
മീമുകളില്‍ നിന്നുയര്‍ന്നുവന്ന ജനമുന്നേറ്റം
കോക്ക്റോച്ച് ജനതാപാര്‍ട്ടിയെ കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍, അതിനെ കേവലമൊരു ഇന്‍റർനെറ്റ് തരംഗം എന്ന നിലയില്‍ അവതരിപ്പിക്കാൻ എളുപ്പമായിരുന്നു. ഒരു വൈറൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരംഭിച്ച സിജെപി, മീമുകളും ട്രോളുകളും ഓൺലൈൻ പ്രതിഷേധങ്ങളുമായാണ് മുന്നോട്ട് പോയിരുന്നത്. എന്നാൽ ജന്തര്‍മന്തറില്‍ പ്രക്ഷോഭം തുടങ്ങിയശേഷമുള്ള ആഴ്ചകളിൽ, അവിടേക്കുള്ള ഓരോ സന്ദർശനവും മറ്റെന്തോ രൂപപ്പെട്ടു വരുന്നുണ്ടെന്ന സൂചന നൽകിക്കൊണ്ടിരുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെയുള്ള ഒരു ഓൺലൈൻ ക്യാമ്പയിനായി തുടങ്ങിയ യുവാക്കളുടെ കൂട്ടായ്മ ക്രമേണ വിപുലമായൊരു പ്രസ്ഥാനമായി മാറുകയായിരുന്നു.
പ്രക്ഷോഭം പ്രസ്ഥാനമായി മാറുന്നു
ജൂലൈയിൽ പ്രക്ഷോഭം കവർ ചെയ്യാൻ ഞങ്ങൾ ജന്തര്‍മന്തറിലെത്തുമ്പോഴേക്കും, വിഷയം പരീക്ഷകൾക്കും നീറ്റിനുമെല്ലാമപ്പുറത്തേക്ക് വളർന്നിരുന്നു. വിശാല ജനാധിപത്യത്തെക്കുറിച്ചും പ്രതിഷേധിക്കാനുള്ള അവകാശത്തെക്കുറിച്ചും, ‘ജനങ്ങളെ കേൾക്കാൻ തയ്യാറല്ലാത്ത’ ഭരണകൂടത്തെക്കുറിച്ചുമൊക്കെയാണ് അപ്പോള്‍ വിദ്യാർത്ഥികൾ സംസാരിച്ചുകൊണ്ടിരുന്നത്.

സിജെപിയെ പിന്തുണച്ചുകൊണ്ട് ദിവസേന വലിയ ജനക്കൂട്ടം ജന്തർ മന്തറിലേക്കെത്തി. ഒപ്പം, ഇതുവരെ കാണാത്ത സര്‍ക്കാര്‍ സന്നാഹങ്ങളും. 360ഡിഗ്രി ക്യാമറകളും, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും, തത്സമയ കമാൻഡ്-റൂം ഫീഡ് എന്നിവ സജ്ജീകരിച്ച ഡൽഹി പോലീസിന്‍റെ നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ നിരീക്ഷണ വാഹനം – ഈക്ഷണ- സമരാ പന്തലിനു സമീപം പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.
ഭരണകൂടത്തിന്‍റെ ‘കഴുകന്‍കണ്ണുകള്‍’
പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ, തികച്ചും അവിചാരിതമായാണ് ഡൽഹി പോലീസിന്‍റെ ആ സംവിധാനം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. സർവൈലൻസ് വാനിനുള്ളിലെ മോണിറ്ററിൽ ഞങ്ങളിലൊരാളുടെ മുഖം തത്സമയം തെളിയുന്നതാണ് കണ്ടത്. എന്തിനാണ് മാധ്യമപ്രവർത്തകരെ റെക്കോർഡ് ചെയ്യുന്നത് എന്ന് അത് പ്രവര്‍ത്തിപ്പിച്ചിരുന്ന ഉദ്യോഗസ്ഥരോട് ഞങ്ങൾ ചോദിച്ചു. അവിടെയുള്ള എല്ലാവരെയും ക്യാമറകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആ ഉദ്യോഗസ്ഥർ സമ്മതിച്ചു.
ഒരു വിദ്യാർത്ഥി സമരത്തിന്‍മേലുള്ള പോലീസിങ്ങിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയതാണ് ഞങ്ങൾ. ആ ഞങ്ങളുൾപ്പെടെയാണ് പോലീസിന്‍റെ നിരീക്ഷണവലയത്തിൽ അകപ്പെട്ടത്. ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു തിരിച്ചറിവായിരുന്നു അത്.
വ്യക്തികള്‍ക്കതീതമായ ആശയദൃഢത
ജന്തർ മന്തറിലുടനീളം ഇന്ത്യന്‍ ഭരണഘടനയുടെ നൂറുകണക്കിന് പകർപ്പുകളും ഡോ. ബി.ആർ. അംബേദ്കറുടെയും ഭഗത് സിംഗിന്‍റേയുമെല്ലാം ചിത്രങ്ങളും ദേശീയ പതാകകളും കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ സി.ജെ.പി സ്ഥാപകൻ അഭീജിത് ദീപ്കെയുടെയോ, ജൂലൈ 20 ന്‍റെ പാർലമെന്‍റ് മാർച്ചിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സമരത്തിന്‍റെ പ്രധാന മുഖമായി മാറിയിരുന്ന സോനം വാങ്ചുകിന്‍റേയോ ചിത്രങ്ങള്‍ അവിടെ അപൂർവ്വമായി മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. റിപ്പോർട്ടിങ്ങിന്‍റെ ഭാഗമായി ഞങ്ങൾ സംസാരിച്ച ആളുകളാരും തന്നെ ഇവരെ കുറിച്ച് എടുത്തു പറഞ്ഞിരുന്നുമില്ല. ചോദ്യപേപ്പർ ചോർച്ച, പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാവി, ജനാധിപത്യ അവകാശങ്ങളുടെ തകർച്ച തുടങ്ങിയ വിഷയങ്ങളിലായിരുന്നു അവരുടെ മുഴുവന്‍ ശ്രദ്ധയും. അതേക്കുറിച്ചാണ് അവരെല്ലാം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംസാരിച്ചിരുന്നത്.
സമരക്കാരുടെ കയ്യിലുണ്ടായിരുന്ന പോസ്റ്ററുകളിലും ആ മനോഭാവം പ്രകടമായിരുന്നു. “സര്‍ക്കാരെന്നാല്‍ രാജ്യമല്ല,” എന്നായിരുന്നു ഒരു പോസ്റ്ററില്‍ എഴുതിയിരുന്നത്. “(ധര്‍മ്മേന്ദ്ര) പ്രധാൻ, ഇതു പോലും നിങ്ങളുടെ ചോദ്യപ്പേപ്പര്‍ പോലെ ചോരുന്നില്ല,” എന്നെഴഉതിയ ഒരു സാനിറ്ററി പാഡാണ് ഒരു പെണ്‍കുട്ടി ഉയര്‍ത്തിക്കാട്ടിയിരുന്നത് മറ്റൊരു പോസ്റ്റർ. “1984 നെ നിങ്ങള്‍ മാര്‍ഗ്ഗരേഖയാക്കേണ്ടതില്ല” എന്ന് സിഖ് വിരുദ്ധകലാപത്തെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്റര്‍.
വിദ്യാര്‍ത്ഥിസമരം ജനകീയമായ വിധം
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാപ്പകല്‍ യാത്ര ചെയ്താണ് പലരും അവിടെയെത്തിയത്. വീട്ടുകാരോടൊന്നും പറയാതെയാണ് ഡൽഹിയിലെത്തിയതെന്ന് ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ നിന്നുള്ള ഒരു സംഘം ഞങ്ങളോട് പറഞ്ഞു. അവരിൽ ഒരാൾ ഭഗത് സിംഗിന്റെ ചിത്രവും, മറ്റൊരാൾ അംബേദ്കറുടെ ഒരു പുസ്തകവുമാണ് കൈയ്യിൽ കരുതിയിരുന്നത്. “നമ്മുടെ ജനാധിപത്യം അപകടത്തിലാണ്. ഇവിടെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമില്ല,” അവര്‍ പറഞ്ഞു. “യൂണിവേഴ്സിറ്റിയിൽ പ്രതിഷേധിച്ചപ്പോൾ തന്നെ ഞാൻ പോലീസിന്‍റെ ക്രൂരത നേരിട്ടിട്ടുണ്ട്.”
ഇവരാരും ഇപ്പോഴത്തെ പരീക്ഷാപേപ്പർ ചോർച്ചയുടെ ഇരകളായിരുന്നില്ല, അതിനോടുള്ള പ്രതിഷേധം കൊണ്ട് മാത്രമല്ല അവരെല്ലാവരും അവിടെയെത്തിയത്. താൻ തന്‍റെ പെൺമക്കൾക്ക് വേണ്ടിയാണ് അവിടെയെത്തിയതെന്നാണ് പ്രായം അറുപതുകളിൽ എത്തിയ രവീന്ദ്ര കുമാർ പറഞ്ഞത്. 2024ലെ നീറ്റ് വിവാദത്തിന് ശേഷം, മകളുടെ പരീക്ഷ റദ്ദാക്കിയപ്പോൾ തന്‍റെ കുടുംബം വലിയ മാനസിക വിഷമത്തിലായെന്ന് അദ്ദേഹം പറഞ്ഞു.
മുദ്രാവാക്യങ്ങളുടെ വൈവിധ്യം
“എന്‍റെ പെൺമക്കൾക്ക് വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്”, ആദ്യമായി ഒരു സമരത്തിൽ പങ്കെടുക്കുന്ന മറ്റൊരു സ്ത്രീ. താനൊരു എൻജിനീയറാണെന്നും തനിക്കിനി സർക്കാർ പരീക്ഷകളൊന്നും എഴുതാനില്ലെന്നുമാണ് അവർ പറഞ്ഞത്.
“വിദ്യാഭ്യാസം എല്ലാ വീടുകളെയും ബാധിക്കുന്ന കാര്യമാണ്. ഞാൻ വന്നത് വരുംതലമുറക്ക് വേണ്ടിയാണ്,” അവവരുടെ വാക്കുകള്‍ വ്യക്തമായിരുന്നു.
ഇതുപോലുള്ള നിരവധി പേരെ സമരവേദിയിൽ ഞങ്ങൾ കണ്ടുമുട്ടി. ഓരോരുത്തരും സംസാരിക്കുന്നത് കേട്ടപ്പോള്‍ എന്തുകൊണ്ടാണ് ഈ ഓൺലൈൻ പ്രസ്ഥാനം ഇത്രയേറെപ്പോരെ ആകർഷിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി.
“മോദി, ഇന്ത്യയിലെ ജനാധിപത്യത്തിന്‍റെ ഘാതകൻ” (Modi Means Murderer of Democracy in India) എന്നെഴുതിയ പോസ്റ്ററുമായി എത്തിയ പ്ലസ് ടു കാരിയെ അവിടെ കണ്ടു. രാജ്യത്തെ സംഭവവികാസങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് താൻ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നാണ് അവള്‍ പറയുന്നത്. “ഞങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ ഞങ്ങൾക്ക് ഒരു ഇടം ആവശ്യമായിരുന്നു. അതുകൊണ്ടാണ് ഞാൻ വന്നത്”.

തലേന്ന് രാത്രി മുഴുവൻ ജോലി ചെയ്ത ശേഷം അതിരാവിലെ ജന്തർ മന്തറിലെത്തിയ ഒരു ഓട്ടോറിക്ഷ ഡ്രൈവർ, ഒരു ദിവസത്തെ വരുമാനം താൻ സന്തോഷത്തോടെ വേണ്ടെന്നുവെച്ചതാണെന്ന് ഞങ്ങളോട് പറഞ്ഞു.”ജനാധിപത്യം സംരക്ഷിക്കാൻ പത്തു ദിവസത്തെ വരുമാനം വേണമെങ്കിലും ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്” അദ്ദേഹം പറഞ്ഞു.
ജീവിതത്തിലാദ്യമായി ഒരു പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹ്യുമാനിറ്റീസ് പഠിക്കുന്ന ഒരു കൂട്ടം വിദ്യാർഥികൾ. പോലീസ് നടപടികളെ ഭയക്കുന്നുണ്ടോ എന്ന് ഞങ്ങൾ അവരോട് ചോദിച്ചു.
പുഞ്ചിരിച്ചുകൊണ്ടാണ് അവർ മറുപടി നൽകിയത്: “ഭരണകൂടമാണ് ജനങ്ങളെ ഭയക്കേണ്ടത്, തിരിച്ചല്ല.”
ഭരണകൂടവും മര്‍ദ്ദനോപകരണവും
ജൂലൈ 20ന് നടന്ന പാർലമെന്‍റ് മാർച്ച് ആയിരുന്നു ഏറ്റവും പ്രധാനപ്പെട്ട സംഭവം. മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ബാരിക്കേഡുകൾ ഉയര്‍ത്തുകയും വൻ സായുധപോലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിട്ടും, പതിനായിരക്കണക്കിന് ആളുകൾ ജന്തർ മന്തറിന് ചുറ്റും തടിച്ചുകൂടുകയും പാർലമെന്‍റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
പ്രതിഷേധക്കാർ മുന്നോട്ട് നീങ്ങിയപ്പോൾ, ബാരിക്കേഡുകളും ലാത്തിച്ചാർജും കണ്ണീർവാതകവും ഉപയോഗിച്ച് ഡൽഹി പോലീസ് അവരെ വീണ്ടും വീണ്ടും തടഞ്ഞു.
കണ്ണീർവാതകത്തിനിടയിലൂടെ ഓടുന്ന പ്രതിഷേധക്കാരെയും, അപരിചിതരായ ആളുകളുടെ മുഖത്തേക്ക് വെള്ളമൊഴിച്ചു കൊടുക്കുന്നവരെയും, ലാത്തിച്ചാർജിൽ പരിക്കേറ്റവരെ സഹായിക്കുന്നവരെയും ഞങ്ങൾ കണ്ടു. പോലീസ് തുടർച്ചയായി ബലം പ്രയോഗിച്ചിട്ടും ഭൂരിപക്ഷം പേരും പിരിഞ്ഞുപോകാൻ തയ്യാറായില്ല. പ്രതിഷേധക്കാർക്കെതിരെ എന്തുകൊണ്ടാണ് ഇത്തരം നടപടി ഉണ്ടായതെന്ന് ഞങ്ങൾ ഡൽഹി പോലീസ് ജോയിന്‍റ് കമ്മീഷണർ മധൂർ വർമ്മയോട് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
പൊലീസ് അതിക്രമത്തില്‍ നിന്ന് മാധ്യമപ്രവർത്തകര്‍ക്കും രക്ഷയുണ്ടായില്ല. മീഡിയയുടെ തിരിച്ചറിയൽ കാർഡ് കഴുത്തിലിട്ട് തന്നെയാണ് ഞങ്ങള്‍ ലാത്തിച്ചാർജ് കവർ ചെയ്യാൻ പോയിരുന്നത്. നിരവധി പോലീസ് ഉദ്യോഗസ്ഥർ എന്നിട്ടും ഞങ്ങളുടെ നേർക്ക് ഓടിയടുത്തു.
“മീഡിയ, മീഡിയ, മാധ്യമപ്രവർത്തകരാണ്” എന്ന് ഞങ്ങൾ വീണ്ടും വീണ്ടും വിളിച്ചുപറഞ്ഞുവെങ്കിലും ഒരു കാര്യവുമുണ്ടായില്ല. ഓടുന്നതിനിടയിൽ ഒരു പോലീസുകാരൻ ഞങ്ങളിലൊരാളുടെ മുതുകിലും ഇടതുകൈയ്യിലും അടിച്ചു. മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞതല്ലേ എന്ന് തിരിഞ്ഞു നിന്ന് ചോദിച്ചെങ്കിലും “നിങ്ങൾ മാധ്യമപ്രവർത്തകനല്ല ആരാണെങ്കിലും, സ്വന്തം സുരക്ഷ തന്നെ്തതാന്‍ നോക്കണം,” എന്നായിരുന്നു മറുപടി.
പ്രതിഷേധത്തിന് ശേഷവും പോലീസുകാരന്‍റെ ആ മറുപടി ഞങ്ങളുടെ മനസ്സിൽ തങ്ങിനിന്നു. പോലീസിന്‍റെ കടുത്ത നടപടികളെ കുറിച്ച് മാത്രമല്ല ഞങ്ങൾ ചിന്തിച്ചത്. അത് റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്കായുള്ള ഇടംപോലും എത്രമാത്രം ചുരുങ്ങിവരുന്നു എന്നുകൂടിയായിരുന്നു ഞങ്ങള്‍ ആലോചിച്ചത്.
ആഴ്ചകൾ നീണ്ട റിപ്പോർട്ടിംഗിലുടനീളം ഞങ്ങളുടെ മനസ്സിൽ ഏറ്റവും കൂടുതൽ തങ്ങി നിന്നത് അവിടെയുണ്ടായ അക്രമങ്ങളോ പോലീസിന്‍റെ നിരീക്ഷണമോ അടിച്ചമര്‍ത്തല്‍ ശ്രമമോ ആയിരുന്നില്ല. മറിച്ച്, ഈ പ്രസ്ഥാനം തങ്ങളുടേതാണെന്നും, തങ്ങൾ ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമാണെന്നും പൂർണ്ണമായി വിശ്വസിച്ച അവിടുത്തെ മനുഷ്യരായിരുന്നു.
പാറ്റ പ്രസ്ഥാനത്തിന്‍റെ ഭാവി
കോക്ക്റോച്ച് ജനതാ പാർട്ടി ഒരു സംഘടനയെന്ന നിലയിൽതന്നെ തുടരുമോ ഇല്ലയോ എന്നത് കണ്ടറിയേണ്ട ഒന്നാണ്. എന്നാൽ ഞങ്ങൾ ജന്തർ മന്തറിൽ നിന്ന് മടങ്ങുമ്പോൾ, ആ പ്രസ്ഥാനം അതിന്‍റെ സ്ഥാപകർക്കുമപ്പുറത്തേക്ക് വളർന്നു കഴിഞ്ഞിരുന്നു എന്നത് വ്യക്തമായിരുന്നു. ചോദ്യപേപ്പർ ചോർച്ചയോടുള്ള പ്രതികരണമായി തുടങ്ങിയ ഒരു ഓൺലൈൻ പ്രതിഷേധം, ജനാധിപത്യത്തെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്ത്യൻ യുവാക്കളുടെ ഭാവിയെക്കുറിച്ചുമുള്ള ആശങ്കകളുടെ വലിയൊരു ആവിഷ്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. വലിയ പ്രസംഗങ്ങളോ മുദ്രാവാക്യങ്ങളോ അല്ല ഈ പ്രക്ഷോഭത്തിന്‍റെ വ്യാപ്തിയും ശക്തിയും നിശ്ചയിച്ചത്; മറിച്ച്, രാജ്യത്തിന്‍റെ ഭാവിയെ ഓർത്ത് അവിടെ തടിച്ചുകൂടിയ സാധാരണ മനുഷ്യരുടെ സാന്നിധ്യവും നിലപാടുമാണ് ആ സമരത്തെ ശരിക്കും നിർവ്വചിച്ചത്.
വിവർത്തനം : സ്നേഹ എം
സൃഷ്ടി ജസ്വാള്‍, കൗശിക് രാജ്
യുവ മാധ്യമപ്രവർത്തകരാണ് സൃഷ്ടി ജസ്വാളും കൗശിക് രാജും.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക