വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് രാഹുൽ ഗാന്ധി; വൈറൽ വീഡിയോയുടെ സത്യമെന്ത്?

വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് രാഹുൽ ഗാന്ധി; വൈറൽ വീഡിയോയുടെ സത്യമെന്ത്?

ഒരു വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരയുന്ന രാഹുൽ ഗാന്ധി, പിന്നിൽ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും, കെ സി വേണുഗോപാലും അടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ. ഇങ്ങനെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം?. ഒ ബി സി അന്വേഷിച്ചു.

2026 നവംബർ 16ന് ബിജെപി പുതുച്ചേരിയുടെ ഔദ്യോഗിക X അക്കൗണ്ടിൽ പങ്കുവച്ച ഈ വീഡിയോയ്ക്ക് നവംബർ 18 വരെ മാത്രം 615k വ്യൂസും ഏഴായിരത്തിൽ അധികം ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. “ഇത്‌ ഒരു തുടക്കം മാത്രം” എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

X സ്ക്രീൻഷോട്ട്

ഇതേ അടിക്കുറിപ്പോടെ തന്നെ ബിജെപി പുതുച്ചേരിയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക് പേജുകളിലും നവംബർ 16ന് തന്നെ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ നവംബർ 18 വരെ മാത്രം 1.4 മില്യൺ വ്യൂസും 38k ലൈക്കുകളും ലഭിച്ച ഈ പോസ്റ്റിന് 18k ഷെയറുകളും ലഭിച്ചിട്ടുണ്ട്. അതേസമയം ഫേസ്ബുക്കിൽ 872k വ്യൂസും പതിനാലായിരം ലൈക്കുകളുമാണ് ഈ പോസ്റ്റിന് ലഭിച്ചിട്ടുള്ളത്.

ഇൻസ്റ്റാഗ്രാം സ്ക്രീൻഷോട്ട്
ഫേസ്ബുക് സ്ക്രീൻഷോട്ട്

എ ഐ വാട്ടർമാർക്ക് ഉണ്ട് ; പക്ഷെ അവ്യക്തം

സൂക്ഷമമായി നിരീക്ഷിക്കുമ്പോൾ ഈ വീഡിയോയിൽ എ ഐ ജനറേറ്റഡ് എന്ന വാട്ടർമാർക്ക് കാണാൻ സാധിക്കും. എന്നാൽ പോസ്റ്റുകളുടെ അടിക്കുറിപ്പുകൾ ഒന്നും തന്നെ ഇത് എ ഐ നിർമിതമാണെന്ന് വ്യക്തമാക്കുന്നുമില്ല.

ഇൻസ്റ്റാഗ്രാം സ്ക്രീൻഷോട്ട്

കൂടാതെ, ദൃശ്യങ്ങളിൽ അവ്യക്തമായ രീതിയിൽ എ ഐ നിർമിതമെന്ന സൂചന ഉണ്ടെങ്കിലും ഈ ദൃശ്യം കൂടുതലായും പ്രചരിപ്പിക്കപ്പെടുന്നത് യഥാർത്ഥ ദൃശ്യങ്ങൾ എന്ന രീതിയിലാണ്. പോസ്റ്റുകളുടെ കമന്റ് ബോക്സുകളിലുള്ള ‘മറ്റുള്ളവർ അയാളെ ആശ്വസിപ്പിന്നു പക്ഷെ അയാളുടെ അമ്മ ഒഴിഞ്ഞു മാറുന്നു’, ‘ഇയാൾക്ക് അഭിനയത്തിനുള്ള അവാർഡ് കൊടുക്കണം’ തുടങ്ങിയ കമന്റുകൾ ഈ വീഡിയോ യാഥാർഥ്യമാണെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ്.

നവംബർ 17ന് thegreyrayegain എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ‘സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ രാഹുൽ ഗാന്ധി വികാരധീനനാവുന്നു’ എന്ന രീതിയിലാണ്.

ഇൻസ്റ്റാഗ്രാം സ്ക്രീൻഷോട്ട്

ഈ പോസ്റ്റിന് നവംബർ 18 വരെ മാത്രം 32k വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.

എന്താണ് യാഥാർഥ്യം

ബിജെപി പുതുച്ചേരി, അവരുടെ സാമൂഹ്യമാധ്യമ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ എ ഐ നിർമ്മിതം എന്ന വാട്ടർമാർക്ക് ഉണ്ടെങ്കിലും അതിന് വ്യക്തതയില്ല. എ ഐ ഡിറ്റക്ഷൻ ടൂളികൾ ഉപയോഗിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിലൂടെ ഈ ദൃശ്യങ്ങൾ എ ഐ നിർമിതമാണെന്ന് ഉറപ്പാക്കി.

എ ഐ ഡിറ്റക്ഷൻ റിസൾട്ടിന്റെ സ്ക്രീൻഷോട്ട് 

യഥാർത്ഥ ദൃശ്യങ്ങൾ സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിന്റേത്?

വൈറൽ വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ ദൃശ്യങ്ങളിൽ ഒരു സിനിമയുടേതെന്ന് തോന്നിക്കുന്ന പോസ്റ്റർ അവ്യക്തമായി കാണാം.

ഈ ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച്‌ ചെയ്തപ്പോൾ ഇത്‌ 2026 നവംബർ 13ന് റിലീസ് ആയ ബ്ലാക്ക് ഗോൾഡ് എന്ന തമിഴ് സിനിമയുടെ പോസ്റ്ററിന്റെ ഭാഗങ്ങളാണെന്ന് വ്യക്തമായി.

ബ്ലാക്ക് ഗോൾഡ് സിനിമയുടെ പോസ്റ്റർ സ്ക്രീൻഷോട്ട്

ഞങ്ങൾ തുടർന്ന് നടത്തിയ അന്വേഷണം എത്തിച്ചേർന്നത് Polimer News എന്ന യൂട്യൂബ് ചാനലിലെ ഒരു ദൃശ്യത്തിലാണ്. നവംബർ 12ന് ബ്ലാക്ക് ഗോൾഡ് എന്ന സിനിമയുടെ പ്രചാരണാർത്ഥം അതിന്റ അണിയറ പ്രവർത്തകർ നടത്തിയ ഒരു വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്. 

യൂട്യൂബ് സ്ക്രീൻഷോട്ട്

വാർത്താ സമ്മേളനത്തിനിടെ സിനിമയുടെ നിർമാതാവായ മൂർത്തി മുനുസാമി വികാരാധീനാനാകുന്ന രംഗങ്ങളുണ്ട്. ഈ രംഗങ്ങളാണ് എ ഐ സാങ്കേതികവിധ്യയുടെ സഹായത്തോടെ രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങളായി ചിത്രീകരിച്ചിരിക്കുന്നത്.

എ ഐ നിർമ്മിത വൈറൽ വീഡിയോയുടെയും, യഥാർത്ഥ വീഡിയോയുടെയും സാമ്യതകൾ

ചുരുക്കത്തിൽ

രാഹുൽ ഗാന്ധി പത്രസമ്മേളനത്തിനിടെ പൊട്ടിക്കരയുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ എ ഐ നിർമിതമാണ്. 2026 നവംബർ 12ന് നടന്ന ബ്ലാക്ക് ഗോൾഡ് എന്ന തമിഴ് സിനിമയുടെ വാർത്താസമ്മേളനത്തിലെ ദൃശ്യങ്ങളാണ് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തി രാഹുൽ ഗാന്ധിയുടേതായി ചിത്രീകരിച്ചത്. ചിത്രത്തിന്റെ നിർമാതാവ് മൂർത്തി മുനുസാമി വികാരാധീനനാകുന്ന രംഗങ്ങളാണ് ഇതിന്റെ അടിസ്ഥാനം. നവംബർ 16ന് ബിജെപി പുതുച്ചേരിയുടെ ഔദ്യോഗിക X, ഇൻസ്റ്റാഗ്രാം, ഫേസ്ബുക് അക്കൗണ്ടുകളിൽ “ഇത് ഒരു തുടക്കം മാത്രം” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ എ ഐ വാട്ടർമാർക്ക് ഉണ്ടെങ്കിലും അത് അവ്യക്തമാണ്. പോസ്റ്റുകളുടെ അടിക്കുറിപ്പിൽ ഇത് എ ഐ നിർമിതമാണെന്ന സൂചനയുമില്ല. ഇതിനിടെ, കമന്റുകളിലും മറ്റ് ചില അക്കൗണ്ടുകളുടെ പോസ്റ്റുകളിലും ഈ ദൃശ്യം യഥാർത്ഥമെന്ന നിലയിലാണ് പ്രചരിക്കുന്നത്. ഒ ബി സി നടത്തിയ അന്വേഷണത്തിൽ വീഡിയോ എ ഐ നിർമിതമാണെന്ന് സ്ഥിരീകരിച്ചു. ദൃശ്യത്തിലെ പോസ്റ്ററിന്റെ ഭാഗങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ അത് നവംബർ 13ന് റിലീസ് ചെയ്ത ബ്ലാക്ക് ഗോൾഡ് സിനിമയുടേതാണെന്നും, തുടർന്നുള്ള അന്വേഷണത്തിൽ ഇതേ സിനിമയുടെ പ്രചാരണാർത്ഥം നവംബർ 12ന് നടന്ന വാർത്താസമ്മേളനത്തിന്റെ യൂട്യൂബ് വീഡിയോ ആണ് യഥാർത്ഥ ദൃശ്യങ്ങളെന്നും കണ്ടെത്തി.

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top