
തിരുപ്പറൻകുണ്ഡ്രം കാർത്തിക ദീപം : തമിഴ്നാട് ശാന്തമാണ്. കത്തിക്കരുത് !
തമിഴ്നാട്ടിലെ മധുര ജില്ലയിലുള്ള തിരുപ്പറൻകുണ്ഡ്രം കുന്നിൻമുകളിലെ ‘ദീപത്തൂണിൽ’ കാർത്തിക ദീപം തെളിയിക്കുന്ന ചടങ്ങിനെ തുടർന്ന് വർഗീയ സംഘർഷവും വെടിവെപ്പും ഉണ്ടായെന്ന വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാണ്.
ഇത്തവണത്തെ ദീപം തെളിയിക്കൽ നവംബർ 24 നായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ സംഘർഷവും പോലീസ് വെടിവയ്പ്പും ഉണ്ടായെന്നും നിരവധി മുസ്ലീങ്ങൾ കൊല്ലപ്പെട്ടുവെന്നുമുള്ള പ്രചാരം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാണ്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ ചില വീഡിയോകൾ വൈറലായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ അവകാശവാദത്തിൽ കഴമ്പുണ്ടോ ? ഒ ബി സി അന്വേഷിച്ചു.
“തമിഴ്നാട്ടിൽ യുദ്ധസമാനമായ സാഹചര്യം, മുസ്ലിം-ഹിന്ദു സംഘർഷം, 10 മുസ്ലിങ്ങൾ കൊല്ലപ്പെട്ടു. തമിഴ്നാട്ടിൽ അതിരൂക്ഷമായ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. തമിഴ്നാട് പോലീസിന്റെ വെടിവെപ്പിൽ 10 മുസ്ലിങ്ങൾ കൊല്ലപ്പെട്ടു. മധുരയിലെ തിരുപ്പറങ്കുൻട്രം കുന്നിലേക്ക് ഹിന്ദു സംഘടനകൾ മാർച്ച് ആരംഭിച്ചിട്ടുണ്ട്.” ഇങ്ങനെ ഒരു അടിക്കുറിപ്പോടെ നവംബർ 24ന് ANUSHI TIWARI എന്ന X അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.. നവംബർ 25 വരെ മാത്രം 64k വ്യൂസ് ആണ് ഈ പോസ്റ്റിന് ലഭിച്ചിട്ടുള്ളത്.

ഇതേ അക്കൗണ്ടിൽ നവംബർ 24ന് തന്നെ മറ്റൊരു വീഡിയോയും പങ്കുവച്ചിരിക്കുന്നത് കാണാം. “ഇപ്പോൾ തമിഴ്നാട്ടിൽ ബിജെപി പ്രവർത്തകർ മുസ്ലിങ്ങളെ ആക്രമിക്കുകയാണ്, 6 മുസ്ലിങ്ങൾ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ സാഹചര്യം വളരെ മോശമാണ്. അമിത് ഷായുടെ നിർദ്ദേശപ്രകാരം മുസ്ലിങ്ങൾ ആക്രമിക്കപ്പെടുകയാണ്.” ഇങ്ങനെ ഒരു അടിക്കുറിപ്പോടെയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നവംബർ 25 വരെ മാത്രം അയ്യായിരത്തിലധികം വ്യൂസ് ആണ് ഈ പോസ്റ്റിനു ലഭിച്ചത്.

‘തമിഴർ ബലഹീനരാണെന്ന് മുസ്ലീംങ്ങൾ കരുതി’, ‘മരിച്ച 10 പേർക്കും 72 ഹൂറിമാരെ വീതം ലഭിക്കും’, എന്നിങ്ങനെ നിരവധി വർഗീയ കമന്റുകൾ ഈ പോസ്റ്റുകളുടെ കമന്റ് ബോക്സിൽ കാണാം. കൂടാതെ ഈ ദൃശ്യങ്ങൾ വ്യാജമാണെന്നുള്ള കമന്റുകളുമുണ്ട്. നിരവധി പേർ ഈ പോസ്റ്റുകൾക്കു താഴെ തമിഴ്നാട് പോലീസിനെ ടാഗ് ചെയ്തിരിക്കുന്നതും കാണാം.
എന്താണ് സത്യാവസ്ഥ
പോലീസ് വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു എന്ന് അവകാശവാദമുന്നയിക്കുന്ന പോസ്റ്റിൽ രണ്ടു വ്യത്യസ്ത വീഡിയോകളാണ് ചേർത്തിരിക്കുന്നത്. ഇതിലെ ആദ്യത്തെ വീഡിയോയിൽ ഒരു റോഡിൽ പോലീസ് പ്രക്ഷോഭകരെ നേരിടുന്ന ദൃശ്യങ്ങളാണുള്ളത്. കൂടെതെ ഈ ദൃശ്യങ്ങളിൽ വെടിയൊച്ചയ്ക്ക് സമാനമായ ഒരു ശബ്ദവും വ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ട്. ഈ ദൃശ്യങ്ങളുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇതേ ദൃശ്യങ്ങൾ മുൻപും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നുവെന്ന് വ്യക്തമായി. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ദൃശ്യങ്ങളുടെ പൂർണ്ണ രൂപം ഞങ്ങൾ കണ്ടെത്തി.

നവംബർ 18ന് പ്രസിദ്ധീകരിച്ച റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം വേതന വർദ്ധനവ് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ധാക്കയിൽ വസ്ത്രനിർമ്മാണ തൊഴിലാളികൾ നടത്തിയ പ്രതിഷേധവും, സമരക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്നതുമാണ് ഈ ദൃശ്യങ്ങളിലുള്ളത്. കൂടാതെ ഈ ദൃശ്യങ്ങളിൽ കാണുന്ന ലോഗോ ബംഗ്ലാദേശ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന NTV News എന്ന ഓൺലൈൻ വാർത്താ ചാനലിന്റേതാണെന്നും ഞങ്ങൾ കണ്ടെത്തി.


ഇതേ പോസ്റ്റിലെ തന്നെ രണ്ടാമത്തെ വീഡിയോയും മുൻപും പ്രചരിച്ചത് തന്നെയാണെന്ന് ഞങ്ങൾ കണ്ടെത്തി. ‘കുന്നിനെ സംരക്ഷിക്കുക, തിരുപ്പറൻകുണ്ഡ്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുക’ എന്ന പേരിൽ, 2025 ഫെബ്രുവരി 4ന് ഹിന്ദു മുന്നണി നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണിത്.

‘ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ ആറു മുസ്ലീങ്ങൾ കൊല്ലപ്പെട്ടു’ എന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്ന മറ്റൊരു വീഡിയോയും ഇതേ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നവംബർ 24 ന് തന്നെയാണ് ഈ പോസ്റ്റും വന്നിട്ടുള്ളത്. പോസ്റ്റിലെ ദൃശ്യങ്ങളും ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കി. ഹിന്ദു മുന്നണി പ്രവർത്തകർ ചെന്നൈ റെയിൽവേ സ്റ്റേഷന് പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങളാണിത്. ഈ പ്രതിഷേധത്തിലും അക്രമസംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല.
ഈ പ്രതിഷേധത്തിന്റെ വാർത്ത ‘ദി ഹിന്ദു’ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അവരുടെ ഔദ്യോഗിക X അക്കൗണ്ടിൽ ഈ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട് എന്നും ഞങ്ങൾ കണ്ടെത്തി. “തിരുപ്പറങ്കുൻഡ്രത്തെ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഹിന്ദു മുന്നണി പ്രവർത്തകർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് പുറത്തുള്ള റോഡിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കുണ്ടായി.” എന്ന അടിക്കുറിപ്പോടെയാണ് ദി ഹിന്ദു ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തിരുപ്പറൻകുണ്ഡ്രം ദീപം തെളിയിക്കൽ : ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം
തമിഴ്നാട്ടിലെ മധുര ജില്ലയിലുള്ള പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് തിരുപ്പറൻകുണ്ഡ്രം കുന്ന്. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തോടൊപ്പം തന്നെ, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സിക്കന്ദർ ബാദുഷ ദർഗ്ഗയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. കുന്നിൻമുകളിലെ ഉച്ചിപിള്ളയാർ ക്ഷേത്രത്തിന് സമീപം കാർത്തിക ദീപം തെളിയിക്കുന്നതാണ് കാലങ്ങളായി തുടർന്നുവരുന്ന പരമ്പരാഗത ആചാരം. എന്നാൽ, ഇത് മറികടന്ന് ദർഗ്ഗയ്ക്ക് സമീപമുള്ള ‘ദീപത്തൂണിൽ’ ദീപം തെളിയിക്കണമെന്ന അവകാശവാദമാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം. കുന്നിന്റെ പവിത്രത സംരക്ഷിക്കുക എന്ന പേരിൽ സംഘപരിവാർ സംഘടനകൾ വിഷയത്തിൽ ഇടപെട്ടതോടെയാണ് ഇത് വലിയൊരു രാഷ്ട്രീയ-വർഗീയ വിവാദമായി മാറിയത്. സമാധാനപരമായി മുന്നോട്ടുപോയിരുന്ന ഒരു പ്രദേശത്ത്, വിശ്വാസത്തിന്റെ പേരിൽ പുതിയ അവകാശവാദങ്ങൾ ഉന്നയിച്ചും പ്രകോപനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ് സംഘപരിവാർ എന്ന വിമർശനവും ശക്തമാണ്.
ചുരുക്കത്തിൽ
തിരുപ്പറൻകുണ്ഡ്രം കാർത്തിക ദീപം വിവാദവുമായി ബന്ധപ്പെടുത്തി തമിഴ്നാട്ടിൽ വർഗീയ സംഘർഷവും പോലീസ് വെടിവയ്പ്പും നടന്നു എന്നും നിരവധി മുസ്ലിങ്ങൾ കൊല്ലപ്പെട്ടു എന്നും അവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോകൾ പൂർണ്ണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. പോലീസ് വെടിവയ്പ്പിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ആദ്യ ദൃശ്യം ബംഗ്ലാദേശിലെ ധാക്കയിൽ വേതന വർദ്ധനവ് ആവശ്യപ്പെട്ട് വസ്ത്രനിർമ്മാണ തൊഴിലാളികൾ നടത്തിയ സമരത്തിനിടെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്നതും, രണ്ടാമത്തേത് 2025 ഫെബ്രുവരിയിൽ തിരുപ്പറൻകുണ്ഡ്രത്ത് ഹിന്ദു മുന്നണി നടത്തിയ പഴയ പ്രതിഷേധ പ്രകടനത്തിന്റേതുമാണ്. കൂടാതെ, ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ മുസ്ലീംങ്ങൾ കൊല്ലപ്പെട്ടു എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന മറ്റൊരു വീഡിയോ, തിരുപ്പറൻകുണ്ഡ്രം വിഷയത്തിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് പുറത്ത് ഹിന്ദു മുന്നണി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റേത് മാത്രമാണ്. ചുരുക്കത്തിൽ, പഴയ സംഭവങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തെറ്റായ അടിക്കുറിപ്പുകളോടെ പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. തമിഴ് നാട്ടിൽ ഇത്തരത്തിൽ തിരുപ്പറൻകുണ്ഡ്രം സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഒരു കൊലപാതകം പോലും നടന്നതായി ഔദ്യോഗിക വൃത്തങ്ങൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക