സ്ത്രീയെ കെട്ടിയിട്ട് വെള്ളമൊഴിക്കുന്ന ദൃശ്യം; ഇന്ത്യയില്‍ നിന്നുള്ളതല്ല- ഫാക്റ്റ് ചെക്ക് 

സ്ത്രീയെ കെട്ടിയിട്ട് വെള്ളമൊഴിക്കുന്ന ദൃശ്യം; ഇന്ത്യയില്‍ നിന്നുള്ളതല്ല- ഫാക്റ്റ് ചെക്ക് 

മറ്റു രാജ്യങ്ങളിൽ നടന്ന പ്രാദേശിക സംഘർഷങ്ങളുടെയോ മറ്റു വ്യക്തിപരമായ തർക്കങ്ങങ്ങളുടെയോ ദൃശ്യങ്ങൾ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കപ്പെടാറുണ്ട്. അത്തരത്തിലൊരു ദൃശ്യം കഴിഞ്ഞ ദിവസം എക്സ് അക്കൗണ്ടുകൾ വഴി പ്രചരിച്ചിരുന്നു. നടു റോഡിൽ ഒരു സ്ത്രീയെ കെട്ടിയിട്ട് വെള്ളം ഒഴിക്കുന്ന വീഡിയോ ആണ് വിവിധ എക്സ് ഹാൻഡിലുകളിൽ പ്രചരിക്കുന്നത്. ഇന്ത്യയിൽ നടന്ന ഒരു സംഭവം എന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് ക്യാപ്ഷന്‍. പക്ഷെ സത്യാവസ്ഥയെന്താണ്? 

പോസ്റ്റ്‌ എന്താണ് പറയുന്നത്?

ബിജെപി ഭരണത്തിലിരിക്കുന്നയിടങ്ങളില്‍ പോലും ഹിന്ദുക്കള്‍ സുരക്ഷിതരല്ല എന്ന ക്യാപ്ഷനോട് കൂടിയാണ് സ്ത്രീയെ  ഉപദ്രവിക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. Aman Bhardwaj എന്ന അക്കൗണ്ടില്‍ നവംബര്‍ 15  നാണ് പോസ്റ്റ്‌ വന്നിട്ടുള്ളത്. ഒരു സ്ത്രീയെ കെട്ടിയിട്ട് അവരുടെ ദേഹത്ത് ചില പുരുഷന്മാര്‍ ചേര്‍ന്ന് വെള്ളം ഒഴിക്കുന്ന വീഡിയോ ആണ് ഇത്.

Aman Bhardwaj എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ഇതുവരെ (17/11/26) 39,000 ല്‍ അധികം പേരാണ് ഈ പോസ്റ്റ്‌ കണ്ടിട്ടുള്ളത്.

ഡൽഹി മുതൽ മുംബൈ വരെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പോലീസും ഭരണസംവിധാനവുമെല്ലാം ബിജെപിയുടെ കയ്യിലാണ്, അധികാരം കൈവശമുണ്ടായിട്ടും സ്ത്രീകളോ ഹിന്ദുക്കളോ സുരക്ഷിതരല്ലെന്നാണ് ഇതേ വീഡിയോ പങ്കുവച്ച മറ്റൊരു പോസ്റ്റിൽ പറയുന്നത്.

എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

രണ്ടു പോസ്റ്റുകളും നവംബര്‍ 15 നു തന്നെയാണ് വന്നിട്ടുള്ളത്.

സത്യാവസ്ഥയെന്ത്?

പ്രചരിക്കുന്ന വീഡിയോ റിവേഴ്സ് ഇമേജ് സേര്‍ച്ച്‌ ചെയ്ത് നോക്കിയപ്പോള്‍, ഇതേ വീഡിയോ തന്നെ നിരവധി ഫേസ്ബുക്ക് – എക്സ് അക്കൌണ്ടുകളില്‍ പ്രചരിക്കുന്നുണ്ടെന്ന് മനസിലായി.

ഒബിസി പരിശോധിച്ച ഒരു അക്കൗണ്ടില്‍ ഈ വീഡിയോ ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളതാണെന്ന ക്യാപ്ഷനോടെ പോസ്റ്റ്‌ ചെയ്തിരിക്കുന്നു.

വീഡിയോ ധാക്കയില്‍ നിന്നുള്ളത് എന്ന് പറയുന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

വേറെയും ചില പോസ്റ്റുകളില്‍ വീഡിയോ ധാക്കയില്‍ നിന്നുള്ളതാണ് എന്ന് മെന്‍ഷന്‍ ചെയ്തിരിക്കുന്നതായി കണ്ടു.

കൂടുതൽ പരിശോധനയിൽ  ഈ സംഭവത്തിന്റെ ഒരു വാര്‍ത്താ റിപ്പോര്‍ട്ട്‌ ഒബിസി കണ്ടെത്തി. Thedailystar എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ഇത് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

വാര്‍ത്താ റിപ്പോര്‍ട്ട്‌, സ്ക്രീന്‍ഷോട്ട് 

ബംഗ്ലാദേശിലെ ധാക്കയിൽ  നോർഡ എന്ന സ്ഥലത്തുണ്ടായ  ഒരു സംഭവമാണ് ഇതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം.

 സമീപത്തെ ഒരു മദ്രസയിൽ നിന്ന് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് വീഡിയോയിൽ കാണുന്ന സ്ത്രീയെ പിടികൂടിയതെന്നാണ് പോലീസ് പറഞ്ഞത് . സ്ത്രീയെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ദേഹത്ത് വെള്ളം ഒഴിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ധാക്കയിലെ ഗൾഷൻ സോൺ അസിസ്റ്റന്റ് കമ്മീഷണർ അലി അഹമ്മദ് മസൂദ് നൽകിയ വിവരങ്ങളാണ് ന്യൂസ് റിപ്പോർട്ടിൽ കൊടുത്തിട്ടുള്ളത്. 

ബംഗ്ലാദേശില്‍ പ്രചാരത്തിലുള്ള ദിന പത്രമാണ്‌ Thedailystar. 

അതായത്, ബംഗ്ലാദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷനോടെ പ്രചരിപ്പിക്കുന്നത്. ബംഗ്ലാദേശില്‍ നടന്ന നിരവധി സംഭവങ്ങള്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നുള്ളതാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പതിവാണ്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top