ഡൽഹി പ്രതിഷേധത്തെ നേരിടാൻ ബജ്റംഗ് ദൾ എത്തുമോ? പ്രചാരണത്തിന്റെ സത്യമെന്ത്?

ഡൽഹി പ്രതിഷേധത്തെ നേരിടാൻ ബജ്റംഗ് ദൾ എത്തുമോ? പ്രചാരണത്തിന്റെ സത്യമെന്ത്?

ഒക്ടോബർ 10-ന് ജന്തർ മന്തറിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടക്കാനിരിക്കുന്ന “ദില്ലി ചലോ 2.0” മാർച്ചിനും സി.ജെ.പി പ്രതിഷേധത്തിനും മുന്നോടിയായി, ഈ പ്രതിഷേധത്തെ അടിച്ചമർത്താൻ വലതുപക്ഷ രാഷ്ട്രീയ സംഘടനകൾ, പ്രത്യേകിച്ച് ബജ്‌രംഗ്ദൾ, തയാറെടുക്കുന്നു എന്ന അവകാശവാദങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന പ്രക്ഷോഭത്തെ നേരിടാൻ ഇവർ കൂട്ടമായി എത്തുന്നു എന്ന തരത്തിൽ വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾ പോസ്റ്റുകളിലൂടെ പ്രചരിപ്പിക്കുന്നു. ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് OBC കണ്ടെത്തി.

പ്രചരിക്കുന്ന അവകാശവാദങ്ങൾ എന്തെല്ലാം

ഒക്ടോബർ 8-ന് X-ൽ @HindustanKiArmy എന്ന അക്കൗണ്ട് ഒരു വീഡിയോ പങ്കുവച്ചു. തിരക്കേറിയ ഒരു നഗരവീഥിയിൽ ജനക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നതാണ് ദൃശ്യം. “ബ്രേക്കിങ് ന്യൂസ്: ഹിന്ദു സംഘടനകൾ ‘ക്യാച്ച് ദ കോക്രോച്ചസ്’ (Catch the Cockroaches) എന്ന പേരിൽ ഓപ്പറേഷൻ ആരംഭിച്ചു. ഹിന്ദു സംഘടനാപ്രവർത്തകരുടെ വലിയൊരു കൂട്ടം ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. ഭാഗ് അഭിജീത് ദിപ്കേ ഭാഗ്!” എന്നാണ് ഇതിനൊപ്പമുള്ള കുറിപ്പ്. @abhijeet_dipke, @SauravDassss, @AshutoshRanka എന്നീ അക്കൗണ്ടുകളെ ടാഗ് ചെയ്തിട്ടുമുണ്ട്.

X സ്ക്രീൻഷോട്ട്

ഒക്ടോബർ 8 വരെ മാത്രം ഈ വീഡിയോ 77,500 പേർ കണ്ടു; 2,500 ലൈക്കുകളും 670 റീഷെയറുകളും ലഭിച്ചു.

പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ വിദ്യാർത്ഥി പ്രക്ഷോഭത്തോടുള്ള കടുത്ത രോഷം പ്രകടമായിരുന്നു. എതിർപക്ഷത്തെ സാമൂഹികമായി ബഹിഷ്കരിക്കാൻ പലരും കമന്റുകളിൽ ആഹ്വാനം ചെയ്തു. “നല്ലത്… സാധാരണ പൗരന്മാരും ഇതിനെ ചെറുക്കാൻ രംഗത്തിറങ്ങണം… ഈ അരാജകവാദികൾക്കെതിരെ സാമൂഹിക ബഹിഷ്കരണമാണ് മുന്നോട്ടുള്ള വഴി” എന്നായിരുന്നു ഒരു കമന്റ്. “നന്നായി. ഈ നീചന്മാരെയും അവരുടെ യജമാനന്മാരെയും തുരത്താൻ കുറഞ്ഞത് പത്തു ലക്ഷം സനാതനികളെങ്കിലും വേണം. ധ്രുവ് എന്ന നീചനെ പിടികൂടി രാജ്യത്ത് നിന്ന് ചവിട്ടിപ്പുറത്താക്കണം. ഇന്ത്യയിൽ സമാധാനം പുലരാൻ 500 നാഥുറാമുമാരെയും വേണം. ജനങ്ങളോട് കളിക്കരുത്… ഇത്തരം കാര്യങ്ങൾക്കെല്ലാം ഒരു പരിധിയുണ്ട്.” ഇത്തരം വിദ്വേഷ കമന്റുകളാണ് നിറയെ. വീഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയ കമന്റുകളും ഉണ്ടായിരുന്നെങ്കിലും, കൂടുതലും പേരും വ്യക്തിപരമായ അധിക്ഷേപങ്ങളും അക്രമാഹ്വാനങ്ങളും നടത്തിയിട്ടുണ്ട്.

വീഡിയോയുടെ ഉറവിടം

ഞങ്ങൾ ഈ പോസ്റ്റുകൾ വിശകലനം ചെയ്തു.ഇത്തരമൊരു സംഭവം നടന്നതിന് ഔദ്യോഗിക രേഖകളോ വിശ്വസനീയമായ വാർത്താറിപ്പോർട്ടുകളോ ഉണ്ടോ എന്ന് വിശദമായി പരിശോധിച്ചു. വീഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ, ഇതേ വീഡിയോ 2022 നവംബർ 14-ന് royal_rajputana_ എന്ന അക്കൗണ്ട് പങ്കുവച്ചിരുന്നതായി സ്ഥിരീകരിച്ചു.

2022 നവംബറിലെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട്

ഇൻസ്റ്റഗ്രാം പോസ്റ്റിൽ #singrauli, #mp, #jeevansinghsherpur എന്നീ പ്രാദേശിക ഹാഷ്ടാഗുകളാണ് നൽകിയിരുന്നത്. അതുകൊണ്ടുതന്നെ ഇത്‌ ന്യൂഡൽഹിയിൽ അടുത്തിടെ നടന്ന ഒത്തുചേരലല്ല എന്ന് വ്യക്തമാകുന്നു.
2022-ലെ പഴയ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ, നിരവധി അക്കൗണ്ടുകൾ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പങ്കുവയ്ക്കുകയാണെന്ന് OBC-യുടെ ഈ വിശകലനത്തിലൂടെ കണ്ടെത്തി.

“1 ലക്ഷം ബജ്‌രംഗ്ദൾ പ്രവർത്തകർ” എന്ന അവകാശവാദം; സത്യമെന്ത്?

കാവി പതാകകളുമായി വരുന്ന ജനക്കൂട്ടത്തെ കാണിക്കുന്ന മറ്റൊരു വീഡിയോയും, ജന്തർ മന്തറിലെ ഡൽഹി പ്രതിഷേധത്തിൽ നിന്നുള്ളതാണെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നുണ്ട്. ഒക്ടോബർ 8-ന് Hindutva Don (@HindutvaDon_) എന്ന അക്കൗണ്ടാണ് ഇത് പങ്കുവച്ചത് “ബ്രേക്കിങ്: ഒക്ടോബർ 10-ന് 1 ലക്ഷം ബജ്‌രംഗ്ദൾ അംഗങ്ങൾ ജന്തർ മന്തറിലേക്ക് വരുന്നു. ഹാക്കർമാർ ലോബിയിൽ പ്രവേശിച്ചിരിക്കുന്നു.” എന്ന അടിക്കുറുപ്പോടെയാണ് ഈ പോസ്റ്റ്‌ പങ്ക് വെച്ചിരിക്കുന്നത്.

ഒക്ടോബർ 8-ലെ X പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

ഒക്ടോബർ 8 വരെ ഈ പോസ്റ്റ് 2.87 ലക്ഷത്തിലധികം പേർ കണ്ടു; 3,600 റീഷെയറുകളും 22,000 ലൈക്കുകളും ലഭിച്ചു.
ഈ വീഡിയോയുടെ കീഫ്രെയിമുകൾ വിശകലനം ചെയ്ത് പരിശോധിച്ചപ്പോൾ ഈ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തി. Vikas (@VlKAS_PR0NAM0) എന്ന X അക്കൗണ്ടാണ് ഇത് ആദ്യമായി പോസ്റ്റ്‌ ചെയ്തത്.

X സ്ക്രീൻഷോട്ട്

 “ഒക്ടോബർ 10-ന് ദേശീയവാദികൾ ജന്തർ മന്തറിൽ എത്തുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ” എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ആദ്യം പങ്കുവച്ചത് (ഒക്ടോബർ 7, 2026, വൈകിട്ട് 5.14). ഒക്ടോബർ 9 വരെ ഇതിന് 6.105 ലക്ഷം കാഴ്ചകളും 1,600 റീഷെയറുകളും 9,300 ലൈക്കുകളും ലഭിച്ചു.

എന്നാൽ, ഇതേ അക്കൗണ്ട് ഇതേ വീഡിയോ ഇതിനു മുൻപ് 2026 ജൂലൈ 22 ലും പോസ്റ്റ് ചെയ്തിരുന്നതായി OBC കണ്ടെത്തി. 

2022 ലെ X പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

“ബജ്‌രംഗ്ദളും ആർ.എസ്.എസും ഇപ്പോൾ തെരുവിലിറങ്ങുന്നത് സങ്കൽപ്പിച്ചു നോക്കൂ” എന്നായിരുന്നു അന്നത്തെ അടിക്കുറിപ്പ്. മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിന്റെ സമയത്തായിരുന്നു ഈ പോസ്റ്റ്. ഇതിന് 4.206 ലക്ഷം വ്യൂസ് ലഭിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ നിലവിലെ ഡൽഹി പ്രതിഷേധത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഈ വീഡിയോ തെറ്റിദ്ധാരണാജനകമാണെന്നും, ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന സി.ജെ.പി പ്രതിഷേധങ്ങളുമായി ഇതിന് ബന്ധമില്ലെന്നും വ്യക്തമാകുന്നു. എന്നാൽ, വീഡിയോയുടെ യഥാർത്ഥ പശ്ചാത്തലം സ്ഥിരീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

ബജ്‌രംഗ്ദളിന്റെ ഔദ്യോഗിക വിശദീകരണം

ഒക്ടോബർ 8-ന് ബജ്‌രംഗ്ദൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഒരു ഔദ്യോഗിക പ്രസ്താവന പോസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ വരാനിരിക്കുന്ന പ്രതിഷേധങ്ങളിലെ നിലപാട് വ്യക്തമാക്കിയ സംഘടന, രാജ്യത്ത് ഏതുതരം “അരാജക പ്രകടനങ്ങളെയും” തങ്ങൾ എക്കാലവും എതിർത്തിട്ടുണ്ടെന്ന് പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യത്തിന്റെ മറവിൽ നടക്കുന്ന പ്രകടനങ്ങളെ പ്രത്യേകമായി എതിർക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

X സ്ക്രീൻ ഷോട്ട്

എന്നാൽ ഒക്ടോബർ 10 ന് ജന്തർ മന്തറിൽ ബജ്റംഗ് ദൾ പ്രവർത്തകർ എത്തുമെന്ന പ്രചാരണം അവർ നിഷേധിച്ചു.

ജന്തർ മന്തറിൽ ബജ്‌രംഗ്ദൾ പ്രവർത്തകർ എത്തുമെന്ന പ്രചാരണങ്ങളെ “തെറ്റിദ്ധരിപ്പിക്കുന്ന ദുരുദ്ദേശ്യപരമായ പ്രചാരണം” എന്നാണ് സംഘടന വിശേഷിപ്പിച്ചത്. ബജ്‌രംഗ്ദൾ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് അവർ വ്യക്തമാക്കി. വരാനിരിക്കുന്ന സി.ജെ.പി പ്രതിഷേധത്തിന്റെ സ്വാധീനത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച സംഘടന, ‘ജനപിന്തുണയില്ലാത്ത ഈ പ്രസ്ഥാനം മുമ്പത്തെവയെപ്പോലെ സ്വാഭാവികമായി ഇല്ലാതാകുമെന്നും’ പറഞ്ഞു.

ചുരുക്കത്തിൽ 

ഡൽഹിയിലെ ജന്തർ മന്തർ പ്രതിഷേധത്തെ നേരിടാൻ ബജ്‌രംഗ്ദൾ അംഗങ്ങൾ അണിനിരക്കുന്നുവെന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് OBC-യുടെ വിശകലനത്തിൽ കണ്ടെത്തി.

നിലവിൽ ഡൽഹിയിൽ നടക്കുന്ന ഒത്തുചേരലുകളായി തെറ്റായി അവതരിപ്പിക്കുന്നത് പലപ്പോഴായി മുൻപും പ്രചരിച്ചിട്ടുള്ള ദൃശ്യങ്ങളാണ്. സമയക്രമത്തെയും സാഹചര്യത്തെയും വളച്ചൊടിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കാനാണ് ഒട്ടേറെ സമൂഹ്യമാധ്യമ അക്കൗണ്ടുകൾ ശ്രമിക്കുന്നത്. ഡൽഹിയിലെ പ്രതിഷേധങ്ങളിൽ പങ്കുചേരാൻ യാതൊരു പദ്ധതിയുമില്ലെന്ന് ബജ്‌രംഗ്ദൾ തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top