ജോസഫ് വിജയ്ക്ക് പാകിസ്ഥാനിൽ എന്താണ് കാര്യം?

ജോസഫ് വിജയ്ക്ക് പാകിസ്ഥാനിൽ എന്താണ് കാര്യം?

ജോസഫ് വിജയ് ഹിന്ദിയിൽ സംസാരിക്കുന്നതായി കാണിക്കുന്ന എ ഐ നിർമിത വീഡിയോകൾ. വിവാഹത്തിനും വീട് വെക്കാനും സാമ്പത്തിക സഹായം നൽകുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന റീലുകൾ. ജോസഫ് വിജയ് അടുത്ത പ്രധാനമന്ത്രിയാകും എന്ന പ്രചാരണം. ദളപതി വിജയ് എന്ന പേരിൽ നിരവധി ഫേസ് ബുക്ക് പേജുകൾ. ചിലത് പാകിസ്ഥാൻ ആസ്ഥാനമായവ. ഇത്തരത്തിലുള്ള പത്തോളം  പേജുകൾ കേന്ദ്രീകരിച്ച് ഒബിസി നടത്തിയ അന്വേഷണത്തിന്റെ വിശദമായ റിപ്പോർട്ട്.

തമിഴ് നാട്ടിൽ  ജോസഫ് വിജയ്‌യുടെ നേതൃത്വത്തിൽ  തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരത്തിലേറിയിട്ട് ആറു മാസം തികയുന്നതേയുള്ളൂ. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനേഴിനാണ് ടി.വി.കെയുടെ നൂറ് ഭരണ ദിനങ്ങള്‍ ആഘോഷിക്കപ്പെട്ടത്. ഇപ്പോൾ വിജയ്‌യെ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. വിജയ് ഭാവിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നു വാദിക്കുന്ന ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിമാരുടെ പട്ടികയിൽ ജോസഫ് വിജയ് മൂന്നാം സ്ഥാനത്തു നിൽക്കുന്നുവെന്ന് ഇന്ത്യ ടുഡേയുടെ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന പല അവകാശവാദങ്ങളും വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. 

ടി.വി.കെയുടെ പേരിലുള്ള നിരവധി ഫേസ്ബുക്ക്, എക്സ് പേജുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ ചില സോഷ്യൽ മീഡിയ പേജുകളുടെ പേരുകൾ വിജയ്‌യുടെ പേരിലേക്ക് (‘Vijay Thalapathy’ എന്ന പേരില്‍) മാറ്റുകയും എ.ഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വാർത്തകളും വീഡിയോകളും ഈ അക്കൗണ്ടുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം അകൗണ്ടുകൾ വിജയ്‌യുടെ പ്രൊമോഷനായി ഉപയോഗിക്കുന്നു എന്ന ആരോപണം ഡി.എം.കെ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉയർത്തുന്നുണ്ട്.  

വടക്കേയിന്ത്യയിലും വിജയ്ക്ക് ജനപ്രീതിയുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ സൈബറിടങ്ങളിൽ സജീവമായി നടക്കുന്നുണ്ടെന്ന വിലയിരുത്തലും പൊതുവിലുണ്ട്. എന്തൊക്കെയാണ് ഫേസ്‌ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും ടി.വി.കെക്ക് അനുകൂലമായി നടക്കുന്ന പ്രചാരണങ്ങൾ? ഇവയിൽ എത്രത്തോളം വാസ്തവമുണ്ട്? ഒബിസി പരിശോധിക്കുന്നു. 

‘Thalapathy Vijay’ എന്ന പേരിൽ തന്നെ  നിരവധി ഫേസ്ബുക്ക് പേജുകൾ

വിജയ്‌യുടെ പേരിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ചില ഫേസ്ബുക്ക് പേജുകളുടെ പ്രവർത്തനവും അവയിലെ ഉള്ളടക്കവും ഒബിസി പരിശോധിച്ചു. ‘Vijay Thalapathy’ എന്ന പേരിലാണ് മിക്ക ഫേസ്ബുക്ക് പേജുകളും പ്രവര്‍ത്തിക്കുന്നത്. പാകിസ്ഥാന്റെ ഇന്റർനാഷണൽ കൺട്രി കോഡ് ആയ +92 ആണ് ഇങ്ങനെയുള്ള മിക്ക പേജുകളുടെയും ഡിസ്‌ക്രിപ്‌ഷനിൽ നൽകിയിരിക്കുന്നത് എന്ന് കാണാം. ഈ പേജുകൾക്കെല്ലാം ആയിരക്കണക്കിന് ഫോളോവേഴ്‌സുമുണ്ട്. 

 ‘Vijay Thalapathy’ പേജുകളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ എന്തൊക്കെ? 

വിജയ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സജീവമായ ചില ഫേസ്ബുക്ക് പേജുകൾ ഒബിസി പരിശോധിച്ചു. ‘Vijay Thalapathy’ എന്ന പേരിൽ പ്രവർത്തിക്കുന്ന മിക്ക അക്കൗണ്ടുകളിലും പ്രൊഫൈൽ വിശദാംശങ്ങൾ ചേർക്കുന്ന ഭാഗത്തായി ഫോൺ നമ്പറും വാട്സാപ്പ് നമ്പറും നൽകിയിട്ടുണ്ട്. മിക്ക വാട്സ്ആപ്പ് നമ്പറുകളും +92ൽ തുടങ്ങുന്നവയാണ്. എന്നാൽ ഇവർ നൽകിയിട്ടുള്ള നമ്പരുകളില്‍ ചിലതില്‍ വാട്സാപ്പ് ലഭ്യമല്ല എന്നാണ് ഒബിസിയുടെ അന്വേഷണത്തിൽ വ്യക്തമായത്. വിവാഹത്തിനും വീട് വെയ്ക്കാനുമൊക്കെ വിജയ് ധനസഹായം നൽകുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോകളാണ് ഇതിൽ ഭൂരിഭാഗവും. വിജയ് തന്നെയാണ് ഇത്തരം എ.ഐ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നതും.

 ‘Vijay thalapathy’ എന്ന പേരിലുള്ള ഏഴ് പേജുകളാണ് പ്രധാനമായും ഞങ്ങൾ അന്വേഷണത്തിനായി തെരഞ്ഞെടുത്തത്. ഈ പേജുകളിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വീഡിയോകളുടെയും മറ്റ് വിവരങ്ങളുടെയും  ആധികാരികത ഞങ്ങൾ പരിശോധിച്ചു. ഇവർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടാനും ശ്രമിച്ചു. തമിഴ് നാട് മുഖ്യമന്ത്രിക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ വലിയ തോതിലുള്ള വ്യാജ ആഖ്യാന നിർമിതികൾ നടക്കുന്നുവെന്നാണ് ഒബിസിയുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പിനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ഓരോ പേജുകളെ കുറിച്ചും കണ്ടെത്തിയ കാര്യങ്ങൾ താഴെ കൊടുക്കുന്നു.

പാകിസ്ഥാൻ ആസ്ഥാനമായ ഫോൺ നമ്പറുകൾ

ടി.വി.കെയുമായി ബന്ധപ്പെട്ട എ ഐ ജനറേറ്റഡ് വീഡിയോകൾ പങ്കുവയ്ക്കുന്ന 58,000 ഫോളോവേഴ്‌സുള്ള ‘vijay thalapathy’ എന്ന പേജിൽ   കൊടുത്തിരിക്കുന്നത് പാകിസ്ഥാന്‍ കോഡ് ആയ +92 ല്‍ തുടങ്ങുന്ന നമ്പറാണ്. ലിങ്ക് കൊടുക്കാനുള്ള സെക്ഷനില്‍ ഒരു വ്യാജ ലിങ്കാണ്  (.com എന്ന പേരിൽ) ചേര്‍ത്തിട്ടുള്ളത് എന്നുകാണാം. ‘help all india’ എന്നാണ് അക്കൗണ്ട് ബയോയില്‍ പറയുന്നത്. ഈ അക്കൗണ്ടിൽ നൽകിയിരുന്ന ഒരു ഫോൺ നമ്പറിലേക്ക് ഒബിസി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. നിലവില്‍ ഈ നമ്പറിലേക്ക് ഇൻകമിങ് കോളുകൾ ലഭ്യമല്ല എന്നാണ് പറയുന്നത്, പക്ഷെ ആ സന്ദേശം  തമിഴിൽ അല്ല, മറിച്ച് ഹിന്ദിയിലാണ്. 

ഈ അക്കൗണ്ടുകളിൽ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പര്‍ (+92 303 754 5992)  ട്രൂകോളർ ആപ്പ് വഴി പരിശോധിച്ചു. ‘Mani Ms’ എന്ന പേരാണ് ട്രൂകോളറിൽ കാണിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ, ഇത് പാകിസ്ഥാനിലെ മൊബൈൽ നെറ്റ്‌വർക്ക് സേവനദാതാക്കളായ ‘പാകിസ്ഥാൻ മൊബൈൽ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്’ (PMCL) എന്ന ടെലികോം കമ്പനിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറാണെന്ന് വ്യക്തമായി.

‘vijay thalapathy ‘ ഫേസ്ബുക്ക് പേജ്, സ്ക്രീന്‍ഷോട്ട് (പാകിസ്ഥാന്‍ ഫോണ്‍ കോഡ് ആയ +92 ല്‍ തുടങ്ങുന്ന നമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം)

ഈ പേജിൽ ജൂലായ് 19 ന് പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയിൽ വിജയ് ഒരു സ്ത്രീക്ക് പണം നല്കുന്നതായാണ് കാണുന്നത്. “ഈ സഹോദരിക്ക് അവളുടെ വിവാഹത്തിന് ഞാൻ പണം കൊടുത്ത് സഹായിച്ചു, നിങ്ങൾക്കും ഇതുപോലെ സഹായം വേണമെങ്കിൽ എന്നെ ഫോളോ ചെയ്യൂ, എനിക്ക് മെസേജ് അയക്കൂ” എന്ന് വിജയ് ഹിന്ദിയില്‍ പറയുന്നതായി ഈ വീഡിയോയില്‍ കാണാം.

ജൂലായ് 19 ന് പോസ്റ്റ് ചെയ്ത വീഡിയോ, സ്ക്രീന്‍ഷോട്ട്

ഈ വീഡിയോക്ക് താഴെ ആളുകൾ വിജയ്ക്ക് അനുകൂലമായി കമൻ്റ് ചെയ്തിരിക്കുന്നതും  കാണാം. ഹൈവ് മോഡറേഷൻ എ.ഐ ഡിറ്റക്ഷൻ ടൂൾ പരിശോധനയിൽ ഈ വീഡിയോ 95% എഐ നിർമ്മിതമാണെന്ന് തെളിഞ്ഞു. 

ഹൈവ് മോഡറേഷൻ എ ഐ ഡിറ്റക്ഷൻ ടൂൾ ഫലം, സ്ക്രീൻഷോട്ട്

സാമ്പത്തിക സഹായ വാഗ്ദാനം; ആസ്ഥാനം ലുധിയാന

വിജയ് സാമ്പത്തിക സഹായം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന  നിരവധി എ ഐ നിർമിത വീഡിയോകൾ ഷെയർ ചെയ്യുന്ന മറ്റൊരു പേജ് ആണ് ‘Vijay Thalapathi Helping Hands’. ഒരു ലക്ഷത്തിലധികം (116K) ഫോളോവേഴ്സ് ഉള്ള പേജാണിത്. അക്കൌണ്ടിലെ മേല്‍വിലാസ കോളത്തില്‍ ചേര്‍ത്തിരിക്കുന്ന സ്ഥലം ലുധിയാനയാണ്. 

വിലാസമെഴുതുന്ന കോളത്തില്‍ ലുധിയാന എന്ന് ചേര്‍ത്തിരിക്കുന്നു, സ്ക്രീന്‍ഷോട്ട്.  

ഈ പേജില്‍ ചേര്‍ത്തിട്ടുള്ള വാട്സപ്പ് നമ്പര്‍ (+92 332 7799782) പരിശോധിച്ചപ്പോൾ, അത് പാകിസ്ഥാനിലെ ടെലികോം സേവനദാതാക്കളായ യൂഫോൺ (Ufone – Pak Telecom Mobile Limited) നെറ്റ്‌വർക്കിന് കീഴിൽ വരുന്നതാണെന്നത് കണ്ടെത്തി. 

തുടർച്ചയായി ഒരേ ഫോട്ടോകൾ പങ്കുവയ്ക്കുന്നുണ്ട് ഈ പേജ്. രാഹുൽ ഗാന്ധിക്കും മമതാ ബാനർജിക്കും ഒപ്പം വിജയ് നിൽക്കുന്ന ഒരു എ.ഐ നിർമിത ഫോട്ടോയും ഈ അക്കൗണ്ടിൽ തുടർച്ചയായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. 

അക്കൗണ്ടിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ ഒബിസി ബന്ധപ്പെട്ടിരുന്നു, ഉത്തർപ്രദേശിൽ നിന്നുള്ള മക്ബൂൽ ഖാൻ എന്ന എന്ന വ്യക്തിയാണ് ഫോണെടുത്തത്. തമിഴ് നാട് മുഖ്യമന്ത്രി വിജയുടെ പേര് പറഞ്ഞു ഒരുപാട് കോളുകൾ തനിക്ക് വരുന്നുണ്ടെന്നും ഉടനെ തന്റെ നമ്പർ മാറ്റാൻ പോകുകയാണെന്നുമാണ് അദ്ദേഹം ഒബിസിയോട് പ്രതികരിച്ചത്. 

‘Vijay Thalapathi Helping Hands’ എന്ന പേജില്‍ വരുന്ന ആവര്‍ത്തന പോസ്റ്റുകള്‍, സ്ക്രീന്‍ ഷോട്ട്

സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് പണം നല്‍കപ്പെടും എന്ന് ഈ പേജിലും പറയുന്നുണ്ട്. 

“ഇന്ത്യയിൽ സഹായം വേണ്ടവർക്ക്  ഞാൻ സഹായം ചെയ്യും. എൻ്റെ ടീം ഇതുവരെ ലക്ഷകണക്കിന് ആളുകളെ സഹായിച്ചിട്ടുണ്ട്. ഇനി സഹായം വേണ്ടവർ താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക” എന്ന് വിജയ് ഹിന്ദിയിൽ പറയുന്ന ഒരു വീഡിയോ ഈ അക്കൗണ്ടില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

പണം നല്‍കപ്പെടും എന്ന് പറയുന്ന ഒരു എ ഐ നിര്‍മിത വീഡിയോ, സ്ക്രീന്‍ഷോട്ട് 

ഈ വീഡിയോയും എ ഐ നിർമ്മിതമാണെന്ന്  തന്നെയാണ് അന്വേഷണത്തിൽ മനസിലായത്. വീഡിയോ 99.9 ശതമാനവും എ ഐ നിർമ്മിതമാണ് എന്നാണ് എ ഐ ഡിറ്റക്ഷൻ ടൂൾ ഫലം.

ഹൈവ് മോഡറേഷൻ എ ഐ ഡിറ്റക്ഷൻ ടൂൾ ഫലം, സ്ക്രീൻഷോട്ട് 

വിജയ്‌ സാമ്പത്തിക സഹായം നല്‍കും എന്ന് പറയുന്ന പോസ്റ്റുകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ റീച്ച് ഉള്ളത് എന്ന് പറയാം.

നോട്ട് കെട്ടുകൾക്ക് നടുവിലിരിക്കുന്ന വിജയ് 

‘Vijay thalapathy’ എന്നുതന്നെ പേരുള്ള മറ്റൊരു പേജിൽ, മേശപ്പുറത്ത്  നോട്ട്കെട്ടുകൾ നിരത്തി വച്ചതിന് മധ്യത്തില്‍ ഇരിക്കുന്ന വിജയ്‌യെ കാണാം. പതിനായിരം ഫോളോവേഴ്സ് ആണ് ഈ പേജിനുള്ളത്.

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

വീട് നിര്‍മിക്കാന്‍ ഉള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന ഒരു വീഡിയോ ഈ അക്കൗണ്ടില്‍ സെപ്തംബർ രണ്ടിന് പങ്കുവച്ചിട്ടുണ്ട്.

വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കപ്പെടും എന്ന് അവകാശപ്പെടുന്ന  വീഡിയോ, സ്ക്രീന്‍ഷോട്ട്

ഈ പേജില്‍ കൊടുത്തിരിക്കുന്ന വിവരണത്തിലും വാട്സാപ്പ് നമ്പര്‍ +92 ല്‍ തുടങ്ങുന്നതായി കാണാം. ഈ പേജിൽ കൊടുത്തിരിക്കുന്ന നമ്പർ (+92 306 7681057) ട്രൂകോളറിൽ ‘Attention’ എന്നാണ് പേര് കൊടുത്തിരിക്കുന്നത്. PMCL കമ്പനിക്ക് കീഴിൽ തന്നെയാണ് ഈ നമ്പറും രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വീഡിയോക്ക് താഴെ സഹായത്തിനായി അഭ്യർത്ഥിക്കുന്ന നിരവധി കമന്റുകൾ കാണാം. ഇപ്പോൾ, പണം തരണം പിന്നീട് അത് തിരികെ നൽകാം എന്നും പറയുന്നു ചില കമന്റുകൾ.

വീഡിയോയുടെ താഴെയുള്ള കമന്റ് സെക്ഷൻ, സ്ക്രീൻഷോട്ട്

വീട് നിർമിക്കുന്നതിനായി പണം നൽകാം എന്ന് പറയുന്ന വീഡിയോ ഇതുവരെ (5/9/26 ) 484 പേരാണ് കണ്ടിട്ടുള്ളത്. ഇതും പൂർണമായും എ ഐ നിർമിത വീഡിയോ തന്നെയാണ്. ഒബിസി ഇത് കണ്ടെത്തിയിട്ടുണ്ട്.

ഹൈവ് മോഡറേഷൻ എ ഐ ഡിറ്റക്ഷൻ ടൂൾ ഫലം, സ്ക്രീൻഷോട്ട്

‘വിജയ് ; ദരിദ്രരുടെ മിശിഹാ’

6.1K ഫോളോവേഴ്സ് ഉള്ള ‘vijay thalapathy’ എന്ന് പേരുള്ള മറ്റൊരു ഫേസ്ബുക്ക് പേജിലും മേശയില്‍ നോട്ട് കെട്ടുകളുമായി ഇരിക്കുന്ന വിജയ്‌യുടെ എ.ഐ നിര്‍മിത ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇതേ പേജില്‍ തന്നെ മറ്റൊരു വീഡിയോ കൂടി പങ്കുവച്ചിട്ടുണ്ട്. ‘വിജയ്‌ ദരിദ്രരുടെ മിശിഹയാണ് എന്നാണ് ആ വീഡിയോയില്‍ പറയുന്നത്. ഈ പേജില്‍ ചേര്‍ത്തിട്ടുള്ള നമ്പറും (+92 301 1071746) PMCL കമ്പനിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു. ‘Fraud Business’ എന്നാണ് നമ്പര്‍ Truecaller ല്‍ കാണിക്കുന്നത്.

‘വിജയ്‌, ദരിദ്രരുടെ കല്യാണത്തിന് എട്ട് ഗ്രാം സ്വർണം കൊടുക്കും. ഇന്ത്യയിൽ എൻ്റെ സഹോദരി സഹോദരന്മാർക്ക് ഒരു ലക്ഷം മുതൽ 15 ലക്ഷം വരെ ഞാന്‍ സാമ്പത്തിക സഹായം ചെയ്യും. ഹിന്ദു മുസ്ലിം സിഖ്, ക്രിസ്ത്യൻ മത വിഭാഗങ്ങളെയെല്ലാം സഹായിക്കുന്നു” എന്നാണ് ആ എ.ഐ നിര്‍മിത വീഡിയോയില്‍ പറയുന്നത്.

വിജയ്‌ സ്വര്‍ണം കൊടുക്കും എന്ന് പറയുന്ന എ ഐ നിര്‍മിത വീഡിയോ, സ്ക്രീന്‍ഷോട്ട്

ആയിരക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. ഈ എഡിറ്റഡ് വീഡിയോയിലെ 60 ശതമാനം വിഷ്വൽസും എ ഐ നിർമ്മിതമാണ് എന്നാണ് ഒബിസിയുടെ പരിശോധനയിൽ മനസിലായത്. നോട്ടുകെട്ടുകളുടെ മധ്യത്തിലിരിക്കുന്ന വിജയുടെ ചിത്രവും 99.9 ശതമാനവും എ ഐ നിർമിതമാണ്.

ഹിന്ദിയില്‍ സംസാരിക്കുന്ന വിജയ്‌യുടെ ഡീപ് ഫേക്ക് വീഡിയോകള്‍

തമിഴ് സംസാരിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് ഹിന്ദി ഭാഷയിൽ സംസാരിക്കുന്ന നിരവധി ഡീപ്ഫേക്ക് വീഡിയോകളാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിക്കുന്നത്. സ്ത്രീധനം കൊടുക്കാൻ പണമില്ലാത്ത ആളുകൾക്ക് പണം നൽകപ്പെടും എന്നെല്ലാം വിജയ് വീഡിയോകളിൽ പറയുന്നുണ്ട്. ഒരു ലക്ഷത്തിലധികം (103K) ഫോളോവെഴ്‌സ് ഉള്ള ‘Vijay Thalapathy’ എന്നു പേരുള്ള മറ്റൊരു  പേജിൽ ഈ വീഡിയോ ഇതുവരെ (5/9/26) പേരാണ് കണ്ടത്. ഈ അക്കൗണ്ടിലെ മിക്ക വീഡിയോകൾക്കും പതിനായിരത്തിലധികം വ്യൂസ് ഉണ്ട്.

എഐ നിർമ്മിതമാണെന്ന് അറിയാതെ ആളുകൾ കമന്റ് ബോക്സിൽ പണത്തിനായി സഹായം അഭ്യർത്ഥിക്കുന്നതും കാണാം. 

103K ഫോളോവെഴ്‌സ് ഉള്ള ഫേസ്‌ബുക്ക് പേജിൽ ഷെയര്‍ ചെയ്ത എ ഐ നിർമിത വീഡിയോ, സ്ക്രീന്‍ ഷോട്ട് 

‘വീട് വെക്കാനും മകളുടെ വിവാഹത്തിനും സഹായം’

സാമ്പത്തിക ആവശ്യങ്ങള്‍ക്കായി എന്റെ മാനേജരെ നേരിട്ട് ബന്ധപ്പെടുക എന്ന് വിജയ്‌ പറയുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ള ഈ പേജിൽ വാട്സാപ്പ് നമ്പർ ചേർത്തിട്ടില്ല. ഈ വീഡിയോയും എ ഐ നിർമ്മിതം തന്നെ. 

ആറായിരം ഫോളോവേഴ്സ് ഉള്ള Vijay Thalapathy  മറ്റൊരു പേജിലും ‘വീട് വയ്ക്കാനും മകളുടെ കല്യാണത്തിനും ഞാന്‍ നിങ്ങളെ സഹായിക്കും’ എന്ന് വിജയ് പറയുന്നതായുള്ള എ ഐ നിർമിത വീഡിയോ കാണാം. ഈ വീഡിയോയും 90 ശതമാനം എ.ഐ നിർമ്മിതം തന്നെയാണ് എന്ന് ഒബിസിയുടെ പരിശോധനയിൽ മനസിലായി.

വീഡിയോ ഷെയര്‍ ചെയ്താല്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത്  ‘വിജയ്‌’ 

ചില വീഡിയോകളില്‍ വീഡിയോ ഇത്ര പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ പണം ലഭിക്കും എന്ന് പറയുന്നുണ്ട്. എന്റെ വീഡിയോ ഈ വ്യക്തി ഇത്ര പേര്‍ക്ക് ഷെയര്‍ ചെയ്തു, അതുകൊണ്ട് ഞാന്‍ ഇയാള്‍ക്ക് ഇത്ര രൂപ കൊടുത്തു, നിങ്ങളും വീഡിയോ ഷെയര്‍ ചെയ്യൂ എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്.  

സ്ത്രീകള്‍ക്ക് ധന സഹായം കൊടുക്കും എന്ന് അവകാശപ്പെടുന്ന ഒരു  വീഡിയോ, സ്ക്രീന്‍ഷോട്ട്

38,000 ല്‍ അധികം ഫോളോവേഴ്സ് ഉള്ള ‘Vijay Thalapathy’ എന്ന മറ്റൊരു  ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ ഒന്നിലധികം വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ‘All India help’ എന്നാണ് ഈ അക്കൗണ്ടിലെ ബയോ. 

അക്കൗണ്ടിൽ കാൾ ചെയ്യാനും വാട്സാപ്പിൽ ബന്ധപ്പെടാനുമുള്ള നമ്പർ കൊടുത്തിട്ടുണ്ട്. ഇവ രണ്ടും +92 ൽ തുടങ്ങുന്നതാണ്, PMCL ടെലികോം കമ്പനിക്ക് കീഴിലാണ് രജിസ്റ്റര്‍ ചെയ്യ്തിരിക്കുന്നത്.

38K ഫോളോവേഴ്സ് ഉള്ള ‘Vijay Thalapathy’ എന്ന ഫേസ്ബുക്ക് പേജ്, സ്ക്രീന്‍ഷോട്ട്

“ഈ സഹോദരിക്ക് ഞാൻ അൻപത് ലക്ഷം രൂപ സഹായം ചെയ്തു, ഇവർ എൻ്റെ വീഡിയോ അൻപത് പേർക്ക് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. നിങ്ങൾക്കും സഹായം വേണമെങ്കിൽ ബയോയിൽ എൻ്റെ വാട്സ്ആപ്പ് നമ്പർ ഉണ്ട്” എന്ന് ഇതില്‍ ഒരു വീഡിയോയില്‍ വിജയ് പറയുന്നതായി കാണാം. 

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന എ ഐ  വീഡിയോ, സ്ക്രീന്‍ഷോട്ട്

വീഡിയോ എ. ഐ നിർമ്മിതമാണ് എന്ന് മനസിലാക്കാതെയാണ് പലരും കമന്റ് അതിനു ചെയ്യുന്നത്. ഒബിസിയുടെ പരിശോധനയിൽ ഈ വീഡിയോയും 99.9 ശതമാനവും എ ഐ നിർമ്മിതമാണെന്നു കണ്ടെത്തി.

ഹൈവ് മോഡറേഷൻ എ ഐ ഡിറ്റക്ഷൻ ടൂൾ ഫലം, സ്ക്രീൻഷോട്ട് 

എണ്ണായിരത്തിലധികം ഫോളോവേഴ്സ് ഉള്ള മറ്റൊരു പേജാണ് ‘Vijay Thalapathy fan’s’. ഈ പേജിലും മേൽപറഞ്ഞ വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

“ഈ സഹോദരി എന്നെ ഫോളോ ചെയ്തു ,അവർക്ക് 10 ലക്ഷം രൂപ കൊടുത്തു. നിങ്ങളിൽ ആർക്കൊക്കെ പണം വേണമോ അവർ എന്നെ ഫോളോ ചെയ്യുക, വീഡിയോ അഞ്ച് പേർക്ക് ഷെയർ ചെയ്യുക” എന്ന് മറ്റൊരു വീഡിയോയില്‍ പറയുന്നു.

അഞ്ച് പേർക്ക് ഷെയർ ചെയ്യാൻ പറയുന്ന വീഡിയോ , സ്ക്രീന്‍ഷോട്ട് 

ഈ വീഡിയോയും 99.8 ശതമാനവും എ. ഐ നിർമ്മിതമാണ്. 

വിജയ്‌യെ പാകിസ്താന്‍ മുന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനുമായി താരതമ്യം ചെയ്യുന്ന പോസ്റ്റുകളും ഫേസ്ബുക്കില്‍ ഇപ്പോള്‍ സജീവമാണ്. ഇന്ത്യയിലെ ഇമ്രാന്‍ ഖാന്‍ എന്നാണ് വിജയ്യെ ഇവര്‍ വിളിക്കുന്നത്. 

പരസ്യങ്ങള്‍ ഓടിക്കുന്ന ‘Thalapathy’ പേജുകള്‍

ഒബിസി വിശദമായ പരിശോധിച്ച ഏഴ് പ്രധാന ‘Vijay Thalapathy’ ഫേസ്ബുക്ക് പേജുകളിൽ രണ്ടെണ്ണം പണം നൽകി വ്യാജ പോസ്റ്റുകൾ പരസ്യമായി ഓടിച്ചിരുന്നതായി കണ്ടെത്തി. ഫേസ്ബുക്കിന്റെ Meta Ad Library യിൽ നിന്നുള്ള  വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത് മനസിലായത്. കഴിഞ്ഞ മാസമാണ് (ആഗസ്റ്റ് )ഇത്തരത്തിൽ പരസ്യങ്ങൾ നൽകിയത്. ഈ രണ്ടു പേജുകളിലും നിലവില്‍ പരസ്യങ്ങളില്ല. ഇത്തരം വ്യാജ പ്രചാരണ പരസ്യത്തിനായി പണം ചെലവഴിച്ചിരിക്കുന്നത് പാകിസ്ഥാനി രൂപയിലാണ് (PKR 400 – PKR 499).

Meta Ad Library വിവരങ്ങൾ, സ്ക്രീന്‍ഷോട്ട് 

പാകിസ്ഥാനി കറൻസി ഉപയോഗിച്ച് നൽകുന്ന ഈ പരസ്യങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് ഉത്തർപ്രദേശ് (20%), പശ്ചിമ ബംഗാൾ (15%) തുടങ്ങിയ  സംസ്ഥാനങ്ങളിലെ ഉപയോക്താക്കളെയാണ്. 8,000 മുതൽ 9,000 വരെ ആളുകളിലേക്ക് ഇത്തരത്തിലുള്ള പരസ്യം എത്തിയിട്ടുണ്ട്. പ്രധാനമായും 25 – 34 പ്രായപരിധിയിലുള്ള പുരുഷന്മാരെയാണ് ഈ പരസ്യങ്ങൾ കൂടുതൽ ലക്ഷ്യമിടുന്നത്.

‘വിജയ്‌ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍’ എന്നതു തന്നെയാണ് മിക്ക ഹിന്ദി വീഡിയോകളുടെയും ഉള്ളടക്കം. നിലവില്‍ ഈ പേജുകള്‍ വഴി പരസ്യങ്ങള്‍ ഇല്ലെങ്കിലും  കൂടുതൽ പേരെ ആകർഷിച്ച്, പോസ്റ്റുകൾ പരമാവധി ഷെയർ ചെയ്യിച്ച് ഫോളോവേഴ്സിന്റെ എണ്ണവും റീച്ചും കൂട്ടാനാണ്  ഇത്തരത്തിലുള്ള എഐ നിർമ്മിത വീഡിയോകൾ പ്രധാനമായും ഉപയോഗിക്കുന്നത്.

ഭാവിയിൽ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം കൂട്ടിയ ശേഷം ഇത്തരം പേജുകൾ സാമ്പത്തിക തട്ടിപ്പുകൾക്കോ മറ്റ് രാഷ്ട്രീയ പ്രചാരണങ്ങൾക്കോ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.  

 ഇത്തരം വ്യാജ എഐ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതിനെതിരെ തമിഴ്‌നാട് സൈബർ ക്രൈം വിങ്, കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം സിബി – സിഐഡിക്ക് (CB-CID) കൈമാറുകയും ചെയ്തതായി ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു. 

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വിജയ്‌യുടെ പേരിൽ ധനസഹായ വാഗ്ദാനം നൽകുന്ന അക്കൗണ്ടുകൾ ഉടൻ നീക്കം ചെയ്യാനും, ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഐപി അഡ്രസ്സും വിവരങ്ങളും കൈമാറാനും ആവശ്യപ്പെട്ട് തമിഴ്‌നാട് പോലീസ് മെറ്റയ്ക്ക് കത്തയച്ചിട്ടുണ്ട്.

വ്യാജ വാർത്തകളിലൂടെ അധികാരം പിടിച്ചെന്ന ആരോപണം

തമിഴ്നാട്ടില്‍ ടി.വി.കെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം  പാര്‍ട്ടി അനുകൂല പേജുകളും അക്കൗണ്ടുകളും വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന ആരോപണം ശക്തമാണ്. 

തമിഴ്‌നാട്ടിൽ (അല്ലെങ്കിൽ ഇന്ത്യയിൽ എവിടെയായാലും) സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടാൽ  കുറ്റവാളിയെ 24 മണിക്കൂറിനുള്ളിൽ വധശിക്ഷയ്ക്ക് വിധേയനാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പറഞ്ഞതായുള്ള പോസ്റ്റുകള്‍ ഇങ്ങനെ വൈറല്‍ ആയതാണ്. 

‘Vijay Thalapathy’ എന്ന് പേരുള്ള പേജുകളിലും ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടെന്ന് കാണാം. 

‘Vijay Thalapathy’ എന്ന് പേരുള്ള ഒരു ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

എന്നാല്‍, ഇങ്ങനെയൊരു പ്രസ്താവന അദ്ദേഹം നടത്തിയിട്ടില്ലെന്നും, സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ നിന്നാണ് ഈ ചർച്ച രൂപപ്പെട്ടതെന്നും വ്യക്തമാക്കുന്ന ഫാക്ട് – ചെക്കുകളും റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

“രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സമയം തൊട്ട് തന്നെ ടി.വി.കെ എന്ന പാർട്ടി വ്യാജ ആഖ്യാനങ്ങളുടെയും ക്യാമ്പയിനുകളുടെയും പുറത്താണ് പ്രവര്‍ത്തിക്കുന്നത്. തികച്ചും ആസൂത്രിതമായി നിർമ്മിച്ചെടുത്ത വ്യാജ പ്രചാരണങ്ങളാണ് ആ പാർട്ടിയെ അധികാരത്തിലേറ്റാൻ സഹായിച്ചത്. 

ഇതൊരിക്കലും ഓർഗാനിക് ആയി ഉയർന്നുവന്ന തരംഗമല്ലെന്ന്, വർഷങ്ങളായി സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ സാങ്കേതിക നീക്കങ്ങൾ നിരീക്ഷിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും”, ഡി എം കെ അനുകൂലിയും ഫാക്ട് ചെക്കറുമായ അയാൻ കാർത്തികേയൻ പറയുന്നു. 

തമിഴ്‌നാട്ടിലെ ഫാക്ട് ചെക്കിങ് കൂട്ടായ്മയായ youturn.in ന്റെ മുൻ എഡിറ്റർ ഇൻ ചീഫാണ് അയൻ കാർത്തികേയൻ. മുൻ ഡി.എം.കെ സർക്കാരിന്റെ ഔദ്യോഗിക ഫാക്ട് ചെക്കിങ് യൂണിറ്റിനെ നയിച്ചിരുന്നത് അയൻ കാർത്തികേയനായിരുന്നു.

പാകിസ്ഥാനിൽ നിന്നുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ‘Vijay Thalapathy’ എന്ന് പേര് മാറ്റിക്കൊണ്ട് വ്യാജ എ.ഐ നിർമിത വീഡിയോകൾ ദിനംപ്രതി പോസ്റ്റ് ചെയ്യുന്നതായി അയൻ കാർത്തികേയൻ ആരോപിച്ചിരുന്നു. ഓഗസ്റ്റ് 28 ന് ഒരു എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

അയൻ കാർത്തികേയന്റെ എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

തമിഴ്‌നാട്ടിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പേജുകൾ പാകിസ്ഥാനിൽ നിന്നാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നത് യാദൃശ്ചികത മാത്രമായി തള്ളിക്കളയാനാവില്ലെന്നും അയൻ കാർത്തികേയൻ ഒബിസിയോട് പറഞ്ഞു. 

നല്ല റീച്ചുള്ള പേജുകൾ പണം കൊടുത്തു വാങ്ങി പേരുമാറ്റി ഉപയോഗിക്കുന്ന Buy and repurpose രീതിയാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പേരുമാറ്റിയ പേജുകളാണ് പിന്നീട് ടി.വി.കെയുടെ വ്യാജ പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം ഒബിസിയോട് പറഞ്ഞു. എന്നാൽ, ഇത്തരത്തിൽ, നിലവിലുണ്ടായിരുന്ന പേജുകൾ പേര് മാറ്റി ഉപയോഗിക്കുന്നതാണെന്നതിന് ഒബിസി തെളിവുകൾ കണ്ടെത്തിയിട്ടില്ല.

‘എല്ലാ പേജുകളെയും നിയന്ത്രിക്കാനാവില്ല’ – ടി വി കെ 

ഈ വിഷയത്തിൽ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക നിലപാട് അറിയാൻ പാർട്ടിയുടെ ദേശീയ വക്താവ് ഫെലിക്സ്‌ ജെറാൾഡുമായി  ഒബിസി ബന്ധപ്പെട്ടു. നിലവിലുള്ള ആരോപണങ്ങളെയും പോസ്റ്റുകളെയും അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്.

   “സോഷ്യൽ മീഡിയയിൽ ‘Thalapathy Vijay’ എന്നത് വളരെ പോപ്പുലറായ ഒരു കീവേഡും ശക്തമായ ഹാഷ്‌ടാഗുമാണ്. ദക്ഷിണേഷ്യയിലൊട്ടാകെ ട്രെൻഡിംഗ് ആയിട്ടുള്ള വിഷയങ്ങളിലൊന്നാണ്  ‘ദളപതി വിജയ്’. ആളുകൾ സ്വന്തം പേജുകളുടെ റീച്ച് കൂട്ടാൻ വേണ്ടിയാണ് വിജയ്‌യുടെ പേര് ഉപയോഗിക്കുന്നത്. ചിലര്‍ ഇത്തരം പേജുകൾ നല്ല കാര്യങ്ങൾക്ക്  ഉപയോഗിക്കും, എന്നാല്‍ മറ്റു ചിലർ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. സോഷ്യൽ മീഡിയയിലെ ഇത്തരം അക്കൗണ്ടുകളും അവയിൽ വരുന്ന പോസ്റ്റുകളും പൂർണ്ണമായി നിയന്ത്രിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. വിജയ്‌യുടെ പേരിൽ ഇങ്ങനെ ധാരാളം വ്യാജ പേജുകൾ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം ഞങ്ങൾക്ക് അറിവുള്ളതാണ്. എന്നാൽ അതിനെല്ലാം മറുപടി പറയാൻ  ഞങ്ങൾക്ക് കഴിയില്ല. തമിഴ്‌നാടിന്റെ വികസനത്തെയും പുരോഗതിയെയും കുറിച്ചാണ് ഞങ്ങൾക്ക് സംസാരിക്കാനുള്ളത്, അതിന് ഞങ്ങൾ കൃത്യമായി മറുപടി നൽകും.” 

ഇങ്ങനെയാണ് ഫെലിക്സ് ജെറാൾഡ്  ഒബിസിയോട് പറഞ്ഞത്.

വ്യാജ പ്രചാരണങ്ങൾക്കും റീലുകൾക്കുമായി പാർട്ടി പ്രതിമാസം 5 കോടി രൂപ ചെലവഴിക്കുന്നു എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

വിജയ്‌യുടെ പേരും ചിത്രങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്ന് ടി.വി.കെ വക്താവ് വ്യക്തമാക്കുന്നുണ്ടെങ്കിലും, എ.ഐ ഡീപ്ഫേക്ക് വീഡിയോകളും വ്യാജ വാഗ്ദാനങ്ങളും വിജയ്ക്ക് അനുകൂലമായ ജനവികാരം നിർമിച്ചെടുക്കാൻ സഹായിക്കുന്നുവെന്നത് യാഥാർഥ്യമാണ്. ആരാണ് ഈ വ്യാജ നിര്‍മിതികള്‍ക്ക് പിന്നിൽ എന്നതും എന്താണ് അവരുടെ താല്പര്യം എന്നതുമാണ് അറിയാനുള്ളത്.

(With Inputs From Sujith A)





സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top