അരും കൊലയാണ്; മതമല്ല പ്രശ്നം

അരും കൊലയാണ്; മതമല്ല പ്രശ്നം

അർഷിദ് എന്ന ഒന്നര വയസ്സുകാരൻ അനുഭവിച്ച കൊടിയ പീഡനങ്ങളേറ്റ് കൊല്ലപ്പെട്ടതിൽ മനുഷ്യരൊട്ടാകെ തന്നെ ദുഃഖവും രോഷവും പ്രകടിപ്പിക്കുന്നു. അതേ സമയം സാമൂഹ്യ മാധ്യമങ്ങളിലെ തീവ്ര വലത് പക്ഷം ഈ സന്ദർഭവും വെറുപ്പ് പടർത്താൻ ഉപയോഗിക്കുന്നു. 

മേയ് 29നാണ് തിരുവനന്തപുരത്തെ നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് മരിച്ചത്. തൊട്ടടുത്ത ദിവസം, മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ അമ്മ അഖിലയും, ഇവരുടെ പങ്കാളിയായ നെടുമങ്ങാട് സ്വദേശി അഷ്കറുമാണ് അറസ്റ്റിലായത്.  കുഞ്ഞിന്റെ ശരീരത്തിൽ ചെറുതും വലുതുമായ നിരവധി മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും, ജനനേന്ദ്രിയത്തിൽ പരിക്കുകളുമുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഏഴോളം വാരിയെല്ലുകൾ തകർന്നതായും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലായിരുന്നു. 

കുറ്റാരോപിതരായ അഖിലയും അഷ്‌കറും. അഖിലയുടെ കയ്യിൽ കൊല്ലപ്പെട്ട കുട്ടി അർഷിദ്

കൊടും ക്രൂരതയെന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരമൊരു സംഭവത്തിലും, ഒരു വിഭാഗം ആളുകള്‍ കണ്ടത് മതം മാത്രമായിരുന്നു. അഖിലയുടെ പങ്കാളിയും കേസിലെ പ്രതിയുമായ അഷ്ക്കര്‍ മുസ്ലിം ആയതു കൊണ്ട് അഖിലയും അഷ്‌കറും തമ്മിലുള്ള ബന്ധം ‘ലവ് ജിഹാദ്’ ആണെന്ന് പ്രചരിപ്പിക്കുകയാണ് എക്സിലെ ഒരു കൂട്ടം വലതു പക്ഷ അക്കൗണ്ടുകൾ. അഷ്കറിനെതിരെ വേറെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇത് ചൂണ്ടി കാട്ടി, രാജ്യത്തു നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കും കൊടും ക്രൂരതകള്‍ക്കും പിന്നിലെല്ലാം മുസ്ലിങ്ങളാണെന്ന് സ്ഥാപിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. “ഒന്നര വയസ്സുള്ള തന്റെ മകനെ മർദ്ദിക്കാന്‍ മുസ്ലിമായ കാമുകന് ഹിന്ദു പെണ്‍കുട്ടി കൂട്ടുനിന്നു.”, ഒരു പോസ്റ്റില്‍ ഇങ്ങനെ പറയുന്നു.

എന്താണ് പോസ്റ്റുകളുടെ സ്വഭാവം?

“ഒരു ഹിന്ദു ഫെമിനിസ്റ്റ് സ്ത്രീ തന്റെ ഒന്നര വയസ്സുള്ള കുട്ടിയെ മുസ്ലിമായ രണ്ടാം ഭർത്താവിനൊപ്പം ചേർന്ന് പീഡിപ്പിച്ചു കൊന്നു. ഇതാണ് ഇന്ത്യയിലെ ‘യഥാർത്ഥ ഫെമിനിസം’. ഇവിടുത്തെ ജിഹാദി കോടതികൾ പറയാന്‍ പോകുന്നത് ആ സ്ത്രീക്ക് ഒന്നര വയസ്സുള്ള തന്റെ കുഞ്ഞിനെ ഇല്ലാതാക്കാനുള്ള  സ്വാതന്ത്ര്യമുണ്ടെന്നാകും.” ‘വലതുപക്ഷം’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫര്‍സാന അലി മന്‍സാരി എന്ന അക്കൗണ്ട്‌ എക്സില്‍ ഈ സംഭവത്തെ കുറിച്ചുള്ള പോസ്റ്റ്‌ പങ്കു വെച്ച് കൊണ്ട് എഴുതിയത് ഇങ്ങനെയാണ്. 12,000ത്തിലധികം ഫോളോവേര്‍സുള്ള ഈ അക്കൗണ്ട്‌ നിരന്തരമായി വ്യാജ വാര്‍ത്തകളും വിദ്വേഷപോസ്റ്റുകളും പുറത്തു വിടുന്ന അക്കൗണ്ട്‌ ആണ്. 

എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

“മുസ്ലിങ്ങൾക്ക് മാത്രമേ ഇത്രയും ക്രൂരരാകാൻ കഴിയൂ, അവർ കുട്ടികളെപ്പോലും വെറുതെ വിടാറില്ല. ആ കുഞ്ഞ് അനുഭവിച്ച വേദനയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഇസ്ലാം അക്രമാസക്തവും പ്രാകൃതവുമായ ഒരു മതമാണ്.” ഒരു പോസ്റ്റിനു താഴെ വന്ന കമന്റ്‌ ഇങ്ങനെയായിരുന്നു. കുഞ്ഞിന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണെന്നും, പിന്നീട് അവന്റെ അമ്മ ഒരു മുസ്ലിമിനോടൊപ്പം ജീവിക്കുകയും, ഇസ്ലാം മതം സ്വീകരിക്കുകയും, കുട്ടിയുടെ പേര് അർഷിദ് എന്ന് മാറ്റുകയും ചെയ്തുവെന്നും മറ്റൊരു പോസ്റ്റില്‍ പറയുന്നു.

“ഇസ്ലാം മതം പിന്തുടരുന്ന മനുഷ്യരേക്കാൾ കൂടുതൽ മാനവികത മൃഗങ്ങൾ കാണിക്കാറുണ്ട്. അത് നിങ്ങളെ സ്വന്തം കുട്ടിയെപ്പോലും കൊലപ്പെടുത്താൻ നിങ്ങളെ പ്രേരിപ്പിക്കും.” Ami എന്ന അക്കൗണ്ട്‌ പറയുന്നു. ജൂണ്‍ ഒന്നിന് പുറത്തു വന്ന ഈ പോസ്റ്റ് ഇരുപത്തി നാല് മണിക്കൂറില്‍ 3600ല്‍ അധികം പേർ കണ്ടു.

മെയ്‌ 31ന്, റോക്കറ്റ് സയന്‍സ് എന്ന അക്കൗണ്ടിൽ നിന്ന് വന്ന ഒരു പോസ്റ്റ്‌ ഇങ്ങനെയായിരുന്നു: ‘കേരളത്തിൽ നിന്നുള്ള വാർത്ത: അഖിലയുടെ ഭർത്താവ് മരിച്ചു. അവൾ അഷ്കര്‍ എന്ന വ്യക്തിക്കൊപ്പം ജീവിക്കാൻ പോയി. ഒരു ദിവസം അഷ്കർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ ഒന്നര വയസ്സുള്ള മകൻ കരഞ്ഞു. അഷ്കറിന് ദേഷ്യം വരികയും കുഞ്ഞിനെ ചുവരിലിടിക്കുകയും ചെയ്തു. കുട്ടി ഉടൻ തന്നെ മരിച്ചു. ഹിന്ദു പെൺകുട്ടികൾ മൊല്ലമാരോടൊപ്പം ജീവിക്കാൻ പോകുമ്പോൾ ഇതാണ് സംഭവിക്കുന്നത്.’ ജൂണ്‍ 2 വരെയുള്ള കണക്ക് പ്രകാരം, പതിനൊന്നായിരത്തിലധികം കാഴ്ചക്കാരെയാണ് ഈ പോസ്റ്റിനു ലഭിച്ചത്. 393 ലൈക്കും 200 റീപോസ്റ്റുകളും ഇതേ കാലയളവില്‍ ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

“മുസ്ലിം പുരുഷന്മാരില്‍ അഭയം കണ്ടെത്താന്‍ ശ്രമിക്കുന്ന ഹിന്ദു സ്ത്രീകള്‍ മരിക്കേണ്ടവരാണ്” എന്നാണ് ഈ പോസ്റ്റിനു വന്ന അനേകം വിദ്വേഷ കമന്റുകളിലൊന്ന്‌. 

“കുറ്റവാളികള്‍ എല്ലാം മുസ്ലിങ്ങള്‍!”

‘Oggy Janata Party’ എന്ന എക്സ് അക്കൗണ്ട് ‘ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി’ എന്ന് പറഞ്ഞു കൊണ്ടാണ് സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത‍ പങ്കു വെച്ചത്. ‘നൂറു ശതമാനം സാക്ഷരതയും മതനിരപേക്ഷതയുമുള്ള കേരളം’ എന്ന് പരിഹാസരൂപേണ കൂട്ടിച്ചേര്‍ത്തു കൊണ്ടാണ് പ്രസ്തുത പോസ്റ്റ്‌ അവസാനിക്കുന്നത്. 2700ത്തിലധികം ഫോളോവേര്‍സ് ഉള്ള ഈ അക്കൗണ്ടിന്റെ ബയോയില്‍ ‘ഹിന്ദു രാഷ്ട്രം മാത്രം, ബീഫ് നിരോധിക്കുക, മുസ്ലിങ്ങള്‍ക്ക് വോട്ടവകാശം വേണ്ട’ എന്നെല്ലാം എഴുതിയിട്ടുണ്ട്. 

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായ കോക്ക്റോച്ച് ജനത പാര്‍ട്ടിക്ക് എതിരായി വലതുപക്ഷം തുടങ്ങിയ മുന്നേറ്റം ആണ് ഓഗി ജനത പാര്‍ട്ടി. 

ഈ പോസ്റ്റുകളില്‍ ഒരിടത്തും കേസിന്റെ വസ്തുതാപരമായ വിവരങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. പ്രതിയായ വ്യക്തിയുടെ മതം, അയാളുമായി കുട്ടിയുടെ അമ്മക്കുള്ള ബന്ധം, അയാള്‍ പ്രതിയായ മറ്റ് ക്രിമിനല്‍ കേസുകള്‍ എന്നിവയെ മാത്രമാണ് ഈ പോസ്റ്റുകളെല്ലാം ലക്ഷ്യം വെക്കുന്നത്. അഷ്ക്കറിന്റെ മുന്‍ ഭാര്യ ഇയാളില്‍ നിന്നുണ്ടായ ശാരീരിക പീഡനം മൂലം കിടപ്പിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. മുന്‍ ഭാര്യ ആമിനയുടെ അമ്മ അഷ്ക്കറില്‍നിന്നും മകള്‍ക്കുണ്ടായ പീഡനത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

എന്നാല്‍ ഈ സംഭവങ്ങളെയെല്ലാം ‘മുസ്ലിമായ പ്രതി’യുടെ ക്രൂരത എന്ന രീതിയില്‍ ചിത്രീകരിക്കാന്‍ മാത്രമാണ് സാമൂഹ്യ മാധ്യമങ്ങളിലെ വലതുപക്ഷം ഉപയോഗിക്കുന്നത്.

‘മതമാണോ പ്രശ്നം’?

ഇത്തരമൊരു കുറ്റകൃത്യത്തില്‍ മതം കലര്‍ത്തുന്നത് സാമൂഹ്യ മാധ്യമങ്ങളാണ് എന്നാണ് പ്രദേശവാസികളുടെ പക്ഷം. “ഈ സംഭവത്തിനു മതവുമായി യാതൊരു ബന്ധവുമില്ല. അയാള്‍ ആ കേസിലെ പ്രതിയാണ്. നാട്ടുകാരും അയാളുടെ ബന്ധുക്കളും വരെ അയാള്‍ക്ക് എതിരാണ്. ഇതിൽ മതം കൊണ്ട് വരുന്നത് സാമൂഹ്യ മാധ്യമങ്ങളാണ്”. സംഭവം നടന്ന നെടുമങ്ങാട് പനവൂർ പഞ്ചായത്തിലെ കരിക്കുഴി വാര്‍ഡ്‌ കൗണ്‍സിലര്‍ വി എസ് സജീവ്‌ കുമാര്‍ ഒബിസിയോട് പറഞ്ഞു. 

മാധ്യമങ്ങളില്‍ ‘വില്ലനാകുന്ന’ മതം 

മാധ്യമങ്ങളിൽ മുസ്ലിം സമൂഹത്തെ എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള 345 പഠനങ്ങൾ അവലോകനം ചെയ്ത് 2017ൽ മെറ്റ ഒരു അവലോകന റിപ്പോര്‍ട്ട്‌ പുറത്തു വിട്ടിരുന്നു. ഭീകരവാദം, യുദ്ധം, അക്രമം, ആഭ്യന്തര സുരക്ഷാ ഭീഷണികൾ തുടങ്ങിയ നിഷേധാത്മകമായ വാർത്തകളിലൂടെ മാത്രമാണ്  മുസ്ലിം ജനവിഭാഗങ്ങളെ മാധ്യമങ്ങൾ അടയാളപ്പെടുത്തുന്നത് എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.

മാത്രമല്ല, ഇസ്ലാം മതം അടിസ്ഥാനപരമായിത്തന്നെ അക്രമ സ്വഭാവമുള്ളതാണെന്ന രീതിയിലാണ് പലപ്പോഴും മാധ്യമങ്ങൾ ഇതിനെ വ്യാഖ്യാനിക്കുന്നത്. മാധ്യമ പഠനങ്ങളെല്ലാം പരിശോധിക്കുമ്പോൾ, മുസ്ലിം സമൂഹത്തെ മോശമായി ചിത്രീകരിക്കുന്ന പ്രവണത കാലങ്ങളായി പൊതു ബോധമായി തുടരുന്നുണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

2014നു ശേഷം സൈബര്‍ ഇടങ്ങളിലും തെരുവുകളിലും ഈ പൊതുബോധം ഊട്ടിയുറപ്പിക്കാന്‍ വലതുപക്ഷം ശ്രമിക്കുന്നതായും കാണാം. നരേന്ദ്ര മോദിയും യോഗി ആദിത്യ നാഥും അടക്കമുള്ള ബിജെപി നേതാക്കള്‍, ലവ് ജിഹാദ്, ഭൂമി ജിഹാദ്, നുഴഞ്ഞു കയറ്റക്കാര്‍, ഗുണ്ടകള്‍, മാഫിയ എന്നിങ്ങനെയുള്ള പ്രയോഗങ്ങളെല്ലാം മുസ്ലിം സമുദായത്തെ അധിക്ഷേപിക്കാൻ പല സന്ദർഭങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്.

കേരളത്തിലെ മതസൗഹാര്‍ദ്ദത്തെ ലക്ഷ്യം വെച്ച് വടക്കേ ഇന്ത്യന്‍ വലതു പക്ഷ അക്കൗണ്ടുകൾ സസ്ഥിരമായി വിദ്വേഷപ്രചാരണം നടത്തുന്നുണ്ട്. കേരള സ്റ്റോറിയെ ആഘോഷിച്ചതും നിരന്തരമായി കേരളത്തിനെതിരെ വാര്‍ത്തകള്‍ കെട്ടി ചമക്കുന്നതും ഇതേ അക്കൗണ്ടുകൾ തന്നെ. കേരളത്തിലെ ഓരോ സംഭവത്തെയും മതവുമായി കൂട്ടിയിണക്കി വെറുപ്പ് പടര്‍ത്തുന്നതും എക്സിലെ സ്ഥിരം കാഴ്ചയാണ്. 

അതിലെ അവസാന കണ്ണിയാണ് അര്‍ഷിദ് എന്ന ഒന്നര വയസ്സുകാരൻ.

കാർത്തിക എസ്

കാർത്തിക എസ്

കാര്‍ത്തിക എസ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top