
വര്‍ഗീയതയും വിദ്വേഷവും വൈറലാക്കുന്ന തെരഞ്ഞെടുപ്പ് കാലം
തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം ശക്തമാകുകയാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ വെറുപ്പും വിദ്വേഷവും വ്യാജവാർത്തകളും കൊണ്ട് കളം നിറയുകയാണ് തീവ്ര വലത് പക്ഷ പേജുകൾ. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാ പേജുകളും എന്റർടൈൻമെന്റ് പേജുകളും ഉപയോഗിക്കുമ്പോൾ തീവ്ര ഹിന്ദുത്വം പറയുന്ന പേജുകൾ മറയില്ലാത്ത വർഗീയ പ്രചാരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
“ഗുരുവായൂരിലെ ഹിന്ദു മതവിശ്വാസികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ അവിടെ ഒരു ഹിന്ദു എം.എൽ.എ തന്നെ വരണം” ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. ബി. ഗോപാലകൃഷ്ണന്റെ ഈ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഗുരുവായൂരിൽ 48 ശതമാനത്തോളം ഹിന്ദുക്കൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ അൻപത് വർഷത്തോളമായി അവിടെ നിന്നും ഇടത് വലതു മുന്നണികൾ ഒരു ഹിന്ദു എം എൽ എ യെപോലും നിയമസഭയിലേക്ക് അയച്ചില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിലൂടെ സ്ഥാനാർഥി ആരോപിച്ചത്. ഈ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തുവന്നു. എന്നാൽ, വീഡിയോയിലെ പരാമർശം മാതൃകാ പെരുമാറ്റ ചട്ട ലംഘനം ആണെന്ന് കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറുടെ നിർദേശ പ്രകാരം ഗോപാലകൃഷ്ണനെതിരെ നടപടിയെടുത്തിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലോടെ ഈ വിവാദം അവസാനിക്കുമെന്ന് കരുതിയെങ്കിലും യഥാർത്ഥത്തിൽ പ്രശ്നത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണുണ്ടായത്, അത് സോഷ്യൽ മീഡിയയിലായിരുന്നു. നിയമനടപടികൾക്ക് പിന്നാലെ ഗോപാലകൃഷ്ണനെ പിന്തുണച്ചുകൊണ്ടും വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടിക്കൊണ്ടും നിരവധി വലതുപക്ഷ അക്കൗണ്ടുകളാണ് ഡിജിറ്റൽ ഇടങ്ങളിൽ സജീവമായത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപേ തന്നെ വ്യാജ വാർത്തകളും വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ പോസ്റ്ററുകളും ഈ പേജുകൾ വഴി പ്രചരിച്ചിരുന്നു. രാഷ്ട്രീയ വിമർശനത്തിനപ്പുറം, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതും വിദ്വേഷം നിറഞ്ഞതുമായ കുറിപ്പുകളാണ് ഇവർ ദിനംപ്രതി പങ്കുവയ്ക്കുന്നത്. ഫേസ്ബുക്കിലും എക്‌സിലും സജീവമായ ഇത്തരം സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും അവയുടെ പ്രവർത്തന രീതിയെയും വിശകലനം ചെയ്യുന്ന റിപ്പോർട്ട്.
വിദ്വേഷത്തിന് കയ്യടിക്കുന്ന വലതുപക്ഷ പ്രചാരകര്‍
മാർച്ച് 20 നാണ് അഡ്വ. ഗോപാലകൃഷ്ണൻ തൻറെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചാരണ വീഡിയോ പങ്കുവയ്ക്കുന്നത്. വോട്ട് ചോദിക്കുന്നതിനായി, ജാതി/മത, സാമുദായിക വിവരങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുതെന്നുമുള്ള വ്യവസ്ഥകൾ ലംഘിച്ചു എന്ന് കണ്ടെത്തിയതോടെയാണ് ഗോപാലകൃഷ്ണനെതിരെ കേസ് എടുത്തത്.
തുടർന്ന് മാർച്ച് 23 ന് അക്കൗണ്ടിൽ നിന്നും വീഡിയോ നീക്കം ചെയ്തുവെങ്കിലും പിന്നീട് ഗോപാലകൃഷ്ണനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

‘കൂടെ ഉണ്ട് ഞങ്ങൾ’ എന്ന പ്രഖ്യാപനത്തോടെയാണ്, ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള സംഘശബ്ദം എന്ന പേജ് ഗോപാലകൃഷ്ണനെ പിന്തുണയ്ക്കുന്നത് .
‘വേട്ടയാടാൻ വിട്ടു തരില്ല’ എന്നും പ്രസ്താവനയോട് നൂറു ശതമാനം യോജിക്കുന്നുവെന്നുമാണ് പോസ്റ്റിൽ പറയുന്നത്. 461 കമൻ്റുകളും 275 ഷെയറുകളും ഇതുവരെ (മാർച്ച് 26) ആ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. കമൻ്റുകൾ മുഴുവൻ ഗോപാലകൃഷ്ണനെ പിന്തുണയ്ക്കുന്നവയാണ്. ഹിന്ദുസ്ഥാൻ്റെ കാവിപ്പട, മെട്രോമാൻ (ഗ്രൂപ്പ്), സംഘ സാരഥി എന്നീ അക്കൗണ്ടുകളിൽ ഇതേ കുറിപ്പ് കോപ്പി പേസ്റ്റ് ചെയ്തു ചേർത്തിട്ടുണ്ട് എന്നുകാണാം. രോഹിണി വർമ്മ എന്ന വലതുപക്ഷ എക്സ് അക്കൗണ്ടും ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ദിനംപ്രതി ബിജെപി അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന ഒരു പേജ് ആണിത്. ഇപ്പോഴും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
മുസ്ലിം ലീഗ് നേതാക്കളായ കെ.എം. ഷാജി, കെ.പി.എ. മജീദ് തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളെയും അവരുടെ രാഷ്ട്രീയ പ്രസ്താവനകളെയും ലക്‌ഷ്യം വെച്ചുകൊണ്ടാണ് പല വലതുപക്ഷ അക്കൗണ്ടുകളും പ്രവർത്തിക്കുന്നത് എന്ന് മനസിലാകുന്നു. ‘പ്രജാപതി’ പോലുള്ള ഹാൻഡിലുകൾ ഇവരുടെ ഓരോ പോസ്റ്റിനെയും നിരീക്ഷിച്ച്, അതിലെ ഭാഗങ്ങള്‍ പ്രചരിപ്പിക്കുന്നു. തീവ്ര വലതുപക്ഷ പോസ്റ്റുകൾ മാത്രം പങ്കുവയ്ക്കുന്ന ഒരു അക്കൗണ്ടാണ് പ്രജാപതി.

ഔദ്യോഗികമായി അറിയിച്ചിട്ടില്ലാത്തതോ അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതോ ആയ ചില ‘പ്രസ്താവനകളെ’ വൈറൽ ആക്കുകയാണ് ഇത്തരത്തിലുള്ള പല പേജുകളും ചെയ്യുന്നത്.
2031 പൂർണ്ണമാകുന്നതോടെ മുസ്ലിം ഭരണം പിടിക്കാൻ എസ് ഡി പി ഐയുടെ ആഹ്വാനം, മുസ്ലിം ഭൂരിപക്ഷ കേരളത്തിനായി ജമാ അത്തെ ഇസ്ലാമിയുടെ ആഹ്വനം തുടങ്ങിയ പോസ്റ്റുകൾ സമീപ ദിവസങ്ങളിൽ പ്രചരിച്ചതായി കണ്ടു. ആർ എസ് എസിന്റെ മുഖപത്രമായ ഓർഗനൈസറിലെ വാർത്തയെ അധികരിച്ചാണ് ഈ പോസ്റ്റ് പ്രചരിപ്പിച്ചത്. എന്നാൽ യഥാർത്ഥത്തിൽ എസ് ഡി പി ഐ യോ ജമാ അത്തെ ഇസ്ലാമിയോ ഇത്തരത്തിൽ എന്തെങ്കിലും ആഹ്വനം നടത്തിയതായി വിവരമില്ല.
“യുഡിഎഫിന് ഹിന്ദുക്കൾ വോട്ട് ചെയ്യരുത്, പേര് മാറി ഭരണം കയ്യാളാൻ ഒരു കൂട്ടർ തീവ്രശ്രമത്തിലാണ്, ഹിന്ദുക്കൾ തിരിച്ചറിയുക, വോട്ട് ശരിയാംവണ്ണം ഉപയോഗിക്കുക, 30% ഹിന്ദുക്കൾ ഒന്നിച്ചു നിന്നാൽ ഒറ്റയ്ക്കും ബിജെപിക്ക് ജയിക്കാം” എന്ന ആഹ്വാനമാണ് മറ്റൊന്ന്.

രാഷ്ട്രീയത്തെ വർഗീയവൽക്കരിക്കുന്ന ഇത്തരം പ്രചാരണങ്ങൾക്ക് പൊതുവിൽ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയും ലഭിക്കുന്നുണ്ട്.
”30% ഹിന്ദുക്കൾ ഒന്നിച്ചു നിന്നാൽ ബിജെപിക്ക് ജയിക്കാം” എന്ന തരത്തിലുള്ള ആഹ്വാനങ്ങളും ഇവർ നടത്തുന്നുണ്ട്. ‘2047 ൽ കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം’ എന്ന ഒരു ഗ്രൂപ്പ് തന്നെ നിലവിൽ ഇപ്പോൾ ഫേസ്ബുക്കിൽ സജീവമാണ്. ഫെബ്രുവരി 26 ന് തുടങ്ങിയ ഈ ഗ്രൂപ്പിൽ ഇപ്പോൾ 242 അംഗങ്ങൾ ഉണ്ട്. ഒരു ദിവസം തന്നെ പത്തിൽ കൂടുതൽ പോസ്റ്റുകളാണ് ഈ ഗ്രൂപ്പിൽ വരുന്നത്.
ഇത്തരം പേജുകളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണവും വ്യക്തിഹത്യയും രാഷ്ട്രീയത്തിന് പുറമെ സിനിമാ മേഖലയിലേക്കും.കടന്നിട്ടുണ്ട് . നടൻ ആസിഫ് അലി, വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ‘പ്രതീഷ് വിശ്വനാഥ്’ എന്ന എക്സ് ഹാൻഡിലിലൂടെ പ്രചരിക്കുന്നുണ്ട്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയ പ്രവർത്തകനും അഭിഭാഷകനുമാണ് വിശ്വ ഹിന്ദു പരിഷത്ത് മുൻ നേതാവ് കൂടിയായ പ്രതീഷ് വിശ്വനാഥ്. ഹിന്ദു സേവാ കേന്ദ്രം എന്ന സംഘടനയുടെ മുഖ്യ ഭാരവാഹിയാണ് പ്രതീഷ് വിശ്വനാഥ്.
അധോലോക സംഘത്തിന്റെ തലവനായി അറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിമിനെതിരെ ഇന്ത്യയിൽ ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കുന്ന സമയത്ത് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലിരിക്കുന്ന ദാവൂദിന്റെ ചില ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതുകണ്ട് തന്റെ കുട്ടിക്കാലത്ത് ദാവൂദിനോട് ആരാധന തോന്നിയിരുന്നു എന്നാണ് അഭിമുഖത്തിൽ ആസിഫ് അലി പറയുന്നത്.
വർഷങ്ങൾക്ക് മുൻപുള്ള ഈ വീഡിയോയാണ് ഇപ്പോൾ ആസിഫ് അലിക്കെതിരായ പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
ആസിഫ് അലിയുടെ വാക്യങ്ങളെ, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയോടുള്ള ആരാധനയായി വ്യാഖ്യാനിച്ച് ‘സമൂഹത്തിന് അപകടകാരി’ എന്ന തലക്കെട്ടോടെയാണ് പ്രചരിപ്പിക്കുന്നത്. മാർച്ച് 23 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ, ഇതുവരെ (മാർച്ച് 27) ഒരു ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്. രണ്ടായിരത്തിലധികം പേർ കമൻ്റ് ചെയ്തിട്ടുമുണ്ട്. മട്ടാഞ്ചേരി മാഫിയ, പട്ടിയുടെ വാൽ എന്നിങ്ങനെയൊക്കെയുള്ള കമൻ്റുകൾ അതിലുണ്ട്.

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയായ കെ പി ശശികലയുടെ പേരിലുളള ഒരു അക്കൗണ്ട് വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതിൽ മുന്നിലുണ്ട്. 95,000 ൽ അധികം ഫോളോവേഴ്സ് ഉള്ള ഈ അക്കൗണ്ട് വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നതിൽ മുന്നിലാണ്. ഉത്തര്‍പ്രദേശിലെ ഖുഷി നഗറിലെ സത്യഗ്രഹ എക്സ്പ്രസ്സിൽ നടന്ന നമസ്കാരത്തെ കേരളത്തിൽ നടന്ന സംഭവം എന്ന രീതിയിൽ ഈ അക്കൗണ്ട് മുന്നേ പ്രചരിപ്പിച്ചിരുന്നു. ഈ വ്യാജ പ്രചാരണത്തെ ഒബിസി ഫാക്ട് ചെക്ക് ചെയ്തിരുന്നു.
ഒരു ലക്ഷത്തിലധികം അംഗങ്ങൾ ഉള്ള മെട്രോമാൻ, സംഘശബ്ദം എന്നീ അക്കൗണ്ടുകളും ഇതേ പ്രചാരണങ്ങൾ നടത്തിയിരുന്നു.
മുസ്ലിം വിരുദ്ധത മുഖമുദ്രയാക്കിയ അക്കൗണ്ടുകള്‍
ചില അക്കൗണ്ടുകൾ സ്ത്രീവിരുദ്ധവും അശ്ലീലച്ചുവയുള്ളതുമായ പോസ്റ്റുകൾ കൂടി പങ്കുവയ്ക്കുന്നുണ്ട്. ആയിരക്കണക്കിന് ഫോളോവേഴ് സ് ഉള്ള ‘ബഹുദൈവ വിശ്വാസി മാത്രമാണ് മതേതരൻ’ എന്ന പേജില്‍ ഇങ്ങനെയുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. മുസ്ലിങ്ങളുടെ ആരാധനാ രീതികളെയും വിശ്വാസങ്ങളെയും ലൈംഗികവൽക്കരിച്ചു ചിത്രീകരിക്കുകയാണ് ഇത്തരം പോസ്റ്റുകൾ ചെയുന്നത്.
“മുസ്ലിം സ്ത്രീകളെ പള്ളിയിൽ കയറ്റില്ല, കാരണം വേറൊന്നുമല്ല ഇതുതന്നെ” എന്ന കുറിപ്പോടെ ഒരു കാർട്ടൂൺ പോസ്റ്റ് ചെയ്തത് ‘ബഹുദൈവ വിശ്വാസി മാത്രമാണ് മതേതരൻ’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ്. തീവ്ര വലതുപക്ഷ പോസ്റ്റുകൾ പങ്കുവയ്ക്കുന്ന ഒരു അക്കൗണ്ടാണിത്. നിസ്‌കരിക്കുന്ന പുരുഷന്മാർക്കിടയിൽ ഒരു സ്ത്രീ നിൽക്കുന്നതും പുരുഷന്മാർ ആ സ്ത്രീയെ തുറിച്ചു നോക്കുന്നതുമാണ് കാർട്ടൂണിലെ ചിത്രീകരണം.

മുസ്ലിം സമുദായത്തിലെ പുരുഷന്മാരെ മുഴുവൻ ലൈംഗിക വൈകൃതമുള്ളവരായി ചിത്രീകരിക്കുകയാണ് ഇത്തരം കാർഡുകൾ.
തികഞ്ഞ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന ഒരു പേജ് ആണ് ആയിരക്കണക്കിന് ഫോളോവെർസ് ഉള്ള ‘ബഹുദൈവ വിശ്വാസി മാത്രമാണ് മതേതരൻ. മലപ്പുറം – പ്രസവ യന്ത്രങ്ങളുടെ നാട്, പ്രസവ ജിഹാദ്, പേപ്പട്ടി മതക്കാർ ലോക സമാധാനത്തിനു ഭീഷണി എന്നിങ്ങനെയുള്ള പരാമർശങ്ങളും ഈ അക്കൗണ്ടിൽ തുടരെ തുടരെ ഉപയോഗിക്കുന്നുണ്ട്. ഒരേ പോസ്റ്റ് തന്നെ ഒന്നിൽക്കൂടുതൽ തവണ പോസ്റ്റ് ചെയ്തതായികാണാം.
മതം പറഞ്ഞു ആക്ഷേപിക്കുന്ന പ്രവണതയും ശക്തമാണ്. വലത് രാഷ്ട്രീയ പ്രവർത്തകനായ ശ്രീജിത്ത് പണിക്കരുടെ ഒരു അഭിമുഖം അടുത്തിടെ ഏറെ ചർച്ചയായിരുന്നു. അതിന്റെ അവതാരകനെ മതം സൂചിപ്പിച്ചുകൊണ്ട് ആക്ഷേപിക്കുന്ന പോസ്റ്റുകൾ പ്രചരിച്ചിരുന്നു. അഭിമുഖത്തിനിടയിലെ വാഗ്‌വാദങ്ങൾ ആണ് അവതാരകൻ വിമർശിക്കപ്പെടാനുള്ള കാരണം.‘The Patriot’ എന്ന പേജിൽ, അവതാരകനെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകൾ പ്രചരിരിച്ചതായി കണ്ടു.’ഒരു മദ്രസ ഉൽപ്പന്നത്തിന്റെ ബുദ്ധി’ എന്നാണ് അവതാരകന്റെ ഫോട്ടോയ്ക്ക് ക്യാപ്‌ഷൻ കൊടുത്തിട്ടുള്ളത്.

ഒരു ലക്ഷത്തി അൻപത്തി നാലായിരത്തോളം ഫോളോവേഴ്സ് ഉള്ള ഒരു അക്കൗണ്ട് ആണ് ‘The Patriot’. മുസ്ലിം വിരുദ്ധ പോസ്റ്റുകൾക്ക് പുറമേ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകളും ഈ അക്കൗണ്ട് ദിനംപ്രതി പങ്കുവയ്ക്കുന്നുണ്ട്.
മുസ്ലിം വിരോധം കണ്ടന്റ് ആക്കുന്ന അക്കൗണ്ടുകളിൽ രണ്ടു ലക്ഷത്തിലധികം ഫോളോവെർസ് ഉള്ള ‘ചാണക്യ ന്യൂസ് ടിവി’യും ഉൾപ്പെടും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റുകളോടൊപ്പം മുസ്ലിങ്ങളെ ജിഹാദികൾ, മൂരികൾ, സുഡാപ്പികൾ എന്നീ പേര് വിളിച്ച് അധിക്ഷേപിക്കുന്ന പോസ്റ്റുകളും കുറെയധികം കാണാൻ കഴിയും.
സർക്കാരിനെ അധിക്ഷേപിക്കുന്ന കണ്ടന്റുകൾ
ഭരണ പക്ഷത്തെയും മുഖ്യ മന്ത്രിയെയും കളിയാക്കിക്കൊണ്ടുള്ള മീമുകൾ പങ്കുവയ്ക്കുന്ന ഒരു പേജ് ആണ് എണ്ണായിരത്തിലധികം ഫോളോവേഴ്സ് ഉള്ള ‘ സമ്പൂർണ്ണ സാക്ഷരത മീംസ്’. കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന നിരവധി പോസ്റ്റുകൾ ഈ ഗ്രൂപ്പ് പങ്കുവയ്ക്കുന്നുണ്ട്.

വ്യാജപ്രചാരണങ്ങൾക്കായി പഴയ ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. 2023ൽ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ദൃശ്യങ്ങളാണ് ഇതിനായി ഇപ്പോൾ ഉപയോഗിക്കുന്നത്.
അന്ന് ടൈംസ് സ്ക്വയറിലെ വേദിയിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ നൽകിയ സാധാരണ ഇരുമ്പ് കസേരയെച്ചൊല്ലി വലിയ രീതിയിലുള്ള ചർച്ചകൾ ഉണ്ടായിരുന്നു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് നൽകിയ ഇരിപ്പിടം മോശമായിപ്പോയി എന്ന രീതിയിയിൽ അന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വന്നിരുന്നു.
എന്നാൽ, മൂന്ന് വർഷത്തിന് ശേഷം ഈ പഴയ ചിത്രം വീണ്ടും ചില വലതുപക്ഷ അക്കൗണ്ടുകൾ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ്. ഇരുമ്പ് കസേരയിൽ മുഖ്യമന്ത്രി ഇരിക്കുന്ന ചിത്രവും, അതേ വേഷത്തിൽ അദ്ദേഹം മറ്റൊരു കുഷ്യൻ കസേരയിൽ ഇരിക്കുന്ന ചിത്രവും തമ്മിൽ താരതമ്യം ചെയ്തുകൊണ്ടാണ് പുതിയ പോസ്റ്റുകൾ വരുന്നത്. “ഇരുമ്പ് കസേരയിൽ നിന്നും കുഷ്യൻ കസേരയിലേക്ക് മുഖ്യമന്ത്രി മാറി, ഇതല്ലേ കേരളത്തിന്റെ വികസനം” എന്ന പരിഹാസത്തോടെയാണ് ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടത്.
മാർച്ച് 19 ന് പോസ്റ്റ് ചെയ്ത ഈ പോസ്റ്റ്, 107 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പോസ്റ്റുകളാണ് ഈ അക്കൗണ്ടിൽ ഓരോ ദിവസവും പോസ്റ്റ് ചെയ്യപ്പെടുന്നത്.
കഴിഞ്ഞദിവസം തൃശൂർ എടക്കഴിയൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 37 വയസ്സുകാരിയായ മുഹ്സിന മരണപ്പെട്ട സംഭവത്തെ, മുസ്ലിം സമുദായത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കാനാണ് ചില സോഷ്യൽ മീഡിയ പേജുകൾ ഉപയോഗിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ‘കമ്മി ഫലിതങ്ങൾ’ പോലുള്ള പേജുകൾ ഈ വാർത്തയെ ഇസ്ലാം മതവിശ്വാസത്തോടും ജനസംഖ്യാ വർദ്ധനവിനോടും ബന്ധിപ്പിച്ച് പരിഹാസരൂപേണ അവതരിപ്പിച്ചിരിക്കുന്നു.

ആറാം നൂറ്റാണ്ടിലെ അപരിഷ്കൃത ചിന്തകൾ ഈ നൂറ്റാണ്ടിലും പിന്തുടരുന്ന ജനത എന്ന് പോസ്റ്റിൽ കുറിച്ചിരിക്കുന്നു. ഇതാണ് പ്രബുദ്ധകേരളം എന്ന് അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്. 265 ലൈക്കും 29 കമൻ്റും 57 ഷെയറുകളും ഈ പോസ്റ്റിന് ഇതുവരെ (27/3/26) ലഭിച്ചിട്ടുണ്ട്. മുസ്ലിം സ്ത്രീകളെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിക്കുന്ന കമൻ്റുകളാണ് ഇതിനുള്ളത്. സംഘ ശക്തി പോലുള്ള പേജുകള്‍ ഈ പോസ്റ്റ് ഫേസ്ബുക്കില്‍ റീ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഒരു വശത്ത് സോഷ്യൽ മീഡിയയിൽ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നു. അതേ സമയം മറുവശത്ത് വർഗീയതയും വിദ്വേഷവും പടർത്തുന്ന കണ്ടന്റുകൾ വ്യാപകമായി പ്രചരിക്കുന്നു. ഇത്തരത്തിലുള്ള ഒരേ കണ്ടൻ്റുകൾ പോസ്റ്റ് ചെയ്യുന്ന നിരവധി അക്കൗണ്ടുകളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി പ്രവർത്തിപ്പിക്കുന്നത്. ദിനംപ്രതി വ്യാജ വാർത്തകളുടെ പ്രചാരണം നടത്തിയിരുന്ന കുറെയധികം പേജുകൾ, ഇപ്പോൾ വിദ്വേഷ പ്രചാരണത്തിൻ്റെ ഭാഗമായി കൂടി പ്രവർത്തിക്കുകയാണ്. നിരവധി ഫോളോവേഴ്സ് ഉള്ള സിനിമ/എൻ്റർടെയ്ൻമെൻ്റ് പേജുകൾ ബിജെപിയും എൻ ഡി എയും വലിയ തോതിൽ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. അതേസമയം, ചാണക്യ, കർമ്മ, സുദർശനം, ത്രയംബക പോലുള്ള തീവ്ര വലതുപക്ഷ അക്കൗണ്ടുകളാകട്ടെ കടുത്ത വിദ്വേഷ പ്രചാരണങ്ങളുമായി മുന്നേറുന്നു.
