ആ വാഹന വ്യൂഹം വി ഡി സതീശന്റേതോ പിണറായി വിജയന്റേതോ? ഫാക്ട് ചെക്ക് 

ആ വാഹന വ്യൂഹം വി ഡി സതീശന്റേതോ പിണറായി വിജയന്റേതോ? ഫാക്ട് ചെക്ക് 

കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും ശക്തിപ്പെടുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹന വ്യൂഹം പൊതുഗതാഗതം തടസപ്പെടുത്തുന്നുവെന്നാണ് വൈറലായിരിക്കുന്ന ഒരു പ്രചാരണം. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ പൊതുഗതാഗതം തടസ്സപ്പെടുത്തി ഇരുപതോളം ഔദ്യോഗിക വാഹനങ്ങൾ ഹൈവേയിലൂടെ പോകുന്ന ഒരു വീഡിയോ നിലവിൽ വൈറലാകുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹന വ്യൂഹമാണിതെന്നാണ് ഇടത് – ബിജെപി ഹാൻഡിലുകളുടെ പ്രചാരണം. എന്നാൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമല്ലെന്ന് ഒബിസി കണ്ടെത്തി.

‘മയ്യിൽ സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജ് ഈ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. 

‘മേനോൻ കുട്ടി സിമ്പിൾ ആണ്. .വെറും മൂന്നു വണ്ടി എസ്കോർട് 🤭…’

എന്ന അടിക്കുറിപ്പോടെ മെയ് 20 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മെയ് 26 വരെ 7,200 പേർ കണ്ട വീഡിയോയ്ക്ക് 290 ലൈക്കും 25 കമന്റുകളും ലഭിച്ചിട്ടുണ്ട്. 

A high-angle view of a large security convoy of V D Satheesan with police vehicles driving on a highway in Kerala.
 ‘മയ്യിൽ സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ്

മുഖ്യമന്ത്രി വി ഡി സതീശനെയാണ് ‘മേനോൻകുട്ടി’ എന്നത് കൊണ്ട് അടിക്കുറിപ്പിൽ ഉദ്ദേശിക്കുന്നത്. സത്യപ്രതിജ്ഞയിൽ ജാതിപ്പേര് ഉപയോഗിച്ച സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകളിൽ സ്ഥിരമായി ഈ പേര് ഉപയോഗിക്കുന്നതായി കാണാം. ഇടത്പക്ഷ അനുകൂല പോസ്റ്റുകൾ സ്ഥിരമായി പങ്കുവയ്ക്കുന്ന അക്കൗണ്ടാണ് ‘മയ്യിൽ സഖാക്കൾ’.

പ്രചരിക്കുന്ന വീഡിയോയുടെ തുടക്കം ‘ആരൊക്കെ പെട്ടു’ എന്നെഴുതി കാണിക്കുന്നുണ്ട്. വീഡിയോയിലെ  കീഫ്രെയികൾ ഉപയോഗിച്ച് നടത്തിയ ഗൂഗിൾ റിവേഴ്സ് സെർച്ചിൽ, സമാന അടിക്കുറിപ്പുകളുള്ള ഇരുപത്തഞ്ചോളം പോസ്റ്റുകൾ കണ്ടെത്താനായി. ‘Cpimdbranch’, ‘Pandhalam.shaji’, ‘dyfi_kadakkal_mc’ തുടങ്ങിയവയാണ് ഞങ്ങൾ കണ്ടെത്തിയ അക്കൗണ്ടുകൾ. സ്ഥിരമായി ഇടത് അനുകൂല പോസ്റ്റുകളിടുന്ന അക്കൗണ്ടുകളാണിവ. എന്നാൽ, ഏറ്റവും അധികം വൈറലായിരിക്കുന്നത്,ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷനായ അഡ്വക്കറ്റ് പ്രകാശ് ബാബുവിന്റെ പോസ്റ്റാണ്. 

‘നമ്മുടെ മുഖ്യൻ എത്ര ലാളിത്യത്തോടെയാണ് സഞ്ചരിക്കുന്നത്. ആകെ മൂന്ന് വണ്ടി.. മുൻപിലൊരു എസ്‌കോർട്ട് വണ്ടി, പിന്നിലൊരു എസ്‌കോർട്ട് വണ്ടി’  എന്ന അടിക്കുറിപ്പോടെ പങ്ക് മെയ് 21 ന് പങ്ക് വെച്ച പോസ്റ്റ് ഇതുവരെ നാല് ലക്ഷത്തോളം തവണയാണ് കണ്ടിരിക്കുന്നത്. ഇതിന് 3,100 ലൈക്കുകളും 35 കമന്റുകളും കിട്ടിയിട്ടുണ്ട്. ഇത് കൂടാതെ എക്സിലും വീഡിയോ നിരവധിപേർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Screenshot of Adv Prakash Babu Facebook post sharing a video of a security convoy in Kerala.
അഡ്വ. പ്രകാശ്  ബാബു’ വിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങൾ കണ്ടെത്തിയ അക്കൗണ്ടുകളിൽ ഏറ്റവും ആദ്യം വീഡിയോ പോസ്റ്റ് ചെയ്തതായി കാണുന്നത്  ‘pazuzu’ എന്ന എക്സ് അക്കൗണ്ടാണ്. 

‘മേനോൻ കുട്ടി സിമ്പിൾ ആണ്. .വെറും മൂന്നു വണ്ടി എസ്കോർട് ..’ എന്ന അടിക്കുറിപ്പോടെ മെയ് 21ന് ഉച്ചയ്ക്ക് 12.44 ന് പോസ്റ്റ് ചെയ്ത വീഡിയോ മെയ് 26 വരെ 42,000 പേർ കണ്ടിട്ടുണ്ട്. ഇതിന് നാല് മിനിറ്റുകൾക്ക് ശേഷമാണ് ‘മയ്യിൽ സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജ് ഇതേ അടിക്കുറിപ്പോടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്താണ് സത്യം ? 

കൂടുതൽ പരിശോധനയിൽ ‘ദ ട്രിവിയൻസ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇതേ വീഡിയോ 2026 മാർച്ച് 7 ന് പങ്ക് വച്ചതായി കാണാം. വി ഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിനും രണ്ട് മാസങ്ങൾക്ക് മുൻപ്. അതായത്, പ്രചരിക്കുന്ന വീഡിയോ നിലവിലെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെയല്ല എന്ന് വ്യക്തം.

Screenshot of The Trivians Instagram post from March showing the viral Kerala security convoy video.
‘ദ  ട്രിവിയൻസ്’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

എന്നാൽ മാർച്ച് ഏഴിലെ ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കോൺഗ്രസ് ഹാൻഡിലുകൾ മറ്റൊരു തരത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. മാർച്ച് ആറിന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നെന്നും, അദ്ദേഹത്തിന്റെ വാഹനവ്യൂഹമാണ് വീഡിയോയിലെന്നുമാണ് ഈ  അക്കൗണ്ടുകളുടെ വാദം.

X posts claiming 'Security of convoy of Pinarayi Vijayan'
വാഹന വ്യൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റേതാണെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ

മാർച്ച് ഏഴിലെ പോസ്റ്റിന്റെ കമന്റുകളിൽ നിരവധി പേർ അവകാശപ്പെടുന്നത്, വാഹനവ്യൂഹം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടേതാണെന്നാണ്. വീഡിയോ പോസ്റ്റ് ചെയ്ത മാർച്ച് ഏഴിന് രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് പൊതു പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് നേതാവും വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ ശശി തരൂരിന്റെ ഔദ്യോഗിക വാഹനവും വാഹന വ്യൂഹത്തിൽ ഏറ്റവും പിന്നിലായി പോകുന്നത് ദൃശ്യങ്ങളിലുണ്ട്.

White SUV with MP registration plate proving Shashi Tharoor was part of the viral motorcade.
വാഹന വ്യൂഹത്തിന്റെ ഏറ്റവും പിന്നിലായി പോകുന്ന ശശി തരൂരിന്റെ ഔദ്യോഗിക വാഹനം

പ്രചരിക്കുന്ന വീഡിയോയിലെ വാഹന വ്യൂഹങ്ങളിൽ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം കാണാനുമില്ല. അതായത്, വീഡിയോയിലുള്ളത് പിണറായി വിജയന്റെ വാഹന വ്യൂഹമാണെന്ന കോൺഗ്രസ് ഹാൻഡിലുകളുടെ വാദത്തിനും തെളിവുകളില്ല.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top