
ബ്രസീൽ: അൽഗോരിതത്തെ അട്ടിമറിച്ച വിജയം
ബ്രസീലിൽ ലുല നേടിയ വിജയം വലതുപക്ഷത്തിന് മേൽ ഇടത് രാഷ്ട്രീയം നേടിയ വിജയം മാത്രമല്ല. മെറ്റ എന്ന ആഗോള ടെക് കമ്പനിയുടെ പക്ഷപാതപരമായ ഇടപെടലിനെതിരായ വിജയം കൂടിയാണ്. മെറ്റയുടെ ഇൻസ്റ്റ അടക്കമുള്ള പ്ലാറ്റ് ഫോമുകളിൽ ലുലയുടെ രാഷ്ട്രീയ പ്രചാരണങ്ങളുടെ റീച്ച് തുടർച്ചയായി കുറച്ചത് തെളിവ് സഹിതം പുറത്തു വന്നതിനെ തുടർന്ന് ബ്രസീലിലെ തെരഞ്ഞെടുപ്പ് കോടതി മെറ്റക്ക് മേൽ കനത്ത പിഴ ചുമത്തി. എതിർ സ്ഥാനാർഥി ഫ്ലാവിയോ ബോൾസനാരോയുടെ ദൃശ്യത കൂട്ടുന്ന തരത്തിൽ മെറ്റയുടെ അൽഗോരിതം പ്രവർത്തിച്ചുവെന്നും ബ്രസീലിലെ മാധ്യമങ്ങളും സ്വതന്ത്ര സംഘടനകളും കണ്ടെത്തി.
“ബ്രസീൽ ആരുടെയും പിന്മുറ്റമല്ല”
ബ്രസീൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം, നിയുക്ത പ്രസിഡന്റ് ലൂയിസ് ഇനാസ്യോ ലുല ഡാ സിൽവ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതാണിത്. ബ്രസീലിൽ വർദ്ധിച്ചു വരുന്ന വലതു-പക്ഷ അമേരിക്കൻ അനുകൂല സാമ്രാജ്യത്വ രാഷ്ട്രീയത്തിനെതിരായ താക്കീത് കൂടിയായിരുന്നു ഈ പ്രസ്താവന. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽക്കേ തെക്കനമേരിക്കൻ രാജ്യങ്ങളെ വിശേഷിപ്പിച്ചിരുന്നത് ‘അമേരിക്കൻ ഐക്യനാടുകളുടെ പിന്മുറ്റമെന്നാണ്’. തെരഞ്ഞെടുപ്പിൽ ലുലയുടെ എതിരാളിയായിരുന്ന ഫ്ലാവിയോ ബോൾസൊനാരോയുടെ അമേരിക്കൻ അനുകൂല രാഷ്ട്രീയ നയങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

ബ്രസീൽ തെരഞ്ഞെടുപ്പിൽ മെറ്റയുടെ റോൾ
ഒക്ടോബർ 25 നാണ് രാജ്യമാകെ നടന്ന രണ്ടാം ഘട്ട തെരെഞ്ഞെടുപ്പിൽ 51.79 ശതമാനം വോട്ടോടു കൂടിയാണ് ലുല ഡാ സിൽവ ബ്രസീലിന്റെ നിയുക്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായ രണ്ടാം തവണയാണ് ലുല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ലുലയ്ക്ക് മറികടക്കേണ്ടിയിരുന്നത് വലതുപക്ഷ സ്ഥാനാർത്ഥിയായ ഫ്ളേവിയോ ബോൾസൊനാരോയെ മാത്രമല്ല. അമേരിക്കൻ ടെക് ഭീമന്മാരായ മെറ്റയെ കൂടിയായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ് തുടങ്ങിയ ജനപ്രിയ സമൂഹ്യ മാധ്യമങ്ങളുടെ മാതൃ സ്ഥാപനമാണ് മെറ്റ.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏകദേശം 57 ദശലക്ഷം യു.എസ് ഡോളറാണ് രാഷ്ട്രീയ പരസ്യ ഇനത്തിൽ മാത്രം മെറ്റ നേടിയത്. 2022 ൽ ഇതിന്റെ പകുതിയോളമേ മെറ്റയ്ക്ക് ലഭിച്ചിരുന്നുള്ളൂ. 2024-ലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ഫേസ്ബുക്കിന് മാത്രം 40 ദശലക്ഷത്തിലധികം യുഎസ് ഡോളറിന്റെ പരസ്യവരുമാനം ലഭിച്ചിരുന്നു.
ബ്രസീലിലെ തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും ജുഡീഷ്യൽ സ്ഥാപനമായ തെരഞ്ഞെടുപ്പ് കോടതിയാണ് (TSE – Tribunal Superior Eleitoral). ഓൺലൈൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും കർശനമായ നിയമങ്ങളാണ് ടിഎസ്ഇ നടപ്പിലാക്കിയിട്ടുള്ളത്. നിർമ്മിത ബുദ്ധിയുപയോഗിച്ച് (AI) ഉപയോഗിച്ച് സ്ഥാനാർത്ഥികളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ നിർമ്മിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ എ.ഐ ഉപയോഗിക്കുന്ന പരസ്യങ്ങളിൽ അത് വ്യക്തമാക്കുന്ന പ്രസ്താവനയും നിർബന്ധമാക്കി. അക്രമാഹ്വാനങ്ങളും വിദ്വേഷ പ്രസംഗങ്ങളും ലിംഗവിവേചനപരമായ ഉള്ളടക്കങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത പ്രചാരണ അക്കൗണ്ടുകൾക്ക് മാത്രമേ സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകാൻ അനുവാദമുള്ളൂ. എന്നാൽ, മെറ്റ ഈ നിയമങ്ങൾക്കെതിരായി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചുവെന്നാണ് ലുല പക്ഷത്തിന്റെ ആരോപണം.
ലുലയുടെ ഇൻസ്റ്റാ റീച്ച് കുറച്ച് മെറ്റ
ലുലയുടെ പ്രചാരണ അക്കൗണ്ടുകൾ തുടർച്ചയായി സാങ്കേതിക തടസ്സങ്ങളും നിയന്ത്രണങ്ങളും നേരിട്ടുവെന്നതാണ് പ്രധാന പ്രശ്നം. ലുലയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റുകളുടെ പ്രചാരണം, മെറ്റ ബോധപൂർവ്വം കുറച്ചതായും ആരോപണമുണ്ട്. തെരഞ്ഞെടുപ്പിൽ ചില സമയത്ത് ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പൈസ നൽകി റീച്ച് കൂട്ടുന്നതിൽ നിന്ന് ലുലയുടെ അക്കൗണ്ടിനെ മെറ്റ തടഞ്ഞിരുന്നു. പോസ്റ്റുകളിലെ ഷെയർ ബട്ടണുകൾ അപ്രത്യക്ഷമാവുക, സ്റ്റോറികളിൽ റിയാക്ഷനുകളും റീഷെയറുകളും തടസ്സപ്പെടുക, വീഡിയോകളിലെ ഓഡിയോ നിശബ്ദമാവുകയോ വേഗത കൂട്ടുകയോ ചെയ്യുക, വീഡിയോ എത്രപേർ കണ്ടെന്ന് സ്ഥിരീകരിക്കുന്ന ‘വ്യൂ കൗണ്ടുകൾ’ പൊടുന്നനെ നിലയ്ക്കുക തുടങ്ങിയ ക്രമക്കേടുകളാണ് മെറ്റയുടെ ഭാഗത്ത് നിന്നുണ്ടായത്.
ഒന്നാം ഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ് ലുലയുടെയും മറ്റ് ഇടതുപക്ഷ നേതാക്കളുടെയും ഔദ്യോഗിക പ്രൊഫൈലുകൾ ഇൻസ്റ്റാഗ്രാമിന്റെ സെർച്ച് ഫംഗ്ഷനിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമായി. അതായത്, പേരുപയോഗിച്ച് തിരഞ്ഞാലും മറ്റൊരാൾക്ക് ഈ അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാമിൽ കണ്ടെത്താൻ സാധിക്കില്ല. കൂടാതെ, മെറ്റയുടെ എ.ഐ ചാറ്റ്‌ബോട്ട് ലുലയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നിർമ്മിക്കാൻ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്. ലുല വിഭാഗം പുറത്ത് വിട്ട കണക്കനുസരിച്ച്, മെറ്റയുടെ ഈ നിയന്ത്രണം കാരണം ഏകദേശം 1.3 ദശലക്ഷം ആളുകൾക്ക് ലുലയുടെ പരസ്യങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല.
ഉപയോക്താക്കളുടെ ഫീഡുകളിൽ ശുപാർശയായി സ്ഥാനാർത്ഥികളുടെ അക്കൗണ്ടുകൾ എത്തരുതെന്ന് തെരഞ്ഞെടുപ്പ് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, സ്ഥാനാർഥികൾക്ക് അവരുടെ പ്രചാരണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഏക മാർഗം പണം നൽകി റീച്ച് കൂട്ടുന്നതാണ്.
ബ്രസീലിലെ വോട്ടർമാരിൽ 76 ശതമാനത്തിലധികവും വാർത്തകൾ അറിയാനും അഭിപ്രായങ്ങൾ രൂപീകരിക്കാനും ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണ്. അതായത്, മെറ്റ നിയന്ത്രണങ്ങളേർപ്പെടുത്തിയതോടെ വലിയ വിഭാഗം ജനങ്ങളിലേക്ക് ലുലയുടെ പ്രചാരണങ്ങൾ എത്തുക അസാധ്യമായി മാറി.
2024-ൽ ബ്രസീലിലെ കർശനമായ നിയമങ്ങൾ കാരണം ഗൂഗിൾ രാഷ്ട്രീയ പരസ്യങ്ങൾ വിൽക്കുന്നത് പൂർണ്ണമായി അവസാനിപ്പിച്ചിരുന്നു. മറ്റൊരു പ്രമുഖ പ്ലാറ്റ്‌ഫോമായ ക്വായ് (Kwai) കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ബ്രസീൽ തെരഞ്ഞെടുപ്പിന്റെ ഓൺലൈൻ പരസ്യ വിപണിയിൽ മെറ്റ കുത്തകയുറപ്പിച്ചു. എന്നാൽ ലുലയുടെ രാഷ്ട്രീയ പരസ്യങ്ങളുടെ റീച്ച് കുറയ്ക്കാനാണ് മെറ്റ തുനിഞ്ഞത്.
ഫ്ലാവിയോ ബോൾസൊനാരോക്ക് അനുകൂലമായ അൽഗോരിതം
മെറ്റ ഇത്തരത്തിൽ ഫ്ലാവിയോ ബോൾസൊനാരോക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നത് ലുല അനുകൂലികളുടെ ആരോപണം മാത്രമല്ല. സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളുടെ അന്വേഷണങ്ങളിലും മെറ്റയുടെ വിവേചനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലുലയുടെ അക്കൗണ്ടുകൾ തടസ്സപ്പെട്ടപ്പോൾ, എതിർ സ്ഥാനാർത്ഥിയായ ഫ്ലാവിയോ ബോൾസൊനാരോയ്ക്ക് മെറ്റയുടെ അൽഗോരിതം ആനുകൂല്യങ്ങൾ നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. പ്രമുഖ ബ്രസീലിയൻ ദിനപത്രമായ ‘ഫോലി ഡി സാവോ പോളോ’ (Folha de S.Paulo) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ലുലയുടെ അക്കൗണ്ടുകൾ നിയന്ത്രിക്കപ്പെട്ടപ്പോൾ തന്നെ ഫ്ലാവിയോ ബോൾസൊനാരോയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലും അദ്ദേഹത്തിന്റെ വാട്ട്സ്ആപ്പ് ചാനലും ഉപയോക്താക്കൾക്ക് കൂടുതലായി നിർദേശിക്കപ്പെട്ടിരുന്നു. ഇത് തെരഞ്ഞെടുപ്പ് കോടതിയുടെ നിബന്ധനകൾക്ക് വിരുദ്ധമാണ്.

മെറ്റാ ജീവനക്കാർ തമ്മിൽ നടത്തിയ ആഭ്യന്തര സന്ദേശങ്ങൾ (Internal Messages) പരിശോധിച്ച ശേഷമാണ് ഫോലിയ ഡി സാവോ പോളോ ഈ വിവരങ്ങൾ പുറത്തുവിട്ടത്. മെറ്റയിലെ എൻജിനീയർമാരും ജീവനക്കാരും ആഭ്യന്തര സന്ദേശങ്ങളിൽ, ലുലയുടെ അക്കൗണ്ടുകൾ നേരിടുന്ന വിവേചനപരമായ നിയന്ത്രണങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഫ്ലാവിയോ ബോൾസൊനാരോയ്ക്ക് ലഭിക്കുന്ന അനാവശ്യ റീച്ചിനെക്കുറിച്ചും ഇവർ പരാമർശിക്കുന്നു.
മറുപടിയില്ലാതെ മെറ്റ
സംഭവത്തെ കുറിച്ച് മെറ്റ നൽകിയ വിശദീകരണം അപൂർണമാണ്. തങ്ങൾ യാതൊരുവിധ രാഷ്ട്രീയ പക്ഷപാതിത്വവും കാണിക്കുന്നില്ലെന്നാണ് മെറ്റയുടെ വാദം. ഒക്ടോബർ 7-ന് ആഗോളതലത്തിലുണ്ടായ സാങ്കേതിക തകരാർ (Global Technical Glitch) കൊണ്ട് മാത്രമാണ് ലുലയ്ക്ക് നിയന്ത്രണങ്ങൾ നേരിട്ടതെന്നതായിരുന്നു മെറ്റയുടെ നിലപാട്. എന്നാൽ, ഒക്ടോബർ 7-ന് ശേഷവും ലുലയുടെ അക്കൗണ്ടിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഒക്ടോബർ 9-നും തുടർന്നുള്ള ദിവസങ്ങളിലും ലുലയുടെ അക്കൗണ്ടുകൾ മാത്രം ലക്ഷ്യമിട്ട് നിയന്ത്രണങ്ങൾ തുടർന്നിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
പക്ഷപാതപരമായി പ്രവർത്തിച്ചുവെന്നതിന് വേറെയും തെളിവുകൾ
ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടിയുള്ള സംഘടനയായ ‘CTRL+Z’, തെരഞ്ഞെടുപ്പിലെ മെറ്റയുടെ ഈ നിയന്ത്രണങ്ങളെ പറ്റി പഠനം നടത്തിയിരുന്നു. ഇവർ ശേഖരിച്ച 1,100-ലധികം പരാതികളിൽ ഭൂരിഭാഗവും, ലുലയെ പിന്തുണയ്ക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുകയോ റീച്ച് കുറക്കുകയോ ചെയ്തതിനെ പറ്റിയായിരുന്നു. എന്നാൽ ബോൾസൊനാരോ അനുകൂലികൾ പ്രചരിപ്പിച്ച വ്യാജവാർത്തകൾ യാതൊരു തടസ്സവുമില്ലാതെ പ്രചരിക്കാൻ മെറ്റയുടെ മോഡറേറ്റർമാർ അനുവാദം നൽകിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഫോലിയ റിപ്പോർട്ട് ചൂണ്ടിക്കാണിച്ച മറ്റൊരു സുപ്രധാന കാര്യം മെറ്റയിലെ എൻജിനീയർമാരുടെയും മാനേജ്‌മെന്റിന്റെയും നിലപാടായിരുന്നു. രാജ്യത്തെ ജനവിധി അട്ടിമറിക്കപ്പെടാൻ സാധ്യതയുള്ള പ്രശ്നത്തെ ലഘൂകരിച്ച് കണ്ടുവെന്നതായിരുന്നു വിമർശനം. തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷത സംരക്ഷിക്കേണ്ട ഉത്തരവാദിത്തം, കോടികൾ സമ്പാദിക്കുന്ന മെറ്റ പോലുള്ള വൻകിട കമ്പനികൾ കാണിച്ചില്ലെന്നാണ് CTRL+Z എക്സിക്യൂട്ടീവ് ഡയറക്ടർ ഡാനിയേല ഡാ സിൽവ മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രീൻപീസ്, ഗ്ലോബൽ വിറ്റ്നസ്, ഓക്സ്ഫാം ബ്രസീൽ തുടങ്ങിയ നൂറിലധികം മനുഷ്യാവകാശ – സാമൂഹിക നീതി സംഘടനകൾ മെറ്റയുടെ ഈ അനാസ്ഥക്കും വിവേചനത്തിനുമെതിരെ പ്രതിഷേധമറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കോടതിയുടെ ഇടപെടൽ
ലുലയുടെ പ്രചാരണ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ലുലയ്ക്കും ബോൾസൊനാരോയ്ക്കും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ തുല്യ പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കോടതി (ടി.എസ്.ഇ) മെറ്റയോട് ഉത്തരവിട്ടു. ആദ്യ ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന്, മെറ്റയ്ക്ക് മേൽ ചുമത്തിയിരുന്ന പ്രതിദിന പിഴ തുക ഒരു ലക്ഷം യു.എസ് ഡോളറിൽ നിന്ന് രണ്ട് ലക്ഷം യു എസ് ഡോളറായി വർദ്ധിപ്പിച്ചു. കൂടാതെ, ഇരു സ്ഥാനാർത്ഥികളുടെയും പരസ്യ അക്കൗണ്ടുകളിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ രണ്ട് മണിക്കൂറിനുള്ളിൽ മനുഷ്യരായിട്ടുള്ള മോഡറേറ്റർമാർ (Human Review) തന്നെ അത് പുനഃപരിശോധിക്കണമെന്നും മെറ്റയുടെ എ.ഐ ചാറ്റ്‌ബോട്ട്, തെരഞ്ഞെടുപ്പിൽ നിഷ്പക്ഷത പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനുപുറമെ, ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള വിദഗ്ധരും മെറ്റയുടെ പക്ഷപാതിത്വത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. മെറ്റയുടെ വഴിവിട്ട ഇടപെടലുകൾക്കെതിരെ ലുല പ്രതിനിധീകരിക്കുന്ന വർക്കേഴ്സ് പാർട്ടി, ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന് (OAS) പരാതി നൽകി. അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ എല്ലാ രാജ്യങ്ങളുടെയും സംയുക്ത സംഘടനയാണ് ഒഎഎസ്. കൂടാതെ ഫ്ലാവിയോ ബോൾസൊനാരോയെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എസ്.ഇയിൽ ഹർജി നൽകുകയും ചെയ്തു.
തോറ്റെന്ന് സമ്മതിക്കാതെ ഫ്ലാവിയോ ബോൾസൊനാരോ
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പരാജയം സമ്മതിക്കാൻ വിസമ്മതിച്ച ഫ്ലാവിയോ ബോൾസൊനാരോ വോട്ടെടുപ്പ് സമയം നീട്ടിയത് ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബോൾസോനാരയുടെ പ്രചാരണ വിഭാഗവും തെരഞ്ഞെടുപ്പ് കോടതിയിൽ വോട്ടിംഗ് സമയം നീട്ടി നൽകണമെന്ന് നേരത്തെ ഹർജി നൽകിയിരുന്നു.
വിപണിയിലെ ആരോഗ്യകരമായ മത്സരം തകർത്ത് കുത്തക സ്ഥാപിക്കുന്നു എന്ന ആരോപണത്തിന്മേൽ മാതൃരാജ്യമായ അമേരിക്കയിൽ തന്നെ കേസ് നേരിടുന്ന ടെക് കമ്പനിയാണ് മെറ്റ. അമേരിക്കയിലെ ഫെഡറൽ ട്രേഡ് കമ്മീഷനാണ് മെറ്റക്കെതിരെ ഇത്തരത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്. 2017 ൽ മ്യാന്മറിൽ റോഹിങ്ക്യൻ മുസ്‌ലിങ്ങൾക്കെതിരെ നടന്ന വംശഹത്യയിൽ ഫേസ് ബുക്ക് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് നേരത്തെ ഐക്യരാഷ്ട്ര സഭ തന്നെ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പുകളിൽ തുടർച്ചായി ട്രംപിന് അനുകൂലമായി അൽഗോരിതം സെറ്റ് ചെയ്തുവെന്ന ആരോപണവും മെറ്റക്കെതിരെ നിലനിൽക്കുന്നുണ്ട്. ഈ ചരിത്രത്തോട് ചേർത്ത് വായിക്കേണ്ടതാണ്, ബ്രസീൽ തെരഞ്ഞെടുപ്പിൽ മെറ്റ നടത്തിയ വലത് പക്ഷത്തിനനുകൂലമായ രാഷ്ട്രീയ ഇടപെടൽ.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക