
അജിത് ഡോവൽ പറയാത്ത കാര്യങ്ങൾ: വ്യാജവാർത്തകൾ കേന്ദ്രസർക്കാരിനെതിരെയും
സിജെപി നേതാക്കളായ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും നഗ്ന ചിത്രങ്ങൾ തങ്ങൾ പകർത്തിയിട്ടുണ്ടെന്ന് അജിത് ഡോവൽ പറയുന്നതായുള്ള ഒരു വീഡിയോ വൈറലാണ്. ഈ ദൃശ്യത്തിന്റെ ഉറവിടം ഞങ്ങൾ കണ്ടെത്തി.
സിജെപി സമരത്തിനെതിരെയുള്ള വലതുപക്ഷത്തിന്റെ ആയുധം വ്യാജ വാർത്തകളാണ്. ഒന്നാം ജന്തർ മന്തർ സമരം മുതൽക്ക് തന്നെ സിജെപിക്കെതിരായുള്ള നിരവധി വ്യാജ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ സിജെപിക്കെതിരെ മാത്രമല്ല, കേന്ദ്ര സർക്കാരിനെതിരെയും വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ നിരോധനമുള്ള പാകിസ്താനി അക്കൗണ്ടുകളാണ് സർക്കാരിനെതിരെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി ഞങ്ങൾ കണ്ടെത്തിയത്. അതായത്, ഇന്ത്യൻ വലതുപക്ഷം മാത്രമല്ല വ്യാജ വാർത്തകൾക്ക് പിന്നിൽ.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരായാണ് പുതിയ പ്രചാരണം. സിജെപി നേതാക്കളായ അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും വിട്ടയച്ചെങ്കിലും അവരുടെ നഗ്ന ചിത്രങ്ങൾ തങ്ങൾ പകർത്തിയിട്ടുണ്ടെന്ന് അജിത് ഡോവൽ പറഞ്ഞതായാണ് ആരോപണം. ഒക്ടോബർ 13 ന് സമരനിരോധിത മേഖലയായ ജന്തർ മന്തറിൽ പ്രവേശിച്ചുവെന്ന പേരിലാണ് അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഒക്ടോബർ 21 നാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
‘RedDeFacto’ എന്ന എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. അജിത് ഡോവലിന്റെ ഒരു വീഡിയോയാണ്, ഒക്ടോബർ 22 ന് ഈ അക്കൗണ്ട് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ അജിത് ഡോവൽ ഒരു ഇന്റർവ്യൂവിൽ സംസാരിക്കുന്നതായാണ് കാണുന്നത്. അജിത് ഡോവൽ പറയുന്നതായി കാണുന്നത് ഇങ്ങനെയാണ്:
“സിജെപി നേതാക്കളായ അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും ഇത്തവണ ഞങ്ങൾ വിട്ടച്ചു. പക്ഷേ ഞങ്ങൾ അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോയും എടുത്തു വെച്ചിട്ടുണ്ട്. ഇനിയും അവർ പ്രതിഷേധിച്ചാൽ ഞങ്ങൾ ആ ചിത്രങ്ങൾ പ്രസിദ്ധീകരിക്കും”

11 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തത് ഒക്ടോബർ 22 നാണ്. ഇതുവരെ (ഒക്ടോബർ 23) 3,78,000 തവണ കണ്ടിട്ടുണ്ട്. 344 പേർ ഈ പോസ്റ്റ് റീപോസ്റ്റും ചെയ്തിട്ടുണ്ട്.
“സിജെപി നേതാക്കൾ ഭീഷണി നേരിടുകയാണോ?” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “സർക്കാരിനെ ധിക്കരിക്കുന്നതിന്റെ വില അവർക്കറിയില്ല”എന്ന് അജിത് ഡോവൽ പറഞ്ഞതായും അടിക്കുറിപ്പിൽ പറയുന്നു. എന്നാൽ വീഡിയോയിൽ ഇങ്ങനെയൊരു ഭാഗം കാണാനാകില്ല.
പോസ്റ്റിലെ കമ്മന്റിൽ ഭിന്നാഭിപ്രായമുള്ളവരെ കാണാം. ചിലർ ഈ വീഡിയോ എഐ നിർമ്മിതമാണെന്നും വ്യാജമാണെന്നും ആരോപിക്കുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം പരിഹസിച്ച് വീഡിയോ പോസ്റ്റ് ചെയ്തയാൾ മറുപടിയും നൽകിയിട്ടുണ്ട്.
തുടർന്ന് റിവേഴ്സ് ഇമേജ് സെർച്ചിലൂടെ വേറെയും നിരവധിയാളുകൾ ഇതേ വീഡിയോ എക്സിൽ പങ്കുവെച്ചിട്ടുള്ളതായി കാണാം. ‘Clashfire_’ എന്ന എക്സ് അക്കൗണ്ടും ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതും പോസ്റ്റ് ചെയ്തിരിക്കുന്നത് ഒക്ടോബർ 22 നാണ്. ഇതുവരെ (ഒക്ടോബർ 22) 1,700 തവണ ഈ പോസ്റ്റ് എക്സിൽ കണ്ടിട്ടുണ്ട്. ആദ്യത്തെ പോസ്റ്റിലെ അതേ അടിക്കുറിപ്പ് തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ “സിജെപി നേതാക്കൾ ഭീഷണി നേരിടുകയാണോ?” എന്ന ഭാഗം ഈ പോസ്റ്റിലില്ല.

ഈ പോസ്റ്റിന്റെയും കമന്റ് സെക്ഷനിൽ വീഡിയോ പൂർണമായും വിശ്വസിച്ചവരെ ധാരാളമായി കാണാം . വേറെയും പല അക്കൗണ്ടുകളും ഒക്ടോബർ 22 ന് തന്നെ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒറ്റനോട്ടത്തിൽ തന്നെ ഈ പ്രചാരണം വ്യാജമാണെന്ന് സംശയിക്കാൻ തക്ക തെളിവുകളുണ്ട്. അജിത് ഡോവൽ നിലവിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. ഇത്തരം സ്ഥാനത്തിരിക്കുന്നൊരാൾ തങ്ങൾ നിയമവിരുദ്ധമായൊരു കാര്യം ചെയ്തെന്ന് പൊതുമധ്യത്തിൽ വന്നു പറയാൻ സാധ്യത വളരെ കുറവാണ്. മാത്രമല്ല, ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് പ്രധാന വാർത്തയാകേണ്ടതാണ്. എന്നാൽ വാർത്താമാധ്യമങ്ങളൊന്നും ഇതുവരെ ഇങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല.
വീഡിയോയുടെ ഏകദേശം മധ്യഭാഗത്തായി ‘BABA THOKA’ എന്നെഴുതിയിരിക്കുന്നതായി കാണാം.

ഇതുപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഇതേ പേരിലുള്ള ഒരു എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതായി കണ്ടെത്തി.

എന്നാൽ ആർക്കൈവ് സൈറ്റുകളുപയോഗിച്ച് ഈ അക്കൗണ്ട് നിരോധിക്കുന്നതിനു മുൻപ് പങ്കുവെച്ച പോസ്റ്റുകൾ ഞങ്ങൾ കണ്ടെത്തി. ഒക്ടോബർ 22 ന് തന്നെ ഈ അക്കൗണ്ടിൽ ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിലും ‘BABA THOKA’ എന്നെഴുതിയിരിക്കുന്നതായി കാണാം. കണ്ടെത്തിയതിൽ ഏറ്റവും ആദ്യം പങ്കിവെച്ചിട്ടുള്ളതും ഈ പോസ്റ്റാണ്.

നിരന്തരമായി ഇന്ത്യൻ സൈന്യത്തിനും സർക്കാരിനുമെതിരായി പോസ്റ്റുകൾ പങ്കുവെക്കുന്ന ഒരു അക്കൗണ്ട് കൂടിയാണിത്. എക്സിലെ വിവരങ്ങളിൽ ദക്ഷിണ ഏഷ്യ കേന്ദ്രീകരിച്ചാണ് ഈ അക്കൗണ്ട് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്കിംഗ് വിഭാഗം തന്നെ പലതവണ ഈ അക്കൗണ്ട് പ്രചരിപ്പിച്ചിട്ടുള്ള വ്യാജവാർത്തകൾ തുറന്ന് കാട്ടിയിട്ടുണ്ട്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്കൗണ്ടാണിതെന്നും പോസ്റ്റുകളിൽ പറയുന്നുണ്ട്.

വിവിധ സോഫ്റ്റ് വെയറുകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ, ഈ വീഡിയോ AI നിർമ്മിതമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

വീഡിയോയുടെ വലതുവശത്ത് മുകൾ ഭാഗത്തായി ഒരു ലോഗോയും കാണാം.

ഈ ലോഗോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ‘ഇന്നോവേഷൻ സെല്ലി’ന്റേതാണെന്ന് റിവേഴ്സ് ഇമേജ് സെർച്ചിലൂടെ കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയുടെ യഥാർത്ഥ ദൃശ്യങ്ങൾ ഇവരുടെ യൂട്യൂബ് ചാനലിൽ നിന്ന് ലഭിച്ചു. അജിത് ഡോവലുമായുള്ള, 55 മിനിറ്റിലേറെ ദൈർഘ്യമുള്ള ഒരു അഭിമുഖമാണിത്. 2019 മെയ് 19 നാണ് ഈ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ ഉപയോഗിച്ചിരുന്ന രണ്ട് തരം ആങ്കിളുകളിൽ ഒന്ന് പ്രചരിക്കുന്ന വീഡിയോയുമായി പൂർണമായും പൊരുത്തപ്പെടുന്നുണ്ട്.

ചുരുക്കത്തിൽ, അശുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും നഗ്ന ദൃശ്യങ്ങൾ തങ്ങളുടെ കയ്യിലുണ്ടെന്ന് അജിത് ഡോവൽ അവകാശപ്പെടുന്ന വീഡിയോ പൂർണമായും വ്യാജമാണ്. 2019 ൽ, ഒരു കേന്ദ്ര സർക്കാർ സ്ഥാപനം നടത്തിയ അഭിമുഖത്തിലെ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക