
ലീസേ പ്രക്ഷോഭം മുതല്‍ ജന്തര്‍ മന്തര്‍ വരെ; യുവജന – വിദ്യാര്‍ത്ഥി സമരം ലോകമാകെ പടരുമ്പോള്‍
പരീക്ഷാ ക്രമക്കേടുകളിൽ തുടങ്ങി ഭരണഘടനാ സംരക്ഷണത്തിലേക്കു വരെ വികസിച്ച സിജെപി പ്രക്ഷോഭവും, ചോർന്നൊലിക്കുന്ന ക്ലാസ് മുറികളിൽ നിന്ന് തുടങ്ങിയ ഫ്രഞ്ച് വിദ്യാര്‍ത്ഥി സമരവും, വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെതിരെ നടക്കുന്ന ചിലിയൻ സമരവും, വാടകച്ചൂഷണത്തിനെതിരെ ഉയരുന്ന സ്പാനിഷ് സമരവുമെല്ലാം വിരല്‍ ചൂണ്ടുന്നത് നിയോ-ലിബറൽ കാലഘട്ടത്തിൽ, തൊഴിലില്ലാത്ത ചെറുപ്പക്കാരും വിദ്യാർഥികളും ഒരേ മോഹങ്ങളും നഷ്ടങ്ങളും പങ്കുവെക്കുന്ന പുതിയൊരു സഖ്യശക്തിയായി മാറിയിരിക്കുന്നുവെന്ന വസ്തുതയിലേക്കാണ്.
“ദേ ഡോണ്ട് റിയലി കെയർ എബൌട്ട് അസ്” – ഭരണകൂട ഭീകരതയ്ക്കെതിരെ 1996 ൽ വിഖ്യാത പോപ്പ് സംഗീതജ്ഞൻ മൈക്കേല്‍ ജാക്സന് എഴുതിയ വരികളാണിത്. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം, മൈക്കേല്‍ ജാക്സൺ ഇതെഴുതുമ്പോഴുണ്ടായ അതേ അർത്ഥ വ്യാപ്തിയിൽ തന്നെ, ഡൽഹിയിലെ തെരുവോരങ്ങളിൽ ആ വരികൾ മുദ്രാവാക്യമായി മുഴങ്ങുന്നുണ്ട്. നീറ്റ് പരീക്ഷ ക്രമക്കേടിന് ഭരണകൂടം മറുപടി പറയണമെന്നവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയും ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ഏറ്റെടുത്ത സമരത്തിലെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഈ വരികൾ. പരീക്ഷ ക്രമക്കേടിൽ പാറ്റകളുടെ സമരം, ഇപ്പോള്‍ ഭരണഘടന സംരക്ഷണത്തില്‍ എത്തി നിൽക്കുകയാണ്. ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും യുവജനങ്ങളും വിദ്യാര്‍ത്ഥികളും സമര പാതയിലാണ്. ഇന്ത്യയിൽ സമരം ചെയ്യുന്ന യുവജനങ്ങള്‍ പാടുന്ന അതേ വരികൾ ഫ്രാൻസിലെ വിദ്യാർത്ഥികളും ഒരേ സമയത്ത് പാടുന്നുവെന്നത് ഈ സമരത്തിന് ഒരു സാര്‍വലൌകിക സ്വഭാവം നല്‍കുന്നുമുണ്ട്.
ലോകമെമ്പാടുമുള്ള പുതിയ തലമുറ—ജെൻ സി (Gen Z)— തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ തെരുവിലിറങ്ങുകയാണ്. പാരീസിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് തുടങ്ങി ന്യൂഡൽഹി, റിയോ ഡി ജനീറോ, ഇഥാക്ക, ഹാംബർഗ്, സാന്തിയാഗോ, മദ്രീഡ് അങ്ങനെ വന്കരകള്ക്കതീതമായിരിക്കുന്ന വര്‍ത്തമാനകാല വിദ്യാർഥി-യുവജന മുന്നേറ്റം ജനാധിപത്യത്തിന്റെയും ഭരണഘടനാ അവകാശങ്ങളുടെയും വീണ്ടെടുപ്പിനായുള്ള ചരിത്രപരമായ പോരാട്ടമായി മാറുകയാണ്.
ലീസേ പ്രക്ഷാഭം – മറ്റൊരു ഫ്രഞ്ച് വിദ്യാര്‍ത്ഥി വിപ്ലവം?
തകർന്നു വീഴാറായ വിദ്യാലയങ്ങൾ, അധ്യാപക ക്ഷാമം, കുട്ടികൾ തിങ്ങി ഞെരുങ്ങിയിരിക്കുന്ന ക്ലാസ് മുറികൾ, ദീർഘമായ സ്കൂൾ സമയം, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാരണങ്ങളുന്നയിച്ചാണ് ഫ്രാൻസിൽ വിദ്യാർത്ഥികൾ സമരം ചെയ്യുന്നത്. സെപ്റ്റംബർ രണ്ടാം വാരമാണ് ഫ്രാൻസിലെ വിവിധ ഹൈസ്കൂളുകളിലെ (ലീസേ) വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്.

ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിലുള്ള സർക്കാർ 2027-ലെ ദേശീയ ബജറ്റിൽ പൊതുവിദ്യാഭ്യാസ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി കത്തിപ്പടരുകയായിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം രണ്ടര ലക്ഷത്തോളം പേരാണ് സമരരംഗത്തുള്ളത്. എന്നാല്‍ അഞ്ചു ലക്ഷത്തോളം പേര് തെരുവിലിറങ്ങിയതായി സംഘാടകര്‍ അവകാശപ്പെടുന്നു. രണ്ടായിരത്തിലധികം ഹൈസ്കൂളുകൾ ഉപരോധിക്കുകയോ അടച്ചിടുകയോ ചെയ്തു. സ്ഥിതിരൂക്ഷമായതോടെ രാജ്യത്തുടനീളം ഹൈസ്കൂൾ ക്ലാസുകൾ നിർത്തിവെക്കാൻ സർക്കാർ നിർബന്ധിതരായി. സമാധാനപരമായ പ്രതിഷേധങ്ങളെ നേരിടാൻ ഭരണകൂടം കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. പ്രക്ഷോഭങ്ങൾക്കിടെ ആറായിരത്തിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1,483 കുട്ടികള്‍ക്കെതിരെ വിചാരണ നടപടികള്‍ തുടങ്ങി. പോലീസിന്റെ ബലപ്രയോഗത്തിൽ 215 ലധികം കുട്ടികൾക്ക് പരിക്കേറ്റു, ലാങ്സ് നഗരത്തിൽ പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ 15 വയസ്സുള്ള ഒരു വിദ്യാർഥിയുടെ കൈ അറ്റുപോകുന്നത് വരെയുള്ള സംഭവങ്ങളുണ്ടായി. ഇന്ത്യയിലെന്നത് പോലെ ഫ്രാൻസിലും ജാക്സന്റെ ദേ ഡോണ്ട് റിയലി കെയര്‍ എബൌട്ട് അസ് പ്രധാന മുദ്രാവാക്യമായി മാറിയിട്ടുണ്ട്.
വര്‍ഗ്ഗ ബഹുജനങ്ങളുടെ എക്യദാര്‍ഢ്യം
കുട്ടികളെ പോലീസ് അതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കാൻ അധ്യാപകരും രക്ഷിതാക്കളും തൊഴിലാളികളും തെരുവിലിറങ്ങി. ഫ്രാൻസിലെ പട്ടണപ്രാന്ത പ്രദേശമായ സാന്‍-ഡെനീസിലെ മേയർ ബാലി ബഗായോക്കോ പോലീസിൽ നിന്ന് വിദ്യാർഥികളെ രക്ഷിക്കാന്‍ നേരിട്ട് ഇറങ്ങുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതാണ്. അതേസമയം, ഈ പ്രക്ഷോഭം അനിയന്ത്രിതമായ മുസ്ലിം കുടിയേറ്റത്തിന്റെ അനന്തരഫലമാണെന്നാണ് യുഎസ് പ്രസിഡന്റ് ഢോണള്ഡ് ട്രംപ് ആരോപിക്കുന്നത്. “ഫ്രാൻസിനെ കയ്യടക്കാനുള്ള ഇസ്ലാമിന്റെ നീക്കമാണിതെന്നാണ്” ട്രംപ് പറഞ്ഞത്.

ബല്‍ജിയത്തിലും സമരം
ബെൽജിയത്തിലെ ലിയേജ് നഗരത്തിൽ ഫ്രഞ്ച് വിദ്യാർഥി സമരത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വിദ്യാഭ്യാസച്ചെലവുകൾക്കെതിരെ വിദ്യാർഥികൾ സമരം നടത്തുന്നുണ്ട്.
ജര്‍മ്മന്‍ യുവത നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ
യൂറോപ്പിൽ നിന്നുള്ള മറ്റൊരു പ്രധാനപ്പെട്ട വിദ്യാർഥി സമരവേദി ജർമനിയാണ്. ചാൻസലർ ഫ്രീഡ്രിഹ് മെർസിന്റെ ഭരണകൂടം രാജ്യത്ത് നിർബന്ധിത സൈനിക സേവനം (Conscription) വീണ്ടും നടപ്പിലാക്കാൻ നീക്കം നടത്തുന്നതിനെതിരെയാണ് ജർമനിയിലെ പ്രതിഷേധങ്ങൾ. ഹാംബർഗ്, ബെർലിൻ, ഫ്ലെൻസ്ബർഗ്, കീൽ തുടങ്ങിയ നഗരങ്ങളിൽ വിദ്യാർഥികൾ പഠിപ്പുമുടക്കിലാണ്. സെപ്റ്റംബർ 25 ന് രാജ്യവ്യാപകമായി സമരം നടന്നിരുന്നു. പതിനെട്ടു വയസ്സ് തികയുന്ന ചെറുപ്പക്കാർക്ക് സൈന്യത്തിൽ ചേരാൻ താല്പര്യമുണ്ടോ എന്നറിയാൻ ഫോമുകളും മെഡിക്കൽ പരിശോധനാ നോട്ടീസുകളും അയച്ചുതുടങ്ങിയതാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. “നിങ്ങളുടെ യുദ്ധങ്ങള്‍ക്ക് ഞങ്ങളെ കിട്ടില്ല” എന്നെഴുതിയ കൂറ്റൻ ബാനറുകൾ സമരവേദികളിലെല്ലാം കാണാം. ജർമ്മൻ സൈന്യമായ ബുണ്ടെസ്വേറിന്റെ (Bundeswehr) അംഗബലം 2,60,000 ആയി ഉയർത്തി യൂറോപ്പിലെ ഏറ്റവും വലിയ പരമ്പരാഗത സൈന്യമാക്കി മാറ്റാനുള്ള ജർമൻ സർക്കാരിന്റെ തീരുമാനം പുറത്ത് വന്നത് ജൂണിലാണ്. 2030 ആകുമ്പോഴേക്കും ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി. നിർബന്ധിത സൈനിക സേവനത്തിനായുള്ള നീക്കങ്ങൾ പൂർണ്ണമായി നിർത്തുന്നത് വരെ സമരം തുടരുമെന്ന് ജർമ്മൻ വിദ്യാർഥി നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മദ്രീഡിലെ കുടിയൊഴിക്കല്‍
ഇതിനിടയിലാണ് മദ്രീഡിൽ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന് 87 വയസ്സുള്ള മറിയാരി കാർമെൻ അബാസ്കൽ എന്ന വൃദ്ധമരിക്കുന്നത്. ഇതേ തുടർന്ന് പല സ്പാനിഷ് നഗരങ്ങളിലും യുവാക്കൾ പ്രതിഷേധിക്കാൻ തുടങ്ങി. മദ്രീഡിലെ പ്യൂർതട്ട ഡെൽ സോളിലും ബാഴ്സലോണയിലും യുവാക്കൾ ടെന്റുകൾ അടിച്ച് ക്യാമ്പ് ചെയ്യുകയാണ്.
വിദ്യാര്‍ത്ഥി പ്രക്ഷോഭം അമേരിക്കയിലും
അമേരിക്കയിലെ കോർനെൽ സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭവും ഇതിനകം ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. 2024-ൽ കോർനെൽ സർവകലാശാല ക്യാമ്പസിൽ ഒരു വിദ്യാര്‍ത്ഥിനിയെ ഒരു കൂട്ടം ആൺകുട്ടികൾ ചേർന്ന് മയക്ക് മരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയിരുന്നു. ‘കോർനെൽ 7’ എന്നറിയപ്പെടുന്ന ഈ സംഘത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നതെന്ന് തുടക്കം മുതൽക്കേ ആരോപണം ഉയർന്നിരുന്നു. അതിക്രമത്തിൽ പങ്കാളികളായവരില്‍ രണ്ടു പേരെ മാത്രമാണ് സര്‍വകലാശാല പുറത്താക്കിത്. ആദ്യഘട്ടത്തില്‍ സസ്പെന്‍ഡ് ചെയ്തിരുന്ന ബാക്കി അഞ്ചുപേരെ ഒരു ശില്പശാലയില് പങ്കെടുക്കണമെന്നും സ്വയം വിമര്‍ശനാത്മകമായ പ്രബന്ധമെഴുതി സമര്പ്പിക്കണെന്നുമുള്ള വ്യവസ്ഥയില്‍ പിന്നീട് തിരിച്ചെടുത്തത് വലിയ വിമര്‍ശനത്തിന് കാരണമായി.
2024-ൽ നടന്ന സംഭവമാണെങ്കിലും, ഈ സെപ്റ്റംബറിൽ അതിജീവിതയായ വിദ്യാർഥിനി കോടതിയെ സമീപിച്ചതോടെയാണ് കേസ് ഒതുക്കിതീർക്കാൻ സർവകലാശാല നടത്തിയ ഇടപെടലുകളുടെ വിശദാംശങ്ങൾ പുറത്തുവന്നത്.
സര്‍വകലാശാലയുടെ ഇരട്ടത്താപ്പ്
അതേസമയം, 2024-ൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമാധാനപരമായി പ്രതിഷേധിച്ച മമദൗ താൽ എന്ന ഗാംബിയൻ വിദ്യാർഥിയെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. ഇതേത്തുടർന്ന് വിസ റദ്ദായ വിദ്യാർത്ഥി രാജ്യത്തുനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഇയാളെ മാത്രമല്ല, പലസ്തീനെ അനുകൂലിച്ച വേറെയും ന്മിരവധി വിദ്യാർഥികളെ സർവകലാശാല പുറത്താക്കുകയുണ്ടായി. ഇതിന് പിന്നാലെ, സർവകലാശാലയുടെ ഇരട്ടത്താപ്പിനെ തിരെ ആയിരക്കണക്കിന് വിദ്യാർഥികൾ കോർനെൽ ക്യാമ്പസിൽ പ്രതിഷേധം തുടങ്ങുകയായിരുന്നു. സർവകലാശാല പ്രസിഡന്റ് മൈക്കൽ കോട്ലിക്കോഫിന്റെ ഓഫീസിലേക്ക് ഇരച്ചുകയറി. “SMASH THE PATRIARCHY” എന്നും “കോർനെലിൽ ബലാത്സംഗികള്‍ക്ക് രക്ഷ, പ്രതിഷേധിക്കുന്നവര്‍ക്ക് ശിക്ഷ ” എന്നിങ്ങനെയുള്ള നുദ്രാവാക്യങ്ങള് ചുവരെഴുത്തുകളാക്കി. പ്രസിഡന്റ് കോട്ലിക്കോഫ് രാജിവെക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പ്രസിഡന്റ് ബൈഡന്റെയും ട്രംപിന്റെയും ഭരണകാലങ്ങളിൽ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജന്റുകൾ കുടിയേറ്റക്കാരെ അടിച്ചമർത്തുന്നതിനെതിരെയും സ്ത്രീസുരക്ഷക്ക് വേണ്ടി ഉയർന്ന ജനരോഷത്തിന്റെയും തുടർച്ച കൂടിയാണ് കോർനെൽ പ്രക്ഷോഭം.
പ്രക്ഷോഭം തെക്കനമേരിക്കയിലും
ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിലും കൗമാരക്കാരും യുവാക്കളും നയിക്കുന്ന പടുകൂറ്റൻ തെരുവ് സമരങ്ങൾ നടക്കുന്നുണ്ട്. “അച്ഛനും വേണ്ട, മകനും വേണ്ട” (No to the father, no to the son) എന്ന മുദ്രാവാക്യമുയർത്തി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് റിയോ ഡി ജനീറോയുടെ തെരുവുകളിൽ അണിനിരന്നത്. ജയിലിൽ കഴിയുന്ന മുൻ തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയ്ർ ബോൾസൊനാരോക്കും മകനും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഫ്ലാവിയോ ബോൾസൊനാരോക്കുമെതിരാണ് സമരം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ ഫ്ലാവിയെ ബോള്‍സനാരോ പ്രസിഡന്റ് ലുലയേക്കാള് മുന്നിലെത്തിയിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ അവസാനം. “ഇനിയൊരിക്കലും ബോൾസൊനാരോ വേണ്ട”, ” ബ്രസീൽ ആരുടെയും അടുക്കളപ്പുറമല്ല” തുടങ്ങി മുദ്രാവാക്യങ്ങളുമായാണ് ആയിരക്കണക്കിന് വിദ്യാർഥികൾ സിനിലാണ്ടിയ സ്ക്വയറിലേക്ക് മാർച്ച് നടത്തിയത്. ജനാധിപത്യം സംരക്ഷിക്കാനും പൊതുവിദ്യാഭ്യാസം കാത്തുസൂക്ഷിക്കാനും തെരുവുകൾ കൈയ്യടക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് സമരം ചെയ്യുന്ന വിദ്യാർഥികളുടെ പക്ഷം.
സമരോത്സുകതയുടെ ലോകം
ലോകത്തിന്റെ മറ്റ് പല കോണുകളിലും യുവാക്കളുടെയും വിദ്യാർഥികളുടെയും സമാനമായ പോരാട്ടങ്ങൾ പടരുകയാണ്. ചിലിയിൽ വലതുപക്ഷക്കാരനായ പ്രസിഡന്റ് ഹോസെ അന്റോണിയോ കാസ്റ്റിന്റെ സർക്കാർ 2027-ലെ ബജറ്റിൽ വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം നടക്കുകയാണ്. ‘കോൺഫെഡറേഷൻ ഓഫ് സ്റ്റുഡന്റ്സ് ഓഫ് ചിലി’ (Confech) എന്ന വിദ്യാർത്ഥി സംഘടനയാണ് ദേശവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്. സാന്തിയാഗോയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് മാർച്ച് ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് ജല പീരങ്കികളും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു.
സ്പെയിനിൽ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് യുവാക്കളാണ്. വീടുകളുടെ വിലക്കയറ്റത്തിനും വാടക ചൂഷണത്തിനുമെതിരെ പതിനായിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. സ്പെയിനിലെ യൂത്ത് കൗൺസിലിന്റെ കണക്കനുസരിച്ച്, ഒരാൾക്ക് താമസിക്കാവുന്ന വാടകവീടിന്റെ ശരാശരി ചെലവ് ഒരു തൊഴിലാളിയുടെ ശമ്പളത്തിന്റെ ഏകദേശം 99 ശതമാനത്തോളമായിരിക്കുന്നു. അതേസമയം കുടുംബത്തില്‍ നിന്ന് മാറി സ്വതന്ത്രമായി ജീവിക്കുന്ന യുവാക്കളുടെ അനുപാതം 2025-ൽ 14.5 ശതമാനമായി കുറഞ്ഞു. എക്കാലത്തെയും കുറഞ്ഞ നിരക്കാണിത്. അതായത്, തൊഴിലുണ്ടായിരുന്നാൽ പോലും സ്വന്തമായി വീട് വാടകയ്ക്കെടുത്ത് ജീവിക്കാനോ സ്വയംപര്യാപ്തത നേടാനോ യുവാക്കള്‍ക്ക് സാധിക്കുന്നില്ല എന്നര്‍ത്ഥം.
നാല് ഭൂഖണ്ഡങ്ങളിലെയും പ്രക്ഷോഭങ്ങളെ നിരീക്ഷിച്ചാൽ, ഇവ അതാത് രാജ്യങ്ങളിലൊതുങ്ങി നിൽക്കുന്ന താൽക്കാലിക പ്രശ്നങ്ങൾ മാത്രമല്ലെന്ന് വ്യക്തമാകും. നിയോ-ലിബറൽ കാലഘട്ടത്തിൽ, തൊഴിലില്ലാത്ത ചെറുപ്പക്കാരും വിദ്യാർഥികളും ഒരേ മോഹങ്ങളും നഷ്ടങ്ങളും പങ്കുവെക്കുന്ന പുതിയൊരു സഖ്യശക്തിയായി മാറിയിരിക്കുകയാണെന്നാണ് സാമൂഹ്യ നിരീക്ഷകൻ ടി ടി ശ്രീകുമാർ പറയുന്നത്.
തങ്ങളുടെ ഭാവിയെ നിർണ്ണയിക്കേണ്ട പൊതുസ്ഥാപനങ്ങൾ ജനാധിപത്യവിരുദ്ധവും, സുതാര്യതയില്ലാത്തതും, പൊതുവിഭവങ്ങളെ വെട്ടിച്ചുരുക്കുന്നതുമായി മാറുമ്പോൾ, ഭരണകൂടങ്ങളുടെ ജനാധിപത്യപരമായ സാധുതയെത്തന്നെ ഈ യുവത ചോദ്യം ചെയ്യുന്നു. ചോർന്നൊലിക്കുന്ന ക്ലാസ് മുറികളിൽ നിന്ന് തുടങ്ങിയ ഫ്രഞ്ച് വിദ്യാര്‍ത്ഥി സമരവും, പരീക്ഷാ ക്രമക്കേടുകളിൽ തുടങ്ങി ഭരണഘടനാ സംരക്ഷണത്തിലേക്കു വരെ വികസിച്ച സിജെപി പ്രക്ഷോഭവും, വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെതിരെ നടക്കുന്ന ചിലിയൻ സമരവും, വാടകച്ചൂഷണത്തിനെതിരെ ഉയരുന്ന സ്പാനിഷ് സമരവുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഇതിലേക്ക് തന്നെയാണ്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക