E20 ജനതാപാർട്ടിക്കൊരു മാനിഫെസ്റ്റോ

E20 ജനതാപാർട്ടിക്കൊരു മാനിഫെസ്റ്റോ

എഥനോൾ മിശ്രിത പെട്രോൾ ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കുമെന്നത് ജനങ്ങൾ അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. മൈലേജ് കുറക്കുക മാത്രമല്ല, എഞ്ചിനുകളുടെ കാര്യക്ഷമതയെ മോശമായി ബാധിക്കുകയും ചെയ്യും. രാജ്യത്തെ പൗരന്മാർക്ക് നഷ്ടം മാത്രം ഉണ്ടാക്കുന്ന എഥനോൾ പെട്രോൾ അടിച്ചേൽപ്പിക്കുന്നതെന്തിന്?

നീറ്റ് (NEET) ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തില്‍ നടന്ന 37 ദിവസം നീണ്ട വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിനു പിന്നാലെ സോഷ്യൽ മീഡിയ വഴി മറ്റൊരു സമരത്തിനുള്ള ആഹ്വാനം മുഴങ്ങിക്കഴിഞ്ഞു. എഥനോൾ മിശ്രിത പെട്രോളിനെതിരായി രാജ്യവ്യാപകമായി സമരം ചെയ്യാനാണ് ഒരു വിഭാഗം ആഹ്വാനം ചെയ്തിരിക്കുന്നത്. വാഹന ഉടമകളുടേയും തൊഴിലാളികളുടേയും സംഘടനകളും കൂട്ടായ്മുകളും ഇതിനകം തന്നെ സമരപ്രഖ്യാപനം നടത്തിയിട്ടുണ്ട്. 

‘അടുത്തത് നിതിൻ ഗഡ്കരി’ എന്ന പ്രഖ്യാപനത്തോടെ റീലുകളും പോസ്റ്റുകളും സജീവമാണ്. ഇതിന് പിന്നാലെയാണ്, രാജ്യത്ത് എഥനോൾ മിശ്രിത പെട്രോള്‍ കൊണ്ടുവരുന്നതില്‍ ‘തനിക്കൊരു പങ്കു’മില്ലെന്നും 2003 ല്‍ തന്നെ തുടങ്ങിയ പദ്ധതിയാണിതെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ബോംബെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇതോടെ നിതിൻ ഗഡ്കരി വിവാദ പദ്ധതിയിൽ നിന്ന് ‘തലയൂരുകയാണെ’ന്ന വാദവും സജീവമായി.

യഥാര്‍ത്ഥത്തില്‍ എന്താണ് E20 പെട്രോൾ? ‌എന്തുകൊണ്ടാണ് ഈ പുതിയ ഇന്ധന മിശ്രിതം വിവാദത്തിന് കാരണമാവുന്നത്?

ഈ വർഷം ജൂലൈയിൽ ഛത്തീസ്‌ഗഢിലെ റായ്പ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. E20 പെട്രോൾ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒരു കാറിന്റെ എന്‍ജിന്‍ തകരാറിലായെന്ന പരാതിയിലായിരുന്നു ഉത്തരവ്. മാരുതി സുസുകി കമ്പനി എതിര്‍ കക്ഷിയായ കേസില്‍ പരാതിക്കാരന് കാര്‍ മാറ്റി നല്‍കണം എന്നായിരുന്നു വിധി. പുതുതായി നല്‍കുന്ന കാര്‍ E20 പെട്രോൾ ഉപയോഗിക്കാവുന്നതായിരിക്കണമെന്നും കമ്മീഷന്‍ നിഷ്കര്‍ഷിച്ചിരുന്നു. 

കേവലമൊരു ഉപഭോക്തൃ തര്‍ക്ക പരിഹാര നടപടിയെന്നതിലുപരി, ഈ കേസിന് മറ്റൊരു രാഷ്ട്രീയമാനം കൂടിയുണ്ട്. E20 ഇന്ധനത്തിന്‍റെ ഉപയോഗം ഇന്ത്യയിലെ വാഹനങ്ങളിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് ഒരു ജുഡീഷ്യൽ സംവിധാനം ആദ്യമായി അംഗീകരിക്കുന്നത് ഈ കേസിലാണ്. 

ഊർജ്ജ സുരക്ഷക്ക് വേണ്ടിയെന്ന് വാദം 

സാധാരണ പെട്രോളിൽ 20 ശതമാനം എഥനോൾ (Ethanol) ചേർത്ത് തയാറാക്കുന്ന ഇന്ധനമാണ് ‘E20 പെട്രോൾ’. രാജ്യവ്യാപകമായി E20 പെട്രോൾ കൊണ്ടുവരുന്നതും നിര്‍ബന്ധമാക്കുന്നതും ഊർജ്ജസുസ്ഥിരതക്കു വേണ്ടിയാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്.

നിലവിൽ ഇന്ത്യക്കാവശ്യമായ അസംസ്കൃത എണ്ണയുടെ 88 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി കുറച്ച്, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുകയാണ് E20 പെട്രോള്‍ വ്യാപനത്തിന്‍റെ പ്രധാന ഉദ്ദേശ്യമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇന്ത്യയുടെ ആകെ ഇറക്കുമതി തീരുവയുടെ 25 ശതമാനവും ചെലവിടുന്നത് ക്രൂഡ് ഓയിലിനായാണ്. എണ്ണയുടെ ഉപഭോഗം കുറയ്ക്കുന്നതിലൂടെ ഇറക്കുമതി തീരുവ കുറയ്ക്കുക, വാഹനങ്ങളിൽ നിന്നുള്ള കാർബൺ ബഹിർഗമനം കുറയ്ക്കുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി E20 പെട്രോള്‍ നിർബന്ധമാക്കിയത്. 

ഇറക്കുമതി തീരുവ കുറയ്ക്കുന്നതിലൂടെ വിദേശ നാണയ വിനിമയ (Foreign Exchange) ചോർച്ച തടയാൻ സാധിക്കുമെന്നും, കരിമ്പിൽ നിന്നും ധാന്യങ്ങളിൽ നിന്നും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന എഥനോൾ ഉപയോഗിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകാനും കഴിയുമെന്ന് സർക്കാർ അവകാശപ്പെടുന്നു.

വാഹന ഉടമകളുടെ ആശങ്ക 

എന്നാൽ, ഈ ധൃതിപിടിച്ചുള്ള മാറ്റം വാഹന ഉടമകളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. E20 പെട്രോളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ഇതിന് ആക്കം കൂട്ടുകയും ചെയ്തു. 2023-ന് മുമ്പ് നിർമ്മിച്ച കാറുകളും ബൈക്കുകളുമൊന്നും E20 പെട്രോളിന് അനുയോജ്യമായി രൂപകൽപ്പന ചെയ്തവയല്ല. എല്ലാ വാഹനങ്ങൾക്കും ഈ ഇന്ധനം സുരക്ഷിതമാണെന്ന് സർക്കാർ വാദിക്കുമ്പോഴും, E20 പെട്രോളിന് ഇന്ധന ക്ഷമത കുറവാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പുതിയ ഇന്ധനം നിറക്കുന്ന വാഹനങ്ങൾക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നുണ്ടെന്ന് വാഹന ഉടമകളും ഡ്രൈവര്‍മാരും ഒരേ സ്വരത്തില്‍ പറയുന്നു.

2025 ജൂലൈയിലാണ് കേന്ദ്ര സർക്കാർ പെട്രോളിലെ എഥനോളിന്റെ അളവ് 20 ശതമാനമാക്കിയതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഡൽഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ, E20 പെട്രോളിന്റെ ഉപയോഗം സംബന്ധിച്ച വാഹന ഉടമകളുടെ ആശങ്കകളെ പരിഹസിച്ച് തള്ളിക്കളഞ്ഞിരുന്നു. വാർത്തകൾ “വ്യാജ പ്രചാരണങ്ങൾ” മാത്രമാണെന്നാണ് ഹർദീപ് സിംഗ് പുരി മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ മന്ത്രിയുടെ വാദങ്ങളെ കേന്ദ്ര സർക്കാർ രേഖകൾ തന്നെ പൂർണ്ണമായും തള്ളിക്കളയുന്നുണ്ട്. എഥനോൾ മിശ്രിത പെട്രോളിനെ പറ്റി നീതി ആയോഗ് 2021 ജൂണിൽ പുറത്തിറക്കിയ പഠനത്തിൽ ഇതിന് ഇന്ധന ക്ഷമത കുറവാണെന്ന് വ്യക്തമാക്കുന്നുണ്ട്. 

ഇന്ധന ക്ഷമതയെ ബാധിക്കുമെന്ന് നീതി ആയോഗ് 

നേരത്തെ രാജ്യത്ത്, 10 ശതമാനം എഥനോൾ കലർന്ന E10 പെട്രോൾ നിലവിലുണ്ടായിരുന്നു. നീതി ആയോഗ് റിപ്പോർട്ട് പറയുന്നതനുസരിച്ച്, എഥനോൾ മുക്ത പെട്രോളിനായി (E0) നിർമ്മിച്ച്, പിന്നീട് E10 പെട്രോളിന് അനുയോജ്യമാക്കി മാറ്റിയ (Calibrate) നാല് ചക്രവാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിച്ചാൽ 6 മുതൽ 7 ശതമാനം വരെ ഇന്ധനക്ഷമത കുറയും. സമാന രീതിയിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് 3 മുതൽ 4 ശതമാനം വരെ മൈലേജ് നഷ്ടപ്പെടും. ഇനി, വാഹനങ്ങളെ E20 പെട്രോളിന് അനുയോജ്യമാക്കി പുതുക്കിയാൽ പോലും ഇന്ധനക്ഷമതയിൽ കുറവുണ്ടാകുമെന്ന് നീതി അയോഗ് റിപ്പോർട്ട് പറയുന്നു.

കേന്ദ്ര സർക്കാർ അംഗീകരിച്ചാലും ഇല്ലെങ്കിലും, E20 പെട്രോളിന് ഇന്ധന ക്ഷമത കുറയുമെന്നത് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. എഥനോളിന് പെട്രോളിനേക്കാൾ (Gasoline) 30 മുതൽ 35 ശതമാനം വരെ ഊർജ്ജ ശേഷി കുറവാണ്. അതായത്, ഒരു ലിറ്റർ എഥനോൾ കത്തുമ്പോൾ ലഭിക്കുന്ന ഊർജ്ജം ഒരു ലിറ്റർ പെട്രോളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ 33 ശതമാനം കുറവാണ്. 1 ലിറ്റർ പെട്രോളിന്റെ 20 ശതമാനം എഥനോൾ ആയാൽ, അതിനർത്ഥം ഉത്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം അത്രത്തോളം കുറയുമെന്നുതന്നെയാണ്.

നഷ്ടത്തിന്റെ കണക്കുകള്‍

ഓൺലൈൻ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായ ‘ലോക്കൽ സർക്കിൾസ്’ (LocalCircles) നടത്തിയ പഠനത്തിലും E20 പെട്രോളിന് ഇന്ധന ക്ഷമത കുറവാണെന്ന് വ്യക്തമാക്കുന്നു. 44,000 പെട്രോൾ വാഹന ഉടമകൾക്കിടയിൽ നടന്ന സർവേയിൽ പങ്കെടുത്തവരില്‍ ഭൂരിപക്ഷം പേരും, E20 പെട്രോൾ വന്നതിന് ശേഷം ഇന്ധന ക്ഷമത കുറയുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്.

2026 ജൂണിൽ നടന്ന സർവേയിൽ പങ്കെടുത്ത അറുപത്തഞ്ച് ശതമാനത്തിലേറെ പേര്‍ E20 പെട്രോൾ വന്നതിന് ശേഷം ഇന്ധന ക്ഷമത 10 ശതമാനത്തോളം കുറഞ്ഞതായി പറയുന്നു. ഈ വർഷം തന്നെ മെയ് മാസത്തിൽ നടന്ന സർവേയിൽ ഇങ്ങനെ പറയുന്നര്‍ നാല്‍പത്തഞ്ച് ശതമാനം മാത്രമായിരുന്നു. 

88,234 കോടി രൂപയുടെ അധിക ചെലവ് 

റിപ്പോർട്ടേർസ് കളക്ടീവ് (The Reporters’ Collective) എന്ന മാധ്യമ കൂട്ടായ്മയുടെ റിപ്പോർട്ടനുസരിച്ച്, E20 പെട്രോൾ മൂലമുണ്ടായ മൈലേജ് നഷ്ടം ഇന്ത്യയിലെ വാഹന ഉടമകൾക്ക് 88,234 കോടി രൂപയുടെ അധിക ചെലവുണ്ടാക്കിയിട്ടുണ്ട്. ഇന്ധന ക്ഷമത കുറയുന്നതനുസരിച്ച്, പെട്രോളിനായി കൂടുതൽ പണം മുടക്കേണ്ടി വരും. 2023 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള രാജ്യത്തെ പെട്രോൾ ഉപഭോഗ കണക്കുകളും വാഹനങ്ങളുടെ എണ്ണവും വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതനുസരിച്ച്, E20 പെട്രോൾ മൂലം 2025 – 26 സാമ്പത്തിക വർഷത്തിൽ മാത്രം ഉപഭോക്താക്കൾക്ക് 37,843 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായി.

“ഒരു കാറിന്റെ ഇന്ധനക്ഷമത ഒന്നോ രണ്ടോ ശതമാനം കുറയുന്നതിന് പിന്നിൽ 21 കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ എനിക്ക് കഴിയും,” എന്നാണ് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞത്. E20 പെട്രോൾ ഉപയോഗിക്കുന്നതിനേക്കാൾ, രാജ്യത്തെ വിവിധ നഗരങ്ങളിലെ ഗതാഗതക്കുരുക്കിലൂടെ വാഹനം ഓടിക്കുന്നതാണ് ഇന്ധന ക്ഷമത കുറയാൻ കാരണമെന്നാണ് മന്ത്രി പറഞ്ഞത്. ഇന്ധന ക്ഷമത വ്യക്തികൾക്ക് കണക്കാക്കാൻ സാധിക്കില്ലെന്നും അതിന് മറ്റ് ശാസ്ത്രീയ തെളിവുകൾ വേണമെന്നും ഇദ്ദേഹം പറയുന്നു.

എഞ്ചിൻ തകർക്കുന്ന E20

വാഹനങ്ങളുടെ പ്രവർത്തന ക്ഷമതയേയും E20 പെട്രോൾ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. E20 പെട്രോൾ കാരണം തന്റെ വാഹനത്തിന്റെ എഞ്ചിന് ഗുരുതരമായ തകരാറ് പറ്റിയെന്നും ഇന്ധന ക്ഷമത കുറഞ്ഞുവെന്നുമായിരുന്നു റായ്പ്പൂർ കേസിൽ പരാതിക്കാരന്റെ വാദം. E20 പെട്രോൾ നിലവിൽ വന്നതിന് ശേഷം വാങ്ങിയ വണ്ടിയായിട്ട് പോലും അതിന് അനുയോജ്യമായ വാഹനമല്ല നൽകിയതെന്ന നിരീക്ഷണത്തോടെയാണ് റായ്പ്പൂർ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ മാരുതി സുസുക്കി കമ്പനിക്കെതിരെ നടപടിയെടുത്തത്. 

വാഹന നിർമ്മാതാക്കളും ഡീലറും ആരോപണങ്ങളെ എതിർത്തിരുന്നു. വാഹനം E20 പെട്രോളിന് അനുയോജ്യമാണെന്നും, കൃത്യമായി പരിപാലിക്കാത്തതും ഉപയോഗം മൂലമുള്ള തേയ്മാനവുമാകാം തകരാറിന് കാരണമെന്നുമായിരുന്നു അവരുടെ വാദം. എന്നാൽ ഈ വാദങ്ങൾ കമ്മീഷൻ പൂർണമായും തള്ളിക്കളയുകയായിരുന്നു. 

കമ്മീഷൻ ഉത്തരവിൽ ഇന്ധന ലഭ്യതയെക്കുറിച്ച് സുപ്രധാനമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. പെട്രോൾ പമ്പുകളിൽ നിലവിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ഇന്ധനമായി E20 മാറിയിട്ടുണ്ടെന്നും, അതിനാൽ ഉപഭോക്താക്കൾക്ക് മറ്റ് ഇന്ധനങ്ങൾ തിരഞ്ഞെടുക്കാൻ മാർഗ്ഗങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ, വാഹന ഉടമകൾ E20 ഇന്ധനം ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിസഹമല്ലെന്നും ഉത്തരവിൽ പറയുന്നു.

ഉപഭോക്താക്കളുടെ ആശങ്ക

കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ‘ലോക്കൽ സർക്കിൾസ്’ നടത്തിയ സർവേയിലും ഇക്കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്. E20 പെട്രോൾ ഉപയോഗം മൂലം വാഹനങ്ങൾക്ക് നിരന്തരം കേടുപാടുകൾ സംഭവിക്കുന്നതായി 2026 ജൂണിലെ സർവേയിൽ പങ്കെടുത്ത 55 ശതമാനം പേരും പറയുന്നു. 2026 മെയ് മാസത്തിലെ സർവേയിൽ ഇങ്ങനെ പറയുന്നവർ 29 ശതമാനമായിരുന്നു.

E20 മിശ്രിതം ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് നീതി ആയോഗിന്റെ റിപ്പോർട്ടിൽ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ലോഹ ഭാഗങ്ങളെ കാര്യമായി ബാധിക്കില്ലെങ്കിലും, E20 ഇന്ധനം വാഹനങ്ങളിലെ റബ്ബർ, പ്ലാസ്റ്റിക് ഭാഗങ്ങളെ ദുർബലമാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. NBR/PVC ബ്ലെൻഡുകൾ, എപ്പിക്ലോറോഹൈഡ്രിൻ (Epichlorohydrin), PA66 പ്ലാസ്റ്റിക് എന്നിവയെ എഥനോൾ ദോഷകരമായി ബാധിക്കും. ഫ്യുവൽ ലൈനുകൾ, സീലുകൾ, ഗാസ്കറ്റുകൾ, ഫ്യുവൽ പമ്പുകൾ എന്നിവയിലെല്ലാം ഇവ ഉപയോഗിക്കുന്നുണ്ട്.

E20 പെട്രോൾ നിര്‍ബന്ധമാക്കിയപ്പോൾ 

2026 ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് E20 പെട്രോൾ നിർബന്ധമാക്കിയിട്ടുണ്ട്. 2023 ഏപ്രിലില്‍ പ്രാബല്യത്തിൽ വന്ന ‘ബിഎസ്-VI സ്റ്റേജ് 2’ (BS VI stage 2) മാനദണ്ഡങ്ങൾ പാലിച്ച് നിര്‍മ്മിച്ച വാഹനങ്ങള്‍ മാത്രമാണ് പൂർണ്ണമായും E20 പെട്രോളിന് അനുയോജ്യമായിട്ടുള്ളത്.

വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം കുറയ്ക്കാനായി വാഹന നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന മാനദണ്ഡങ്ങളാണ് ‘BS’ (Bharath Stage) എന്ന പേരിൽ അറിയപ്പെടുന്നത്. വർഷങ്ങൾ തോറും സർക്കാർ ഇതിൽ മാറ്റങ്ങൾ കൊണ്ട് വരാറുണ്ട്. അതായത്, 2023 ഏപ്രിലിന് മുൻപ് നിർമ്മിച്ച വാഹനങ്ങൾ E20 ക്ക് അനുയോജ്യമായിരിക്കണമെന്ന് നിർബന്ധമില്ല. മൂന്ന് വർഷം മുമ്പ് നിര്‍മ്മിച്ച ഒരു വാഹനവും നിലവില്‍ ലഭ്യമായ പെട്രോള്‍ ഉപയോഗിച്ച് പ്രവർത്തിക്കാൻ അനുയോജ്യമല്ലെന്ന് പറയാം. 

രാജ്യത്തെ എത്രത്തോളം വാഹനങ്ങൾ E20 പെട്രോളിന് അനുയോജ്യമാണെന്ന ചോദ്യത്തിന്, അത്തരത്തിലുള്ള പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് പെട്രോളിയം സഹ മന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചത്. എന്നാൽ, അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ റോയിട്ടേഴ്സ് ഫൗണ്ടേഷൻ നടത്തിയ പഠനമനുസരിച്ച്, കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ട പെട്രോൾ വാഹനങ്ങളിൽ 20 ശതമാനം മാത്രമാണ് പൂർണ്ണമായും E20 പെട്രോളിന് അനുയോജ്യമായിട്ടുള്ളത്. അതായത്, നിലവിലുള്ള 80 ശതമാനത്തോളം വാഹനങ്ങളും E20 ക്ക് അനുയോജ്യമല്ല. 

നിരവധി നഗരങ്ങളിലെ വർക്ക്‌ഷോപ്പുകളിൽ ഫ്യുവൽ പമ്പ് തകരാറുകളും ഫിൽട്ടർ അടയുന്ന പ്രശ്നങ്ങളുമായി എത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതായും റിപ്പോർട്ടുകളുണ്ട്.

നിതിൻ ഗഡ്‌കരിയുടെ കുടുംബ ബിസിനസ്സ് 

E20 നയരൂപീകരണത്തിന് പിന്നിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ കുടുംബത്തിന് നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്ന ആരോപണവും ശക്തമാണ്. ഗഡ്കരിയുടെ മക്കൾ നടത്തുന്ന ‘സിയാൻ അഗ്രോ’ (CIAN Agro) എന്ന കമ്പനിയാണ് വിവാദങ്ങളുടെ ഹേതു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ, എഥനോൾ ഉത്പാദിപ്പിക്കുന്ന ഈ കമ്പനിയുടെ അസാധാരണമായ വളർച്ച വിവാദത്തിന് ആക്കം കൂട്ടി. 

2024 -25 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 17 കോടി രൂപയായിരുന്നു ഈ കമ്പനിയുടെ മൊത്തവരുമാനം. 2026 ഒന്നാം പാദത്തിൽ ഇത് 511 കോടി രൂപയായി ഉയർന്നു. അതായത്, രണ്ട് വർഷത്തില്‍ 30 മടങ്ങിന്റെ വർദ്ധന.

തുടക്കം മുതൽക്കേ E20 പെട്രോൾ നയത്തിനായി നിതിൻ ഗഡ്കരി ശക്തമായി വാദിച്ചിരുന്നു. ഒന്നര വർഷത്തിനിടയിൽ, സിയാൻ അഗ്രോയുടെ ഓഹരി വില 40 രൂപയിൽ നിന്ന് 3,138 രൂപയായി ഉയർന്നു. വിപണി മൂല്യം 9,222 കോടി രൂപയിലെത്തുകയും ചെയ്തു. ആരോപണങ്ങൾ ഗഡ്കരി നിഷേധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആകെ എഥനോൾ ഉൽപ്പാദനത്തിൽ സിയാൻ അഗ്രോയുടെ പങ്ക് 0.5 ശതമാനം മാത്രമാണെന്നും എഥനോൾ വില നിശ്ചയിക്കുന്നത് കേന്ദ്ര കാബിനറ്റാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഉപഭോക്താക്കൾക്ക് കിട്ടാത്ത ലാഭ വിഹിതം

എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് കോടി കണക്കിന് രൂപയുടെ ലാഭമുണ്ടാകുന്നുണ്ട്. എന്നാൽ E20 ഉപയോഗത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് ഇതിൽ ഒരു പങ്ക് പോലും സബ്സിഡിയായി നൽകുന്നില്ലെന്നാണ് മറ്റൊരു പ്രധാന വിമർശനം. 

കേന്ദ്ര സർക്കാർ ലോക്സഭയിൽ പറഞ്ഞതനുസരിച്ച്, E20 പെട്രോൾ രാജ്യത്ത് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും E0 പെട്രോളിന് ചില ഇളവുകളുണ്ട്. അതായത്, എഥനോൾ അല്‍പം പോലും കലരാത്ത പെട്രോൾ ഇപ്പോഴും രാജ്യത്തെ ചില പമ്പുകളിൽ നിയമപരമായി തന്നെ ലഭിക്കും. ഡൽഹിയിൽ എഥനോൾ മുക്ത (E0) പെട്രോളിന് E20 പെട്രോളിനേക്കാൾ 66 മുതൽ 68 രൂപ വരെ അധികം വില വരുന്നുണ്ട്. ഇത് സാമ്പത്തികമായി ലാഭകരമല്ലാത്തതിനാൽ ജനങ്ങൾ E20 പെട്രോൾ തന്നെ ഉപയോഗിക്കാന്‍ നിർബന്ധിതമാകുന്നു. E20 പെട്രോൾ നയം വിജയകരമായി നടപ്പാക്കുന്നതിലൂടെ എണ്ണ ഇറക്കുമതിയിൽ നിന്ന് മാത്രം പ്രതിവർഷം 30,000 കോടി രൂപ ലാഭിക്കാമെന്ന് നീതി ആയോഗ് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഈ തുകയുടെ ഒരു വിഹിതം പോലും ഉപഭോക്താക്കൾക്ക് ഇന്ധനവിലയിൽ ഇളവായി നൽകിയിട്ടില്ല.

അതേസമയം, E20 പദ്ധതി പലമേഖലകളിലും നേട്ടമുണ്ടാക്കിയെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശ വാദം. പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ 1.97 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ കഴിഞ്ഞെന്ന് സർക്കാർ പറയുന്നു. അസംസ്കൃത എണ്ണയുടെ (Crude oil) ഉപയോഗം 316 ലക്ഷം മെട്രിക് ടൺ കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. E20 പെട്രോളിലേക്ക് മാറിയതിലൂടെ, 95.2 ദശലക്ഷം മെട്രിക് ടണ്ണോളം കാർബൺ ഡൈ ഒക്സൈഡ് (CO2) ബഹിർഗമനം കുറയ്ക്കാന്‍ സാധിച്ചുവെന്നും സർക്കാർ പറയുന്നു. ഏകദേശം 2.06 കോടി കാറുകൾ ഒരു വർഷം പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ഇത്രത്തോളം തന്നെ വരും. കൂടാതെ, എഥനോൾ ഉൽപ്പാദനാവശ്യത്തിനായി കരിമ്പ്, ചോളം തുടങ്ങിയവ നൽകിയ കർഷകർക്ക് 1.66 ലക്ഷം കോടി രൂപ ലഭിച്ചെന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.

ധൃതിപിടിച്ചുള്ള മാറ്റവും ബ്രസീൽ മാതൃകയിലെ വൈരുധ്യങ്ങളും

E20 നയം പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും 2003 മുതൽ ആരംഭിച്ച ദീർഘകാല ദൗത്യമാണെന്നുമാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ വിശദീകരണം. 2001 ലെ വാജ്പേയി സർക്കാരിന്റെ കാലത്താണ് ഇന്ത്യയിൽ പെട്രോളിലെ എഥനോൾ മിശ്രണം പൈലറ്റ് പദ്ധതിയായി ആരംഭിച്ചത്. 2004 ൽ രാജ്യത്ത് പെട്രോളിൽ എഥനോൾ കലർത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2006 ആയപ്പോളേക്കും പെട്രോളിലെ എഥനോളിന്റെ അളവ് ഇന്ത്യ 5 ശതമാനമായി ഉയർത്തി. 

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് കൊണ്ട് വന്ന (2018) ദേശീയ ജൈവഇന്ധന നയത്തിന് ശേഷമാണ് പെട്രോളിൽ എഥനോൾ ചേർക്കുന്ന പരിപാടി വേഗത്തിലാക്കിയത്. 2019 – 20ൽ 5 ശതമാനമായിരുന്ന പെട്രോളിലെ എഥനോളിന്റെ അളവ് 2021-22 ആയപ്പോഴേക്കും 10 ശതമാനമായി വർധിപ്പിച്ചു. 2025-26 ഓടെ 20 ശതമാനമായും ഉയർന്നു. 2030-ഓടെ കൈവരിക്കാൻ ലക്ഷ്യമിട്ടിരുന്ന E20 ലക്ഷ്യം അഞ്ച് വർഷം മുമ്പേ നടപ്പിലാക്കാൻ തീരുമാനിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

അതായത്, കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞത് ഭാഗികമായി ശരിയാണെന്ന് പറയാം. 2001 മുതൽ ഇന്ത്യയിൽ പെട്രോളിൽ എഥനോൾ കലർത്തുന്നത് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഒന്നാം മോദി സർക്കാരിന്റെ കാലം മുതൽക്കാണ് അത് വേഗതയിലായത്. മാത്രമല്ല, അതിന് മുൻപ് 5 ശതമാനത്തിന് താഴെയായിരുന്ന പെട്രോളിലെ എഥനോളിന്റെ അളവ് കഴിഞ്ഞ എട്ട് വർഷം കൊണ്ട് 20 ശതമാനമായി വർധിച്ചു.

Chart showing India's ethanol blending percentage in petrol from 2020 to 2026 reaching 20 percent E20 target.
കഴിഞ്ഞ ആറ് വർഷങ്ങളിൽ പെട്രോളിലെ എഥനോളിന്റെ അളവ്. ആറ് വർഷം കൊണ്ട് തന്നെ 12 ശതമാനത്തോളം വർധിപ്പിച്ചിരിക്കുന്നതായി കാണാം.

E20 നയരൂപീകരണത്തിന് ഉദാഹരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത് ബ്രസീലിൽ പെട്രോളിൽ എഥനോൾ കലർത്തൽ വിജയകരമായി നടപ്പാക്കിയെന്നാണ്. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രസീൽ മുപ്പതിലധികം വർഷം കൊണ്ടാണ് പെട്രോളിലെ എഥനോളിന്റെ അളവ് 30 ശതമാനത്തിലേക്ക് എത്തിച്ചത്. ഇന്ത്യയിൽ പെട്രോളിലെ എഥനോളിന്റെ അളവ് 5 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിലേക്ക് എത്തിയത് വെറും എട്ട് വർഷം കൊണ്ടാണ്. അതായത്, വാഹന നിർമ്മാതാക്കൾക്കടക്കം ഒരു മേഖലയിൽ ഉള്ളവർക്കും വേണ്ടത്ര സമയം ലഭിച്ചിട്ടില്ല. 

മാത്രമല്ല, ബ്രസീലിൽ ഒന്നിലധികം ഇന്ധനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ‘ഫ്ലെക്സ്-ഫ്യുവൽ’ (Flexfuel) വാഹനങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. അനുവദനീയമായുള്ള ഏതളവിലുള്ള എഥനോൾ മിശ്രിത പെട്രോൾ ഉപയോഗിച്ചാലും വാഹനങ്ങൾക്ക് അതിനനുസരിച്ച് പ്രവർത്തിക്കാനാകും. എന്നാൽ ഇന്ത്യയിൽ, ഇത്തരത്തിൽ വാഹനങ്ങൾ പ്രവർത്തിക്കില്ലെന്ന് മാത്രമല്ല, ബദൽ പെട്രോൾ സംവിധാനങ്ങൾ ഇല്ലെന്ന് വേണം പറയാൻ. എഥനോൾ വിമുക്ത E0 പെട്രോൾ ലഭിക്കുമെങ്കിലും, ഇതിന്റെ വില സാധാരണക്കാരന് താങ്ങാനാവുന്നതല്ല.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top