
മാധ്യമസ്വാതന്ത്ര്യത്തിനും കൂച്ചു വിലങ്ങിട്ട് പൊലീസ്; വ്യാപകമായ അറസ്റ്റ്, കസ്റ്റഡി, മർദ്ദനം, വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ ലൈംഗികമായ കയ്യേറ്റം.
ഡൽഹിയിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ വ്യാപകമായി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും മർദ്ദിക്കുകയും ചെയ്തതായുള്ള പരാതികൾ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ന്യൂയോർക് ആസ്ഥാനമായുള്ള സിപിജെ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. തങ്ങൾ മാധ്യമപ്രവർത്തകരാണെന്ന് പറഞ്ഞിട്ടും പ്രസ്സ് കാർഡ് കാണിച്ചിട്ടും വക വെക്കാതെയാണ് പോലീസ് പലരെയും കസ്റ്റഡിയിലെടുത്തത്. റിപ്പോർട്ടിങ്ങിനിടെ പകർത്തിയ ദൃശ്യങ്ങൾ മായ്ക്കാൻ സമ്മർദം ചെലുത്തിയതായും പരാതികളുണ്ട്.
ഒക്ടോബർ 11-ന് ജൻപഥ് റോഡിൽ പ്രതിഷേധക്കാരെ പൊലീസ് വാഹനത്തിലേക്ക് മാറ്റുന്നത് പകർത്തുന്നതിനിടെയാണ് ദി കാരവൻ മാധ്യമപ്രവർത്തകൻ റയാൻ തോമസിനെ കസ്റ്റഡിയിലെടുത്തത്. പൊലീസുകാർ തന്നെ മർദിക്കുകയും തലയിൽ ആവർത്തിച്ച് അടിക്കുകയും പകർത്തിയ ദൃശ്യങ്ങൾ മായ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി റയാൻ തോമസ് പറയുന്നു. പിന്നീട് ഇദ്ദേഹത്തെ വിട്ടയച്ചു.
കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (CPJ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഒക്ടോബർ 10,11 തീയതികളിൽ ഡൽഹി, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലായി കുറഞ്ഞത് 37 മാധ്യമപ്രവർത്തകർ കസ്റ്റഡിയിലെടുക്കപ്പെട്ടു. ഇതിൽ 35 പേർ ഡൽഹിയിലായിരുന്നു. കുറഞ്ഞത് അഞ്ച് മാധ്യമപ്രവർത്തകർ ശാരീരികമായി ആക്രമിക്കപ്പെട്ടു. ചിലരുടെ ഫോണുകൾ പിടിച്ചെടുത്തു. പോലീസ് നടപടികളുടെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരോട് ദൃശ്യങ്ങൾ മായ്ക്കാൻ പോലീസ് സമ്മർദം ചെലുത്തിയതായും സി.പി.ജെ. റിപ്പോർട്ട് ചെയ്തു.
പോലീസ് നടപടി നേരിട്ടവരിൽ മലയാളി മാധ്യമപ്രവർത്തകരും
ഡൽഹിയിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മലയാളി മാധ്യമപ്രവർത്തകരും പൊലീസ് നടപടികൾ നേരിട്ടു. ഒക്ടോബർ 10-ന് രാവിലെ കസ്റ്റഡിയിലെടുത്ത റിപ്പോർട്ടർ ടി.വി. മാധ്യമപ്രവർത്തകരായ റോഷ്നി രാജനെയും ഫർസ ടി.എമ്മിനെയും ആദ്യം ബുരാരിയിലെയും പിന്നീട് സരായ് രോഹില്ലയിലെയും പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി. അന്നേ ദിവസം വൈകിട്ട് അഞ്ചര വരെ അവരെ കസ്റ്റഡിയിൽ വെച്ചു.പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ എന്നും നേരത്തെയുള്ള സി.ജെ.പി. പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ എന്നും പൊലീസ് ഇവരോട് ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സജിൻ എ.യെ കസ്റ്റഡിയിലെടുത്തെങ്കിലും ഏകദേശം അരമണിക്കൂറിനുശേഷം വിട്ടയച്ചു. 24 ന്യൂസ് റിപ്പോർട്ടർ സുഹൈൽ മുഹമ്മദിനെ കഴുത്തിൽ പിടിച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റിയെന്നാണ് പരാതി. ചാനലിന്റെ വീഡിയോ ജേണലിസ്റ്റ് വി.എസ്. രാഹുലിനെ കസ്റ്റഡിയിലെടുക്കുകയും ക്യാമറ പിടിച്ചെടുക്കുകയും മൈക്ക് വലിച്ചെറിയുകയും ചെയ്തതായി 24 ന്യൂസ് റിപ്പോർട്ട് ചെയ്തു.
കൊണാട്ട് പ്ലേസിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ പീക്ക് ടി.വി. മാധ്യമപ്രവർത്തകരായ വേദാന്ത് അഗർവാളിനെയും സാറാ ഖാനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ തന്നെ കഴുത്തിൽ പിടിച്ച് വനിതാ ഉദ്യോഗസ്ഥയുടെ അടുത്തേക്ക് തള്ളിയെന്ന് സാറാ ഖാൻ ആരോപിച്ചു.
ഡൽഹിക്ക് പുറമെ, അഹമ്മദാബാദിൽ ആൾട്ട് ന്യൂസ് റിപ്പോർട്ടർ കിൻജലും പൂനെയിൽ സ്ക്രോൾ മാധ്യമപ്രവർത്തക ദിവ്യ അശ്ലേഷയും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു. സ്ക്രോളിലെ ആയുഷ് തിവാരി, ഷോയിബ് ദാനിയാൽ, ന്യൂസ്ലോണ്ട്രിയിലെ അന്മോൽ പ്രീതം, റോയിട്ടേഴ്സിലെ സൗരഭ് ശർമ, ബൂമിലെ ജാഗൃതി ത്രിഷ എന്നിവരുൾപ്പെടെ മറ്റു മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.
അതേസമയം, ‘ചിലർ മാധ്യമപ്രവർത്തകരെന്ന വ്യാജേന പ്രവർത്തിച്ചെന്നും പൊലീസിന്റെ ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തിയെന്നും’ ഡൽഹി പൊലീസ് ആരോപിച്ചു. പ്രതിഷേധക്കാരുടെ അടുത്തുനിന്ന് മാറാൻ നിർദേശിച്ചിട്ടും മാറാതിരുന്ന ചിലരെ കസ്റ്റഡിയിലെടുക്കേണ്ടിവന്നതായും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ മർദനം, ദൃശ്യങ്ങൾ മായ്ക്കാനുള്ള സമ്മർദം തുടങ്ങിയ പരാതികളെ കുറിച്ച് പോലീസ് ഒരു വിശദീകരണവും നൽകിയിട്ടില്ല.
ലൈംഗികാതിക്രമണങ്ങൾക്ക് ഇരയായി വനിതാ മാധ്യമപ്രവർത്തകർ;
പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമവും അനുചിതമായ പെരുമാറ്റവും ഉണ്ടായെന്ന പരാതികളും ഉയർന്നിട്ടുണ്ട്. ഒക്ടോബർ 3-ന് ജന്തർ മന്തറിന് സമീപം നടന്ന പ്രതിഷേധത്തിനിടെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർ ഡൽഹി പൊലീസിനെതിരെ പരാതിപ്പെട്ടു. പരാതികൾ അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ചിന് കൈമാറിയതായി പൊലീസ് അറിയിച്ചിരുന്നു.
AISA നേതാവ് നേഹ ബോറയെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഡൽഹി എ.സി.പി. വിവേക് ഭഗത് അനുചിതമായി ശരീരത്തിൽ സ്പർശിച്ചെന്ന് സ്വതന്ത്ര മാധ്യമപ്രവർത്തക റോസി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതിനെത്തുടർന്ന് ഉദ്യോഗസ്ഥന്റെ അധിക ചുമതല സംബന്ധിച്ച തീരുമാനം അന്വേഷണം പൂർത്തിയാകുന്നതുവരെ മാറ്റിവെച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനുപുറമേ, സ്വതന്ത്ര മാധ്യമപ്രവർത്തക റാണ അയ്യൂബും പൊലീസ് നടപടികൾക്കെതിരെ രംഗത്തുവന്നു. പ്രതിഷേധക്കാരെ അധിക്ഷേപിച്ച ഒരാളെക്കുറിച്ച് പൊലീസിനോട് ചോദ്യം ഉന്നയിച്ചതിന് പിന്നാലെ കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു.
അതേസമയം, റോസിക്കും സിജെപി നേതാക്കൾക്കും എതിരെ എ.സി.പി വിവേക് ഭഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ജാതീയ അധിക്ഷേപം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. എന്നാൽ കേസ് പരിഗണിച്ച സുപ്രീം കോടതി റോസിക്കെതിരെ നിർബന്ധിത നടപടി (coercive action) പാടില്ലെന്ന് വ്യക്തമാക്കി.
സുപ്രീം കോടതി ഇടപെടൽ
ഒക്ടോബർ 11-ന് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും മറ്റ് പ്രൊഫഷണലുകളുടെയും ജോലിയിൽ തടസ്സമുണ്ടാകില്ലെന്ന് ഉറപ്പുനൽകി. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ ആരെയും കസ്റ്റഡിയിലെടുക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വനിതാ മാധ്യമപ്രവർത്തകരുടെ സംഘടനയായ ദി നെറ്റ്വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, ഇന്ത്യ (NWMI) നൽകിയ റിട്ട് ഹർജിയിലും കോടതി ഇടപെട്ടു. ഒക്ടോബർ 13-ന്, പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തെന്ന ആരോപണങ്ങളിൽ വിശദീകരണം നൽകാൻ മുതിർന്ന ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒക്ടോബർ 15-ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ, NWMI ചൂണ്ടിക്കാട്ടിയ പീഡനസംഭവങ്ങൾ അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പൊലീസിന് സ്വയം അന്വേഷിക്കാനാകില്ലെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് വാദിച്ചു.
മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനും അവരുടെ തൊഴിൽപരമായ ചുമതലകൾ നിർവഹിക്കുന്നതിനും അനാവശ്യ തടസ്സങ്ങൾ ഒഴിവാക്കാനും നിയമപരമായ പരിരക്ഷകൾ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ ഈ വിഷയത്തിലുള്ള സുപ്രീംകോടതിയുടെ വീക്ഷണം വളരെ പ്രരസക്തമാണ്.
അറിയാനുള്ള അവകാശം ലംഘിക്കപ്പെടുമ്പോൾ
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP), ഇടതു വിദ്യാർഥി സംഘടനകൾ, മറ്റു പ്രതിപക്ഷ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മുൻകൂർ അറിയിപ്പ് മതിയായിരുന്നില്ലെന്നും ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കുകയും ചില മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനമടക്കം നിയന്ത്രിക്കുകയും ചെയ്തു.
പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കുകയും വിവിധയിടങ്ങളിൽ പൊലീസ്, അർധസൈനിക വിഭാഗം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. പ്രതിഷേധം നടക്കുന്ന പ്രദേശങ്ങൾക്ക് സമീപം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണമുണ്ടായി. ഈ സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതും റിപ്പോർട്ടിങ് തടസ്സപ്പെടുത്തിയെന്ന പരാതികൾ ഉയർന്നതും.
പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ ഉയർന്ന നടപടികൾ, പൊതുജനങ്ങൾക്ക് സ്വതന്ത്രമായ വിവരം ലഭിക്കുന്നതിനെ തടസ്സപ്പെടുത്തും. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രണ്ട് ദിവസം കൊണ്ട് മാത്രം 37 മാധ്യമപ്രവർത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇത്തരം പോലീസ് നടപടികൾ നിലനിൽക്കുമ്പോൾ, ഭയമില്ലാതെ റിപ്പോർട്ട് ചെയ്യാൻ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. വിവരങ്ങൾ അറിയാനുള്ള ജനങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനം കൂടിയാണത്.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക