
ബിജെപിയെ സഭയിൽ എത്തിച്ചതാര്?
നേമം, കഴക്കൂട്ടം, ചാത്തന്നൂർ – ബിജെപി നേടിയ മൂന്ന് സീറ്റുകൾ. ആരുടെ വോട്ടാണ് ബിജെപിയെ സഭയിൽ എത്തിച്ചത്? ഇരു മുന്നണികൾക്കും ഇക്കാര്യത്തിൽ പങ്കുണ്ടോ? കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ വോട്ട് ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാവും.
കാലങ്ങളായി കാവി മുക്തമായി നിലനിന്നിരുന്ന കേരളത്തിലും ബിജെപി അവരുടെ വരവ് അറിയിച്ചിരിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഡിഎഫും എൽഡിഎഫും ഒരുപോലെ ‘വോട്ട് കച്ചവടം’ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ മണ്ഡലങ്ങളിലെ വോട്ട് ചരിത്രം ഇരു മുന്നണികളും ബിജെപി വിജയത്തിന് കാരണക്കാരായിട്ടുണ്ടെന്ന് തെളിയിക്കുന്നു.
ഈ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് മുന്‍ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയ വോട്ടുകള്‍ കിട്ടാതെ വരികയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വോട്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്തത് എല്‍ഡിഎഫും ബിജെപിയും തമ്മിലുണ്ടാക്കിയ ഡീലിന്‍റെ തെളിവാണെന്ന നിലയിലുള്ള വ്യാഖ്യാനം അതിലളിതവത്കരണവും വസ്തുതാവിരുദ്ധവുമാണ്. തെരഞ്ഞെടുപ്പുകള്‍ക്കനുസരിച്ച് മാറിമറിയുന്ന വോട്ടുകള്‍ ഇത്തവണ എന്‍ഡിഎക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടുവെന്നതാണ് വസ്തുത. കഴിഞ്ഞ തവണ ഈ ഏകീകരണം എല്‍ഡിഎഫിന് അനുകൂലമായിട്ടാണ് സംഭവിച്ചത്.
ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് രണ്ടാം സ്ഥാനത്താണ്. അതുകൊണ്ട് കോൺഗ്രസ് വോട്ടുകൾ മാത്രം നേടിയാണ് ബിജെപി ഇവിടങ്ങളിൽ ജയിച്ചതെന്ന പ്രചാരണവും വാസ്തവമല്ല. ബിജെപിയുടെ വളർച്ചയിൽ ഇരു മുന്നണികൾക്കും പങ്കുണ്ടെന്ന അനുമാനത്തിലെത്തേണ്ടി വരും കാലങ്ങളായുള്ള വോട്ട് വിഹിതം പരിശോധിച്ചാൽ.
നേമം
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ച ചെയ്ത മണ്ഡലങ്ങളിലൊന്നാണ് നേമം. ബിജെപിക്ക് ആദ്യമായി ഒരു എംഎൽഎ യെ സംഭാവന ചെയ്ത മണ്ഡലം ഇത്തവണയും അതാവർത്തിക്കാൻ സാധ്യതയുണ്ടെന്ന രാഷ്ട്രീയ നിരീക്ഷണങ്ങൾ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽക്കേ ഉയർന്നിരുന്നു. ഈ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി ആകെ നേടിയത് 57,192 വോട്ടാണ്. കഴിഞ്ഞ തവണത്തേക്കാൾ 5,304 വോട്ടുകൾ അധികം. നേടിയ വോട്ടിന്റെ എണ്ണം മാത്രം അടിസ്ഥാനപ്പെടുത്തി പരിശോധിച്ചാൽ, എൽഡിഎഫ് ൽ നിന്നും യുഡിഎഫ് ൽ നിന്നും ഇത്തവണ ബിജെപിലേക്ക് വോട്ടെത്തിയിട്ടുണ്ടെന്ന് കാണാം. എൽഡിഎഫ് സ്ഥാനാർത്ഥി ശിവൻകുട്ടിക്ക് 2021 നേക്കാൾ 2,238 വോട്ട് കുറഞ്ഞു. യുഡിഎഫിനും നഷ്ടമായിട്ടുണ്ട് 5,800 ഓളം വോട്ടുകൾ.

ബിജെപിക്ക് അടിത്തറ ഉണ്ടാക്കിയത് ആരുടെ വോട്ടുകൾ ?
കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ നേമത്തെ വോട്ടിംഗ് രീതി പരിശോധിച്ചാൽ, ബിജെപി ക്ക് അടിത്തറയുണ്ടാക്കുന്നതിൽ യുഡിഎഫ് വോട്ടുകളുടെ ചെറുതല്ലാത്ത പങ്ക് വ്യക്തമാവും. 2006 മുതൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ബിജെപിയുടെ വോട്ട് വിഹിതം 35 ശതമാനത്തോളം കൂടിയിട്ടുണ്ട്. ഇതേ കാലയളവിൽ യുഡിഎഫ് വോട്ട് വിഹിതം മുപ്പത് ശതമാനത്തോളം തന്നെ കുറഞ്ഞിട്ടുണ്ട്. സിപിഐഎമ്മിനും മൂന്നര ശതമാനത്തോളം വോട്ട് നഷ്ടമായിട്ടുണ്ട്. അതായത് യുഡിഎഫ് ന്റെ ഭൂരിപക്ഷം വോട്ടും സിപിഐഎമ്മിന്റെ വളരെ കുറച്ച് വോട്ടും ഇതിനിടയിൽ ബിജെപിയിലേക്ക് പോയിട്ടുണ്ട്.
രൂപീകരിച്ച നാൾ മുതൽ ഇടത് വലത് മുന്നണികളെ മാറി മാറി പരീക്ഷിച്ച മണ്ഡലമാണ് നേമം. 2006 ൽ മുൻ നിയമസഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായ എൻ ശക്തനാണ് നേമത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയത്. മൊത്തം പോൾ ചെയ്ത വോട്ടിന്റെ 50.74 ശതമാനവും പെട്ടിയിലാക്കിയാണ് അന്ന് എൻ ശക്തൻ നിയമസഭയിലെത്തിയത്. ഇരുപത് വർഷങ്ങൾക്കിപ്പുറം കോൺഗ്രസ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥന് ഇതിന്റെ പകുതി പോലും വോട്ട് നേടാനായിട്ടില്ല (21.18%).
ഇന്നത്തെ നിലയിലുള്ള നേമം മണ്ഡലം പുനര്‍നിര്‍ണ്ണയിക്കപ്പെട്ട 2011 ല്‍ യുഡിഎഫിന്‍റെ വോട്ടുബാങ്കിനെ നെടുകെ പിളര്‍ത്തിക്കൊണ്ടാണ് ബിജെപി വരവറിയിക്കുന്നത്. ഒ രാജഗോപാല്‍ 43,661 വോട്ട് നേടി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാരുപാറ രവിക്ക് ആകെ 20,248 വോട്ടാണ് നേടാനായത്. അതായത് കോൺഗ്രസ് വോട്ട് വിഹിതം അൻപത് ശതമാനത്തിൽ നിന്ന് 17.38 ആയി കൂപ്പുകുത്തി. 50,076 വോട്ട് നേടിയ വി ശിവന്‍കുട്ടി വിജയിക്കുകയും ചെയ്തു. കാലങ്ങളായി കോൺഗ്രസിന് 40 ശതമാനത്തോളം വോട്ട് ലഭിച്ചിരുന്ന മണ്ഡലം 2011 ൽ യുഡിഎഫ് ഘടക കക്ഷിയായ എസ്ജെഡി [SJ(D)] ക്ക് വിട്ട് നൽകിയതാണ് തിരിച്ചടിയായതെന്ന് കരുതാവുന്നതാണ്.
2016 ല്‍ യുഡി എഫി ന്‍റെ വോട്ട് 13,860 ലേക്ക് കൂപ്പു കുത്തുകയും രാജഗോപാല്‍ 67,813 വോട്ടെന്ന റെക്കോർഡ് നേട്ടത്തിലെത്തുകയും ചെയ്തതോടെ നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നു. അപ്പോഴും ഇടത് സ്ഥാനാർഥി വി ശിവന്‍കുട്ടിക്ക് 59,142 വോട്ടു കിട്ടിയിരുന്നു. പിന്നീട് 2021 ല്‍ കെ മുരളീധരന്‍ താരതമ്യേന ശക്തമായ മത്സരം കാഴ്ചവച്ച് യുഡിഎഫിന്‍റെ പഴയ വോട്ടുകള്‍ കുറെയൊക്കെ ( 36,524 ) തിരിച്ചു പിടിച്ചപ്പോഴാണ് എല്‍ഡിഎഫ് വിജയിക്കുന്നത്.
എസ്ജെഡി ക്ക് സീറ്റ് കൈമാറിയതിന് ശേഷം രണ്ട് തെരെഞ്ഞെടുപ്പുകളിലായി യുഡിഎഫ് ന്റെ വോട്ട് വിഹിതം 41 ശതമാനത്തോളം കുറയുകയാണുണ്ടായത്. എൽഡിഎഫ് അവരുടെ വോട്ടുകൾ അതേപടി നിലനിർത്തുകയും ചെയ്തു. ഇതിനാൽ ഇക്കാലങ്ങളിൽ എൽഡിഎഫ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് മനസ്സിലാക്കാം. യുഡിഎഫിൽ നിന്നുള്ള വോട്ടൊഴുക്കിനെ പറ്റി ഒ രാജഗോപാൽ 2021 ൽ പറഞ്ഞത്, “കുറെയധികം കോൺഗ്രസുകാർ എന്നെ പിന്തുണച്ചു” എന്നാണ്. ഇടത് പാർട്ടികളിൽ നിന്ന് വോട്ട് എത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, “അവരത് ചെയ്യില്ല, അവർക്ക് അധികാരം വേണമായിരുന്നു” എന്നും ഒ രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
സീറ്റ് ഘടകകക്ഷിക്ക് വിട്ടു കൊടുത്ത കോൺഗ്രസ്സിന്റെ നടപടിയാണ് നേമത്ത് ബിജെപിക്ക് അടിത്തറ പാകിയതെന്ന് കരുതേണ്ടി വരും. 2021 ൽ ഘടകകക്ഷിയിൽ നിന്ന് തിരിച്ചെടുത്ത് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ മത്സരിച്ച തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ട് വിഹിതം ഒൻപതിൽ നിന്ന് ഇരുപത്തഞ്ച് ശതമാനമായി വർദ്ധിച്ചു. ഇതേ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വിഹിതം 12 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. അതായത്, ഘടകകക്ഷികളിൽ നിന്ന് നേമം മണ്ഡലം കോൺഗ്രസ് തിരിച്ചെടുത്തപ്പോൾ, നഷ്ടമായ വലിയ ശതമാനം വോട്ടും തിരിച്ചു കിട്ടി. എന്നിരുന്നാലും എസ്ജെഡിക്ക് നൽകുന്നതിന് മുമ്പുണ്ടായിരുന്ന വോട്ട് വിഹിതത്തിലേക്ക് കോൺഗ്രസിന് എത്താനായിട്ടില്ല.
2026 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം 3.8 ശതമാനത്തോളം പിന്നെയും കുറഞ്ഞിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനും ഒരു ശതമാനം വോട്ട് നഷ്ടപ്പെട്ടിട്ടു.
ചാത്തന്നൂർ
തിരുവനന്തപുരത്തിന് പുറത്ത് ബിജെപിക്ക് വിജയം സമ്മാനിച്ച ഏക മണ്ഡലമാണ് ചാത്തന്നൂർ. നേമവും കഴക്കൂട്ടവും ബിജെപിയുടെ ‘സ്റ്റാർ’ മണ്ഡലങ്ങളായി വ്യാഖ്യാനിക്കപ്പെടുമ്പോഴും ചാത്തന്നൂരിൽ ബിജെപിയുടെ സാധ്യത മുഖ്യധാരാ ചർച്ചകളിൽ കടന്നുവന്നിരുന്നില്ല. എന്നാൽ കാലങ്ങളായി ഈ മണ്ഡലത്തിൽ ഇടത് വലത് മുന്നണികളിൽ നിന്ന് ബിജെപിലേക്ക് വോട്ടൊഴുകുന്നുണ്ട്.
ആകെ പോൾ ചെയ്തതിന്റെ 38 ശതമാനത്തിന് മുകളിൽ വോട്ട് നേടിയാണ് ബിജെപിയുടെ ബി ബി ഗോപകുമാർ ഇത്തവണ ചാത്തന്നൂരിൽ ജയിച്ചത്. എക്‌സിറ്റ് പോളുകൾ ചാത്തന്നൂരിൽ എൻഡിഎയ്ക്ക് അനുകൂലമാണെന്ന സൂചനകൾ നൽകിയിരുന്നെങ്കിലും വോട്ടെണ്ണലിനിടയിൽ ലീഡ് നില മാറിക്കൊണ്ടേയിരുന്നു. ഒടുവിൽ തൊട്ടടുത്ത എതിർസ്ഥാനാർഥി എൽഡിഎഫിന്റെ ആർ. രാജേന്ദ്രനെ 4012 വോട്ടുകൾക്ക് പരാജയപ്പെടുത്തി ബിജെപി മണ്ഡലം പിടിച്ചു. യുഡിഎഫിന്റെ സൂരജ് രവി മൂന്നാം സ്ഥാനത്തെത്തി.

എസ് എൻ ഡി പിയുടെ വോട്ട് ?
2016 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ ബിജെപിയുടെ സ്ഥിരം സ്ഥാനാർത്ഥിയായ ഗോപകുമാർ മേഖലയിലെ സജീവ എസ്എൻഡിപി യോഗം (SNDPY) പ്രവർത്തകനുമാണ്. കഴിഞ്ഞ 25 വർഷക്കാലമായി എസ്എൻഡിപി ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റാണ് ഇദ്ദേഹം. എസ്എൻഡിപി യോഗം നേതാവും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന വെള്ളാപ്പള്ളി നടേശൻ എൽഡിഎഫ് നെ പിന്തുണച്ചിരുന്നെങ്കിലും ചാത്തന്നൂരിൽ ബിജെപി സ്ഥാനാർത്ഥിക്ക് എസ്എൻഡിപി പിന്തുണ ഉണ്ടായിരുന്നെന്ന ആരോപണങ്ങളും സജീവമാണ്.
2016 ലെ ബി ബി ഗോപകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിന് ശേഷം ചാത്തന്നൂരിൽ ബിജെപി വോട്ട് വിഹിതം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് മുതലാണ് ഇവിടെ ബിജെപി രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 2011 ൽ ബിജെപി മണ്ഡലത്തിൽ ആകെ നേടിയത് 3.36 ശതമാനം വോട്ടാണ്. എന്നാൽ ഗോപകുമാർ ആദ്യമായി മത്സരിച്ച 2016 തെരഞ്ഞെടുപ്പിൽ ഇത് 24.56 ശതമാനമായി വർദ്ധിച്ചു. പിന്നീടുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലായി 14 ശതമാനത്തോളം വോട്ട് പിന്നെയും വർദ്ധിപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു.
ഈ കാലയളവിൽ യുഡിഎഫ് നും എൽഡിഎഫ് നും മണ്ഡലത്തിൽ വോട്ട് ചോർച്ചയുണ്ടായിട്ടുണ്ട്. 2016 ൽ 67,606 വോട്ട് നേടിയ എൽഡിഎഫ് ന് ഈ തെരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് 47,000 ത്തിന് മുകളിൽ വോട്ടുകളാണ്. ഏതാണ്ട് 17 ശതമാനം ഇടിവ്.
യുഡിഎഫ് ന്റെ നഷ്ടം ഇതിലും വലുതാണ്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ 2016 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ന് കുറഞ്ഞത് 16.74 ശതമാനം വോട്ടാണ്. എൽഡിഎഫിന് നഷ്ടപ്പെട്ടതാകട്ടെ 1.9 ശതമാനവും. ആ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവുമധികം വോട്ട് നേടിയത് കോൺഗ്രസിൽ നിന്നാണെന്ന് വ്യക്തം. എന്നാൽ അതിനടുത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് ൽ നിന്നും സമാനമായ രീതിയിൽ വോട്ട് പോയിട്ടുണ്ട്.
2016 ൽ മീനാട് ചെങ്കൽ ചൂളകളിലെ തൊഴിൽ പ്രശ്നങ്ങളിലിടപെട്ടും, എസ്എൻഡിപി യോഗ പ്രവർത്തനങ്ങളിൽ സജീവമായും ഗോപകുമാർ ജനശ്രദ്ധയാകർഷിച്ചിരുന്നുവെന്ന് അക്കാലത്തെ മാധ്യമ റിപ്പോർട്ടുകൾ പറയുന്നുണ്ട്.
2011 മുതൽ മൂന്ന് തവണയും മണ്ഡലത്തിൽ വിജയിച്ച എസ് ജയലാലിനെ എൽഡിഎഫ് മാറ്റി പരീക്ഷിച്ചതാണ് തോൽവിക്ക് കാരണമെന്നും വിലയിരുത്തലുകളുണ്ട്. എൽഡിഎഫ് വോട്ടുകളാണ് ചാത്തന്നൂരിൽ ഇത്തവണ ബിജെപിലേക്ക് ഒഴുകിയതെന്നതും വ്യക്തമാണ്. എൽഡിഎഫ് ന് ആകെ 11,761 വോട്ടുകൾ നഷ്ടമായപ്പോൾ ബിജെപിക്ക് ഇതിൽ ഭൂരിഭാഗവും (9,833) പെട്ടിയിലാക്കാൻ സാധിച്ചു. കോൺഗ്രസിന് ആയിരത്തോളം വോട്ടുകൾ അധികമായി കിട്ടിയിട്ടുണ്ട്.
ചാത്തന്നൂരിൽ കഴിഞ്ഞ തവണ നേടിയ ഫ്ലോട്ടിംഗ് അഥവാ സ്വിംഗ് വോട്ടുകള്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. ഭരണവിരുദ്ധ വോട്ടുകള്‍ രണ്ടാം സ്ഥാനത്തുള്ള സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ സ്വാഭാവികമായും ബി ബി ഗോപകുമാറിലേക്ക് പോയെന്നു വേണം വിലയിരുത്താന്‍.
കഴക്കൂട്ടം
ഈ തെരഞ്ഞെടുപ്പിൽ ആയിരത്തിന് താഴെ ഭൂരിപക്ഷത്തിൽ വിജയമുണ്ടായ മൂന്ന് മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. വെറും 428 വോട്ടിനാണ് മുൻവിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ നിലവിലെ എംഎൽഎ കടകംപള്ളി സുരേന്ദ്രനെ തോൽപ്പിച്ചത്. ഈ തെരഞ്ഞെടുപ്പിലെ മാത്രം വോട്ട് നില നോക്കിയാൽ, കഴക്കൂട്ടത്ത് നഷ്ടമുണ്ടായിട്ടുള്ളത് എൽഡിഎഫിന് മാത്രമാണ്. വോട്ട് വിഹിതത്തിൽ ഏതാണ്ട് 11 ശതമാനത്തിന്റെ ഇടിവ്. ഇത് ബിജെപിയുടെയും (6.33%) കോൺഗ്രസ്സിന്റെയും (4.41%) വോട്ട് വിഹിതം വർധിപ്പിച്ചിട്ടുണ്ട്. കഴക്കൂട്ടത്ത് പക്ഷെ കഴിഞ്ഞതവണ രാഷ്ട്രീയത്തില്‍ താരതമ്യേന ദുര്‍ബലായ ഡൊ. എസ് എസ് ലാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നത് എല്‍ഡിഎഫിന് ഗുണം ചെയ്തെങ്കില്‍ ഇത്തവണ ആ വോട്ടുകള്‍ നിലനിര്‍ത്താന്‍ കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞില്ല.

ബിജെപിക്ക് അടിത്തറയിട്ട വോട്ടുകൾ
എന്നാൽ ബിജെപി മണ്ഡലത്തിൽ പ്രകടമായ വളർച്ചയുണ്ടാക്കിയ 2016 തെരഞ്ഞെടുപ്പ് മുതൽ പരിശോധിച്ചാൽ ബിജെപിയുടെ വിജയത്തിൽ കൂടുതൽ ഉത്തരവാദിത്തം, കോൺഗ്രസ്സിനാണെന്ന് പറയേണ്ടി വരും. ചാത്തന്നൂരിലേതിന് സമാനമായ ഒരു ക്രമം കഴക്കൂട്ടത്തും പ്രകടമാണ്. 2016 ൽ വി മുരളീധരൻ സ്ഥാനാർത്ഥിയായതിന് ശേഷമാണ് ബിജെപി ആദ്യമായി ഇവിടെ രണ്ടാം സ്ഥാനത്തെത്തുന്നത്. ഈ തെരഞ്ഞെടുപ്പിൽ ഏതാണ്ട് ഇരുപത്തഞ്ച് ശതമാനത്തോളം വോട്ട് വിഹിതം ബിജെപി വർധിപ്പിച്ചു. കോൺഗ്രസിന് നഷ്ടമായതോ, 17.56 ശതമാനം. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും ഏതാണ്ട് ഒൻപത് ശതമാനം വോട്ടുകൾ നഷ്ടമായിട്ടുണ്ട്.
തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി, മുരളീധരനെ മാറ്റി ശോഭാ സുരേന്ദ്രനെ പരീക്ഷിച്ചെങ്കിലും 2 ശതമാനം വോട്ടിടിയുകയാണുണ്ടായത്. പിന്നെയും 2026 ൽ മുരളീധരൻ മത്സരിച്ചപ്പോൾ ബിജെപി വിജയം കൊയ്തു. ഇത് വി മുരളീധരന് വ്യക്തിപരമായി മണ്ഡലത്തിലുള്ള സ്വാധീനത്തെ കാണിക്കുന്നു.
2011 മുതൽ യുഡിഎഫിന്റെയും (18.12%) എൽഡിഎഫിന്റെയും (9.32%) വോട്ടുകൾ കഴക്കൂട്ടത്ത് ചോർന്നിട്ടുണ്ട്. ഈ കാലയളവിൽ ബിജെപി നേടിയത് 28.53 ശതമാനത്തിന്റെ വോട്ട് വളർച്ച.
കഴിഞ്ഞ രണ്ട് വർഷങ്ങളായി നടന്ന ലോക്സഭ, തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലും കഴക്കൂട്ടത്ത് ബിജെപി സ്വാധീനം വളരെയധികം വർദ്ധിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ 16 വാർഡുകൾ കഴക്കൂട്ടം മണ്ഡലത്തിന്റെ ഭാഗമാണ്. 2025 തെരഞ്ഞെടുപ്പിൽ ഇതിൽ എട്ട് വാർഡുകൾ എൻഡിഎ പിടിച്ചിരുന്നു. 2020 ൽ ഈ പതിനാറ് വാർഡുകളിൽ പതിനൊന്നും എൽഡിഎഫ് വാർഡുകളായിരുന്നു. യുഡിഎഫ് ഒന്നും എൻഡിഎ നാലും വാർഡുകൾ 2020 ൽ നേടിയിരുന്നു. അതായത്, തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ എൽഡിഎഫ് വോട്ടുകൾ ബിജെയിലെത്തിയിട്ടുണ്ടെന്ന് വ്യക്തം.
തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽക്കേ മണ്ഡലത്തിൽ ശബരിമല വിഷയമുൾപ്പെടെയുള്ളവ പ്രധാന പ്രചാരണ വിഷയങ്ങളാക്കുന്നതിൽ ബിജെപി ശ്രദ്ധയൂന്നിയിരുന്നു. ശബരിമലയിൽ സ്വർണ്ണകൊള്ള നടന്നുവെന്ന് ആരോപിക്കുന്ന കാലയളവിൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ ജയ സാധ്യതയെ ഇത് സാരമായി ബാധിച്ചു എന്ന് കരുതേണ്ടി വരും.
നിലവിൽ കേരളത്തിൽ ബിജെപി നേടിയ വിജയത്തെ തെരഞ്ഞെടുപ്പിലെ വോട്ട് നില കൊണ്ട് മാത്രം വിലയിരുത്താനാവില്ല. അതിന് കേരളത്തിൽ വർദ്ധിച്ചു വരുന്ന സാമുദായിക ധ്രുവീകരണം മുതൽ വേരുറയ്ക്കുന്ന വലത് പക്ഷ ബോധവും അരാഷ്ട്രീയതയും വരെ ഘടകങ്ങളായിട്ടുണ്ട്. എന്നിരുന്നാലും ബിജെപിക്കുണ്ടായ വിജയത്തിൽ ഇരുമുന്നണികളുടെയും പങ്ക് എത്രമാത്രമാണെന്ന് വ്യക്തമാവാൻ ഈ കണക്കുകൾ മതിയായ സൂചനകളാണ്.
നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലെ കണക്കുകൾ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ൽ നിന്ന് ബിജെപിലേക്ക് വോട്ടുകൾ എത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. എന്നാൽ ഈ മണ്ഡലങ്ങളിലെ ബിജെപി ജയത്തിന് അടിത്തറയിട്ടത് കഴിഞ്ഞ അഞ്ച് തെരെഞ്ഞെടുപ്പുകളിലായി മുടങ്ങാതെ കോൺഗ്രസിൽ നിന്ന് ചോർന്ന വോട്ടാണെന്നതും അവിതർക്കമാണ്.
ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മിക്ക മണ്ഡലങ്ങളിലേയും സ്ഥിതി ഇതുതന്നെയാണെന്ന് കാണാം. ആദ്യ ഘട്ടത്തില്‍ യുഡിഎഫില്‍ നിന്ന് ചോര്‍ന്ന വോട്ടു കൊണ്ട് മേല്‍വിലാസമുണ്ടാക്കിയ (മഞ്ചേശ്വരവും കാസര്‍ഗോഡും പാലക്കാടും ഒഴികെ) ബിജെപി ഇപ്പോള്‍ മുപ്പതോളം മണ്ഡലങ്ങളില്‍ ഇരുപതിനായിരത്തിലധികം വോട്ടുകൾ നേടിയിരിക്കുകയാണ്. ഇതിനെ കക്ഷികള്‍ തമ്മിലുള്ള രഹസ്യ ഡീല്‍ എന്നതിലുരി കേരള രാഷ്ട്രീയ സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ദിശാപരിണാമത്തിന്‍റെ ചൂണ്ടുപലകയായി കാണേണ്ടി വരും.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക