നേപ്പാളിനെ വീണ്ടും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചുവെന്ന പ്രചാരണം ശരിയോ? ഫാക്ട് ചെക്ക് 

നേപ്പാളിനെ വീണ്ടും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചുവെന്ന പ്രചാരണം ശരിയോ? ഫാക്ട് ചെക്ക് 

“നേപ്പാളിനെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്നു…” കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നാണിത്. കൂടെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. കാവി വസ്ത്രമണിഞ്ഞൊരാൾ നേപ്പാളി ഭാഷയിൽ എന്തോ വായിക്കുന്നതും കൂടെയുള്ളവർ അതേറ്റു പറയുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് ഒബിസിയുടെ അന്വേഷണത്തിൽ വ്യക്തമായി.

നേപ്പാളിലെ സുൻസരി (Sunsari) ജില്ലയിലും മധേഷ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും ഉണ്ടായ കടുത്ത സാമുദായിക സംഘർഷത്തെത്തുടർന്ന് രാജ്യം കനത്ത ജാഗ്രതയിലാണ്. 2026 ജൂലൈ 26-ന് രാത്രി, ഹിന്ദു തീർത്ഥാടകരുടെ കാൻവാർ യാത്രയ്ക്കിടെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് അക്രമത്തിന് കാരണമായത്. ഈ തർക്കം പിന്നീട് ഇരുവിഭാഗങ്ങളും തമ്മിലുള്ള കല്ലേറിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതോടെ അക്രമം അയൽ ജില്ലകളിലേക്കും വ്യാപിച്ചു. ഇതിന് പിന്നാലെ, രാജ്യത്തെ പ്രധാന വലതുപക്ഷ കക്ഷിയായ രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയും (RPP), നേപ്പാളിലെ ഏറ്റവും പഴയ പാർട്ടിയായ നേപ്പാളി കോൺഗ്രസിലെ ഒരു പ്രമുഖ വിഭാഗവും നേപ്പാളിനെ വീണ്ടും ‘ഹിന്ദു രാഷ്ട്രം’ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. 1962 മുതൽ 2008 വരെ നേപ്പാൾ ഔദ്യോഗികമായി ഒരു ഹിന്ദു രാജ്യമായിരുന്നു. 239 വർഷത്തെ രാജഭരണം 2008 ൽ അവസാനിപ്പിച്ചതോടെയാണ് നേപ്പാളിന്റെ ഭരണഘടനയിൽ നിന്ന് ‘ഹിന്ദു രാഷ്ട്രമെന്ന’ വാക്കും എടുത്തു മാറ്റിയത്. 

സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും പഴയ ദൃശ്യങ്ങളും പ്രചരിച്ചതോടെ സംഘർഷം വീണ്ടും കനത്തു. അക്രമബാധിത പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 

ഈ സാഹചര്യത്തിലാണ് രാജ്യത്തെ വലതു പക്ഷ പാർട്ടികളുടെ ആവശ്യം പോലെ, നേപ്പാളിനെ ഒരു ഹിന്ദു രാജ്യമാക്കി പ്രഖ്യാപിച്ചുവെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കാൻ തുടങ്ങിയത്.

Raju Thekkeparambil’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് കാവി വസ്ത്രമണിഞ്ഞയാളുടെ വീഡിയോ ആദ്യം കണ്ടെത്തിയത്. ആഗസ്റ്റ് 9 ന് പങ്ക് വെച്ച പോസ്റ്റ് ഇതിനകം (ആഗസ്റ്റ് 13) ആയിരത്തിലേറെ പേർ കണ്ടിട്ടുണ്ട്. നേപ്പാളിന്റെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്നുവെന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്. ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിച്ച മന്ത്രിയെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകളധികവും 

‘Raju Thekkeparambil’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റ്

ഈ പോസ്റ്റിലെ കീവേർഡുകളുപയോഗിച്ച് നടത്തിയ കൂടുതൽ പരിശോധനയിൽ സമാനമായ വേറെയും ഫേസ്ബുക്ക് പോസ്റ്റുകൾ കണ്ടെത്താനായി. ഈ പോസ്റ്റുകളിലെല്ലാം ‘ഹിന്ദു രാജ്യമായി മാറിയ നേപ്പാളി’നെ അഭിനന്ദിക്കുന്നതായും കാണാം. എല്ലാം സ്ഥിരമായി ബിജെപി അനുകൂല പോസ്റ്റുകൾ പങ്കു വയ്ക്കുന്ന അക്കൗണ്ടുകൾ. മലയാളത്തിൽ മാത്രമല്ല, ഹിന്ദിയിലും ഇംഗ്ലീഷിലുമായി നിരവധി പേർ ഇതേ വീഡിയോ ഫേസ്ബുക്കിലും എക്സിലും പങ്ക് വെച്ചിട്ടുണ്ട്.

ഇംഗ്ലീഷിൽ എക്സിൽ പങ്ക് വെച്ചിരിക്കുന്ന പോസ്റ്റുകൾ

എക്സിൽ, ഓഗസ്റ്റ് 7 വൈകുന്നേരം മുതലാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. എക്സിലും പല പോസ്റ്റുകളിലായി ലക്ഷക്കണക്കിന് പേർ ഈ വീഡിയോ കണ്ടിട്ടുണ്ട്. നിരവധി വർഗ്ഗീയ കമന്റുകളും ഇതിനടിയിലായി കാണാം. “ഒരു നാൾ നമ്മുടെ ഹിന്ദുസ്ഥാനും ഇത് പോലെ ഒരു ഹിന്ദു രാജ്യമായി മാറും” എന്നാണ് ഒരാളുടെ അഭിപ്രായം. മലയാളത്തിലേതുപോലെ തന്നെ ഇവയും ബിജെപി അനുകൂല അക്കൗണ്ടുകളാണ്.

നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചതായുള്ള ഔദ്യോഗിക വിവരങ്ങളൊന്നും വന്നിട്ടില്ല. പ്രചരിക്കുന്ന വീഡിയോ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ 2025 ഒക്ടോബറിലെ ഒരു ഫേസ്ബുക്ക് പോസ്റ്റിലേക്കാണ് എത്തിയത്. നേപ്പാളിലെ പാർസ ജില്ലയിലുള്ള ഒരു പ്രാദേശിക വാർത്താ മാധ്യമമായ ടി.വി ബിർഗഞ്ചിന്റേതാണ് (T.V Birgunj) ഈ ഫേസ്ബുക്ക് പോസ്റ്റ്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാവി വസ്ത്രമണിഞ്ഞയാൾ നേപ്പാളി ഭാഷയിൽ എന്തോ ചൊല്ലിക്കൊടുക്കുന്നതും കൂടെയുള്ളവർ അതേറ്റു പറയുന്നതും കാണാം. “പശുപതിനാഥ് ക്ഷേത്രത്തിൽവെച്ച് ദുർഗ പ്രസായ് ഹിന്ദു രാജ്യ പ്രഖ്യാപനം നടത്തുന്ന ദൃശ്യം” എന്നാണ് പോസ്റ്റിന്റെ കമന്റ്.

‘T.V Birgunj’ ന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാവി വസ്ത്രമണിഞ്ഞയാളുടെ പേര് ദുർഗ പ്രസായ് എന്നാണ്. ഇയാളുടെ വിക്കിപീഡിയ അക്കൗണ്ടുകൾ ഉൾപ്പെടെ ഓൺലൈനിൽ ലഭ്യവുമാണ്. എന്നാൽ നിലവിലെ നേപ്പാൾ സർക്കാരിന്റെ മന്ത്രിസഭയിൽ ഇങ്ങനൊരാളില്ല. അതായത്, ഇയാൾ നേപ്പാളിലെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയാണെന്ന വാർത്ത വ്യാജമാണെന്നർത്ഥം.

നേപ്പാളിലെ വ്യവസായിയും വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമാണിയാൾ. നേപ്പാളിൽ രാജഭരണം പുനഃസ്ഥാപിക്കണം, രാജ്യം വീണ്ടും ‘ഹിന്ദുരാഷ്ട്രം’ ആക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് ഇയാളുടെ നേതൃത്വത്തിലുള്ള സംഘടന 2023ലും സമാന പ്രഖ്യാപനം നടത്തിയിരുന്നു.

ചുരുക്കത്തിൽ, നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചെന്ന പ്രചാരണം വ്യാജമാണ്. രാജ്യം മതേതര ജനാധിപത്യ റിപ്പബ്ലിക് തന്നെയാണ് ഇപ്പോഴും. പ്രചരിക്കുന്ന വീഡിയോ 2025 ലേതാണ്. 

അതിൽ കാണുന്ന വ്യക്തി നേപ്പാളിലെ മന്ത്രിയല്ല മറിച്ച്, വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ദുർഗ പ്രസായ് ആണ്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top