ഡീൽ ഓർ നോ ഡീൽ? ബിജെപിക്ക് വോട്ട് കൊടുത്തത് ആരൊക്കെ?

ഡീൽ ഓർ നോ ഡീൽ? ബിജെപിക്ക് വോട്ട് കൊടുത്തത് ആരൊക്കെ?

‘ഡീൽ ആരോപണങ്ങളാ’ണ് നാട്ടിലെമ്പാടും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡീൽ ഉണ്ടോ എന്നത് വ്യക്തമല്ലെങ്കിലും, ഇത് വരെയുള്ള വോട്ട് ചരിത്രം പരിശോധിച്ചാൽ ആരൊക്കെ തമ്മിലായിരുന്നു ഡീൽ എന്ന് മനസ്സിലാക്കാം. കഴിഞ്ഞ 15 വർഷത്തിനിടെ എൻ ഡി എ നേടിയ വോട്ട് വളർച്ചയിൽ പങ്ക് വഹിച്ചവർ ആരൊക്കെ എന്ന് സമഗ്രമായി വിലയിരുത്തുന്നു.

ഏപ്രിൽ 9 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ഡീലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. കോന്നി, റാന്നി മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥിത്വങ്ങളാണ് ഉദാഹരണങ്ങളായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്. 2016 ൽ നേമം മണ്ഡലത്തിലെ ബിജെപി വിജയം കോൺഗ്രസുമായുള്ള ഡീൽ വഴിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യാരോപണവും നടത്തിയിട്ടുണ്ട്.

എന്നാൽ ബിജെപിക്ക് വിജയ സാധ്യത നിലനിൽക്കുന്ന മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ വോട്ടൊഴുക്കിന്റെ ചിത്രം വ്യക്തമാവും. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 140 ൽ ഒൻപത് മണ്ഡലങ്ങളിലാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ (NDA) മുന്നണി രണ്ടാം സ്ഥാനത്തെത്തിയത്. 2016 ൽ ഈ മണ്ഡലങ്ങളുടെ എണ്ണം ഏഴായിരുന്നു. 2011 ൽ മൂന്നും.

എൻഡിഎ യുടെ ഈ വളർച്ചയ്ക്ക് ഇടത് – വലത് (LDF – UDF) മുന്നണികളുടെ വോട്ട് ബാങ്കുകൾക്ക് കൃത്യമായ പങ്കുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്തെ ഈ മണ്ഡലങ്ങളിലെ വോട്ട് വിഹിത കണക്കുകളിൽ ഇക്കാര്യം വ്യക്തമാണ്. ഇക്കാലയളവിൽ ബിജെപി നേടിയത് 6.7 ശതമാനത്തിന്റെ വോട്ട് വർധനയാണ്. 

2021 ൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ഒൻപത് മണ്ഡലങ്ങളിൽ നാലിലും യുഡിഎഫ് ന്റെ വോട്ട് വിഹിതം ക്രമേണ കുറഞ്ഞിട്ടുണ്ട്. ഏതാണ്ട് അതേ അളവിലോ അതിനും മുകളിലോ വിഹിതം എൻഡിഎ കരസ്ഥമാക്കിയിട്ടുമുണ്ട്. 

എൻഡിഎ രണ്ടാം സ്ഥാനത്തല്ലെങ്കിലും പ്രതിപക്ഷ നേതാവ് ‘സിപിഐഎം – ബിജെപി ഡീൽ’ ആരോപിച്ച കോന്നി മണ്ഡലത്തിലെയും കഥ വ്യത്യസ്തമല്ല. 2011 ൽ മണ്ഡലത്തിൽ ആകെ രേഖപ്പെടുത്തിയതിൽ പകുതിയിലധികം വോട്ടുകളും നേടിയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നിയമസഭയിലെത്തിയത്. എന്നാൽ 2021 ആയപ്പോഴേക്കും യുഡിഎഫ് വോട്ട് 35.94 ശതമാനമായി കുറഞ്ഞു. 14.21 ശതമാനം വോട്ട് കുറഞ്ഞു. യു ഡി എഫ് പരാജയപ്പെടുകയും ചെയ്തു. 2021 ൽ സിപിഐഎം സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറാണ് കോന്നിയിൽ നിന്ന് നിയമസഭയിലേക്കെത്തിയത്. ഇതേ കാലയളവിൽ ബിജെപി നേടിയത് 17 ശതമാനത്തിലധികം വോട്ടിന്റെ വർധനയാണ്. എൽഡിഎഫ് നുമുണ്ടായി രണ്ടര ശതമാനത്തോളം വോട്ട് നഷ്ടം. അതായത്, പത്ത് വർഷങ്ങളായി എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് നഷ്ടമായ വോട്ടുകൾ കോന്നിയിൽ എൻഡിഎ ക്ക് സമാഹരിക്കാനായി. ഇതേ വോട്ടിംഗ് ക്രമം സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും പ്രകടമാണ്. 

A side-by-side portrait of two prominent Kerala politicians, V.D. Satheesan and Pinarayi Vijayan, both wearing white shirts and smiling.
വി ഡി സതീശൻ, പിണറായി വിജയൻ

ആകെ ഒൻപതിൽ മഞ്ചേശ്വരം, പാലക്കാട് മണ്ഡലങ്ങളിൽ കാലങ്ങളായി എൽഡിഎഫ് ൽ നിന്ന് പിന്മാറുന്ന വോട്ടുകളാണ് എൻഡിഎ യെ രണ്ടാം സ്ഥാനത്തെത്തിച്ചതെന്ന് കാണാം. മറ്റ് രണ്ട് മണ്ഡലങ്ങളിൽ രണ്ട് മുന്നണികളുടെയും വോട്ടുകൾ ഒരുപോലെ എൻഡിഎ യിലേക്ക് എത്തിയിട്ടുണ്ട്. 2021 തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിട്ടുള്ള മണ്ഡലങ്ങൾ ഓരോന്നായി പരിശോധിക്കാം.

നേമം (Nemom)

2016 ൽ നേമം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒ രാജഗോപാലാണ് കേരള നിയമസഭാ ചരിത്രത്തിലെ ഏക ബിജെപി എംഎൽഎ. എന്നാൽ നേമത്ത് ബിജെപി കൈവരിച്ച വിജയത്തിന് മറ്റ് മാനങ്ങളുണ്ട്. 2006 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ, പതിനഞ്ച് വർഷംകൊണ്ട് മുപ്പത് ശതമാനത്തോളം വോട്ട് വർധന ബിജെപിക്കുണ്ടായി. യുഡിഎഫ് വോട്ട് കൃത്യം പകുതിയായി ചുരുങ്ങുകയാണുണ്ടായത്. സിപിഐഎമ്മിനും മൂന്നര ശതമാനത്തോളം വോട്ട് നഷ്ടമായിട്ടുണ്ട്. അതായത് യുഡിഎഫ് ന്റെ ഭൂരിപക്ഷം വോട്ടും സിപിഐഎമ്മിന്റെ വളരെ കുറച്ച് വോട്ടും ഇതിനിടയിൽ ബിജെപിയിലേക്ക് പോയിട്ടുണ്ട്.

2006 ൽ മുൻ നിയമസഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായ എൻ ശക്തൻ അറുപതിനായിരത്തിൽ പരം വോട്ടുകൾ നേടിയാണ് നേമത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ രേഖപ്പെടുത്തിയതിൽ പകുതിയിലധികം വോട്ട്. എന്നാൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ഈ സീറ്റ് അന്ന് മുന്നണിയുടെ ഭാഗമായിരുന്ന എസ്ജെഡിക്ക്  [SJ(D)] യുഡിഎഫ് കൈമാറിയിരുന്നു. 2011 ലെ ഈ തെരഞ്ഞെടുപ്പിലാണ് ബിജെപി അവരുടെ ആധിപത്യം നേമത്ത് ഉറപ്പിക്കുന്നത്. ബിജെപിക്ക് മൊത്തം 37,246 (31.90%) വോട്ടിന്റെ വർധനയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. ഏതാണ്ട് മുപ്പതിനായിരത്തോളം വോട്ടുകൾ യുഡിഎഫ് ന് കുറയുകയും ചെയ്തു.

നേമം മണ്ഡലത്തിലെ മുന്നണികളുടെ വോട്ട് വിഹിതം (Grouped column chart)

2016 തെരഞ്ഞെടുപ്പിലും യുഡിഎഫ് ന് ഗണ്യമായ വോട്ട് ചോർച്ചയുണ്ടായി. യുഡിഎഫിന്റെ വി സുരേന്ദ്രൻ പിള്ള ആകെ നേടിയത് 13,860 വോട്ടുകൾ മാത്രം. ഒ രാജഗോപാൽ ജയിച്ച ഈ  തെരഞ്ഞെടുപ്പിൽ, എൽഡിഎഫ് വോട്ട് വിഹിതം വർധിപ്പിക്കുകയാണ് ഉണ്ടായത്. വി ശിവൻകുട്ടി 2011 ലേക്കാൾ ഒൻപതിനായിരം വോട്ട് അധികമായി നേടി. ഇതിനാൽ ബിജെപി ജയിച്ച നേമം മണ്ഡലത്തിൽ സിപിഐഎം വോട്ടുകൾ ചോർന്നിട്ടില്ലെന്ന് കണക്കാക്കാം. നേമം മണ്ഡലത്തിൽ യുഡിഎഫിൽ നിന്ന് ഇത്രയേറെ വോട്ട് എൻഡിഎക്ക് സമാഹരിക്കാൻ കഴിഞ്ഞത് പത്ത് വർഷങ്ങൾക്കിപ്പുറം ഇപ്പോഴും ചർച്ചയാവുന്ന വിഷയമാണ്. യുഡിഎഫിൽ നിന്നുള്ള വോട്ടൊഴുക്കിനെ പറ്റി ഒ രാജഗോപാൽ 2021 ൽ പറഞ്ഞത്, “കുറെയധികം കോൺഗ്രസുകാർ എന്നെ പിന്തുണച്ചു” എന്നാണ്. ഇടത് പാർട്ടികളിൽ നിന്ന് വോട്ട് എത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, “അവരത് ചെയ്യില്ല, അവർക്ക് അധികാരം വേണമായിരുന്നു” എന്നും ഒ രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

നേമം മണ്ഡലത്തിൽ കോൺഗ്രസ് വോട്ടുകളാണ് ബിജെപിയുടെ ജയത്തിന് നിർണായകമായത് എന്നതിന് മറ്റുദാഹരണങ്ങളുമുണ്ട്. 2021 ൽ ഘടകകക്ഷികളിൽ നിന്ന് തിരിച്ചെടുത്ത മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മത്സരിച്ചത് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരനാണ്. ഏതാണ്ട് 25 ശതമാനം വോട്ടും മുരളിക്ക് നേടാനായി. 2006 ലേതിന് സമാനമായ വോട്ടുകൾ നേടിയില്ലെങ്കിലും, കോൺഗ്രസ് വോട്ട് ബിജെപിലേക്ക് പോകുന്നത് തടയാനായി. അത് കൊണ്ട് തന്നെ അയ്യായിരത്തോളം വോട്ട് കുറഞ്ഞിട്ടും സിപിഐഎം സ്ഥാനാർത്ഥി വി ശിവൻകുട്ടി ആ തെരഞ്ഞെടുപ്പിൽ വിജയിച്ചു.  

എന്നാൽ മാസങ്ങൾക്ക് മുൻപ് നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കണക്കുകളിൽ നേരിയ വ്യത്യാസം കാണാം. തിരുവനന്തപുരം കോർപറേഷനുകീഴിൽ വരുന്ന 22 വാർഡുകൾ ചേർന്നതാണ് നേമം നിയോജക മണ്ഡലം. 2020 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൻഡിഎ ഇതിൽ 14 സീറ്റും നേടിയിരുന്നു. യുഡിഎഫ് പൂജ്യവും. എന്നാൽ 2025 ലെത്തിയപ്പോൾ, കോർപ്പറേഷൻ ഭരണം പിടിച്ച എൻഡിഎക്ക് ഈ മണ്ഡലത്തിലെ 2 വാർഡുകൾ നഷ്ടമായി.  യുഡിഎഫ് അഞ്ച് വാർഡുകൾ പുതുതായി നേടിയെടുക്കുകയും ചെയ്തു.

 വട്ടിയൂർക്കാവ് (Vattiyoorkavu)

2008 ലെ മണ്ഡല പുനക്രമീകരണത്തിന് ശേഷം പുതുതായി രൂപപ്പെട്ട മണ്ഡലമാണ് വട്ടിയൂർക്കാവ്. 2016 ൽ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ വിജയിച്ച തെരഞ്ഞെടുപ്പിലാണ് ബിജെപി ഈ മണ്ഡലത്തിൽ സ്വാധീനമുണ്ടാക്കിയത്. തൊട്ട് മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 20 ശതമാനം വോട്ട് വർദ്ധിപ്പിക്കാൻ ബിജെപിക്ക് 2016ൽ സാധിച്ചു. ബിജെയിലേക്കെത്തിയ ഈ വോട്ടിന്റെ ഉറവിടം തേടിയുള്ള അന്വേഷണം, കോൺഗ്രസിന്റെ മണ്ഡലത്തിലെ തനത് വോട്ട് ബാങ്കിൽ ചെന്നെത്തി നിൽക്കും. മാത്രമല്ല 2011 നെ അപേക്ഷിച്ച് അധികമായി രേഖപ്പെടുത്തിയ 25,000 ത്തിനു മുകളിൽ വോട്ടുകളും ബിജെപിയിൽ തന്നെയാണ് എത്തിയിട്ടുള്ളത്. 2016 ൽ കോൺഗ്രസിന് 12 ശതമാനത്തോളം വോട്ട് ചോർന്നിട്ടുണ്ട്. 

തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷാണ് 2021 ലെ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്തെത്തിയത്. ഈ തെരഞ്ഞെടുപ്പിൽ  ബിജെപിക്കും  യുഡിഎഫ് നും നഷ്ടമായ വോട്ടുകൾ  കൃത്യമായി എൽഡിഎഫിന്റെ പെട്ടിയിൽ വീണിട്ടുണ്ട്.

മുന്നണി 20112021
എൽഡിഎഫ് (LDF)35.8444.40
എൻഡിഎ  (NDA)11.9828.77
യുഡിഎഫ്  (UDF50.1925.76

                            വട്ടിയൂർക്കാവ് മണ്ഡലത്തിൽ വിവിധ മുന്നണികളുടെ വോട്ട് വിഹിതം 

ഏറ്റവുമൊടുവിൽ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ കണക്കുകൾ നേരെ വിപരീതമാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ 14 വാർഡുകൾ ചേർന്നതാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശവും. 2020 ലെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇതിൽ ഒൻപത് വാർഡുകളിലും വിജയിച്ചത് എൽഡിഎഫ് ആണ്. യുഡിഎഫ് മൂന്നും എൻഡിഎ രണ്ടും വാർഡുകളിൽ വിജയിച്ചിരുന്നു. 

എന്നാൽ 2025 ലെ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലാകെ ഉണ്ടായ എൻഡിഎ തരംഗം ഈ വാർഡുകളിലും സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. 2025 ൽ എൻഡിഎ സ്വന്തം വാർഡുകൾ നിലനിർത്തിയതിനോടൊപ്പം ആറ് പുതിയ വാർഡുകൾ കൂടി പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും 2011 ലെ എൽഡിഎഫ് വാർഡുകളാണ്. നിലവിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 14 കോർപ്പറേഷൻ വാർഡുകളിൽ എട്ടിലും ബിജെപി കൗൺസിലർമാരാണ്.

കഴക്കൂട്ടം (Kazhakkoottam)

കഴിഞ്ഞ രണ്ട് വർഷങ്ങളായി നടന്ന ലോക്സഭ, തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിൽ ബിജെപി സ്വാധീനം വളരെയധികം വർധിച്ച മണ്ഡലമാണ് കഴക്കൂട്ടം. മുൻവിദേശ കാര്യ സഹമന്ത്രിയും ബിജെപി പ്രസിഡന്റുമായ വി മുരളീധരനാണ് ഈ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ബിജെപി പ്രതിനിധി.

തിരുവനന്തപുരത്തെ മറ്റ് രണ്ട് മണ്ഡലങ്ങളിലെ പോലെ, കഴക്കൂട്ടത്തും ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ഭൂരിഭാഗം വരുന്ന കോൺഗ്രസ് വോട്ടുകൾ നേടിയാണ്. 2011 ൽ 46.38 ശതമാനം വോട്ട് നേടി ജയിച്ച യുഡിഎഫിന് 2021 ൽ 22.5 ശതമാനം വോട്ട് കുറഞ്ഞു. ഇതേ കാലയളവിൽ ബിജെപിക്ക് ഉണ്ടായ വർധന 22.2 ശതമാനമാണ്. കോൺഗ്രസിൽ നിന്ന് ചോർന്ന അത്രയും തന്നെ വോട്ടുകൾ.

കഴക്കൂട്ടം മണ്ഡലത്തിലെ മുന്നണികളുടെ വോട്ട് വിഹിതം (Grouped column chart)

ബിജെപി രണ്ടാം സ്ഥാനത്തെത്തിയ തെരഞ്ഞെടുപ്പിൽ (2016) കഴക്കൂട്ടം മണ്ഡലത്തിൽ കോൺഗ്രസിന് 12,000 ത്തിൽ പരം വോട്ട് കുറഞ്ഞു. ഈ വോട്ടും 2016 ൽ പുതുതായി രേഖപ്പെടുത്തിയ 24,000 ത്തിന് മുകളിൽ വോട്ടും ബിജെപിക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതേ തെരഞ്ഞെടുപ്പിൽ സിപിഐഎം 2,000 വോട്ട് വർധിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം കോർപ്പറേഷനിലെ 16 വാർഡുകൾ കഴക്കൂട്ടം മണ്ഡലത്തിന്റെ ഭാഗമാണ്. 2025 തെരഞ്ഞെടുപ്പിൽ ഇതിൽ എട്ട് വാർഡുകളിൽ എൻഡിഎ സ്ഥാനാർഥികൾ ജയിച്ചിരുന്നു. 2020 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഈ പതിനാറിൽ പതിനൊന്ന് വാർഡുകളും നേടിയത്  എൽഡിഎഫ് ആണ്. യുഡിഎഫ് ഒന്നും എൻഡിഎ നാലും വാർഡുകൾ 2020 ൽ നേടിയിരുന്നു.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപിക്ക് വൻ വോട്ട് വളർച്ചയുണ്ടായിരുന്നു. തിരുവനന്തപുരം ലോക്സഭയിൽ ഏഴ് അസംബ്ലി മണ്ഡലങ്ങളുണ്ട്. ഇതിൽ ബിജെപി ലീഡ് ചെയ്ത മൂന്ന് മണ്ഡലങ്ങളിൽ ഒന്ന് കഴക്കൂട്ടമാണ്. 40.56 ശതമാനം വോട്ട് ബിജെപി ഈ തെരഞ്ഞെടുപ്പിൽ നേടിയിട്ടുണ്ട്. ഇവിടെയും കോൺഗ്രസ്സ് വോട്ടുകളിലാണ് ഇടിവുണ്ടായതെന്ന് കാണാം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് ചെയ്ത കഴക്കൂട്ടം മണ്ഡലത്തിൽ, 2024 ൽ 3.6 വോട്ടിന്റെ ഇടിവോടെ യുഡിഎഫ് രണ്ടാം സ്ഥാനത്തായി.

ആറ്റിങ്ങൽ (Attingal)

തിരുവനന്തപുരം ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി ആറ്റിങ്ങലിലെ വോട്ട് വർധനയ്ക്ക് ഇരു മുന്നണികൾക്കും പങ്കുണ്ടെന്ന് പറയേണ്ടി വരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ ആദ്യമായി ഒരു ബിജെപി പ്രതിനിധി രണ്ടാം സ്ഥാനത്തെത്തുന്നത്. 

മുന്നണി 20112021
എൽഡിഎഫ് (LDF)55.4447.35
എൻഡിഎ  (NDA)4.2325.92
യുഡിഎഫ്  (UDF29.2225.02

                            ആറ്റിങ്ങൽ മണ്ഡലത്തിൽ വിവിധ മുന്നണികളുടെ വോട്ട് വിഹിതം 

ആറ്റിങ്ങൽ മണ്ഡലത്തിൽ പത്ത് വർഷത്തിനിടെ എൽഡിഎഫ് ന് എട്ട് ശതമാനവും യുഡിഎഫ് ന് 4.2 ശതമാനവും വോട്ട് കുറഞ്ഞിട്ടുണ്ട്. ബിജെപിയാകട്ടെ 21.69 ശതമാനം വോട്ടിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുമുണ്ട്. 2011 ൽ നിന്ന് 2021 ലേക്ക് എത്തുമ്പോൾ മൊത്തം രേഖപ്പെടുത്തിയതിൽ 33,000 വോട്ടുകളുടെ വർധനവുണ്ടായിട്ടുണ്ട്. ഏതാണ്ട് ഇത്രയും തന്നെ വോട്ടുകളാണ് ഈ കാലയളവിൽ ബിജെപി കൂടുതലായി നേടിയത്.

ചാത്തന്നൂർ (Chathannoor)

കൊല്ലം ജില്ലയിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ ഏക നിയമസഭാ മണ്ഡലമാണ് ചാത്തന്നൂർ. മറ്റ് തെക്കൻ മണ്ഡലങ്ങളെപ്പോലെ ചാത്തന്നൂരിലും ബിജെപി അധികമായി സമാഹരിച്ച വോട്ടുകളിൽ ഏറിയ പങ്കും കോൺഗ്രസിൽ നിന്ന് തന്നെയാണ്.

മുന്നണി 20112021
എൽഡിഎഫ് (LDF)52.6643.12
എൻഡിഎ  (NDA)3.3630.61
യുഡിഎഫ്  (UDF41.6424.93

                            ചാത്തന്നൂർ മണ്ഡലത്തിൽ വിവിധ മുന്നണികളുടെ വോട്ട് വിഹിതം 

2011 – 2021 കാലയളവിൽ പത്ത് വർഷം കൊണ്ട് ബിജെപി തങ്ങളുടെ വോട്ട് വിഹിതത്തിലുണ്ടാക്കിയത് പത്തിരട്ടി വർധനയാണ്. 2016 ലെ തെരഞ്ഞെടുപ്പിൽ  ഏതാണ്ട് 19,000 ത്തിൽ പരം പുതിയ വോട്ടർമാരുണ്ടായിരുന്നു. എന്നിട്ടും കോൺഗ്രസിന് 17,000 ത്തോളം വോട്ടുകളുടെ കുറവുണ്ടായി. ഈ രണ്ട് സാധ്യതകളുമുപയോഗിച്ച് 2016 ൽ ബിജെപി നേടിയത് 29,360 അധിക വോട്ടുകളാണ്. എൽഡിഎഫ് ന് 2016 ൽ ഏഴായിരം വോട്ടുകളോളം അധികമാണ് കിട്ടിയത്.

2021 തെരഞ്ഞെടുപ്പിലാകട്ടെ, ബിജെപിലേക്ക് പോയത് എൽഡിഎഫ് വോട്ടുകളാണ്. എൽഡിഎഫ് വോട്ടുകൾ 7.64 ശതമാനം ഇടിഞ്ഞപ്പോൾ അതിൽ 5.69 ശതമാനം വോട്ടുകളും നേടാൻ ബിജെപിക്കായി.

മലമ്പുഴ (Malampuzha)

സംസ്ഥാനത്തെ സിപിഐഎം ശക്തി കേന്ദ്രങ്ങളിലൊന്നായാണ് മലമ്പുഴ നിയോജക മണ്ഡലത്തെ കണക്കാക്കുന്നത്. 1967 ൽ രൂപീകൃതമായതിന് ശേഷം സിപിഐഎം അല്ലാതെ മറ്റ് രാഷ്ട്രീയ പാർട്ടികളൊന്നും ഇവിടെ നിന്നും ജയിച്ചിട്ടില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ മുതൽ ഇ കെ നായനാർ വരെ വിജയിച്ച ഈ മണ്ഡലത്തിൽ പക്ഷേ ബിജെപിക്ക് വോട്ട് വർധനയുണ്ടാവുന്നത് വളരെ വേഗത്തിലാണ്. 2016 ലാണ് ആദ്യമായി ബിജെപി മലമ്പുഴയിൽ സ്ഥാനാർഥിയെ നിർത്തുന്നത്. ഈ തെരഞ്ഞെടുപ്പിൽ തന്നെ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 2011 ൽ എൻഡിഎ സഖ്യത്തിൽ ഉണ്ടായിരുന്ന ജെഡി(യു) [JD(U)] ആയിരുന്നു മത്സരിച്ചത്.

2016 ലെ തെരഞ്ഞെടുപ്പിൽ വി എസ് അച്യുതാനന്ദൻ ജയിച്ചെങ്കിലും ഏകദേശം 11.14 ശതമാനം വോട്ടിടിവാണ് സിപിഐഎമ്മിനുണ്ടായത്. കോൺഗ്രസ് സ്ഥാനാർഥിക്കും മുൻതെരഞ്ഞെടുപ്പിനേക്കാൾ 17 ശതമാനം വോട്ട് കുറഞ്ഞിരുന്നു. ഇരു മുന്നണികൾക്കും നഷ്ടപ്പെട്ട വോട്ടുകൾ സമാഹരിച്ച ബിജെപി 2016 ൽ 26.87 ശതമാനം വോട്ട് വർധന രേഖപ്പെടുത്തി.

വി എസ് അച്യുതാനന്ദന് ശേഷം 2021 ൽ സിപിഎമ്മിന്റെ എ പ്രഭാകരൻ വോട്ട് നിലയിൽ  നേരിയ (0.51%) പുരോഗതി വരുത്തി. എന്നാൽ ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസിനുണ്ടായ വോട്ട് ചോർച്ച ബിജെപിക്ക് ഗുണം ചെയ്തു. 2011 മുതൽ പത്ത് വർഷം കൊണ്ട് മലമ്പുഴയിൽ ബിജെപി നേടിയത് പതിനഞ്ചിരട്ടി വോട്ട് വർധനയാണ്.

2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ മലമ്പുഴ ഇപ്പോഴും ഇടത് കേന്ദ്രം തന്നെയെന്ന് ഉറപ്പിക്കേണ്ടി വരും. 2020 ൽ എൽഡിഎഫ് ഭരിച്ചിരുന്ന അകത്തേത്തറ പഞ്ചായത്ത് എൻഡിഎ ജയിച്ചതൊഴിച്ചാൽ മറ്റ് കാര്യമായ വോട്ടൊഴുക്കൊന്നും  2025 തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല. 

2024 ലോക്സഭാ തെരഞ്ഞെടുപ്പിലും മലമ്പുഴ നിയോജക മണ്ഡലത്തിൽ മാത്രം 6,502 വോട്ടിന്റെ ലീഡ് എൽഡിഎഫ് നേടിയിട്ടുണ്ട്.

പാലക്കാട് (Palakkad)

ഒരു ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥിരമായി ജയിച്ച് കൊണ്ടിരിക്കുന്ന മണ്ഡലമാണ് പാലക്കാട്. നിലവിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള സ്ത്രീ പീഡന പരാതികളിൽ മണ്ഡലത്തിലെ കോൺഗ്രസ് ഉഴലുമ്പോൾ ബിജെപിയുടെ സാധ്യത തള്ളിക്കളയാനാകാത്ത മട്ടിലാണ്. 2021 ൽ നേരിയ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരനെ തോൽപ്പിച്ചതിന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഇടതുപക്ഷ പ്രവർത്തകരുടെയടക്കം പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ 2011 വരെ മൂന്നാം സ്ഥാനത്ത് തുടർന്നിരുന്ന ബിജെപി യെ ജയത്തിന്റെ തൊട്ടരികിൽ വരെ എത്തിച്ചതരാണെന്ന ചോദ്യം ബാക്കിയുണ്ട്. കണക്കുകളിൽ, അതിൽ പ്രധാന പങ്ക് എൽഡിഎഫ് ന് തന്നെ.

മുന്നണി 20112024
(ഉപതെരഞ്ഞെടുപ്പ്)
യുഡിഎഫ്  (UDF42.4142.27
എൻഡിഎ  (NDA)19.8628.63
എൽഡിഎഫ് (LDF)35.8224.52

                                          പാലക്കാട് മണ്ഡലത്തിൽ വിവിധ മുന്നണികളുടെ വോട്ട് വിഹിതം 

2011 ൽ ഷാഫി പറമ്പിൽ ആദ്യമായി പാലക്കാട് മത്സരിക്കുമ്പോൾ സിപിഐഎം നേടിയത് 35.82 ശതമാനം വോട്ടാണ്. 42.41 ശതമാനം വോട്ട് നേടി ഷാഫി മണ്ഡലം പിടിച്ചു. ഷാഫി പറമ്പിൽ രാജി വെച്ച് എംപി ആയതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏതാണ്ട് ഇതേ വോട്ട് വിഹിതം നില നിർത്താനായിട്ടുണ്ട് (42.27%). സിപിഐഎം ന്റെ വോട്ടിലും 11.3 ശതമാനത്തിന്റെ കുറവണ്ടായി. ഇതേ കാലയളവിൽ ബിജെപി 8.77 ശതമാനത്തിന്റെ വോട്ട് വർധന നേടിയിട്ടുണ്ട്.

മഞ്ചേശ്വരം, കാസർഗോഡ് (Manjeshwaram, Kasaragod)

നേമം കഴിഞ്ഞാൽ കേരളത്തിൽ ബിജെപി വിജയത്തിന് തൊട്ടടുത്തെത്തിയത് മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിലാണ്. ബിജെപി ഏറ്റവുമധികം തവണ രണ്ടാം സ്ഥാനത്തെത്തിയത് ഇതേ മണ്ഡലങ്ങളിൽ തന്നെ. 1982 മുതലുള്ള എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും   ഈ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. 

മുന്നണി 20112021
യുഡിഎഫ്  (UDF37.4638.14
എൻഡിഎ  (NDA)33.0837.7
എൽഡിഎഫ് (LDF)26.3723.57

                            മഞ്ചേശ്വരം മണ്ഡലത്തിൽ വിവിധ മുന്നണികളുടെ വോട്ട് വിഹിതം 

2016 ൽ വെറും 89 വോട്ടിന് തോറ്റ കെ സുരേന്ദ്രന്റേത് തികച്ചും സാങ്കേതികമായ തോൽവി ആണെന്ന് പറയേണ്ടി വരും. ഇതേ പേരിലുള്ള അപരന് കിട്ടിയത് 467 വോട്ടുകളാണ്. 2021 ലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നിലവിലെ എംഎൽഎ എ കെ എം അഷറഫ് ബിജെപി സ്ഥാനാർഥിയെ തോൽപ്പിച്ചത് 745 വോട്ടിനാണ്. 

മഞ്ചേശ്വരത്ത് 2011 മുതൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ ക്രമേണയുള്ള വളർച്ച പ്രകടമാണ്. പത്ത് വർഷത്തിനിടെ വർദ്ധിച്ചത് 4.62 ശതമാനം വോട്ടാണ്.

മുന്നണി 20112021
യുഡിഎഫ്  (UDF45.3543.80
എൻഡിഎ  (NDA)37.0234.88
എൽഡിഎഫ് (LDF)14.0719.60
                          
 കാസർഗോഡ് മണ്ഡലത്തിൽ വിവിധ മുന്നണികളുടെ വോട്ട് വിഹിതം 

എന്നാൽ ബിജെപി സ്ഥിരമായി രണ്ടാം സ്ഥാനത്തെത്തുന്ന കാസർഗോഡ് മണ്ഡലത്തിൽ സ്ഥിതി കുറച്ച് വ്യത്യസ്തമാണ്. 2011 തൊട്ട് 2021 വരെ 2.14 ശതമാനം വോട്ട് ബിജെപിക്ക് കുറയുകയാണ് ഈ മണ്ഡലത്തിലുണ്ടായത്.

2016 ന് ശേഷം കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ കുതിപ്പിനെ വോട്ട് ചോർച്ചയുടെ കണക്കുകൾ വെച്ച് മാത്രം വിലയിരുത്താനാവില്ല. സമൂഹത്തിൽ ആഴത്തിൽ വേര് പിടിക്കുന്ന വലതുപക്ഷവത്കരണവും അരാഷ്ട്രീയതയും ബിജെപിയുടെ വളർച്ചക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ഇരു മുന്നണികൾക്കും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസ്സിനുണ്ടായ അപചയം കേരളത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം.

മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ വ്യക്തമാക്കുന്നത് വർഷങ്ങളായി ബിജെപിയിലേക്ക് ഒഴുകുന്നതിലേറെയും തനത് യുഡിഎഫ് വോട്ടുകളാണെന്നാണ്. എന്നാൽ, 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വോട്ടുകളിലും ബിജെപി കാര്യമായ വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഈ വോട്ടുകൾ ഏപ്രിൽ 9 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏത് പാളയത്തിൽ എത്തിച്ചേരുമെന്നത് നിർണായകമാണ്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top