13 കോടി പേരുടെ വോട്ടവകാശം, മൂന്ന് പേരുടെ അഭിപ്രായ വ്യത്യാസം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ

13 കോടി പേരുടെ വോട്ടവകാശം, മൂന്ന് പേരുടെ അഭിപ്രായ വ്യത്യാസം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു ആന്തരിക പ്രതിസന്ധിയാണ് തെരഞ്ഞെടുപ്പു കമ്മീഷനിലെ ഭിന്നതയെക്കുറിച്ചുള്ള ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നിരിക്കുന്നത്. രാജ്യത്തെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് പേർ – കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും – കമ്മീഷന്റെ തീരുമാനങ്ങൾക്കെതിരെ 14 തവണ ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന വസ്തുത അത്യസാധാരണമാണ്. 

എന്താണ് സംഭവിച്ചത്?

2025 ജൂണിൽ “സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ” (SIR) എന്ന വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ 13 കോടിയിലധികം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിലേക്ക് നയിച്ചു. ബിഹാറില്‍ തുടങ്ങിയ ഈ പട്ടിക പരിഷ്കരണം രാജ്യമൊട്ടാകെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നടപ്പായത്. ഈ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പുതിയ വോട്ടർമാരെ ചേർക്കുന്നതിലും പേരുകൾ നീക്കം ചെയ്യുന്നതിലുമെടുത്ത പല തീരുമാനങ്ങളും സന്ധുവിന്‍റേയും ജോഷിയുടേയും എതിര്‍പ്പിനെ മറികടന്നായിരുന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ്സ് പുറത്തുകൊണ്ടുവന്ന വാര്‍ത്തയില്‍ നിന്ന് വ്യക്തമാവുന്നത്. ഈ എതിർപ്പുകള്‍ മിക്കവയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇ മെയിൽ വഴി അറിയിച്ചിരുന്നുവെന്നും ചിലത് ഡെപ്യൂട്ടി കമ്മീഷണർമാർക്കും അയച്ചിരുന്നുവെന്നും ഇന്ത്യന്‍ എക്സപ്രസ് ലേഖിക റിതിക ചോപ്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആർക്കാണ് അധികാരം? നിയമം പറയുന്നത്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും പരമാവധി ഏകകണ്ഠമായിരിക്കണമെന്ന് നിയമം തന്നെ അുശാസിക്കുന്നുണ്ട്. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ഭൂരിപക്ഷാഭിപ്രായം നിലനിൽക്കണം. ചീഫ് ഇലക്ഷൻ കമ്മീഷണർ ഉൾപ്പെടെ മൂന്ന് അംഗങ്ങളും തുല്യ അധികാരമുള്ളവരാണ്. ഒരാൾ മാത്രം തീരുമാനമെടുത്താൽ അത് നിയമപരമായി സാധുവല്ല. ചീഫ് ഇലക്ഷൻ കമ്മീഷണർ “ഒന്നാമൻ” എന്ന് വിശേഷിപ്പിക്കപ്പെടുന്നത് യോഗങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ മാത്രമാണ്. ഔദ്യോഗികമായ തീരുമാനത്തിന് ബാക്കി രണ്ട് പേരുടെ അംഗീകാരം കൂടി വേണം. ജോലി വിഭജനം പോലും മൂന്ന് പേരും ചേർന്ന് ഏകകണ്ഠമായി തീരുമാനിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. തിരഞ്ഞെടുപ്പ് പോലുള്ള നിർണായക പ്രക്രിയയിൽ അധികാരം ഒരാളിൽ കേന്ദ്രീകരിക്കാതിരിക്കാനാണ് ഈ വ്യവസ്ഥകൾ.

കമ്മീഷണർമാർ എതിർത്ത നടപടികൾ

വോട്ടര്‍പട്ടികയില്‍ പുതുതായി പേരുചേര്‍ക്കുന്നതിനുള്ള ഫോം ആറിൽ വോട്ടറുടെ മാതാപിതാക്കളുടേയോ അവരുടെ മാതാപിതാക്കളുടേയോ പേരുവിവരങ്ങള്‍ 2002 ലെ പട്ടികയിലുണ്ടോ എന്ന ചോദ്യം നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതായി കൂട്ടിച്ചേർത്തത് ‘അനധികൃത’മാണെന്നാണ് കമ്മീഷണര്‍മാരുടെ ഒരു പരാതി. നിയമവിരുദ്ധമായതിനാല്‍ ഇത് നീക്കം ചെയ്യണമെന്ന ആവശ്യം അവഗണിക്കപ്പെട്ടു. (2002 ലെ പട്ടികയെ അടിസ്ഥാനപ്പെടുത്തി പുതിയ പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കുക എന്ന എസ്ഐആര്‍ നടപടി വളഞ്ഞവഴിയില്‍ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് ആരോപണമുയര്‍ന്നിരുന്നു.) 

ഡാറ്റാബേസിന്റെ നിയന്ത്രണം

ഏറെക്കുറെ വികേന്ദ്രീകൃതമായിരുന്ന വോട്ടർ പട്ടികയുടെ നിയന്ത്രണം ക്രമേണ കേന്ദ്രീകൃതമായി മാറിയതാതാണ് മറ്റൊരു പ്രശ്നം. ഏതു സംസ്ഥാനത്തേയും വോട്ടര്‍ പട്ടികയിലും ദില്ലിയില്‍ നിന്ന് ഇടപെടാനാവും വിധമാണ് ഈ മറ്റമുണ്ടായതെന്നും രേഖകളിലൂടെ ഇന്ത്യന്‍ എക്സ്പ്രസ്സ റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു. സംസ്ഥാനതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അതത് പട്ടികയിലേക്കുള്ള പൂർണ പ്രവേശനം നിഷേധിക്കപ്പെടുന്നതായും പരാതി ഉയർന്നു.

പശ്ചിമ ബംഗാളില്‍ 16.10 ലക്ഷം പേരുടെ വോട്ട് റദ്ദാക്കാന്‍ സുപ്രീം കോടതിയില്‍ കമ്മീഷന് വേണ്ടി അപ്പീല്‍ നല്കിയതാരാണ് എന്ന വളരെ ഗൗരവമേറിയ ചോദ്യവും കമ്മീഷണര്‍ സന്ധു ഉന്നയിച്ചിരുന്നു. 

ഗോവയില്‍ സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും, സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അർഹരായ 97 വോട്ടർമാർക്ക് അന്തിമ പട്ടികയിൽ ഇടം ലഭിക്കാതിരുന്നതും കമ്മീഷണര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലൊന്നും തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് മറുപടിയുണ്ടായില്ല. 

മൂന്നുപേരെയും തെരഞ്ഞെടുത്തത് എൻഡിഎ തന്നെ.

നിലവിലെ സര്‍ക്കാരിന്റെ കാലത്ത് ഈ മൂന്ന് കമ്മീഷണർമാരെയും തെരഞ്ഞെടുത്തത് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ പാനലാണ് എന്നത് ശ്രദ്ധേയമാണ്. 2024 മാർച്ചിൽ സന്ധുവിന്റേയും ഗ്യാനേഷ് കുമാറിന്റേയും നിയമനത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവ് കോൺഗ്രസ്സിലെ അധീർ രഞ്ജൻ ചൗധരി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതുപോലെ 2025 ഫെബ്രുവരിയിൽ ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയപ്പോഴും ജോഷി കമ്മീഷണറായപ്പോഴും രാഹുൽ ഗാന്ധിയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

നിഷേധിക്കാതെ കമ്മീഷന്‍

ഈ വിഷയവുമായി ബന്ധപ്പെട്ട് ദി ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന റിപ്പോർട്ടിന് പിന്നാലെ 2026 സെപ്റ്റംബർ 23ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. കമ്മീഷൻ അംഗങ്ങളുടെ കുറിപ്പുകളും, നിർദ്ദേശങ്ങളും തീരുമാനമെടുക്കുന്നതിന് മുമ്പുള്ള സാധാരണ ആഭ്യന്തര പ്രക്രിയയുടെ ഭാഗമാണെന്നാണ് കമ്മീഷന്റെ വിശദീകരണം. എല്ലാ ഉത്തരവുകളും തീരുമാനങ്ങളും നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചാണെന്നും, കഴിഞ്ഞ ഒരു വർഷത്തിനിടെ എടുത്ത തീരുമാനങ്ങളെല്ലാം ഐകകണ്ഠ്യേനയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

10 മാസത്തിനിടയിലെ ആഭ്യന്തര കുറിപ്പുകൾ ഒറ്റതിരിച്ചെടുക്കുമ്പോള്‍ ഭാഗികമായ ചിത്രം മാത്രമേ കിട്ടൂവെന്നും കമ്മീഷൻ വിശദീകരിക്കുന്നു. ഈ കാലയളവിൽ ഏകദേശം 40 പുതിയ പദ്ധതികളും നിരവധി തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും നടപ്പാക്കിയെന്നും, ബിഹാർ, കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പുകൾ വിജയകരമായി നടത്തിയെന്നും കമ്മീഷൻ എടുത്തുപറഞ്ഞു. എന്നാല്‍ ഇതിലേറ്റവും ശ്രദ്ധേയമായ സംഗതി, കമ്മീഷന്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ടിനെ തള്ളിക്കളയുന്നില്ലെന്നതാണ്. ഒരര്‍ത്ഥത്തില്‍ റിപ്പോര്‍ട്ട് പറയുന്ന വസ്തുതകളെ ശരിവക്കുന്നുകൂടിയുണ്ട് കമ്മീഷന്റെ വിശദീകരണക്കുറിപ്പ്. 


അതേസമയം മുഖ്യ തെരഞ്ഞെടുപ്പുകമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സ് നേതാവ് അഭിഷേക് മനു സിംഗ്വിയും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും രംഗത്തെത്തി.


Official press note issued by the Election Commission of India regarding internal dissent and voter list revision controversy

കമ്മീഷന്റെ മറുപടി ചോദ്യങ്ങൾക്ക് ഉത്തരമാകുന്നുണ്ടോ?

ഇലക്ഷൻ കമ്മീഷന്റെ പ്രസ്താവന ഉന്നയിക്കപ്പെട്ട നിർദ്ദിഷ്ട ആരോപണങ്ങൾക്ക് നേരിട്ട് ഉത്തരം നൽകുന്നില്ല. ഫോം-6 ലെ ചട്ടവിരുദ്ധ ചോദ്യം നീക്കാൻ എന്തുകൊണ്ട് കാലതാമസം നേരിട്ടു? ബംഗാളിൽ നൽകിയ 16.10 ലക്ഷം അപ്പീലുകളുടെ ഉത്തരവാദി ആരാണ്? ഗോവയിൽ 97 വോട്ടർമാർക്ക് എന്തുകൊണ്ട് സോഫ്റ്റ്‌വെയർ പരിഹാരം വൈകി? ഈ നിർദ്ദിഷ്ട ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടിയില്ല.

പകരം, “എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായ അംഗീകാരത്തോടെയാണ്” എന്ന നാമമാത്രമായ അവകാശവാദവും നേട്ടങ്ങളുടെ പട്ടികയുമാണ് പ്രസ്താവനയുടെ കാതൽ. എന്നാൽ ഈ “ഏകകണ്ഠമായ അംഗീകാരം” എന്ന വാദം തന്നെയാണ് സന്ധുവും ജോഷിയും തങ്ങളുടെ കുറിപ്പുകളിൽ ചോദ്യം ചെയ്തത് ഇലക്ഷൻ കമ്മീഷന്റെ ഇപ്പോഴത്തെ പ്രസ്താവനയും കമ്മീഷണർമാരുടെ ആഭ്യന്തര രേഖകളും തമ്മിൽ നേരിട്ട് വൈരുദ്ധ്യം നിലനിൽക്കുന്നു.

“ഭിന്നാഭിപ്രായങ്ങൾ സ്വാഭാവികമാണ്” എന്ന വാദവും പ്രശ്നത്തെ ലഘൂകരിക്കുന്നു. ഇത് വെറും അഭിപ്രായവ്യത്യാസമല്ല, ഭൂരിപക്ഷം തന്നെ പാർശ്വവൽക്കരിക്കപ്പെട്ടു എന്ന ആരോപണത്തെ, കേവലം “സാധാരണ ആഭ്യന്തര നിർദ്ദേശങ്ങൾ” എന്ന് വിശേഷിപ്പിക്കുന്നത് പര്യാപ്തമായ വിശദീകരണമായി കാണാൻ പ്രയാസമാണ്.

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top