
ഇൻസൈഡ് ഡോയ്ചേ ബാങ്ക്: ട്രംപും പുടിനും എപ്സ്റ്റീനും ശതകോടീശ്വരന്മാരുടെ രഹസ്യങ്ങളും വെളിപ്പെടുമ്പോൾ
ട്രംപും പുട്ടിനുമടക്കമുള്ള ഭരണാധികാരികളുടെ ഒത്താശയോടെ നടക്കുന്ന വമ്പൻ കള്ളപ്പണ ഇടപാടുകളുടെ അമ്പരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നതാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. മലയാളിയായ ജോസി ജോസഫ് അടക്കമുള്ള ഒരു കൂട്ടം മാധ്യമപ്രവർത്തകരാണ് ഈ അന്വേഷണാത്മക റിപ്പോർട്ടിന് പിന്നിൽ.
ഇൻസൈഡ് ഡോയ്ചേ ബാങ്ക്: ആഗോള ധനകാര്യ ഭീമന്റെ രഹസ്യങ്ങളും അപവാദങ്ങളും ഇരട്ടത്താപ്പുകളും വെളിപ്പെടുമ്പോൾ എന്ന പേരിൽ ന്യൂയോർക്ക് റ്റൈംസ്, ഫിനാൻഷ്യൽ റ്റൈംസ്, ഡേ സ്പീഗൽ, ലേ മോണ്ടേ എന്നിങ്ങനെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്താസ്ഥാപനങ്ങൾ പുറത്ത് വിട്ട വാർത്തയ്ക്ക് പുറകിലാണ് ഇപ്പോൾ ലോകം. ഡൊണാൾഡ് ട്രംപ് മുതൽ ലോകത്തെ ഭരണാധികാരികൾ പലരും ഈ വാർത്തകളോട് പ്രതികരിച്ച് കഴിഞ്ഞു. മലയാളികൂടിയായ വിഖ്യാത അന്വേഷണാത്മക മാധ്യമപ്രവർത്തകൻ ജോസി ജോസഫും വിഖ്യാതയായ ദക്ഷിണാഫ്രിക്കൻ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ഖദീജ ഷെരീഫയും ചേർന്നാണ് ഈ വാർത്ത പുറത്ത് കൊണ്ടുവന്നത്.
രണ്ട് വിസിൽബ്ലോവർമാർ ജോസിക്കും ഖദീജ ഷെരീഫയ്ക്കും കൈമാറിയ ഈ വിവരങ്ങൾ യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്, യു.എസ്. ഫിനാൻഷ്യൽ ക്രൈംസ് എൻഫോഴ്സ്മെന്റ് നെറ്റ്വർക്ക്, യു.കെ.യിലെ എച്ച്.എം. റവന്യൂ ആൻഡ് കസ്റ്റംസ് എന്നിവർക്ക് രേഖകൾ കൈമാറിട്ടുണ്ടെന്ന് അവരുമായി ബന്ധപ്പെട്ട അഭിഭാഷകർ അറിയിച്ചു.
1.5 കോടിയിലധികം ആഭ്യന്തര രേഖകളും മുതിർന്ന എക്സിക്യൂട്ടീവുകളുടെ ഇമെയിലുകളും രഹസ്യ അപകടസാധ്യതാ വിലയിരുത്തലുകളും സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ റിപ്പോർട്ടുകളും ശതകോടീശ്വരന്മാർ, ഒളിഗാർക്കുകൾ, രാഷ്ട്രീയക്കാർ, രാജകുടുംബാംഗങ്ങൾ എന്നിവരെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങളും ഡൊണാൾഡ് ട്രംപ്, ജെഫ്രി എപ്സ്റ്റീൻ, ഉപരോധം നേരിടുന്ന വ്യവസായികൾ എന്നിവരുമായി ബന്ധപ്പെട്ട രേഖകളും ഏകാധിപത്യ ഭരണകൂടങ്ങളുമായി ബന്ധമുള്ള ഇതുവരെ വെളിപ്പെടുത്താത്ത കമ്പനികളെ കുറിച്ചുള്ള വിവരങ്ങളുമടക്കം ഒരു ബാങ്കിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് ചോർന്നുകിട്ടിയതിൽ വച്ച് ഏറ്റവും വലിയ രേഖാശേഖരമാണ് ജോസിയും ഖദീജയും ചേർന്ന് പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ഒരു സംഘം ജേണലിസ്റ്റുകൾ മാസങ്ങളോളം, ഈ രേഖാശേഖരം പരിശോധിച്ചാണ് വാർത്ത തയ്യാറാക്കിയത്. ബാരാക്കുഡ മീഡിയ എന്ന പേരിൽ ദക്ഷിണാഫ്രിക്ക കേന്ദ്രീകരിച്ച് ലോകത്തെമ്പാടുമുള്ള വിവിധ മാധ്യമപ്രവർത്തകരുമായി പങ്കുവച്ച് ഈ രേഖാശേഖരം വിശകലനം ചെയ്യാൻ ഒരു നോൺ പ്രോഫിറ്റ് സംവിധാനം ഇവർ ആരംഭിച്ചു. അമ്പതിലധികം രാജ്യങ്ങളിൽ നിന്ന് ഇരുന്നൂറിലധികം മുതിർന്ന മാധ്യമപ്രവർത്തകർ ഈ രേഖകൾ മാസങ്ങളോളം പരിശോധിച്ചാണ് ഈ അന്വേഷണ റിപ്പോർട്ടിന് രൂപം നൽകിയത്.
കള്ളപ്പണം വെളുപ്പിക്കലിന്റെയും ഉപരോധ ലംഘനങ്ങളുടെയും സാധ്യതയുള്ള മുന്നറിയിപ്പ് സൂചനകൾ ഡോയ്ച്ചെ ബാങ്ക് ആവർത്തിച്ച് അവഗണിച്ചതായി ഈ രേഖകൾ കാണിക്കുന്നു. ശക്തരായ ഇടപാടുകാർക്കായി ബാങ്ക് സ്വന്തം നിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്തു. സ്വന്തം നിയമപാലന വ്യവസ്ഥകളെ മറികടക്കാൻ ബിസിനസ് താൽപ്പര്യങ്ങളെ അനുവദിച്ചു. പലപ്പോഴും സംശയാസ്പദമായ പണം തങ്ങളുടെ സംവിധാനങ്ങളിലൂടെ കടന്നുപോയി വർഷങ്ങൾക്ക് ശേഷമാണ് ബാങ്ക് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്.
അധാർമ്മിക ഇടപാടുകൾ
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവിശുദ്ധ ഇടപാടുകൾ നിമിത്തം മറ്റ് പ്രമുഖ ബാങ്കുകൾ വായ്പ നൽകാൻ മടിച്ച സമയത്ത് അദ്ദേഹവും ബിസിനസ്സ് സ്ഥാപനങ്ങളും ഡോയ്ച്ചെ ബാങ്കിനെയാണ് ആശ്രയിച്ചിരുന്നത്. 2016-ൽ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ രേഖകൾ രഹസ്യമായി സൂക്ഷിക്കാൻ ബാങ്ക് ‘നോവസ് ഓർഡോ’ എന്ന പേരിൽ പ്രത്യേക പ്രോജക്റ്റ് തന്നെ രൂപീകരിച്ചു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ (ഡി.റ്റി മാർക്സ് ബാകു എൽ.എൽ.സി, റ്റി.എച്ച്.സി ബാകു സെർവ്വീസസ് എൽ.എൽ.സി)വഴി അസർബൈജാനി, റഷ്യൻ കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്നതായി ബാങ്കിനുള്ളിൽ ആശങ്ക ഉയർന്നിരുന്നു. കൂടാതെ, 2017-ൽ ട്രംപിന്റെ നികുതി രേഖകളും അക്കൗണ്ട് വിവരങ്ങളും അബദ്ധത്തിൽ പുറത്തുപോയ വിവരം ബാങ്ക് വൈറ്റ് ഹൗസിൽ നിന്ന് മറച്ചുവെക്കുകയും ചെയ്തു.

ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് വർഷങ്ങൾക്ക് ശേഷം, 2013-ലാണ് ബാങ്ക് എപ്സ്റ്റീനെ ഉപഭോക്താവായി സ്വീകരിച്ചത്. എപ്സ്റ്റീനുമായും അദ്ദേഹത്തിന്റെ ശൃംഖലയുമായും ബന്ധപ്പെട്ട് ഏകദേശം 582 മുതൽ 600 ദശലക്ഷം ഡോളർ വരെയുള്ള (മുമ്പ് പരസ്യമായി അറിയപ്പെട്ടിരുന്നതിന്റെ ഇരട്ടിയിലധികം) സംശയാസ്പദമായ ഇടപാടുകൾ ബാങ്ക് പിന്നീട് കണ്ടെത്തി. സ്ത്രീകൾക്ക് നൽകിയ പണം, ഷെൽ കമ്പനികൾ വഴിയുള്ള ഇടപാടുകൾ, ലിയോൺ ബ്ലാക്ക് , ഗ്ലെൻ ഡുബിൻ തുടങ്ങിയ ശതകോടീശ്വരന്മാരുമായുള്ള ഇടപാടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി അടുത്ത ബന്ധമുള്ള ഒലെഗ് ഡെറിപാസ്ക, റോമൻ അബ്രമോവിച്ച് തുടങ്ങിയ അതിസമ്പന്നരുടെ വിശദമായ സാമ്പത്തിക വിവരങ്ങൾ രേഖകളിലുണ്ട്. 2014-ൽ റഷ്യ ക്രിമിയ പിടിച്ചെടുത്തതിന് ശേഷം ഉപരോധങ്ങൾ ഏർപ്പെടുത്തിയപ്പോഴും, ‘നല്ലതും ചീത്തയുമായ ഒലിഗാർക്കുകൾ’ എന്നിങ്ങനെ തരംതിരിച്ച് ഇവരുമായുള്ള ലാഭകരമായ ഇടപാടുകൾ തുടരാനാണ് ബാങ്ക് ശ്രമിച്ചത്. അബ്രമോവിച്ചുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പേരിൽ ജർമ്മൻ അന്വേഷണ ഏജൻസികൾ ബാങ്കിന്റെ ആസ്ഥാനത്ത് പരിശോധന നടത്തിയിരുന്നു.
മലേഷ്യയിലെ കുപ്രസിദ്ധമായ വൺ എം.ഡി.ബി നിക്ഷേപ ഫണ്ടിൽ നിന്ന് 4.5 ബില്യൺ ഡോളറിലധികം തട്ടിയെടുത്ത കേസിലെ പ്രധാന സൂത്രധാരനായ മലേഷ്യൻ ധനകാര്യ ഇടപാടുകാരനായ ജോ ലോക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ബാങ്കിന്റെ തന്നെ സംശയാസ്പദമായ റിപ്പോർട്ടുകളും നിലനിന്നിട്ടും, 2015-ൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ നടത്താൻ ഡോയ്ചേ ബാങ്ക് സഹായിച്ചു. കസാക്കിസ്ഥാൻ മുൻ പ്രസിഡന്റിന്റെ മരുമകനായ തിമൂർ കുലിബയേവ് എന്ന ശതകോടീശ്വരന്റെ സമ്പത്തിന്റെ ഉറവിടത്തെക്കുറിച്ച് അഴിമതി ആരോപണങ്ങൾ നിലനിന്നിട്ടും ബാങ്ക് ഇദ്ദേഹത്തെ ഉപഭോക്താവായി നിലനിർത്തി. 2020-ൽ യു.എ.ഇ അക്കൗണ്ടിൽ നിന്ന് എത്തിയ 15 ദശലക്ഷം ഡോളറിന് കൃത്യമായ വിശദീകരണം നൽകാൻ കഴിയാതിരുന്നതിനെ തുടർന്ന് ബാങ്ക് ആ തുക തടഞ്ഞുവെച്ചെങ്കിലും, ആഴ്ചകൾക്ക് ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ ലക്സംബർഗിൽ പുതിയ അക്കൗണ്ട് തുറക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ നടപടികൾ തുടങ്ങി.
1982-ലെ കൂട്ടക്കൊലയുടെ പേരിൽ ‘ബുച്ചർ ഓഫ് ഹാമ’ എന്നറിയപ്പെടുന്ന മുൻ സിറിയൻ വൈസ് പ്രസിഡന്റ് റിഫാത്ത് അൽ-അസദുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് ഒരു തേർഡ്-പാർട്ടി കറസ്പോണ്ടന്റ് ബാങ്ക് എന്ന നിലയിൽ ഡോയ്ചേ ബാങ്ക് സൗകര്യമൊരുക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നൽകാൻ വൈകിയതിന് ബാങ്കിന് 7.01 ദശലക്ഷം യൂറോ പിഴ ഒടുക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കയിൽ വൻ അഴിമതി ആരോപണങ്ങൾ നേരിടുന്ന ഗുപ്ത സഹോദരന്മാരുമായി ബന്ധപ്പെട്ട കമ്പനികൾ സിംഗപ്പൂർ ആസ്ഥാനമായുള്ള ‘സാങ്ബോ’ ഗ്രൂപ്പ് വഴി 2012-നും 2017-നും ഇടയിൽ ഏകദേശം 675 ദശലക്ഷം ഡോളർ കൈമാറ്റം ചെയ്യാൻ ഡോയ്ചേ ബാങ്കിന്റെ സിംഗപ്പൂർ ശാഖ ഉപയോഗിച്ചു.
അൽ-ഖ്വയ്ദയുടെ സാമ്പത്തിക സ്രോതസ്സുകളെന്ന് സംശയിക്കപ്പെടുന്നവരുടെ ‘ഗോൾഡൻ ചെയിൻ’ പട്ടികയിലുള്ള ഒരു സൗദി വ്യവസായി, തായ്ലൻഡ് രാജാവ് രാമ പത്താമൻ, ബി.എം.ഡബ്ല്യു അവകാശി സൂസൻ ക്ലാറ്റൻ, മുൻ റഷ്യൻ ഉപധനമന്ത്രിയുടെ മകൻ അലക്സി സ്റ്റോർച്ചക് എന്നിവരുമായി ബന്ധപ്പെട്ടുള്ള അധാർമ്മിക ഇടപാടുകളുടെ വിവരങ്ങളും ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ആഭ്യന്തര സംവിധാനങ്ങളിലെ പ്രധാന വീഴ്ചകൾ
വരുമാനത്തിന് മുൻഗണന: ഉപഭോക്താക്കളുടെ പശ്ചാത്തലം പരിശോധിക്കുന്ന ‘കെ.വൈ.സി’ നിയമങ്ങൾ ബാങ്കിന്റെ വരുമാനത്തെ തകർക്കുന്നുവെന്ന് നിലവിലെ സി.ഇ.ഒ ക്രിസ്ത്യൻ സ്യൂവിങ് തന്നെ മുൻപ് ഇമെയിലിൽ പരാതിപ്പെട്ടിരുന്നു. വൻകിട ഇടപാടുകാരെ നിലനിർത്തുന്നതിനായി റിസ്ക് കൺട്രോൾ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ എക്സിക്യൂട്ടീവുകൾ പലപ്പോഴും അവഗണിച്ചു.
യൂറോപ്യൻ കള്ളപ്പണ ശൃംഖല കണ്ടെത്തുന്നതിലെ പരാജയം: 2019-ൽ സൈപ്രസ്, ബ്രിട്ടൻ, ഹോങ്കോംഗ്, ഉക്രെയ്ൻ എന്നിവിടങ്ങളിലെ കമ്പനികൾ വഴി നൂറുകണക്കിന് ദശലക്ഷം യൂറോ വെളുപ്പിച്ച ഒരു വലിയ ശൃംഖല ബാങ്കിനുള്ളിലെ ജീവനക്കാർ കണ്ടെത്തി. ബാങ്കിന്റെ നിരീക്ഷണ സംവിധാനങ്ങൾക്ക് ഇടപാടുകളുടെ ചെറിയ ഭാഗങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ; വലിയ ചിത്രം മനസ്സിലാക്കാൻ മൂന്ന് വർഷമെടുത്തു. ‘നമ്മുടെ സംവിധാനങ്ങൾ ഇത് കണ്ടെത്തുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു’ എന്ന് ഒരു മാനേജർ തന്നെ സമ്മതിക്കുകയുണ്ടായി.
പ്രോജക്റ്റ് കാലി: കൊളംബിയയിലെ അഡൾട്ട് എന്റർടെയ്ൻമെന്റ് ബിസിനസ്സുമായി ബന്ധപ്പെട്ട കമ്പനികൾക്കായി 2019-ൽ ആയിരക്കണക്കിന് ഇടപാടുകൾ ബാങ്ക് നടത്തി. സംശയാസ്പദമായ വഴികളിലൂടെ കൊളംബിയയിലെ സ്ത്രീകൾക്ക് പണം അയച്ചിട്ടും ഭൂരിഭാഗം ഇടപാടുകളും അധികൃതരെ അറിയിച്ചില്ല. പിന്നീട് ബാങ്ക് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് എട്ട് കമ്പനികൾ കള്ളപ്പണം വെളുപ്പിക്കുന്നതായും ഒരെണ്ണം സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായും കണ്ടെത്തി 230 സംശയാസ്പദമായ റിപ്പോർട്ടുകൾ ഫയൽ ചെയ്തത്.
ഉത്തര കൊറിയൻ കമ്പനികളുമായുള്ള ഇടപാടുകൾ: ഉപരോധം നിലനിൽക്കുന്ന ഉത്തര കൊറിയയുടെ മുന്നണി കമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകൾ പോലും ബാങ്കിന്റെ സിസ്റ്റം തിരിച്ചറിഞ്ഞില്ല. ചില പണമിടപാട് വിവരങ്ങളിൽ ‘ഉത്തര കൊറിയ’എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടായിട്ടും അവ തടയപ്പെട്ടില്ല.

കറസ്പോണ്ടന്റ് ബാങ്കിംഗ് വീഴ്ചകൾ: മറ്റ് ബാങ്കുകൾക്ക് വേണ്ടി അന്താരാഷ്ട്ര പണമിടപാടുകൾ നടത്തിക്കൊടുക്കുന്ന ‘കറസ്പോണ്ടന്റ് ബാങ്കിംഗ്’ വഴി വൻതോതിൽ കള്ളപ്പണം ഒഴുകി. ഉയർന്ന ഫീസ് ലഭിക്കുന്നതിനാൽ അപകടസാധ്യതയുള്ള രാജ്യങ്ങളുമായും വ്യവസായങ്ങളുമായും ബാങ്ക് ഇടപാടുകൾ തുടർന്നുവെന്ന് മുൻ ആന്റി-ഫിനാൻഷ്യൽ ക്രൈം മേധാവി ഉൾറിച്ച് ഗോറസ് വെളിപ്പെടുത്തി.
പരിസ്ഥിതി വിനാശത്തിന് ബാങ്കിന്റെ പിന്തുണ
പരിസ്ഥിതി മേഖലയിലെ വിനാശം ചൂണ്ടിക്കാണിച്ച് ആർട്ടിക് മേഖലയിലെ പുതിയ എണ്ണ, പ്രകൃതിവാതക പദ്ധതികൾക്ക് ഇനി മുതൽ സാമ്പത്തിക സഹായം നൽകില്ലെന്ന് ഡോയ്ഷെ ബാങ്ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം നടത്തി മാസങ്ങൾക്കുള്ളിൽ, പ്രമുഖ കമ്മോഡിറ്റി വ്യാപാര കമ്പനിയായ ട്രാഫിഗുറക്ക് ആർട്ടിക്കിൽ എണ്ണ പര്യവേഷണം നടത്തുന്ന ‘വോസ്റ്റോക്ക് ഓയിൽ’ പദ്ധതിയിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട 1.5 ബില്യൺ യൂറോയുടെ പണമിടപാടിന് ബാങ്ക് സൗകര്യമൊരുക്കി. എന്നാൽ പദ്ധതിക്ക് ബാങ്ക് നേരിട്ട് വായ്പ നൽകുകയല്ല, മറിച്ച് ട്രാഫിഗുറയ്ക്ക് വേണ്ടി പണമിടപാട് പ്രോസസ്സ് ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു ബാങ്കിനുള്ളിലെ ന്യായീകരണം. (2022ൽ ട്രാഫിഗുറ ഈ പദ്ധതിയിൽ നിന്ന് പിന്മാറി).
2021ൽ ഡോയ്ചേ ബാങ്കിനെ ‘നെറ്റ്-സീറോ’ (കാർബൺ ബഹിർഗമനം കുറയ്ക്കുന്നത്തിന് പിന്തുണ നൽകുന്ന) ലോകത്തേയ്ക്ക് നയിക്കുമെന്ന് സി.ഇ.ഒ ക്രിസ്ത്യൻ സ്യൂവിങ് പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യയിലെ വൻകിട വാതക-പെട്രോകെമിക്കൽ പദ്ധതികൾക്ക് ബാങ്ക് പിന്തുണ നൽകി. റഷ്യയിലെ ഉസ്റ്റ്-ലുഗയിൽ കൂറ്റൻ വാതക സമുച്ചയം നിർമ്മിക്കുന്നതിനായി വ്യാവസായിക രാസവസ്തു കമ്പനിയായ ലിൻഡെ ഡോയ്ചേ ബാങ്കിന്റെ സഹായം തേടിയ സാഹചര്യത്തിൽ ആഭ്യന്തര വിദഗ്ദ്ധർ സഹായം നൽകരുത് എന്നതായിരുന്നു മുന്നറിയിപ്പ് നൽകിയത്. ഈ ഇടപാട് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള സാധ്യതയുള്ളതാണ്, ബാങ്കിന്റെ സൽപ്പേരിനെ ദോഷകരമായി ബാധിക്കും പരിസ്ഥിതിക്ക് വിനാശമുണ്ടാക്കുന്ന പ്ദ്ധതിക്ക് സഹായം നൽകുന്നത് ശരിയല്ല എന്നീ മുന്നറിയിപ്പുകളെല്ലാം ബാങ്ക് അവഗണിച്ചു. ‘ഇത് വളരെ പ്രധാനപ്പെട്ടതാണ്, നമ്മൾ ഇത് നേടിയെടുക്കണം’ എന്ന നിലപാടാണ് ട്രേഡ് ഫിനാൻസ് വിഭാഗം മേധാവി സ്വീകരിച്ചത്. തുടർന്ന് ഇടപാടിന് അനുമതി ലഭിച്ചു. (ഉക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ 2022 ജൂണിൽ ലിൻഡെ റഷ്യയിലെ തങ്ങളുടെ ബിസിനസ്സുകളും ഈ പദ്ധതിയിലെ പങ്കാളിത്തവും അവസാനിപ്പിച്ചു).
മ്യാൻമറിലെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ-വാതക കമ്പനിയായ ‘മോഗെ’ ( മിയാൻമാ ഓയിൽ ആൻഡ് ഗ്യാസ് എന്റർപ്രൈസ്) വഴി ലഭിക്കുന്ന വരുമാനം അവിടുത്തെ സൈനിക ഭരണകൂടമായ ജുണ്ടക്ക് പരോക്ഷമായി സാമ്പത്തിക സഹായമാകുമെന്ന് യു.എസ് സെനറ്റർമാരും മനുഷ്യാവകാശ പ്രവർത്തകരും 2021-ൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മോഗെയ്ക്ക് ഭാഗിക ഉടമസ്ഥതയുള്ള ഒരു എണ്ണപ്പാട പദ്ധതിയിൽ അമേരിക്കൻ ഊർജ്ജ ഭീമനായ ഹാലിബർട്ടണിന് നൽകുന്ന സാമ്പത്തിക ഗ്യാരണ്ടി വർദ്ധിപ്പിക്കാൻ ഡോയ്ച്ചെ ബാങ്ക് അനുമതി നൽകി. യൂറോപ്യൻ യൂണിയൻ 2022 ഫെബ്രുവരിയിൽ മോഗെയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ സഹായം.