
ആർമി ഉദ്യോഗസ്ഥനെ നാട്ടുകാർ ആക്രമിച്ചുവെന്ന് പ്രചാരണം : ഫാക്ട് ചെക്ക്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ശല്യം ചെയ്തതിന് സൈനിക ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി മർദ്ദിച്ചുവെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ലഫ്റ്റനന്റ് കേണൽ കർണൈൽ സിംഗിനെയാണ് നാട്ടുകാർ മർദിച്ചതെന്ന് പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നു. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ? ഞങ്ങൾ പരിശോധിച്ചു.
‘Powindah’ എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റാണ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. സൈനിക വേഷത്തിലുള്ള ഒരാളെ രണ്ടുപേർ മർദ്ദിക്കുന്ന വീഡിയോയാണ് ഈ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തിട്ടുള്ളത്. മർദ്ദനത്തിന് പിന്നാലെ, കേരള പോലീസിന്റെ യൂണിഫോം അണിഞ്ഞവർ മർദ്ദകരെ പിടിച്ച് മാറ്റുന്നതായും വീഡിയോയിൽ കാണാം. ജൂൺ ഒന്നിന് പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ ജൂൺ 15 വരെ 5,200 തവണ കണ്ടിട്ടുണ്ട്.
“ഇന്ത്യൻ സേനയുടെ യാഥാർത്ഥ്യം ഇതാണ്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് പിടിക്കപ്പെട്ട ഇന്ത്യൻ ആർമി ലെഫ്റ്റനന്റ് കേണൽ കർണൈൽ സിങ്ങിനെ കേരളത്തിൽ നാട്ടുകാർ ആക്രമിച്ചതായി ആരോപണം” എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്.

പ്രൊഫൈലിൽ ‘പാകിസ്താൻ ഫസ്റ്റ്’ (Pakistan first) എന്നെഴുതിയിരിക്കുന്ന ഈ അക്കൗണ്ട് പാകിസ്താൻ സൈനിക നേതാക്കളുടെയും ആയുധങ്ങളുടെയും പോസ്റ്റുകൾ നിരന്തരമായി പങ്ക് വെച്ചിട്ടുള്ളതായി കാണാം. ഞങ്ങൾ കണ്ടെത്തിയതിൽ, ഏറ്റവുമാദ്യം ഈ വീഡിയോ പോസ്റ്റ് ചെയ്തതും ഈ അക്കൗണ്ടിൽ നിന്നാണ്.

ജൂൺ ഒന്നിന് തന്നെ ‘Hamna Javed’ എന്ന എക്സ് അക്കൗണ്ടും ഈ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. ജൂൺ 15 വരെ ഈ പോസ്റ്റ് 489 പേരാണ് കണ്ടിട്ടുള്ളത്.
‘സൗത്ത് ഇന്ത്യ ഇൻസൈഡർ’ (South India Insider) എന്ന ഫേസ്ബുക്ക് അക്കൗണ്ടിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ എട്ടിന് പോസ്റ്റ് ചെയ്ത വീഡിയോക്ക് ഇതുവരെ 29,000 ൽ അധികം വ്യൂസ് ഉണ്ട്. ജൂൺ പതിനഞ്ച് വരെ പോസ്റ്റിന് 110 ലൈക്കുകളും 12 ഷെയറുകളും കിട്ടിയിട്ടുണ്ട്.
‘പോലീസ്, ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പകരം പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന്’ ഈ പോസ്റ്റിലെ അടിക്കുറിപ്പ് പറയുന്നു. ‘ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ, അതിവേഗം വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകണമെന്ന് ‘ അടിക്കുറിപ്പിൽ പറയുന്നു.

ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ “പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്തതിന് ഇന്ത്യൻ ആർമി ഓഫീസർ ലെഫ്റ്റനന്റ് കേണൽ കർണൈൽ സിംഗ് കേരളത്തിൽ പിടിയിലായി” എന്നെഴുതിയിരിക്കുന്നതായി കാണാം. ഇതേ വീഡിയോ,സമാന സ്വഭാവമുള്ള അടിക്കുറിപ്പുകളോട് പോസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് മൂന്ന് എക്സ് അക്കൗണ്ടുകളും ഞങ്ങൾ കണ്ടെത്തി.
നിലവിൽ,ഇങ്ങനെയൊരു സംഭവം കേരളത്തിൽ നടന്നതായുള്ള വാർത്തകളൊന്നുമില്ല. വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ ‘ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്’ ചെന്നെത്തിയത് 2024 ലെ വാർത്തകളിലേക്കാണ്. ‘മിന്റ് എന്ന ഓൺലൈൻ മാധ്യമം 2024 ഡിസംബർ 30 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഇതേ വീഡിയോയും സ്ക്രീൻഷോട്ടും പങ്ക് വെച്ചിട്ടുണ്ട്.റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച്, 2024 ഡിസംബർ 30-ന് തൃക്കാക്കരയിലെ കെ.എം.എം (KMM) കോളേജിൽ നടന്ന എൻസിസി കേഡറ്റുകളുടെ പരിശീലന ക്യാമ്പിനിടെ നടന്ന ഒരു സംഘർഷത്തിന്റെ ദൃശ്യങ്ങളാണിത് .
21 കേരള എൻസിസി ബറ്റാലിയനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ലഫ്. കേണൽ കർണൈൽ സിംഗിനെ രണ്ടുപേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.

കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടില്ലെന്നും , നിർജ്ജലീകരണം മൂലമാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതെന്നുമാണ് സൈന്യവും സംസ്ഥാന ആരോഗ്യ വകുപ്പും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
തൃക്കാക്കരയിലെ കെഎംഎം കോളേജിൽ എൻസിസി ക്യാമ്പിൽ പങ്കെടുത്ത അറുപതോളം കുട്ടികൾ അസുഖം ബാധിച്ച് ആശുപത്രിയിലായിരുന്നു. 2024 ഡിസംബർ 23 നാണ് ഈ സംഭവം നടന്നത്. ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടികൾ ആശുപത്രിയിലായതെന്ന് ആരോപിച്ച് നാട്ടുകാർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ കേണൽ കർണൈൽ സിംഗിനെ മർദ്ദിച്ചു. ഈ വീഡിയോയാണ് നിലവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച കേണൽ എന്ന പേരിൽ പ്രചരിക്കുന്നത്. നിരവധി മാധ്യമങ്ങൾ 2024 ഡിസംബറിൽ ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് കേണലിനെ മർദ്ദിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി സ്വദേശി നിഷാദ്, പള്ളുരുത്തി സ്വദേശി നവാസ് എന്നിവരെ തൃക്കാക്കര പോലീസ് അന്ന് അറസ്റ്റു ചെയ്തിരുന്നു.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക