
തൊഴിൽരഹിതരുടെ ഇന്ത്യ
അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം രാജ്യത്ത് വൻതോതിൽ കൂടിയിരിക്കുന്നു. രണ്ടാം മോദി സർക്കാരിന് ശേഷം, സാമ്പത്തിക പ്രതിസന്ധി മൂലം ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ എണ്ണവും കുത്തനെ കൂടിയിരിക്കുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയിൽ നിന്ന് താഴ്ന്ന വരുമാനക്കാർ പുറന്തള്ളപ്പെടുന്നു. വിദ്യാഭ്യാസ മേഖലയിൽ അസമത്വം വർധിക്കുന്നു. അസിം പ്രേംജി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ നിന്ന്.
‘ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ സ്വന്തമാക്കിയ ഈ യുവാവ് എണ്ണൂറ് രൂപ ദിവസ വേതനത്തിൽ പെയിന്റിംഗ് ജോലി ചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്. പഠിച്ച് കൊണ്ടിരുന്ന വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ജോലി വർഷങ്ങളായി ചെയ്യുന്നു ’.
അസിം പ്രേംജി സർവകലാശാല പുറത്തുവിട്ട “സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ 2026: യൂത്ത് ഇൻ ദി ലേബർ മാർക്കറ്റ്: പാത്ത്‌വേസ് ഫ്രം ലേണിംഗ് ടു ഏണിംഗ്” എന്ന പഠന റിപ്പോർട്ടിലെ ഒരു ഭാഗമാണിത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുള്ള കരിമഞ്ചിയെന്ന ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരന്റെ കാര്യമാണിത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ നേടിയിട്ടും നൈപുണ്യത്തിന് അനുയോജ്യമായ അവസരങ്ങൾ ലഭിക്കാത്ത ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളുടെ പ്രതിനിധി. അസിം പ്രേംജി യൂണിവേഴ്സിറ്റി റിപ്പോർട്ട് പറയുന്നതനുസരിച്ച്, പട്ടികജാതി വിഭാഗക്കാർ കൂടുതലായുള്ള കരിമഞ്ചി ഗ്രാമത്തിൽ, പഠനം കഴിഞ്ഞ് തൊഴിൽ നേടാനുള്ള സാധ്യതകൾ നിർണ്ണയിക്കുന്നത് വ്യക്തിഗത മികവല്ല, മറിച്ച് പരമ്പരാഗതമായി കൈമാറി ലഭിച്ച ഭൂസ്വത്തും ജാതിയുമാണ്.
തൊഴിൽ ശക്തിയുടെ മൂന്നിലൊന്നും യുവാക്കൾ – തൊഴിൽ രഹിതർ
ആന്ധ്രാപ്രദേശിൽ മാത്രമല്ല, രാജ്യത്താകെ തന്നെയും വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും തൊഴിൽ രഹിതരായിരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നതായി അസിം പ്രേംജി സർവകലാശാല റിപ്പോർട്ട് പറയുന്നു. നിലവിൽ രാജ്യത്തെ അധ്വാനിക്കാൻ ശേഷിയുള്ള (15 നും 59 നുമിടയിൽ പ്രായമുള്ളവർ) ജനസംഖ്യയുടെ മൂന്നിലൊന്നും യുവാക്കളാണ്. അതായത്, 15 നും 29 നുമിടയിൽ പ്രായമുള്ളവർ. ഈ പ്രായത്തിലുള്ള 36 കോടിയോളം ആളുകൾ ഇന്ന് ഇന്ത്യയിലുണ്ട്. ഈ പ്രായത്തിലുള്ള യുവാക്കൾക്ക് അധ്വാന ശേഷി കൂടുതലായിരിക്കും. അധ്വാനശേഷി കൂടുതലാണെങ്കിൽ, രാജ്യത്തിന് കൈവരിക്കാവുന്ന സാമ്പത്തിക ശേഷിയും വലുതാണെന്നാണ് അതിനർത്ഥം. അതായത്, രാജ്യത്തിന് സാമ്പത്തികപരമായി ഗണ്യമായ വളർച്ച കൈവരിക്കാവുന്ന കാലമാണ് കടന്ന് പോകുന്നത്.

ഉയർന്ന വിദ്യാഭ്യാസം; തുച്ഛമായ വേതനം
ഉയർന്ന വിദ്യാഭ്യാസവും വലിയ സ്വപ്നങ്ങളുമായി തൊഴിൽ വിപണിയിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാർ വലിയൊരു ‘കെണിയിൽ’ പെടുകയാണെന്നാണ് ഈ പഠനം പറയുന്നത്. ഒരുപാട് പണം മുടക്കി വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ യുവാക്കളെ തൊഴിൽ വിപണിയിൽ കാത്തിരിക്കുന്നത് തുച്ഛമായ വേതനം ലഭിക്കുന്ന ജോലികളാണ്. ഈ അവസ്ഥ ഉന്നത വിദ്യാഭ്യാസ മേഖലെയെയാകെ തകിടം മറിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് യുവാക്കളെ പഠനം പൂർത്തിയാക്കാതെ നിർത്തിപ്പോകാനും, നാടുവിട്ട് ജോലി തേടാനും, കാർഷിക മേഖലയിൽ പണിയെടുക്കാനും നിർബന്ധിതരാക്കുന്നു.
രണ്ടാം മോദി സർക്കാരിന് കീഴിൽ രാജ്യം ഔപചാരിക വിദ്യാഭ്യാസത്തിൽ പിന്നോട്ട്
വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയില്ലായ്മയും, പ്രതിസന്ധികളുമാണ് തൊഴിൽ വിപണിയെ പിന്നോട്ടടിക്കുന്നതെന്നാണ് അസിം പ്രേംജി സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ. 1983 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ, ഇന്ത്യയിൽ വിദ്യാഭ്യാസം നേടുന്ന യുവാക്കളുടെ അനുപാതം വർഷം തോറും കൂടിക്കൊണ്ടിരുന്നതായി കാണാം. എന്നാൽ ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ പകുതിയോടെ ഈ പുരോഗതി നിലച്ചു. 2017 ലെ കണക്കനുസരിച്ച്, ചെറുപ്പക്കാരിൽ (15 മുതൽ 29 വയസ്സ് വരെയുള്ളവർ) 38 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ഔപചാരിക വിദ്യാഭ്യാസം നേടുന്നവരായിരുന്നു. എന്നാൽ 2024 ലെത്തുമ്പോൾ ഇത് 34 ശതമാനമായി ചുരുങ്ങി. അതായത്, രാജ്യത്ത് വികസന കുതിപ്പുണ്ടായെന്ന് അവകാശപ്പെടുന്ന മോദി സർക്കാരിന്റെ കാലത്ത്, സത്യത്തിൽ ഔപചാരികവിദ്യാഭ്യാസം നേടുന്ന യുവാക്കളുടെ അനുപാതം കുറയുകയാണുണ്ടായത്. പീരിയോഡിക് ലേബർ ഫോഴ്സ് സർവേയുടെ (PLFS) കണക്കുകൾ പ്രകാരം കോവിഡിന് ശേഷം വിദ്യാഭ്യാസ രംഗത്തെ യുവാക്കളുടെ പങ്കാളിത്തം വലിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. ആ അവസ്ഥ അങ്ങനെ തന്നെ തുടരുകയല്ലാതെ അതിൽ പുരോഗതി ഉണ്ടായിട്ടില്ല. മാത്രമല്ല യുവാക്കളുടെ വിദ്യാഭ്യാസ നിരക്ക് 2017 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തുകയും ചെയ്തു.
കുടുംബഭാരമേറ്റ് പഠനം ഉപേക്ഷിക്കുന്ന യുവാക്കൾ
താൽപ്പര്യമില്ലായ്മ കൊണ്ടല്ല, മറിച്ച് രൂക്ഷമായ സാമ്പത്തിക സാമൂഹ്യ പ്രതിസന്ധികൾ മൂലമാണ് യുവാക്കൾ പഠനം ഉപേക്ഷിക്കുന്നത്. കുടുംബത്തെ നോക്കാനും വരുമാനം കണ്ടെത്താനും വേണ്ടിയാണ് തങ്ങൾ പഠനം ഉപേക്ഷിച്ചതെന്ന് ഭൂരിപക്ഷം ചെറുപ്പക്കാരും വ്യക്തമാക്കുന്നു. 2017 ലെ കണക്കുകളിൽ 58 ശതമാനം ചെറുപ്പക്കാരും കുടുംബഭാരം മൂലമാണ് പഠനമുപേക്ഷിച്ചത്. 2023 ആയപ്പോഴേക്കും ഇത് 72 ശതമാനമായി ഉയർന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച്,15-24 പ്രായപരിധിയിലുള്ളവരിൽ 78 ശതമാനം പേർ കുടുംബം നോക്കാനായി പഠനം ഉപേക്ഷിച്ചവരാണ്. മെച്ചപ്പെട്ട ജീവിത പശ്ചാത്തലം ഒരുക്കാൻ സർക്കാരുകൾക്ക് സാധിച്ചിരുന്നെങ്കിൽ ഇവർക്ക് പഠനമുപേക്ഷിക്കേണ്ടി വരില്ലെന്നർത്ഥം. നിർദ്ധനരായ കുടുംബങ്ങളിൽ മാത്രമല്ല ഈ പ്രവണത കാണുന്നത് എന്നതും ശ്രദ്ധേയമാണ്. ഉപരി-മധ്യവർഗ കുടുംബങ്ങളിലും സമാനമാണ് അവസ്ഥ. കുടുംബങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കൂടുതൽ പണം മുടക്കാൻ തയ്യാറാണെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നിരുന്നാലും പലപ്പോഴും കുടുംബത്തിന് മറ്റ് വരുമാനങ്ങൾ ഇല്ലാതാകുന്ന സാഹചര്യത്തിൽ, കുടുംബത്തെ പിന്തുണയ്ക്കാൻ ചെറുപ്പക്കാർക്ക് പഠനം ഉപേക്ഷിക്കേണ്ടി വരുന്നു.
പ്രൊഫഷണൽ കോഴ്‌സുകൾ പണമുള്ളവർക്ക് മാത്രം
ഉയർന്ന ജോലി സാധ്യതയുള്ള കോഴ്സുകൾ പഠിക്കുന്നതിൽ നിന്ന് യുവാക്കൾ പിന്മാറുന്നു.സാമ്പത്തിക പ്രയാസമാണ് അവരെ പിന്തിരിപ്പിക്കുന്നത്. സ്വകാര്യ മേഖലയിൽ പഠനച്ചെലവിലുണ്ടായ കുത്തനെയുള്ള വർദ്ധനവാണ് ഇതിന് കാരണം. 2017-18 അക്കാദമിക് വർഷത്തിലെ കണക്കുകൾ പ്രകാരം, എം.ബി.ബി.എസ് പഠനത്തിന് ശരാശരി വാർഷിക ചെലവ് 97,405 രൂപയാണ്. എഞ്ചിനീയറിംഗിന് 70,000 രൂപയ്ക്ക് മുകളിലും ചെലവാകും. അതേസമയം, ഹ്യുമാനിറ്റീസ് പോലുള്ള ജനറൽ ബിരുദ കോഴ്സുകളുടെ ശരാശരി വാർഷിക ചെലവ് 10,674 രൂപ മാത്രമാണ്.
കുറഞ്ഞ വരുമാനക്കാരെ പുറന്തള്ളുന്ന പ്രൊഫഷണൽ വിദ്യാഭ്യാസം
പഠന ചെലവുകളിലെ ഈ വർദ്ധനവ് വിദ്യാഭ്യാസ മേഖലയിൽ വലിയ അസമത്വം സൃഷ്ടിക്കാൻ കാരണമായിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഉയർന്ന വരുമാനവും സ്ഥിരതയുള്ള ജോലിയും ഉറപ്പ് നൽകുന്ന എഞ്ചിനീയറിംഗ്, മെഡിക്കൽ കോഴ്സുകൾ പഠിക്കാനെത്തുന്നവരിൽ ഭൂരിപക്ഷം പേരും സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ്. വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികൾ ചെലവ് കുറഞ്ഞ ഹ്യുമാനിറ്റീസ്, കൊമേഴ്സ് കോഴ്സുകളിലേക്ക് എത്തുന്നു. ഏറ്റവും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ സംബന്ധിച്ച്, ഒരു കുട്ടിക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം നൽകാൻ ആവശ്യമായ തുക ആ കുടുംബത്തിന്റെ ആകെ വാർഷിക ചെലവിന് തുല്യമോ അതിലധികമോ ആണ്. ഈ സാമ്പത്തിക പ്രശ്നം ദരിദ്ര വിദ്യാർത്ഥികളെ ഉയർന്ന ശമ്പളമുള്ള പ്രൊഫഷണൽ മേഖലകളിൽ നിന്ന് പൂർണ്ണമായി പുറന്തള്ളുന്നു. ഈ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസം ഒരു നിശ്ചിത വിഭാഗത്തിന്റെ മാത്രം മേഖലയാക്കി മാറുകയും ചെയ്യുന്നു.
പ്രതിവർഷം പുറത്തിറങ്ങുന്ന ബിരുദധാരികൾ 50 ലക്ഷം ; ജോലി കിട്ടുന്നവർ 28 ലക്ഷം
ബിരുദം പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് കടുത്ത തൊഴില്ലായ്മയാണെന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. 2004-05 നും 2023 നും ഇടയിലുള്ള കണക്കുകളിൽ, ഇന്ത്യയിൽ പ്രതിവർഷം ശരാശരി 50 ലക്ഷം പേരാണ് ബിരുദം നേടി പുറത്തിറങ്ങുന്നത്. എന്നാൽ ഇതേ കാലഘട്ടത്തിൽ തൊഴിൽ ലഭിക്കുന്ന ബിരുദധാരികളുടെ എണ്ണം 28 ലക്ഷം മാത്രമാണ്. സ്ഥിരശമ്പളമുള്ള ജോലികളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത് പ്രതിവർഷം പതിനേഴ് ലക്ഷം ബിരുദധാരികൾക്ക് മാത്രമാണ്. അതായത്, ബിരുദം നേടുന്ന പകുതിയോളം പേർക്കും ജോലി ലഭിക്കുന്നില്ല. ഇത് ബിരുദധാരികളുടെ വേതന വളർച്ച മന്ദഗതിയിലാകാനും കാരണമായി.
സ്ഥിരതയില്ലാത്ത ജോലികൾ; കുറഞ്ഞ ശമ്പളം
ജോലി നേടുന്ന ബിരുദധാരികളിൽ തന്നെയും സ്ഥിരതയുള്ള തൊഴിലുകൾ (Salaried Employment) നേടുന്നവരുടെ എണ്ണം വളരെക്കുറവാണെന്നും റിപ്പോർട്ട് പറയുന്നു. മുൻപ് പറഞ്ഞുറപ്പിച്ച നിരക്കിൽ മാസം തോറും വേതനം ലഭിക്കുന്ന ജോലികളെയാണ് ‘സ്ഥിര ജോലികളായി’ റിപ്പോർട്ട് കണക്കാക്കുന്നത്. ബിരുദധാരികളിൽ 6.7 ശതമാനത്തിനും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ 4 ശതമാനത്തിനും മാത്രമാണ് പഠനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഇത്തരം ജോലികൾ ലഭിക്കുന്നത്. ഇതിൽ തന്നെയും ഉയർന്ന ശമ്പളവും പദവിയുമുള്ള (elite white collar jobs) ജോലികൾ ലഭിക്കുന്നത് ബിരുദധാരികളായ 3.7 ശതമാനം പേർക്ക് മാത്രമാണ്. പാർശ്വവത്കൃത സമൂഹങ്ങളിൽ നിന്നുള്ളവരും താഴ്ന്ന വിദ്യാഭ്യാസ പശ്ചാത്തലമുള്ള മാതാപിതാക്കളുള്ളവരുമാണ് ഇത്തരം തൊഴിലുകളിൽ നിന്ന് ഏറ്റവും കൂടുതൽ പുറന്തള്ളപ്പെടുന്നത്. വ്യക്തമായ തൊഴിലവസരങ്ങളില്ലാത്തതിനാൽ ചിലർക്ക് മാത്രമാണ് സ്ഥിരജോലി ലഭിക്കുന്നത്. ഭൂരിഭാഗം പേർക്കും താൽക്കാലിക ജോലികൾ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വരുന്നു.
പഠനത്തിന് ശേഷമുള്ള തൊഴിലന്വേഷണ പ്രക്രിയ കടുത്ത വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് അസിം പ്രേംജി സർവകലാശാലയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 മുതൽ 25 വയസ്സ് വരെയുള്ള ബിരുദധാരികളിൽ 40 ശതമാനം പേരും തൊഴിൽരഹിതരാണ്. 25 മുതൽ 29 വയസ്സ് വരെയുള്ളവരിലാണെങ്കിൽ 20 ശതമാനം പേർക്കും തൊഴിൽ കണ്ടെത്താൻ സാധിക്കുന്നില്ല.
തൊഴിൽ രഹിതർ – ഏഴ് ലക്ഷത്തിൽ നിന്ന് ഒരു കോടിയിലേക്ക്
റിപ്പോർട്ട് പറയുന്നതനുസരിച്ച്, 2023-ൽ മാത്രം 20നും 29നും ഇടയിൽ പ്രായമുള്ള മൊത്തം 6.3 കോടി ബിരുദധാരികളുണ്ടായിരുന്നു. ഇതിൽ 1.03 കോടി പേരും തൊഴിൽരഹിതരായിരുന്നു. 1983-ൽ തൊഴിൽ രഹിതരായ ബിരുദധാരികളുടെ എണ്ണം വെറും ഏഴ് ലക്ഷമായിരുന്നു. രാജ്യത്ത് കോളേജ് പഠനം പൂർത്തിയാക്കുന്നവരിൽ ഏതാണ്ട് പകുതി പേർക്ക് ഒരു വർഷത്തിനുള്ളിൽ എന്തെങ്കിലും ജോലി ലഭിക്കുന്നുണ്ട്. എന്നാൽ 41 ശതമാനം ചെറുപ്പക്കാരും തുടർച്ചയായി മൂന്ന് വർഷത്തിലധികം തൊഴിൽരഹിതരായി തുടരേണ്ടി വരുന്നു.
ഉന്നത വിദ്യാഭ്യാസം- വളർച്ച സ്വകാര്യമേഖലയിൽ
ഇത്തരം തടസ്സങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖല വൻതോതിൽ വികസിച്ചിട്ടുണ്ട്. 1990 കളിൽ 1,644 കോളേജുകളാണ് ഇന്ത്യയിലാകെ ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ രാജ്യത്താകെ 69,534 കോളേജുകളുണ്ട്. ഗ്രാമ-നഗര മേഖലകളിലെ ബിരുദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്ദ്രതയും മെച്ചപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം തന്നെ കോളജുകളിൽ ചേരുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാൽ ഈ വളർച്ച പ്രധാനമായും സ്വകാര്യ മേഖലയെ കേന്ദ്രീകരിച്ചാണുണ്ടായിരിക്കുന്നത്. 2022 ഓടെ രാജ്യത്തെ കോളേജുകളിൽ 79 ശതമാനവും സ്വകാര്യ മേഖലയിലായി മാറിയിട്ടുണ്ട്. ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിരുദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്ദ്രത ഇപ്പോഴും കുറവാണ്.
അധ്യാപകർക്ക് ക്ഷാമം; നൂറ് വിദ്യാർത്ഥികൾക്ക് മൂന്ന് അധ്യാപകർ
കാലത്തിനനുസരിച്ച് ബിരുദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും അധ്യാപകരുടെ നിയമനത്തിൽ അതനുസരിച്ചുള്ള വളർച്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. അധ്യാപകരുടെ കടുത്ത ക്ഷാമമാണ് ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ശരാശരി വിദ്യാർത്ഥി-അധ്യാപക അനുപാതം 15 നും 25 നുമിടയിൽ നിലനിർത്തണമെന്നാണ് മേഖലയിലെ വിദഗ്ധർ നിർദേശിക്കുന്നത്. എന്നാൽ രാജ്യത്ത് നിലവിൽ നൂറ് വിദ്യാർത്ഥികൾക്ക് ശരാശരി മൂന്ന് അധ്യാപകർ മാത്രമാണുള്ളത്. സർക്കാർ കോളേജുകളിലാണെങ്കിൽ 47 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപികയോ അധ്യാപകനോ ആണുള്ളത്.
ഗുണനിലവാരമില്ലാത്ത തൊഴിലധിഷ്ഠിത കോഴ്‌സുകൾ
സമാനമായ പ്രതിസന്ധിയാണ് തൊഴിലധിഷ്ഠിത പരിശീലന (Vocational Training) മേഖലയിലുമുള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ ഐ.ടി.ഐകൾ സ്ഥാപിച്ചെങ്കിലും പരിശീലനത്തിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞു. നിലവിലുള്ള ഐ.ടി.ഐകളിൽ വലിയൊരു പങ്കും സ്വകാര്യ മേഖലയിലാണ്. പഴയ ഐ.ടി.ഐകൾ ഉയർന്ന നിലവാരം പുലർത്തുമ്പോൾ, അടുത്തിടെ ആരംഭിച്ച സ്ഥാപനങ്ങളിൽ പരിശീലകരുടെ കടുത്ത ക്ഷാമമുണ്ട്. ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അധ്യാപക തസ്തികകളിൽ ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുകയാണെന്നും പഠനത്തിൽ പറയുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് ലഭിക്കുന്ന വേതനത്തിലും ഇടിവുണ്ടായിട്ടുണ്ട്. മുൻകാലങ്ങളിൽ ആദ്യമായി ജോലിക്ക് പ്രവേശിക്കുന്ന ബിരുദധാരികൾക്ക് സ്കൂൾ തലത്തിൽ പഠനം നിർത്തിയവരേക്കാൾ ഇരട്ടി വേതനം ലഭിച്ചിരുന്നുവെങ്കിൽ, ഇന്നത് മുപ്പത് ശതമാനമായി ചുരുങ്ങി. പുതിയ ബിരുദധാരികളുടെ വേതന വരുമാന വളർച്ചയും മന്ദഗതിയിലാണെന്ന് റിപ്പോർട്ട് പറയുന്നു.വ്യാവസായിക മേഖലയിലെ തൊഴിൽ ലഭ്യതക്കുറവ് കാരണം 40 ശതമാനത്തോളം ബിരുദധാരികൾ കൃഷി, റീട്ടെയിൽ, നിർമ്മാണം തുടങ്ങിയ കുറഞ്ഞ വേതനമുള്ള മേഖലകളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു.
തൊഴിൽ വിപണിയിലെ ഈ മാറ്റങ്ങൾക്കനുസരിച്ച് ചെറുപ്പക്കാരുടെ തൊഴിൽ പങ്കാളിത്തത്തിലും വ്യതിയാനങ്ങൾ കാണാം. ചെറുപ്പക്കാരായ പുരുഷന്മാർ കാർഷിക മേഖലയിൽ നിന്ന് മാറി നിർമ്മാണം, റീട്ടെയിൽ, ട്രാൻസ്പോർട്ട് മേഖലകളിലേക്ക് കുടിയേറുന്നു. അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം യുവതികളിൽ വലിയൊരു വിഭാഗം കാർഷിക മേഖലയിലേക്ക് തിരിച്ച് വരുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. സ്വയം തൊഴിൽ കണ്ടെത്തുന്ന സ്ത്രീകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.
സ്ത്രീപങ്കാളിത്തത്തിലെ മാറ്റം
എന്നാൽ നഗരപ്രദേശങ്ങളിൽ സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ തുറക്കപ്പെടുന്നുണ്ട്. ടെക്സ്റ്റൈൽസ്, തയ്യൽ, വിവരസാങ്കേതിക വിദ്യ (IT) തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. മുൻകാലങ്ങളിൽ വിവര സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ വളരെ കുറവായിരുന്നു. പുരുഷകേന്ദ്രീകൃത തൊഴിൽ വ്യവസ്ഥയിൽ നിന്നുള്ള വ്യതിയാനമാണിതെന്ന് റിപ്പോർട്ട് പറയുന്നുണ്ട്.
ജാതി തൊഴിലുകളിൽ നിന്ന് പുറത്തേക്ക്
സാമൂഹിക അസമത്വങ്ങളിൽ അയവ് വരുന്നതിന്റെ സൂചനകളും പഠനം നൽകുന്നുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള പുതിയ തലമുറ പരമ്പരാഗത ജോലികളിൽ നിന്ന് മാറി മോട്ടോർ വാഹനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ ആധുനിക തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കുന്നുണ്ട്. ഉദാഹരണത്തിന്, 1983 ൽ തോൽ, ചെരുപ്പ് വ്യവസായങ്ങളിൽ പണിയെടുത്തിരുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ളവരിൽ 40 ശതമാനം പേരും യുവാക്കളായിരുന്നു. എന്നാൽ 2023 ആയപ്പോഴേക്കും ഇത് 23 ശതമാനമായി ചുരുങ്ങി. അതായത്, പുതിയ തലമുറയിൽപ്പെട്ട പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ ഈ തൊഴിലിലേക്ക് പ്രവേശിക്കുന്നില്ല. അതേ സമയം പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലുള്ള പങ്കാളിത്തം കുറയുന്നെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടിപ്പോകുന്നതാണ് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നതായും അസിം പ്രേംജി സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ദക്ഷിണേന്ത്യൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നു. എന്നാൽ കുടിയേറ്റക്കാരിൽ ഉയർന്ന വിദ്യാഭ്യാസം നേടിയവർ പോലും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ യോഗ്യതകൾ സുരക്ഷിത തൊഴിൽ ഉറപ്പു നൽകുന്നില്ലെന്നതിന് ഉദാഹരണമായാണ് പഠനം ഇതിനെ കാണുന്നത്.
ഇന്ത്യയുടെ ജനസംഖ്യാപരമായ മുൻതൂക്കം പ്രയോജനപ്പെടുത്താൻ വിദ്യാഭ്യാസ-നൈപുണ്യ വികസനം മാത്രം പോരെന്ന തിരിച്ചറിവ് കൂടി ഈ പഠനം നൽകുന്നുണ്ട്. രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി നൈപുണ്യത്തിന്റെ കുറവല്ല, മറിച്ച് ആവശ്യത്തിന് തൊഴിലവസരങ്ങൾ ഇല്ലാത്തതാണ്. വ്യാവസായിക രംഗത്തും പ്രൊഫഷണൽ മേഖലയിലും സുരക്ഷിതമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ലെങ്കിൽ, ഇന്ത്യയുടെ യുവസമ്പത്ത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് മുതൽകൂട്ടാകുന്നതിന് പകരം വലിയൊരു സാമ്പത്തിക ഭാരമായി മാറുകയാണുണ്ടാവുക.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക