൽ, അക്കൗണ്ട് സേവനങ്ങൾ, വായ്പ നൽകൽ, ക്യാഷ് കൗണ്ടർ പരിപാലനം തുടങ്ങിയവയാണ് പ്രധാന ബാങ്ക് ജോലികൾ. എന്നാൽ ഇതിന് പുറമേ വിവിധ തരം ഇൻഷുറൻസുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി ബാങ്കിന്റെ മറ്റ് ഉത്പന്നങ്ങളും വിറ്റഴിക്കേണ്ട ചുമതല ഇതേ ജീവനക്കാർക്ക് തന്നെയാണ്. ചുമതല മാത്രമല്ല, ഓരോ ഉദ്യോഗസ്ഥനും, ഓരോ ഉത്പന്നത്തിനും പ്രത്യേകം ടാർഗറ്റും നൽകിയിട്ടുണ്ട്. എത്ര തന്നെ സമയമായാലും ഓരോ ദിവസത്തെയും ടാർഗറ്റ് ഉദ്യോഗസ്ഥർ പൂർത്തിയാക്കിയേ പറ്റൂ.
കേന്ദ്രസർക്കാർ പദ്ധതികളുടെ നടത്തിപ്പും ബാങ്ക് ജീവനക്കാർക്ക്
ഇതിനുപുറമേയാണ് കേന്ദ്ര സർക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെയും സാമ്പത്തിക ശാക്തീകരണ പരിപാടികളുടെയും ചുമതല. ഓരോ കാലത്തും കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ ഗുണഭോക്താക്കളിലേക്ക് കൃത്യമായി എത്തിക്കേണ്ട ബാധ്യത പൊതുമേഖലാ ബാങ്കുകൾക്കാണ്. പ്രധാനമന്ത്രി ജൻധൻ യോജന, അടൽ പെൻഷൻ യോജന (APY), പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) തുടങ്ങിയ പദ്ധതികളുടെ ഭീമമായ ക്വോട്ടകൾ പൂർത്തീകരിക്കേണ്ട ഉത്തരവാദിത്വം ബാങ്ക് ജീവനക്കാർക്ക് തന്നെ വീതിച്ചു നൽകും. ഈ പണികളോടൊപ്പം ദൈനംദിന ബാങ്ക് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കേണ്ടതുമുണ്ട്.
“ബാങ്കിങ് പണികൾക്ക് പുറമെ ബാങ്കിങ് ഇതര പണികൾക്കും ഭീമമായ ടാർഗെറ്റുകളാണ് നൽകുന്നത്. അതിന് പുറമെയാണ് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, സർക്കാരിന്റെ വിവിധ പെൻഷൻ-ഇൻഷുറൻസ് യോജനകൾ എന്നിവ. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ ബാങ്ക് ശാഖകളുടെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിക്കാതെ ഒരേപോലെ ടാർഗെറ്റുകൾ അടിച്ചേൽപ്പിക്കുമ്പോൾ അത് പൂർത്തിയാക്കാൻ ജീവനക്കാർ വല്ലാതെ ബുദ്ധിമുട്ടുന്നു.” ഫെഡറേഷൻ ഓഫ് എംപ്ലോയീസ് യൂണിയൻസ് ഇൻ ബാങ്ക്സ് (FEBI) പ്രസിഡന്റ് എസ് എസ് അനിൽ ഒബിസിയോട് പറഞ്ഞു.
വായ്പാ വാഗ്ദാനവുമായി റോഡിലിറങ്ങേണ്ടി വരുമ്പോൾ
തെരുവ് കച്ചവടക്കാർക്കായുള്ള പി.എം. സ്വനിധി (PM SVANidhi) പോലുള്ള വായ്പാ പദ്ധതികളുടെ ഉയർന്ന ടാർഗെറ്റുകൾ തികയ്ക്കാനായി മുതിർന്ന ബാങ്ക് മാനേജർമാർക്ക് തെരുവുകളിലേക്ക് ഇറങ്ങേണ്ട അവസ്ഥ പോലും ഉണ്ടാകുന്നുണ്ട്.
“ഓഫീസിലെ പണികളുടെയിടയിൽ നിരത്തിലിറങ്ങി ‘ഞങ്ങൾ നിങ്ങൾക്ക് 50,000 രൂപ വായ്പ തരാം, ഒരു അക്കൗണ്ട് തുറക്കുമോ’ എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ് ഞങ്ങൾ. അങ്ങനെയുള്ള സംഭവങ്ങളുണ്ടായിട്ടുമുണ്ട്” എസ്ബിഐ യിലെ ഒരു ചീഫ് മാനേജർ പറയുന്നു. “സർക്കാരിന്റെ പദ്ധതികളുടെ മേന്മയും കണക്കിലെ പെരുപ്പവും കാണിക്കാൻ ജീവനക്കാർ അനുഭവിക്കുന്ന യാതനകൾ ചെറുതല്ല.” അവർ കൂട്ടിച്ചേർത്തു.
‘ലോഗിൻ ഡേ’ എന്ന സമ്മർദ്ദ ദിനം
മേലധികാരികൾ നിശ്ചയിക്കുന്ന ‘ലോഗിൻ ഡേ’ (Login Days) സംസ്കാരവും ജോലിഭാരം കൂട്ടുന്ന ഒരു ഘടകമാണ്. ബാങ്കിൽ എല്ലാ ദിവസവും ഏതെങ്കിലും വിഭാഗത്തിന്റെ ‘ലോഗിൻ ഡേ’ ഉണ്ടായിരിക്കും. ആ ദിവസങ്ങളിൽ ജീവനക്കാർ അതേ വിഭാഗത്തിൽ നൽകിയിട്ടുള്ള ടാർഗറ്റുകൾ പൂർത്തിയാക്കിയിരിക്കണം. ഉദാഹരണത്തിന്, ബുധനാഴ്ച ഇൻഷുറൻസ് ലോഗിൻ ഡേ ആണെങ്കിൽ, അന്നത്തെ ദിവസം ഒരു ബ്രാഞ്ച് നിശ്ചിത തുകയുടെ ഇൻഷുറൻസ് പോളിസികൾ വിറ്റഴിച്ചിരിക്കണം എന്ന നിർബന്ധമുണ്ട്. പലപ്പോഴും ഒരേ ദിവസം തന്നെ വിവിധ വിഭാഗങ്ങളുടെ ലോഗിൻ ഡേ ആയിരിക്കും. അതായത്, ആ ദിവസങ്ങളിൽ അതാത് വിഭാഗങ്ങളുടെയെല്ലാം ടാർഗറ്റുകൾ ഉദ്യോഗസ്ഥർ പൂർത്തിയാക്കണം. ഉപഭോക്താക്കൾ ബാങ്കുകളിൽ ഉണ്ടായിരിക്കുന്ന സമയത്ത് മാത്രമേ, അവരോട് സംസാരിച്ച് ടാർഗറ്റുകൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. പകൽ സമയം മുഴുവനും പലപ്പോഴും ഇതിന് മാത്രമായി ചെലവഴിക്കേണ്ടി വരുമെന്ന് ജീവനക്കാർ പറയുന്നു. ബാങ്ക് സമയം കഴിഞ്ഞ് വേണം ദൈനം ദിന ജോലികളിലേക്ക് തിരിയാൻ.
ഇതൊക്കെയാണെങ്കിലും കേന്ദ്ര ധനമന്ത്രിയുടെ അഭിപ്രായം മറ്റൊന്നാണ്. “ബാങ്കുകൾ തങ്ങളുടെ പ്രാഥമിക ബിസിനസായ നിക്ഷേപം സ്വീകരിക്കലിലും വായ്പ നൽകലിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ആവശ്യമില്ലാത്ത ഇൻഷുറൻസ് പോളിസികൾ വിൽക്കാൻ ബാങ്കുകൾ കൂടുതൽ സമയം ചെലവഴിക്കുന്നത് അംഗീകരിക്കാനാവില്ല,” കഴിഞ്ഞ ബഡ്ജറ്റ് അവതരണത്തിന് ശേഷം റിസർവ് ബാങ്ക് ബോർഡിനെ അഭിസംബോധന ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതാണിത്.
അവസാനിക്കാത്ത ആത്മഹത്യകൾ
ജോലിസ്ഥലത്തെ മാനസിക സമ്മർദ്ദം, മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള മാനസിക പീഡനം, അപ്രായോഗിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള സമ്മർദ്ദം എന്നിവ കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്ത് അഞ്ഞൂറിലധികം ബാങ്ക് ജീവനക്കാർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. വെർച്വൽ യോഗങ്ങൾക്കിടെ മുതിർന്ന ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരോട് മോശമായി പെരുമാറുന്ന നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തനിക്ക് സ്ഥാപനം മാത്രമാണ് പ്രധാനമെന്നും കുടുംബത്തെക്കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ ആലോചിക്കുന്നു പോലുമില്ലെന്നും ഒരു കാനറ ബാങ്ക് ഉദ്യോഗസ്ഥൻ മീറ്റിങ്ങിനിടെ പറയുന്ന വീഡിയോ 2024 ൽ വൈറലായിരുന്നു. ബാക്കി ജീവനക്കാരും തന്നെ പോലെയാകണമെന്നും ഈ വീഡിയോയിൽ ഇദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
“ജീവനക്കാർക്ക് അസാധ്യമായ ടാർഗറ്റുകൾ നൽകി ഭയപ്പെടുത്തരുത്, ഇല്ലെങ്കിൽ എന്നെപ്പോലെ മറ്റുള്ളവരും ആത്മഹത്യയിലേക്ക് തള്ളപ്പെടും” റീജിയണൽ മാനേജറുടെ പീഡനം കാരണം 2024 ൽ ജീവനൊടുക്കിയ ഗുജറാത്തിലെ യൂണിയൻ ബാങ്ക് ചീഫ് മാനേജർ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിലെ വരികളാണിത്. കണ്ണൂരിലെ കാനറാ ബാങ്ക് ശാഖയ്ക്കുള്ളിൽ 2021 ൽ ജീവനൊടുക്കിയ മാനേജർ സ്വപ്നയുടെ ദുരന്തവും, ഏറ്റവുമൊടുവിൽ ചെന്നൈയിൽ ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ കനിഷ്ക് ബാജ്പേയി ആത്മഹത്യ ചെയ്തതുമെല്ലാം ഈ മേഖലയിലെ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നു.
മധ്യവയസ്കരുടെ തൊഴിലിടം
പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ ശരാശരി പ്രായവും കുടുംബ പശ്ചാത്തലവും ഈ പ്രതിസന്ധിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. 2001 നും 2010 നും ഇടയിൽ ഒരു പതിറ്റാണ്ടുകാലം പുതിയ റിക്രൂട്ട്മെന്റുകൾ പൂർണമായി മരവിപ്പിച്ചതിനെ തുടർന്ന്, നിലവിലെ ബാങ്ക് ജീവനക്കാരുടെ ശരാശരി പ്രായം 38 വയസ്സിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഉദാഹരണത്തിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരുടെ ശരാശരി പ്രായം 38 ആണ്. അതായത്, ചെറിയ കുട്ടികളെ വളർത്തുകയും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുകയും ചെയ്യുന്ന മധ്യവയസ്കരായ ഉദ്യോഗസ്ഥരാണ് ബാങ്കുകളിൽ ഭൂരിഭാഗവും.
“പൊതുമേഖലാ ബാങ്കുകളിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും, മധ്യവയസ്കരാണ്. കുടുംബമായി കഴിയുന്നവർ. രാത്രി വരെ നീളുന്ന ജോലി കഴിഞ്ഞ് ഇവർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുന്നില്ല. മാനസികമായി ഇത് ചെറുതായൊന്നുമല്ല ബാധിക്കുന്നത്” ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ (AIBOC) സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി റെജനീഷ് പറയുന്നു.
മാത്രമല്ല, സെൻട്രൽ വിജിലൻസ് കമ്മീഷന്റെ (CVC) മാനദണ്ഡങ്ങൾ അനുസരിച്ച് ‘സുപ്രധാന തസ്തികകളിൽ’ (Sensitive Seats) ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ഓരോ മൂന്ന് വർഷത്തിലും നിർബന്ധമായും സ്ഥലം മാറ്റണം. ഇത് കൊണ്ട് തന്നെ സ്വാഭാവികമായും ഇത്തരം ഉദ്യോഗസ്ഥർ കുടുംബങ്ങളിൽ നിന്ന് മാറിയാകും ജോലി ചെയ്യുക. ദൈനം ദിന ജോലി രാത്രി വരെ നീളുന്നതോടെ ഇവർക്ക് ഫോണിലൂടെയെങ്കിലും കുടുംബവുമായി ബന്ധം നിലനിർത്താൻ കഴിയാതെ വരുന്നു.
ജോലിഭാരം കൂടി, ജീവനക്കാരുടെ എണ്ണം കുറഞ്ഞു
പൊതുമേഖലാ ബാങ്കിംഗ് കണക്കുകൾ പരിശോധിക്കുമ്പോൾ നിലവിലെ പ്രതിസന്ധിയുടെ കാരണങ്ങൾ വ്യക്തമാകും. വർഷംതോറും പണമിടപാടുകളും ഉപഭോക്താക്കളും കൂടുന്നുണ്ടെങ്കിലും ജീവനക്കാരുടെ എണ്ണം കുറയുകയാണ് ചെയ്യുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ ആകെ പണമിടപാട് നാലരയിരട്ടിയിലധികം വർധിച്ചിട്ടുണ്ട്. പലിശയിതര ഇടപാടുകൾ പത്തിരട്ടിയും വർധിച്ചിട്ടുണ്ട്. എന്നാൽ ആകെ ജീവനക്കാരുടെ എണ്ണം 13.4 ശതമാനത്തോളം കുറഞ്ഞു.
കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ വിവരങ്ങൾ അനുസരിച്ച്, 2024–25 ൽ പൊതുമേഖലാ ബാങ്കുകളിലെ ആകെ ജീവനക്കാരുടെ എണ്ണം 7,57,641 ആണ്. 2014-15 കാലയളവിൽ ഇത് 8,59,692 ആയിരുന്നു. അതായത്, പത്ത് വർഷത്തിനിടെ ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ കുറവുണ്ടായിരിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം രാജ്യത്താകെ പൊതുമേഖലാ ബാങ്കുകളുടെ 2,162 ശാഖകൾ പുതുതായി ഉണ്ടായിട്ടുണ്ട്. 15 കോടിയിലധികം പുതിയ ബാങ്ക് അക്കൗണ്ടുകളും തുറന്നിട്ടുണ്ട്. ഇതിനോടൊപ്പമാണ് ജീവനക്കാരുടെ എണ്ണം കുറയുന്നത്. 2021 -25 കാലയളവിൽ മാത്രം 26,617 ജീവനക്കാർ കുറഞ്ഞിട്ടുണ്ട്. റിട്ടയർ ആയ ജീവനക്കാരുടെ ഒഴിവുകളിലേക്ക് പുതുതായി ആളുകൾ എത്താത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
“സ്വകാര്യ ബാങ്കുകളിൽ ഒരു ഓഫീസർ ശരാശരി 300 മുതൽ 350 വരെ ഉപഭോക്താക്കളെ മാത്രം കൈകാര്യം ചെയ്താൽ മതി. എന്നാൽ ഒരു സാധാരണ പൊതുമേഖലാ ബാങ്കിൽ ഒരു അതേ സ്ഥാനത്തുള്ള ഉദ്യോഗസ്ഥൻ 2,000 മുതൽ 2,500 ഉപഭോക്താക്കളെ വരെ കൈകാര്യം ചെയ്യേണ്ടി വരുമെന്നാണ് കണക്കുകൾ പറയുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാതെ ഇത്രയും വലിയ ഉപഭോക്തൃ ശൃംഖലയെ സേവിക്കേണ്ടി വരുമ്പോൾ ഉപഭോക്താക്കൾക്ക് കൃത്യമായ പരിഗണന നൽകാൻ കഴിയാതെ വരും. സ്വാഭാവികമായും അത് ബാങ്ക് ജീവനക്കാരുടെ തന്നെ കുറ്റമായി ചിത്രീകരിക്കപ്പെടുകയും ചെയ്യും.” റെജനീഷ് ഒബിസി യോട് പറഞ്ഞു.
പൊതുമേഖലാ ബാങ്കുകളുടെ വിശ്വാസ്യത മുതലെടുത്ത് തഴച്ചു വളരുന്ന സ്വകാര്യ ബിസിനസ്സുകൾ
ഇന്ത്യൻ ഇൻഷുറൻസ് മേഖല സ്വകാര്യവൽക്കരിക്കപ്പെട്ടതിനെ തുടർന്ന് ബാങ്കുകളെ വിപണന മാധ്യമങ്ങളാക്കുന്ന ‘ബാങ്കഷുറൻസ്’ (Bancassurance) മോഡൽ വ്യാപകമായതാണ് ഈ തകർച്ചയ്ക്ക് വേഗം കൂട്ടിയത്. ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ ബാങ്ക് ശാഖകൾ വഴി ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന രീതിയാണ് ബാങ്കഷുറൻസ്. ഇന്ത്യയിൽ ഇൻഷുറൻസ് മേഖല സ്വകാര്യവൽക്കരിച്ചതിന് തൊട്ടുപിന്നാലെ, 2000-ൽ റിസർവ് ബാങ്കും ഐ.ആർ.ഡി.എ.ഐ-യും അനുമതി നൽകിയതോടെയാണ് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യ ഇൻഷുറൻസ് പാക്കേജുകൾ വിൽക്കാൻ തുടങ്ങിയത്. ഇതിലൂടെ ബാങ്കുകൾക്ക് പലിശയിതര വരുമാനം ലഭിക്കുമ്പോൾ, ഇൻഷുറൻസ് കമ്പനികൾക്ക് ബാങ്കിന്റെ വലിയ ഉപഭോക്തൃ ശൃംഖലയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നു.
ബാങ്കഷുറൻസിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകൾ പ്രമുഖ സ്വകാര്യ-വിദേശ ഇൻഷുറൻസ് കമ്പനികളുമായി കോർപ്പറേറ്റ് ഏജൻസി കരാറുകളിൽ ഏർപ്പെട്ടിരിക്കുകയാണ്. എസ്.ബി.ഐ തങ്ങളുടെ ഉപകമ്പനികളായ എസ്.ബി.ഐ ലൈഫ്, എസ്.ബി.ഐ ജനറൽ എന്നിവ വഴിയും, കാനറാ ബാങ്ക് കാനറാ എച്ച്.എസ്.ബി.സി ലൈഫ് വഴിയും, ബാങ്ക് ഓഫ് ബറോഡ ഇന്ത്യഫസ്റ്റ് ലൈഫ് വഴിയും, യൂണിയൻ ബാങ്ക് സ്റ്റാർ യൂണിയൻ ദൈ-ഇച്ചി (Dai-lichi life) വഴിയും ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നു.
പൊതുമേഖല ബാങ്കുകൾ കാലങ്ങളായി കെട്ടിപ്പടുത്ത ഉപഭോക്തൃ വിശ്വാസ്യതയെ ചൂഷണം ചെയ്താണ് സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതെന്ന് ബാങ്ക് യൂണിയൻ നേതാക്കൾ പറയുന്നു. ബാങ്ക് ഡെപ്പോസിറ്റുകൾക്ക് കൃത്യമായ ഗ്യാരന്റിയുള്ളപ്പോൾ, ഇൻഷുറൻസ് പോളിസികളും മ്യൂച്വൽ ഫണ്ടുകളും വിപണിയിലെ അപകടസാധ്യതകൾക്ക് (Market Risks) വിധേയമാണ്. എന്നാൽ ഗ്രാമീണ നിക്ഷേപകരും മുതിർന്ന പൗരന്മാരും പൊതുമേഖലാ ബാങ്കുകളിലുള്ള വിശ്വാസ്യത കാരണം ഇതൊരു ബാങ്ക് നിക്ഷേപമാണെന്ന് തെറ്റിദ്ധരിച്ച് പണം മുടക്കുന്നു.
“സ്വകാര്യ, വിദേശ ഇൻഷുറൻസ് കമ്പനികൾ ഇന്ത്യയിലേക്ക് വന്നപ്പോൾ ജനങ്ങൾക്ക് അവരിൽ വിശ്വാസമുണ്ടായിരുന്നില്ല. ബാങ്കിൽ പണം നിക്ഷേപിക്കുന്നത് പോലെയല്ല ഇൻഷുറൻസ് നൽകുന്നതും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതും. അതിന് അതിന്റേതായ നഷ്ടസാധ്യതകളുണ്ട്. ഉപയോക്താക്കളിൽ നിന്ന് ഇത് മറച്ചുവയ്ക്കാൻ കൂടിയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ വഴി ഈ ഇടപാടുകൾ നടത്തുന്നത്” എസ് എസ് അനിൽ പറയുന്നു. പൊതുമേഖല ബാങ്കുകളോടുള്ള വിശ്വാസം മുൻനിർത്തിയാണ്, ജീവനക്കാർ ആവശ്യപ്പെടുമ്പോൾ ഉപഭോക്താക്കൾ ഇൻഷുറൻസിലും മ്യൂച്വൽ ഫണ്ടുകളിലും പണം നിക്ഷേപിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. എന്നാൽ പലപ്പോഴും ഉപഭോക്താക്കൾ ഇതിലെ പ്രശ്നങ്ങളെപ്പറ്റി ബോധവാന്മാരായിരിക്കില്ല. മേലധികാരികളിൽ നിന്നുള്ള അമിത സമ്മർദ്ദം കാരണം ജീവനക്കാർ പലപ്പോഴും കാര്യങ്ങൾ പൂർണ്ണമായി വിശദീകരിക്കാതെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ നിർബന്ധിതരാവുകയാണെന്നും യൂണിയൻ പ്രവർത്തകർ പറയുന്നു.
1991-ൽ നരസിംഹറാവു സർക്കാരിന്റെ കാലത്ത് തുടക്കമിട്ട സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളാണ് പൊതുമേഖലാ ബാങ്കുകളെ ഇന്നത്തെ കോർപ്പറേറ്റ് ശൈലിയിലേക്ക് മാറ്റിയെടുത്തത്. സ്വകാര്യ ബാങ്കുകളുടെ വരവോടെ പൊതുമേഖലാ ബാങ്കുകളുടെ പരമ്പരാഗതമായ പ്രവർത്തന രീതിയിൽ മാറ്റം വന്നു. തുടർന്ന് 2001-ൽ നിരവധി ബാങ്കുകൾ സ്വയംപ്രേരിത വിരമിക്കൽ സ്കീമുകൾ നടപ്പിലാക്കി (VRS). ഇതോടെ നിരവധി ജീവനക്കാർ വിരമിക്കുകയുണ്ടായി. എന്നാൽ ഈ വിരമിക്കലുകൾക്കൊന്നും പകരമായി അടുത്ത 10 വർഷത്തേക്ക് പുതിയ നിയമനങ്ങളുണ്ടായില്ല. പിന്നീട്, 2017 നും 2019 നും ഇടയിൽ നടപ്പിലാക്കിയ ബാങ്ക് സംയോജനങ്ങളും പൊതുമേഖലാ ബാങ്കിങ് സംവിധാനത്തിന്റെ ഘടനയെ തകിടം മറിച്ചു. വെവ്വേറെ സോഫ്റ്റ്വെയറുകളും വ്യത്യസ്ത സേവന വ്യവസ്ഥകളുമുള്ള ബാങ്കുകൾ തമ്മിൽ ലയിപ്പിച്ചപ്പോൾ സാങ്കേതിക തടസ്സങ്ങളും ഭരണപരമായ പ്രതിസന്ധികളും ഇരട്ടിയായി.
ജീവനക്കാരെ രണ്ട് തട്ടിലാക്കുന്ന പ്രോത്സാഹന സമ്മാനങ്ങൾ
ചില സർക്കാർ പദ്ധതികൾ ജീവനക്കാർക്കിടയിൽ വിവേചനം നടപ്പിലാക്കുന്നുവെന്ന് ബാങ്കിങ് ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ധനകാര്യ മന്ത്രാലയം നടപ്പിലാക്കിയ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി ഇങ്ങനെയൊന്നാണ്. നിലവിലെ നിയമപ്രകാരം മുതിർന്ന ഉദ്യോഗസ്ഥർക്ക് ബാങ്കിന്റെ ലാഭവിഹിതത്തിന് അനുസൃതമായി ബോണസ് ലഭിക്കും. എന്നാൽ താഴെത്തട്ടിൽ പണിയെടുക്കുന്ന ക്ലാർക്കുമാർക്കും ഇതര ജീവനക്കാർക്കും യാതൊരുവിധ ആനുകൂല്യവും ലഭിക്കുന്നില്ല. സ്ഥാപനത്തിന്റെ ലാഭം എന്നത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും, അതിനാൽ പ്രോത്സാഹന തുക എല്ലാവർക്കും തുല്യമായി വീതിച്ചുനൽകുന്ന ടോട്ടൽ പ്രൊഫിറ്റ് ലിങ്ക്ഡ് ഇൻസെന്റീവ് നടപ്പിലാക്കണമെന്നുമാണ് യൂണിയനുകളുടെ ആവശ്യം.
ഈ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ ഏഴ് പ്രധാന സംഘടനകളുടെ കൂട്ടായ്മയായ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) സെപ്റ്റംബർ 28 മുതൽ 30 വരെ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബാങ്ക് മാനേജുമെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (IBA) നടത്തിയ ചർച്ചകളെ തുടർന്ന് ഈ പണിമുടക്ക് താൽക്കാലികമായി മാറ്റിവെക്കുകയായിരുന്നു. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങളെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം (എല്ലാ ശനിയാഴ്ചകളും അവധിയാക്കൽ), വിവേചനപരമായ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി തിരുത്തൽ എന്നിവ ചർച്ച ചെയ്യാനായി ഒരു ഉന്നത തല സമിതി രൂപീകരിക്കാൻ ധനകാര്യ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. യു.പി.ഐയും ക്യു.ആർ കോഡുകളും എ.ടി.എമ്മുകളും വഴി 90 ശതമാനത്തിലധികം ബാങ്കിങ് ഇടപാടുകളും ഡിജിറ്റലായി നടക്കുന്ന ഇന്നത്തെ കാലത്ത്, ശനിയാഴ്ചകളിൽ ബാങ്കുകൾ അടച്ചിടുന്നത് പൊതുജനങ്ങളെ ബാധിക്കില്ലെന്നും ജീവനക്കാർക്ക് അത് വലിയ ആശ്വാസമാകുമെന്നും യൂണിയൻ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
ഓഫീസർമാർ 24 മണിക്കൂറും ഡ്യൂട്ടിക്ക് ബാധ്യസ്ഥരാണെന്ന് പറയുന്ന ഓഫീസർ സർവീസ് റെഗുലേഷൻ (OSR) നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നും, ജോലി സമയം കൃത്യമായി നിർവചിക്കണമെന്നുമാണ് ജീവനക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത്. 1969-ലെ ബാങ്ക് ദേശസാൽക്കരണ കാലത്ത് ഉണ്ടാക്കിയതാണ് OSR നിയമം.
ബാങ്ക് ജീവനക്കാർ സമരം ചെയ്യുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിച്ചേക്കാം. എന്നാൽ, മറ്റൊരു ബാങ്ക് ജീവനക്കാരൻ കൂടി കനിഷ്ക് ബാജ്പേയിയുടെ വഴി പിന്തുടരുന്നത് തടയാൻ സമരങ്ങൾ സഹായിച്ചേക്കും.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക