സിന്ദൂരം മായ്ക്കാനും തട്ടമിടാനും ഹിന്ദു സ്ത്രീകളെ നിർബന്ധിച്ചു‘ വീണ്ടും വ്യാജ വാർത്തയുമായി വലത് പക്ഷ മാധ്യമങ്ങൾ 

സിന്ദൂരം മായ്ക്കാനും തട്ടമിടാനും ഹിന്ദു സ്ത്രീകളെ നിർബന്ധിച്ചു‘ വീണ്ടും വ്യാജ വാർത്തയുമായി വലത് പക്ഷ മാധ്യമങ്ങൾ 

കോഴിക്കോട് ഒരു കൺവെൻഷൻ സെൻ്ററിലെ കാറ്ററിംഗ് ജീവനക്കാരികളെ സിന്ദൂരം മായ്ക്കാനും തട്ടമിടാനും നിർബന്ധിച്ചു എന്ന വ്യാപകമായ പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നു. സ്ഥിരമായി വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സാമൂഹ്യ മാധ്യമ പേജുകളും ജനം ടിവി പോലുള്ള മാധ്യമങ്ങളും ഈ പ്രചാരണം നടത്തുന്നുണ്ട്.

കോഴിക്കോടുള്ള ഒരു കല്യാണ മണ്ഡപത്തിൽ കാറ്ററിംഗ് ജോലിക്കെത്തിയ സ്ത്രീകളോട് ഉടമസ്ഥൻ, സിന്ദൂരം മായ്ക്കാൻ ആവശ്യപ്പെടുകയും പകരം തലയിൽ തട്ടം ധരിക്കാൻ പറയുകയും ചെയ്തു എന്നാണ് പ്രചരിക്കുന്ന പോസ്റ്റുകൾ പറയുന്നത്. തൊഴിലിടങ്ങളിൽ മുസ്ലിം രീതികൾ അനുഷ്ഠിക്കാൻ ഹിന്ദു സ്ത്രീകളോട് പറഞ്ഞ ഈ സംഭവം, ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തി എന്നാണ് പോസ്റ്റുകൾ പറയുന്നത്.

പക്ഷേ ശരിക്കും എന്താണ് നടന്നത്? കൺവെൻഷൻ സെൻ്ററിലെ  തൊഴിലാളികളുടെ  പ്രതികരണം എന്താണ്?

വലതുപക്ഷ പ്രചരണം ഇങ്ങനെയാണ്

“നെറ്റിയിലെ സിന്ദൂരപ്പൊട്ട് മായ്ക്കാൻ പറഞ്ഞു” ഹിന്ദു സ്ത്രീകളോട് തലയിൽ തട്ടം ധരിച്ച് ജോലി ചെയ്യാൻ സ്ഥാപന ഉടമ നിർബന്ധിച്ചു എന്ന്  പരാതി എന്നെഴുതിയ ജനം ടിവിയുടെ ഒരു ബ്രേക്കിംഗ് ന്യൂസ് ഓഗസ്റ്റ് പതിനൊന്നാം തീയതി സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പ്രചരിച്ചിരുന്നു.

ജനം ടിവിയുടെ എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

36,000 ൽ അധികം ഫോളോവേഴ്സ് ഉള്ള ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക്ക് പേജിലും ഈ പോസ്റ്റ് വന്നിട്ടുണ്ട്. കോഴിക്കോട് ഇരിങ്ങത്ത് ശരീഫ് കുമ്മേരിയുടെ ഉടമസ്ഥതയിലുള്ള ഗ്രീൻ ഓക്ക് കല്യാണമണ്ഡപത്തിൽ കാറ്ററിംഗ് ജോലിക്ക് എത്തിയ തൊഴിലാളികളോടാണ് ഉടമസ്ഥൻ ഇങ്ങനെ ചെയ്തത് എന്നാണ് പോസ്റ്റിന്റെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ഇതിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തിയ വീഡിയോയും കൂടി ചേർത്താണ് ഹിന്ദു ഐക്യവേദിയുടെ പോസ്റ്റ്. ഇതുവരെ (14/8/26) ഈ പോസ്റ്റിന് 24,000 ൽ അധികം പേർ ലൈക്ക് ചെയ്തതായി കാണാം. രണ്ടായിരത്തിലധികം പേർ ഇതിന് കമൻറ് ചെയ്തിട്ടുണ്ട്. മുസ്ലീങ്ങൾക്ക് എതിരായ വിദ്വേഷ കമൻ്റുകളും ധാരാളം ഉണ്ട്.

ഹിന്ദു ഐക്യവേദിയുടെ പോസ്റ്റിലെ കമൻറ് സെക്ഷൻ, സ്ക്രീൻഷോട്ട് 

“നാളെ ഒരു ഹിന്ദു സ്ഥാപനം ഉടമ മുസ്ലിം വനിതാ ജീവനക്കാരോട് തട്ടമഴച്ചുവെച്ച് ജോലി ചെയ്യാൻ പറയുമ്പോഴും ഇതേ സഹിഷ്ണുത മതേതര കേരളം കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു” എന്ന പ്രതികരണം കേരളത്തിലെ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് പറഞ്ഞതായി 16,000 ഫോളോവേഴ്സ് ഉള്ള ഒഞ്ചിയം എന്ന  ഫേസ്ബുക്ക് പോസ്റ്റ് കാണിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

ഇതുമായി ബന്ധപ്പെട്ട് ജനം ടിവി പ്രസിദ്ധീകരിച്ച വാർത്താ കാർഡ് തന്നെയാണ് മിക്ക ഫേസ്ബുക്ക് പേജുകളിലും പ്രചരിച്ചിട്ടുള്ളത്. 

എന്താണ് സത്യാവസ്ഥ?

ഈ സംഭവം സത്യമാണോ എന്ന് അറിയുന്നതിനായി പോസ്റ്റുകളിൽ പറയുന്ന കല്യാണമണ്ഡപത്തെ കുറിച്ച് ഒബിസി അന്വേഷിച്ചു. കോഴിക്കോട് ജില്ലയിലെ ഇരിങ്ങത്തിന് സമീപം തുറയൂരുള്ള Green Oak എന്ന കല്യാണമണ്ഡപകത്തിൻ്റെ സോഷ്യൽ മീഡിയ പേജുകൾ ഒബിസി പരിശോധിച്ചു. ഇൻസ്റ്റഗ്രാമിൽ ആണ് ഓഡിറ്റോറിയത്തിന് സജീവമായ ഒരു സോഷ്യൽ മീഡിയ പേജ് ഉള്ളത്.

പേജ് പരിശോധിച്ചപ്പോൾ, തൊഴിലാളികളുടെ പ്രതികരണം ആഗസ്റ്റ് 13 ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. സ്ഥാപന ഉടമ നിർബന്ധിച്ചു തലയിൽ തട്ടം ധരിപ്പിച്ചു എന്ന് പറയുന്നത് പൂർണ്ണമായും തെറ്റാണെന്ന് വീഡിയോയിൽ സ്ത്രീകൾ പറയുന്നുണ്ട്. കാറ്ററിംഗിനായി പോകുമ്പോൾ ധരിക്കുന്നതിനുള്ള പല ഡ്രസ് കോഡുകളിൽ ഒന്ന് മാത്രമാണ് അന്ന് ധരിച്ചിരുന്നത് എന്നാണ് സ്ത്രീകൾ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസിനെയും റിപ്പോര്‍ട്ടര്‍ ചാനലിനെയും ടാഗ് ചെയ്തുകൊണ്ടാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും  പ്രചരിക്കുന്ന തങ്ങളുടെ ഫോട്ടോ പിന്‍വലിക്കണം എന്ന്  ആവശ്യപ്പെട്ട് പോലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കിയതായും വീഡിയോയില്‍ ഇവർ പറയുന്നുണ്ട്.

ഈ വിഷയത്തില്‍ കണ്വെന്‍ഷന്‍ സെന്റര്‍ ഉടമ ഷെരീഫുമായി ഒബിസി ഫോണില്‍ ബന്ധപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും അങ്ങനെയൊരു സംഭവം ഇവിടെ നടന്നിട്ടില്ലെന്നുമാണ് അദേഹത്തിന്റെ പ്രതികരണം. സ്ഥലം സി ഐയുടെ നേതൃത്വത്തില്‍ ഈ വിഷയം ഒത്തു തീര്‍പ്പാക്കിയെന്നും സ്ത്രീകളുടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ നീക്കം ചെയ്തു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഇങ്ങനെ ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും കണ്‍വെന്ഷന്‍ സെന്ടരിനെതിരെയുള്ള പ്രചാരണങ്ങള്‍ നടക്കുകയാണ്. സ്ത്രീകളുടെ വീഡിയോക്ക് താഴെയുള്ള കമന്റ് സെക്ഷനില്‍ വരെ അത് കാണുന്നുണ്ട്. ഒരു വ്യാജ വാർത്തയെ മുൻ നിർത്തി വലിയ വർഗീയ പ്രചാരണമാണ് നടക്കുന്നത്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top