
ഇഡിയുടെ കഥ; മാധ്യമങ്ങൾ പറഞ്ഞതും പറയാത്തതും
കള്ളപ്പണ നിരോധന നിയമം (PMLA) നിലവിൽ വന്നതിന് ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളിതു വരെ രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞിട്ടുള്ളത് ഒരു ശതമാനത്തിൽ താഴെ കേസുകളിലാണ്. വിചാരണാഘട്ടത്തിലേക്ക് എത്തിയ കേസുകൾ വെറും 27 ശതമാനവും. മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇഡി റെയ്‌ഡുകളിൽ എൺപതിരട്ടി വർധനയാണ് ഉണ്ടായിട്ടുള്ളത്. വിചാരണ പൂർത്തിയാക്കി കുറ്റം തെളിയിക്കാതെ തന്നെ ഇഡി കണ്ട് കെട്ടി കേന്ദ്ര സർക്കാരിലേക്കെത്തിയത് ഒരു ലക്ഷത്തി അൻപത്തി അയ്യായിരം കോടിയുടെ സ്വത്തുക്കളാണ്. മോദി സർക്കാരിന്റെ കാലത്ത് (2014 – 24) ഇഡി അന്വേഷണം നേരിട്ട 121 പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ 115 പേരും പ്രതിപക്ഷ പാർട്ടി നേതാക്കളായിരുന്നു. ഇഡി എന്ന അന്വേഷണ ഏജൻസി എന്താണ് ഇന്ത്യയിൽ ചെയ്യുന്നത്? സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു അവലോകനം.
പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ വേട്ടയാടാനുള്ള ആയുധമായി ഇഡി യെ ഉപയോഗിക്കുന്നുവെന്ന ആരോപണത്തിന് മോദി ഭരണത്തോളം പഴക്കമുണ്ട്. വീണ തൈക്കണ്ടിയിലിന് സിഎംആർഎൽ എന്ന കമ്പനിയുമായുള്ള ബന്ധമാരോപിച്ച് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത് ഈ വർഷം മെയ് 29 നാണ്. അതിന് മുൻപ് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്കിനെതിരെ കേസെടുക്കാനും അദ്ദേഹത്തെ കോടതിയിൽ എത്തിക്കാനും ഇഡി വലിയ പരിശ്രമങ്ങൾ നടത്തിയിരുന്നു. കേരളത്തിന് പുറത്ത് രാഹുൽ ഗാന്ധി അടക്കം നിരവധി കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ഇഡി അന്വേഷണം ഉണ്ടായി. പിഎംഎൽഎ നിയമപ്രകാരം ഇഡി ഇടപെടുന്ന കേസുകൾ വിചാരണാ ഘട്ടത്തിലേക്ക് പോലും എത്താതെ വർഷങ്ങളോളം നീണ്ട് പോകുന്ന സ്ഥിതിയാണുള്ളത്.
മോദിക്കാലത്ത് ഇഡി റെയ്‌ഡുകളിൽ എൺപതിരട്ടി വർധന
2014-ൽ മോദി സർക്കാർ അധികാരമേറ്റ ശേഷം ഇഡി നടത്തുന്ന റെയ്ഡുകളുടെ എണ്ണത്തിൽ 80 ഇരട്ടിയിലേറെ വർധനവുണ്ടായിട്ടുണ്ട്. എന്നാൽ ഇതിന് ആനുപാതികമായി കേസുകളിൽ വിചാരണ പൂർത്തിയാക്കാനോ കുറ്റവാളികളെ ശിക്ഷിക്കാനോ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല. ജാമ്യം ഏറെക്കുറെ അസാധ്യമാക്കുന്ന പിഎംഎൽഎ (PMLA) നിയമവും അനിയന്ത്രിതമായ അധികാരങ്ങളും ഉപയോഗിച്ച്, കേസിന്റെ അന്വേഷണ ഘട്ടത്തെത്തന്നെ ഒരു ശിക്ഷയാക്കി മാറ്റുകയാണ് ഇഡി ചെയ്യുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2004 മുതൽ 2014 വരെ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പരിമിതമായ തോതിൽ മാത്രം പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമായിരുന്നു. അക്കാലത്ത് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (PMLA – Prevention of Money Laundering Act) പ്രകാരം ആകെ 84 സെർച്ചുകളാണ് നടത്തിയിട്ടുള്ളത്. അതായത് പ്രതിവർഷം ശരാശരി ഒൻപത് റെയ്ഡുകൾ. എന്നാൽ 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇഡി അതുവരെ ഇല്ലാതിരുന്ന തരത്തിൽ റെയ്ഡുകൾ നടത്താൻ തുടങ്ങി. 2014 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ ഇഡി 7,264 റെയ്ഡുകൾ നടത്തി. പ്രതിവർഷ ശരാശരി 726 ആയി ഉയർന്നു. അതായത്, യുപിഎ ഭരണകാലത്തേക്കാൾ 80 മടങ്ങ് വർധനവ്. സമീപ കാലങ്ങളിൽ റെയ്ഡുകളുടെ എണ്ണം വീണ്ടും വർധിച്ചു. 2024-25 കാലയളവിൽ മാത്രം ഇഡി 1,491 റെയ്ഡുകൾ നടത്തി. 2025-26 കാലയളവിൽ ഇത് 2,892 ആയി ഉയർന്നു.

റെയ്ഡുകളുടെ എണ്ണം കൂടി; പക്ഷേ ശിക്ഷാ നിരക്ക് കൂടിയോ ?
2005 ൽ ഒന്നാം മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്താണ് പിഎംഎൽഎ നിയമം നിലവിൽ വരുന്നത്. 2026 വരെ ഈ നിയമത്തിന് കീഴിൽ നടന്നത് 11,647 റെയ്ഡുകളാണ്. ഇതിൽ 11,371 റെയ്ഡുകളും നടന്നത് മോദി സർക്കാരിന്റെ കാലത്താണ്. അതായത്, പിഎംഎൽഎ നിയമം ഉണ്ടായതിന് ശേഷം ആകെ നടന്ന റെയ്ഡുകളുടെ 99 ശതമാനത്തിലധികവും 2014-ന് ശേഷമാണ് നടന്നത്.
റെയ്ഡുകളുടെ എണ്ണം കൂടിയത് ഇഡി യുടെ പ്രവർത്തന ക്ഷമത കൂടിയതിന്റെ സൂചനയാണോ? അല്ല. കാരണം, റെയ്ഡുകൾ കൂടിയതനുസരിച്ച് ശിക്ഷാ നിരക്ക് കൂടിയിട്ടില്ല. പിഎംഎൽഎ കേസുകളുടെ ഭാഗമായി ഈ വർഷം മാർച്ച് വരെ രജിസ്റ്റർ ചെയ്തത് 8,851 എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകളാണ് (ECIR). ക്രിമിനൽ നടപടി ക്രമത്തിൽ എഫ്ഐആറിന് തുല്യമാണ് ECIR. ഇതിൽ നാളിതുവരെ ആകെ വിചാരണ പൂർത്തിയാക്കിയ കേസുകൾ 60 എണ്ണമാണ്. 56 എണ്ണത്തിലും പ്രതികൾക്ക് ശിക്ഷ ലഭിച്ചു. നാല് കേസുകളിൽ വെറുതെ വിടുകയും ചെയ്തു. ചുരുക്കത്തിൽ, ആകെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരു ശതമാനത്തിൽ താഴെ കേസുകളിൽ മാത്രമാണ് വിചാരണ പൂർത്തിയാക്കാൻ സാധിച്ചത്. ഒരാളുടെ ആയുസ്സോളം നീണ്ട് പോകുന്ന നടപടി ക്രമങ്ങൾ തന്നെയാണ് ഇഡി കൽപ്പിക്കുന്ന ശിക്ഷ എന്ന് ഈ സ്ഥിതിവിവരകണക്കുകൾ വ്യക്തമാക്കുന്നു.
ഇഡിക്ക് സ്വതന്ത്രമായി കേസെടുക്കാനാവുമോ ?
ഭൂരിപക്ഷം റെയ്ഡുകളും ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാതെ അവസാനിക്കുന്ന സാഹചര്യമാണ്. നിയമപ്രകാരം, ഇഡിക്ക് സ്വതന്ത്രമായി കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള അവകാശമില്ല. പിഎംഎൽഎ നിയമത്തിൽ 150 ൽ പരം കുറ്റകൃത്യങ്ങൾ വിവരിച്ചിട്ടുണ്ട്. ഇഡി ക്ക് പിഎംഎൽഎ ചുമത്തി അന്വേഷണമാരംഭിക്കണമെങ്കിൽ ഈ കുറ്റകൃത്യങ്ങളിൽ ഏതെങ്കിലും ഒന്നിലെങ്കിലും മറ്റ് അന്വേഷണ ഏജൻസികൾ കേസെടുത്തിരിക്കണം. അതായത്, അതാത് സംസ്ഥാനങ്ങളിലെ പോലീസോ, സിബിഐ യോ മറ്റ് അന്വേഷണ ഏജൻസികളോ ഒരു കുറ്റകൃത്യത്തിന് കേസെടുത്താൽ (Predicate offence) മാത്രമേ അതിനുമുകളിൽ ഇഡി ക്ക് അന്വേഷണമാരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള കേസുകളിൽ, ആദ്യം ഇഡി ഇസിഐആർ (ECIR – Enforcement Case Information Report) തയ്യാറാക്കും. ഈ രേഖ ഇഡി ആഭ്യന്തര പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്നവയാണ്. അതായത്, ഇസിഐആർ രേഖ പുറത്ത് വിടാൻ നിയമപ്രകാരം ഇഡിക്ക് ബാധ്യതയില്ല. 2022 ലെ ‘Vijay Madanlal Chaudhary v. Union of India’ കേസിൽ ഇസിഐആർ ഒരു ആഭ്യന്തര രേഖയാണെന്നും കുറ്റാരോപിതർക്ക് നൽകേണ്ട ബാധ്യതയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ വിധി നിലവിൽ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് പുനഃപരിശോധിക്കുകയാണ്. ഇസിഐആർ പുറത്ത് വിടേണ്ട രേഖയാണോ എന്നതാണ് കോടതി പരിശോധിക്കുന്നത്.
ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് പിന്നാലെയാണ് ഇഡി അന്വേഷണത്തിന്റെ ഭാഗമായി റെയ്‌ഡ് നടത്തുക. അന്വേഷണത്തിനൊടുവിൽ ലഭ്യമായ തെളിവുകളെല്ലാം കൂടി ഉൾപ്പെടുത്തി ഒരു പരാതി (Complaint) പിഎംഎൽഎ കോടതിക്ക് കൈമാറും. ‘പരാതി’യെന്നാണ് വിളിക്കുന്നതെങ്കിലും, തത്വത്തിൽ ഇത് പോലീസിന്റെ അന്തിമ റിപ്പോർട്ടിന് സമാനമായ ഒരു രേഖയാണ്. ഇതിൽ കേസിന്റെ ഭാഗമായുള്ള ഇഡി യുടെ കണ്ടെത്തലുകളെല്ലാം ഉൾപ്പെടുത്തിയിരിക്കും. എല്ലാ കോടതികളിലും പിഎംഎൽഎ കേസുകളുടെ വിചാരണ നടക്കില്ല. ഇതിനായി പ്രത്യേകം കോടതികളുണ്ട്.
വിചാരണ തുടങ്ങാതെ കെട്ടിക്കിടക്കുന്ന കേസുകൾ
എന്നാൽ വിചാരണ പൂർത്തിയാകാത്തത് മാത്രമല്ല പ്രശ്നം. പല കേസുകളിലും വർഷങ്ങളായിട്ടും വിചാരണ തുടങ്ങുന്നത് പോലുമില്ല. പല കേസുകളും റെയ്‌ഡുകൾക്കും ഇസിഐആറിനും ശേഷം എങ്ങുമെത്താതെ പോകുന്ന സ്ഥിതിയാണ്.
“കേസുകളുടെ വിചാരണ പൂർത്തിയാകുന്നില്ലെന്ന് പറയുമ്പോൾ, ഈ കേസുകളിൽ വിചാരണ തുടങ്ങാനെങ്കിലും ഇഡി തയ്യാറാകാറുണ്ടോ എന്നാണ് ചോദിക്കേണ്ടത്. 2014 ൽ ഇസിഐആർ രജിസ്റ്റർ ചെയ്തിട്ട് ഇതുവരെ വിചാരണ തുടങ്ങാത്ത കേസുകൾ പോലുമുണ്ട്” പിഎംഎൽഎ അഭിഭാഷകൻ മനു ശ്രീനാഥ് ഒബിസിയോട് പറഞ്ഞു.
ഇഡി ‘പരാതി’ സമർപ്പിച്ചതിന് ശേഷം മാത്രമേ കോടതികളിൽ വിചാരണ ആരംഭിക്കൂ. എന്നാൽ റെയ്‌ഡും പ്രാഥമിക അന്വേഷണവുമൊക്കെ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് പലപ്പോഴും ഇഡി കോടതികളിൽ പരാതി സമർപ്പിക്കുന്നതെന്ന് മനു ശ്രീനാഥ് പറയുന്നു. തന്റെ തന്നെ കീഴിലുള്ള കേസുകളിൽ ഇഡി പരാതി സമർപ്പിക്കാൻ രണ്ട് വർഷത്തിനു മേലെ സമയമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിചാരണക്കെത്തിയ കേസുകൾ വെറും 27 ശതമാനം
ഇസിഐആർ രജിസ്റ്റർ ചെയ്ത ഭൂരിപക്ഷം കേസുകളിലും ഇതുവരെ ഇഡി കോടതിയിൽ പരാതി സമർപ്പിച്ചിട്ടില്ലെന്ന് ഇഡിയുടെ വെബ്‌സെറ്റിൽ കൊടുത്തിട്ടുള്ള കണക്കുകളിൽ നിന്ന് വ്യക്തമാണ്. ആകെ രജിസ്റ്റർ ചെയ്ത 8,851 ഇസിഐആറുകളിൽ കോടതിയിലെത്തിയത് 2,396 കേസുകൾ മാത്രമാണ്. അതായത്, ആകെ രജിസ്റ്റർ ചെയ്ത കേസുകളിൽ 27 ശതമാനം കേസുകൾ മാത്രമേ വിചാരണ വരെയെങ്കിലും എത്തിയിട്ടുള്ളൂ. ബാക്കി ബഹുഭൂരിപക്ഷം കേസുകളും അന്വേഷണ ഘട്ടത്തിലോ ഉപേക്ഷിക്കപ്പെട്ടതോ ആയ അവസ്ഥയിലാണ്.

2019 മുതൽ 2024 വരെ ആകെ രജിസ്റ്റർ ചെയ്ത ഇസിഐആറുകൾ 911 ആണ്. ഇതിൽ 257 കേസുകൾ മാത്രമാണ് വിചാരണയ്ക്കെത്തിയത്. വിചാരണക്ക് എത്തുന്നവ തന്നെ വിചാരണ പൂർത്തിയാക്കി അന്തിമ ഘട്ടത്തിലേക്കെത്താൻ വീണ്ടും വർഷങ്ങൾ എടുക്കുന്നു.
ഇഡി പരാതി സമർപ്പിച്ച കേസുകളിൽ (2,396) 2.5 ശതമാനം കേസുകളിൽ മാത്രമാണ് വിചാരണ പൂർത്തിയായിട്ടുള്ളത് (60). ഇവയിൽ 56 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടു. അതായത് 93.33 ശതമാനം ശിക്ഷാ നിരക്ക്. സംശയാതീതമായി കുറ്റം തെളിയിക്കാൻ കഴിയുന്ന കേസുകൾ മാത്രമാണ് വിചാരണ പൂർത്തിയാക്കുന്നത് എന്നും വ്യാഖ്യാനിക്കാം.

ആയിരക്കണക്കിന് പേജുകളുള്ള രേഖകൾ സമർപ്പിച്ച് കോടതിക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തന്ത്രം
ജാമ്യാപേക്ഷയുടെ ഘട്ടത്തിൽ ആയിരക്കണക്കിന് പേജുകളുള്ള രേഖകൾ സമർപ്പിക്കുന്ന രീതിയും ഇഡി ഉപയോഗിക്കുന്നുണ്ട്. പ്രാഥമിക റിമാൻഡ് വേളയിലും ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും എണ്ണമറ്റ രേഖകളും സാക്ഷികളുടെ നീണ്ട പട്ടികയും ഇഡി കോടതിയിൽ ഹാജരാക്കുന്നു. കുറ്റാരോപിതനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കോടതിക്ക് തോന്നാൻ വേണ്ടിയാണ് ഈ മാർഗ്ഗം ഉപയോഗിക്കുന്നതെന്ന് അഭിഭാഷകർ പറയുന്നു.
“ജാമ്യാപേക്ഷയിൽ വാദം നടക്കുമ്പോൾ, പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ ഇഡി നിരവധി രേഖകൾ സമർപ്പിക്കും. എന്നാൽ പിന്നീട് വിചാരണയിലേക്ക് കടക്കുമ്പോൾ, ഇത്രയധികം രേഖകൾ പരിശോധിച്ച് നടപടിയെടുക്കാൻ ഒരുപാട് സമയമെടുക്കും.” മനു ശ്രീനാഥ് പറയുന്നു.
കേസുമായി നേരിട്ട് ബന്ധമില്ലാത്ത രേഖകൾ; സാക്ഷികളുടെ നീണ്ട ലിസ്റ്റ്
രജിസ്റ്റർ ചെയ്ത കേസുമായി നേരിട്ട് ബന്ധമില്ലാത്ത ഒട്ടനവധി രേഖകൾ ഇഡി കോടതിക്ക് മുന്നിൽ ഹാജരാക്കും. പല കേസുകളിലും പ്രതിപ്പട്ടികയിൽ ഉൾപ്പെടാത്തവരുടെ പോലും വർഷങ്ങളായുള്ള ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങൾ ഇഡി കോടതിയിൽ സമർപ്പിക്കാറുണ്ട്. നിരവധി തെളിവുകളുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നതിനായി ആവശ്യത്തിലധികം സാക്ഷികളെ ഉൾപ്പെടുത്തുന്ന രീതിയുമുണ്ട്.

“ചില കേസുകളിൽ തുടക്കത്തിൽ അമ്പതോ അറുപതോ സാക്ഷികളുടെ പട്ടികയാകും ഇഡി പരാതിയിൽ നൽകുക. എന്നാൽ വിചാരണ തുടങ്ങുമ്പോൾ കോടതിയിൽ ഹാജരാക്കുന്നത് എട്ടോ ഒൻപതോ പേരെ മാത്രമാകും. തത്വത്തിൽ ബാക്കിയുള്ള സാക്ഷികളുടെ രേഖകൾ വിചാരണ വൈകിപ്പിക്കാൻ മാത്രമേ സഹായിക്കൂ” മനു ശ്രീനാഥ് പറയുന്നു.
പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് ഇത്രയധികം രേഖകൾ വലിയ തലവേദനയായി മാറുന്നുവെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ പിഎംഎൽഎ കോടതികളെല്ലാം അധിക ചുമതലയിൽ പ്രവർത്തിക്കുന്നതാണ്. ആ കോടതികളിൽ മറ്റ് അന്വേഷണ ഏജൻസികളുടെ കേസുകളും നടക്കുന്നുണ്ടാകും. അത് കൊണ്ട് തന്നെ കെട്ടുകണക്കിന് രേഖകളുള്ള പിഎംഎൽഎ കേസുകളുടെ വിചാരണ നീണ്ടുപോകാറുണ്ട്. “ഒരു പിഎംഎൽഎ കേസിന്റെ ഫയലുകൾ സൂക്ഷിക്കാൻ ഓഫീസിന്റെ പകുതിയോളം വേണ്ടിവരും”. മനു ശ്രീനാഥ് കൂട്ടിച്ചേർത്തു.
2025 ലെ ‘Directorate of Enforcement v. Jatin Chopra’ എന്ന കേസ് പരിഗണിച്ചു കൊണ്ട് ഡൽഹി റൂസ് അവന്യൂ കോടതി ജഡ്ജ് അപർണ സ്വാമി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
“കുറ്റം പെരുപ്പിച്ചുകാട്ടാൻ ഇഡി വൻതോതിൽ രേഖകൾ സമർപ്പിക്കുന്നുവെന്ന ഒറ്റക്കാരണത്താൽ, ആ രേഖകളിൽ പേരു പോലുമില്ലാത്ത പ്രതികളെപ്പോലും കുറ്റക്കാരായി കോടതികൾ കണക്കാക്കരുത്. ഈ രേഖകളുടെ സത്യാവസ്ഥ, സ്വീകാര്യത, ഉള്ളടക്കത്തിന്റെ സ്വാധീനം എന്നിവ വിചാരണയിലൂടെ പരിശോധിക്കാതെ, പ്രതികളെ ശിക്ഷിക്കാനുള്ള ഉപകരണമായി കോടതികൾ മാറരുത്”
എന്നാണ് കോടതി അന്ന് നിരീക്ഷിച്ചത്.
മറ്റ് ഏജൻസികളുടെ കേസുകൾ അവസാനിച്ചാലും നീണ്ട് പോകുന്ന ഇഡി കേസുകൾ
ഇഡി യുടെ 2025-26 കാലയളവിലെ വാർഷിക റിപ്പോർട്ടിൽ തന്നെ വിചാരണ പൂർത്തിയാകുന്നതിലെ കാലതാമസത്തെ പറ്റി പറയുന്നുണ്ട്. ഇതിൽ വിചാരണ നീണ്ടു പോകാൻ ചില കാരണങ്ങളും ഇഡി ചൂണ്ടിക്കാട്ടുന്നു. ഇഡി ആശ്രയിക്കുന്ന മറ്റ് അന്വേഷണ ഏജൻസികളുടെ കേസുകൾ കോടതികൾ റദ്ദാക്കുന്നത് കൊണ്ടാണ് പലപ്പോഴും വിചാരണ പൂർത്തിയാകാതെ പോകുന്നതെന്നാണ്. അല്ലെങ്കിൽ അതാത് അന്വേഷണ ഏജൻസികൾ തന്നെ കേസ് അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോർട്ടുകൾ സമർപ്പിക്കും. ഇതോടെ ഇഡി കേസിന്റെ വിചാരണ സ്തംഭിക്കും. ഇഡി രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ സ്വഭാവം എന്താണെന്ന് കൂടി സൂചിപ്പിക്കുന്നതാണ് ഇഡി തന്നെ നൽകുന്ന ഈ വിശദീകരണം.

ആദ്യമേ റെയ്‌ഡ്; സ്വത്ത് കണ്ട് കെട്ടൽ
അപക്വമായ കേസ് രജിസ്ട്രേഷനും പ്രോസിക്യൂഷന്റെ തന്ത്രങ്ങളുമാണ് വിചാരണ വൈകാൻ പ്രധാന കാരണമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മറ്റേതെങ്കിലും അന്വേഷണ ഏജൻസി കേസെടുത്തതിന് ശേഷമാണ് ഇഡി ക്ക് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കുക. പക്ഷേ ആ പ്രാഥമിക കേസിൽ എന്തെങ്കിലും സ്ഥിരീകരണമുണ്ടാകുന്നതിന് മുൻപ് തന്നെ ഇഡി സമൻസ് അയക്കുകയും, റെയ്ഡുകൾ നടത്തുകയും, സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുന്നു. പിഎംഎൽഎ സെക്ഷൻ 3 പ്രകാരം, കുറ്റം പൂർണ്ണമായും നടന്നു എന്ന് ഉറപ്പിച്ചതിന് ശേഷമല്ല എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ആദ്യഘട്ടത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് പ്രാദേശിക പോലീസ് തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുമ്പോൾ ഇഡിയുടെ കേസും ഇല്ലാതാകുന്നു. ഇത് ഏജൻസിയുടെ ധൃതിപിടിച്ചുള്ള നടപടികളെയാണ് കാണിക്കുന്നത്.
പ്രതിപക്ഷത്തെ വേട്ടയാടുന്ന ഇഡി; ഇതാ തെളിവുകൾ
പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഇഡി ഈ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനം ശക്തമാണ്. യുപിഎ സർക്കാരുകളുടെ കാലത്ത് 54 ശതമാനം ഇഡി കേസുകളിലാണ് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെട്ടിട്ടുള്ളത്. മോഡി ഭരണത്തിൽ ഇത് 95 ശതമാനമായി ഉയർന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിയമവിരുദ്ധ മണൽ ഖനനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറുകളുടെ വിശദാംശങ്ങൾ ഇഡി തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് വിമർശകർ പറയുന്നു.
2021 ൽ, 122 ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകളുടെ പട്ടിക ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ പുറത്ത് വന്നിട്ടുള്ള 52 പേരുകളിൽ നാല്പത്തി ഒൻപതും പ്രതിപക്ഷത്തുള്ളവരാണ്. കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, കാർത്തി ചിദംബരം, ഡിഎംകെ നേതാക്കളായ എ. രാജ, കനിമൊഴി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ജമ്മു കശ്മീരിൽ നിന്നുള്ള ഫാറൂഖ് അബ്ദുള്ള തുടങ്ങിയവർ ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
ബിജെപിയിൽ ചേരുന്നതോടെ ഇല്ലാതാകുന്ന ഇഡി കേസുകൾ
ബിജെപി നേതാക്കളായ സുവേന്ദു അധികാരി, മിഥുൻ ചക്രവർത്തി എന്നിവരും ഈ പട്ടികയിലുണ്ട്. എന്നാൽ അവർക്കെതിരെ കേസെടുത്തിട്ടുള്ളത് അവർ തൃണമൂൽ കോൺഗ്രസിലായിരുന്നപ്പോഴാണ്. സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതിന് ശേഷം നാരദ അഴിമതി കേസിൽ ഇഡി നൽകിയ കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കപ്പെട്ടു.
അമേരിക്ക അസ്ഥാനമായ സ്വതന്ത്ര സംഘടന ‘ഫ്രീഡം ഹൗസ്’ ന്റെ പഠനത്തിൽ പറയുന്നതനുസരിച്ച്, മോദി സർക്കാരിന്റെ കാലത്ത് (2014 – 24) ഇഡി അന്വേഷണം നേരിട്ട 121 പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ 115 പേരും പ്രതിപക്ഷ പാർട്ടി നേതാക്കളായിരുന്നു. ഇഡി അന്വേഷണം നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നു. ഇതിൽ 23 പേരുടെയും ഇഡി കേസുകൾ ഉപേക്ഷിക്കപ്പെടുകയോ അവർക്കനുകൂലമായ തരത്തിൽ തീർപ്പാവുകയോ ചെയ്തു.
ഇഡി മാത്രമല്ല, സിബിഐയും
ഇഡി യെ മാത്രമല്ല, സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെയും സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ആരോപണമുണ്ട്. 2004 നും 2014 നുമിടയിൽ യുപിഎ സർക്കാരിന്റെ കാലത്ത്, പല കേസുകളിലായി സിബിഐ 72 രാഷ്ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നു. ഇതിൽ 43 പേരാണ് അന്നത്തെ പ്രതിപക്ഷപാർട്ടികളിൽ പെട്ടവർ. അതായത് സിബിഐ കേസുകളിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ 60 ശതമാനം പേരാണ് പ്രതിപക്ഷ നേതാക്കൾ. എന്നാൽ മോദി ഭരണകാലത്ത് (2014 – 24) ഇത് 95 ശതമാനമായി വർധിച്ചു.
പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ പണിയെടുക്കുന്ന ഇഡി
പല സംസ്ഥാനങ്ങളിലും നിർണ്ണായക രാഷ്ട്രീയ സാഹചര്യങ്ങളിൽ ബിജെപിക്ക് അനുകൂലമായി ഇഡി പ്രവർത്തിച്ചതിന് തെളിവുകളുണ്ട്. 2020 ജൂലൈയിൽ, രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ഭരണത്തിനെതിരെ വിമതസ്വരം ഉയർത്തിയ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും 18 എംഎൽഎമാരും സർക്കാരുമായുള്ള ബന്ധം വേർപെടുത്തി. ബിജെപിയിൽ ചേരാനായി മറ്റ് കോൺഗ്രസ് എംഎൽഎമാർക്ക് സച്ചിൻ പൈലറ്റ് പണം വാഗ്ദാനം ചെയ്തെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയായിരുന്നു ഈ നീക്കം.
ഈ രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ, ജൂലൈ 22-ന് മുഖ്യമന്ത്രിയുടെ സഹോദരനായ അഗ്രസെയ്ൻ ഗെഹ്‌ലോട്ടിന്റെ ജോധ്പൂരിലെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തി. 2007-09 കാലയളവിൽ നടന്ന വളം കയറ്റുമതി തട്ടിപ്പ് / നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനമായ ഗുജറാത്തിലെ കസ്റ്റംസ് സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഇതിനിടയിൽ വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. ഈ നടപടിക്കെതിരെയുള്ള കേസ് രാജസ്ഥാൻ ഹൈക്കോടതി പരിഗണിച്ച അതേ ദിവസം തന്നെയാണ് കസ്റ്റംസ് വിഭാഗം മുഖ്യമന്ത്രിയുടെ സഹോദരനെതിരെ പരാതി സമർപ്പിച്ചതും ഇഡി റെയ്‌ഡ് നടത്തിയതും. സർക്കാരിനെ താഴെയിറക്കാൻ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിച്ച് അശോക് ഗെഹ്ലോത്തിനുമേൽ സമർദ്ദം ചെലുത്തുകയായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.
ഉദ്ദവ് താക്കറെ സർക്കാരിനെ താഴെയിറക്കാൻ ശിവസേനാ നേതാവിന് മേൽ സമ്മർദ്ദം
മഹാരാഷ്ട്രയിൽ 2022 ജൂണിൽ ഉദ്ദവ് താക്കറെ സർക്കാർ താഴെയിറങ്ങാറായ സമയത്ത് ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ഇഡി സമൻസ് അയച്ചു. ബിജെപി ക്കെതിരായി രൂപീകരിച്ച മഹാവികാസ് അഘാഡി സഖ്യമായിരുന്നു ഉദ്ധവ് താക്കറെയെ അധികാരത്തിലെത്തിച്ചത്. സർക്കാരിനെ താഴെ ഇറക്കാൻ സഹായിച്ചില്ലെങ്കിൽ ജയിലിലടയ്ക്കുമെന്ന് ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി സഞ്ജയ് റാവത്ത് രാജ്യസഭാ അധ്യക്ഷന് കത്തെഴുതിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പഞ്ചാബ്, ഡൽഹി, ജാർഖണ്ഡ് മുഖ്യമന്ത്രിമാർക്കെതിരെ
പഞ്ചാബിൽ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപ് അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയെ ഇഡി അറസ്റ്റ് ചെയ്തു. ഡൽഹി, ഝാർഖണ്ഡ് മുഖ്യമന്ത്രിമാരായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഹേമന്ത് സോറനെയും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഇഡി അറസ്റ്റ് ചെയ്തത്. എന്നാൽ അസമിൽ ശാരദ ചിട്ടി ഫണ്ട് കേസിൽ ഉൾപ്പെട്ട ഹിമന്ത ബിശ്വ ശർമ്മ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് ശേഷം അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്യുകയോ സമൻസ് അയക്കുകയോ ചെയ്തിട്ടില്ല.
കയ്യൊഴിഞ്ഞ് സുപ്രീം കോടതിയും
കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ 2023 മാർച്ചിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സിബിഐ, ഇഡി എന്നീ ഏജൻസികൾ രാഷ്ട്രീയപ്രവർത്തകർക്കെതിരെ നടത്തുന്ന നടപടികളിൽ അറസ്റ്റിന് മുൻപും ശേഷവും പാലിക്കേണ്ട നടപടികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഈ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. രാഷ്ട്രീയക്കാർക്ക് സാധാരണക്കാരേക്കാൾ ഉയർന്ന പരിരക്ഷയില്ലെന്നും പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കിയതോടെ ഹർജി പിൻവലിക്കുകയാണുണ്ടായത്.
കഠിനമായ ജാമ്യ വ്യവസ്ഥകൾ
ഇഡിക്ക് ലഭിച്ചിട്ടുള്ള അനിയന്ത്രിതമായ അധികാരങ്ങൾക്ക് കാരണം പിഎംഎൽഎ നിയമത്തിൽ വരുത്തിയ ഭേദഗതികളാണെന്ന് നിയമവിദഗ്ധർ പറയുന്നു. സെക്ഷൻ 45 പ്രകാരമുള്ള കഠിനമായ ജാമ്യ വ്യവസ്ഥകളാണ് ഇതിൽ പ്രധാനം. സാധാരണയായി, പ്രതികൾ രക്ഷപ്പെടുമോ, തെളിവുകൾ നശിപ്പിക്കുമോ, സാക്ഷികളെ സ്വാധീനിക്കുമോ എന്നീ കാര്യങ്ങൾ മാത്രമാണ് ജാമ്യാപേക്ഷയിൽ കോടതി പരിശോധിക്കാറുള്ളത്. ഇവയ്ക്കുള്ള സാധ്യതകളില്ലെങ്കിൽ സാധാരണഗതിയിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാറുണ്ട്. എന്നാൽ, പിഎംഎൽഎ നിയമപ്രകാരം ‘ട്വിൻ കണ്ടീഷൻ’ (Twin Condition) എന്ന മാർഗ്ഗത്തിലൂടെയാണ് പ്രതികൾക്ക് കോടതികൾ ജാമ്യം നൽകുക.
ഈ വ്യവസ്ഥയനുസരിച്ച്, കുറ്റാരോപിതൻ കുറ്റക്കാരനല്ലെന്നും ജാമ്യത്തിലിറങ്ങിയാൽ കുറ്റം ആവർത്തിക്കില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ജാമ്യം നൽകാനാവൂ. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന സ്വാഭാവിക നീതിക്കും നീതിയുക്തമായ വിചാരണക്കും വിരുദ്ധമാണിതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സാധാരണ ക്രിമിനൽ നിയമങ്ങളിൽ നൽകുന്ന ജാമ്യ വ്യവസ്ഥകൾക്ക് പകരം പിഎംഎൽഎയിൽ കർശനമായ നിയന്ത്രണങ്ങളാണ് ഉള്ളത്.
സുപ്രീം കോടതി റദ്ദാക്കിയ ജാമ്യ വ്യവസ്ഥകൾ ധനകാര്യ ബില്ലിലൂടെ തിരികെ കൊണ്ട് വന്ന് സർക്കാർ
2017 ലെ നികേഷ് താരാചന്ദ് ഷാ കേസിൽ സുപ്രീം കോടതി സെക്ഷൻ 45 ലെ ഈ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട് റദ്ദാക്കിയിരുന്നു. എന്നാൽ 2018 ലും 2019 ലും ധനകാര്യ ബില്ലുകൾ വഴി കേന്ദ്ര സർക്കാർ ഈ വ്യവസ്ഥകൾ വീണ്ടും നിയമത്തിൽ ഉൾപ്പെടുത്തി. ധനകാര്യ ബില്ലുകൾ റദ്ദാക്കാനോ അതിൽ മാറ്റം വരുത്താനോ രാജ്യസഭയ്ക്ക് അധികാരമില്ല. പിന്നീട് 2022 ജൂലൈയിൽ വിജയ് മദൻലാൽ ചൗധരി കേസിൽ സുപ്രീം കോടതി ഈ ഭേദഗതികൾ ശരിവെക്കുകയാണുണ്ടായത്.
കുറ്റം തെളിയാതെ തന്നെ ഇഡി കണ്ട് കെട്ടിയത് ഒരു ലക്ഷത്തി അൻപത്തി അയ്യായിരം കോടിയുടെ സ്വത്തുക്കൾ!
വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിന് പുറമേ, സെക്ഷൻ 5 പ്രകാരം സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടാനും (PAO) ഇഡിക്ക് അധികാരമുണ്ട്. 2026 മാർച്ച് 31 വരെ രണ്ട് ലക്ഷത്തി മുപ്പത്താറായിരം കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് ഇഡി ഇത്തരത്തിൽ താത്കാലികമായി കണ്ടുകെട്ടിയത്. ഇതിൽ 15,735.91 കോടി രൂപ കോടതി ഉത്തരവ് പ്രകാരം പൂർണമായി കേന്ദ്ര സർക്കാരിലെത്തിയിട്ടുണ്ട്. അതായത്, ആകെ കണ്ടുകെട്ടിയ തുകയുടെ 6.67 ശതമാനം. എന്നാൽ ഈ തുക മുഴുവനായും വിചാരണ പൂർത്തിയായി കുറ്റം തെളിയിക്കപ്പെട്ടതുകൊണ്ട് കൊണ്ട് കണ്ടു കെട്ടിയതല്ല. മറിച്ച്, കുറ്റാരോപിതനായ വ്യക്തി മരണപ്പെടുകയോ അല്ലെങ്കിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുകയോ ചെയ്തത് മൂലം കേന്ദ്ര സർക്കാരിലത്തിയതാണ്. പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 8(7) കോടതികളെ ഇതിന് അധികാരപ്പെടുത്തുന്നുണ്ട്.
കുറ്റം ചെയ്തവരുടേതായി കണ്ട് കെട്ടിയത് 68 കോടി മാത്രം
എന്നാൽ വിചാരണ പൂർത്തിയായ 56 കേസുകളിൽ നിന്ന് ആകെ കണ്ടുകെട്ടിയത് 68.20 കോടി രൂപ മാത്രമാണ്. ആകെ കണ്ടുകെട്ടിയതിന്റെ 0.029 ശതമാനം.
എന്നാൽ 1,54,959.71 കോടി രൂപയുടെ സ്വത്തുക്കൾ, അതായത് ആകെ കണ്ടുകെട്ടിയതിന്റെ 65.66 ശതമാനത്തിലധികവും വിചാരണ പൂർത്തിയാകാതെ കോടതികളിൽ കെട്ടിക്കിടക്കുകയാണ്. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കുന്നതിലൂടെ, കുറ്റം തെളിയുന്നതിന് മുൻപ് തന്നെ വ്യക്തികളെയും സ്ഥാപനങ്ങളെയും സാമ്പത്തികമായി തകർക്കാൻ ഇഡിക്ക് സാധിക്കുന്നു.
ചുരുക്കത്തിൽ, സാധാരണ ക്രിമിനൽ നീതി ന്യായ വ്യവസ്ഥയിൽ നിന്ന് വ്യത്യസ്തമായി അന്വേഷണ പ്രക്രിയയെ തന്നെ ഒരു ശിക്ഷയായി മാറ്റുന്ന രീതിയാണ് പലപ്പോഴും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടപ്പിലാക്കുന്നത്. വിചാരണ ഇല്ലാതെ നീണ്ടുപോകുന്ന കസ്റ്റഡിയും സ്വത്ത് മരവിപ്പിക്കലും വഴി, കോടതിയിലെ ശിക്ഷാവിധിയേക്കാൾ കഠിനമായ ശിക്ഷയാണ് അന്വേഷണ ഘട്ടത്തിൽ തന്നെ കുറ്റാരോപിതർ നേരിടേണ്ടി വരുന്നത്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക