ജന്തർ മന്തർ സമരത്തിന്റെ പേരിൽ പണപ്പിരിവ്? ഈ മെറ്റാ പരസ്യങ്ങൾക്ക് പിറകിൽ ആരാണ് ?

ജന്തർ മന്തർ സമരത്തിന്റെ പേരിൽ പണപ്പിരിവ്? ഈ മെറ്റാ പരസ്യങ്ങൾക്ക് പിറകിൽ ആരാണ് ?

സിജെപി-യുടെ പേരിൽ ആരാണ് പണം പിരിക്കുന്നത്? ജന്തർ മന്തർ സമരത്തിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് മെറ്റാ പരസ്യങ്ങളിലൂടെ പണപ്പിരിവ് നടക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ഇത്തരത്തിൽ സംഭാവന പിരിക്കുന്ന അഞ്ച് സംഘടനകളെയാണ് ഇത് വരെ കണ്ടെത്താൻ കഴിഞ്ഞത്. ഈ വർഷം രജിസ്റ്റർ ചെയ്തവയാണ് ഈ സംഘടനകളെന്ന് ഒബിസി കണ്ടെത്തി. ഈ സംഘടനകളുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) വ്യക്തമാക്കി. തങ്ങളുടെ പ്രതിച്ഛായ തകർക്കാൻ സംഘടിതമായ ശ്രമമുണ്ടോ എന്നും സി ജെ പി സംശയിക്കുന്നു.

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്നതിനിടെ, സമരക്കാർക്ക് ഭക്ഷണം, ലഘുപാനീയങ്ങൾ, ശുചിത്വ കിറ്റുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ എത്തിക്കാൻ സംഭാവന തേടുന്ന പരസ്യങ്ങൾ നിരവധി ഫേസ്ബുക്ക് പേജുകൾ പ്രസിദ്ധീകരിച്ചു. സമരസ്ഥലങ്ങളിൽ സന്നദ്ധപ്രവർത്തകർ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന വീഡിയോകൾക്കൊപ്പം 200 രൂപ മുതൽ 5,000 രൂപ വരെ സംഭാവനയായി നൽകാനാണ് ഈ പരസ്യങ്ങൾ ആവശ്യപ്പെട്ടത്. ഇത്തരം ധനസമാഹരണത്തിന് മെറ്റ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച അഞ്ച് സംഘടനകളെ ഞങ്ങൾ കണ്ടെത്തി .ഓപ്പൺഹാർട്ടഡ് ഹെൽപ്പിങ് ഫൗണ്ടേഷൻ (Openhearted Helping Foundation), തഥാസ്തു റോസ്ഗാർ (Tathastu Rozgar), BSM ഫൗണ്ടേഷൻ (BSM Foundation) , ഉഡാൻ ആശ ഫൗണ്ടേഷൻ (Udaan Asha Foundation), നെക്സസ് ഓഫ് റിലീഫ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ (NRI Foundation) എന്നിവയാണ് ഈ സംഘടനകൾ.

പല പരസ്യങ്ങളും സംഭാവന സ്വീകരിക്കാനുള്ള പേയ്‌മെന്റ് ലിങ്കുകളിലേക്കാണ് ഉപയോക്താക്കളെ കൊണ്ടുപോയത്. ഇവ  ഹോസ്റ്റ് ചെയ്തിരുന്നത് കാഷ്ഫ്രീ (Cashfree), റേസർപേ (Razorpay) എന്നീ പ്ലാറ്റ് ഫോമുകളിലാണ്.
കൂടാതെ, പരസ്യങ്ങളിലെ ദൃശ്യങ്ങൾ മുൻപ് നടന്ന പരിപാടികളിൽ നിന്നുള്ളവയാണെന്ന് OBC-യുടെ അന്വേഷണത്തിൽ കണ്ടെത്തി. 2026 ജൂലൈയിലെ സിജെപി പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യങ്ങളും ഇതിലുണ്ട്. ഇത്തരം ദൃശ്യങ്ങൾ കാണിച്ചാണ് സംഭാവന നൽകുന്നവരെ പേയ്‌മെന്റ് ലിങ്കുകളിലേക്ക് നയിച്ചത്.

ഇതേക്കുറിച്ച് പ്രതികരണം തേടി OBC ഈ സംഘടനകളെ ബന്ധപ്പെട്ടു. ഓപ്പൺഹാർട്ടഡ് ഹെൽപ്പിങ് ഫൗണ്ടേഷന്റെ പ്രതിനിധി, തങ്ങളുടെ സന്നദ്ധപ്രവർത്തകർ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും ഫൗണ്ടേഷന് സിജെപി-യുമായി ബന്ധമുണ്ടെന്നും അവകാശപ്പെട്ടു.
തഥാസ്തു റോസ്ഗാർ ഫൗണ്ടേഷൻ ഈ പരസ്യങ്ങൾ തങ്ങളുടേതാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, തങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണെന്നും സിജെപി-യുമായി ബന്ധമില്ലെന്നും അവർ പറഞ്ഞു. ഫേസ്ബുക്ക് ലോഗോയും വെബ്സൈറ്റ് ലോഗോയും തമ്മിലുള്ള വ്യത്യാസം ഞങ്ങൾ ചൂണ്ടിക്കാട്ടി ., തങ്ങളുടെ ഐടി ടീം ലോഗോ നിർമിക്കാൻ ചാറ്റ്ജിപിടി (ChatGPT) ഉപയോഗിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന്  സംഘടന വിശദീകരിച്ചു.

വെബ്സൈറ്റുകൾ, ഫേസ്ബുക്ക് പേജുകൾ, പേയ്‌മെന്റ് ലിങ്കുകൾ എന്നിവ പരിശോധിച്ചപ്പോൾ ബ്രാൻഡിങ്ങിലും ബന്ധപ്പെടാനുള്ള വിവരങ്ങളിലും പൊരുത്തക്കേടുകൾ കണ്ടെത്തി. ഇത്‌ ഏറ്റവും പ്രകടമായത് NRI ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലാണ്.

എന്നാൽ ഈ പേജുകളുമായി തങ്ങൾക്ക് യാതൊരു  ബന്ധവുമില്ലെന്ന് സിജെപി വ്യക്തമാക്കി . സിജെപി വിദേശ ഫണ്ട് വാങ്ങുന്നു എന്ന ആരോപണത്തെ ബലപ്പെടുത്താനായി ആരെങ്കിലും ബോധപൂർവം ചെയ്യുന്നതാണോ എന്ന് സംശയമുണ്ടെന്ന് സി ജെ പിയുടെ സൗത്ത് സോൺ പ്രതിനിധി നിതിൻ നോബിൾ പറഞ്ഞു.

ആരാണ് ഈ സംഘടനകൾ ? ഇവർ എന്തിനാണ് ജന്തർ മന്തർ സമരത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്നത് ?

ധനസമാഹരണത്തിന്റെ ഉള്ളറകൾ: പരസ്യങ്ങളും ദൃശ്യങ്ങളുടെ ഉറവിടവും

OBC പരിശോധിച്ച മെറ്റ പരസ്യങ്ങളിൽ കൂടുതലും, ഡൽഹിയിലെ സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം, ലഘുപാനീയങ്ങൾ, ശുചിത്വ കിറ്റുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ നൽകാൻ സംഭാവന തേടുന്നവയാണ്. നൂറ് രൂപ മുതൽ ആയിരക്കണക്കിന് രൂപ വരെയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഒക്ടോബർ 2 മുതൽ 10 വരെയായിരുന്നു മെറ്റാ പ്ലാറ്റ് ഫോമുകളിൽ ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്’ സന്നദ്ധപ്രവർത്തകർ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പരസ്യങ്ങളിൽ ഉണ്ടായിരുന്നത്.

പല സംഘടനകളും നേരത്തേ നടന്ന പരിപാടികളിലെ ദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 2026 ജൂലൈയിൽ ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തിലെ ദൃശ്യങ്ങളും ഇതിലുണ്ട്. സമരക്കാർക്ക് സന്നദ്ധപ്രവർത്തകർ ഭക്ഷണം, ലഘുപാനീയങ്ങൾ, വൈദ്യസഹായം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ നൽകുന്ന ദൃശ്യങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ജൂലൈയിലെ പ്രതിഷേധത്തിനിടെ ഡൽഹിയിൽ പ്രവർത്തിച്ച മറ്റ് സന്നദ്ധസംഘടനകളുടെ ദൃശ്യങ്ങളും ചിലർ ഉപയോഗിച്ചു. ഈ പരസ്യങ്ങളെല്ലാം കാഷ്ഫ്രീ, റേസർപേ എന്നിവ ഹോസ്റ്റ് ചെയ്യുന്ന പേയ്‌മെന്റ് ലിങ്കുകളിലേക്കാണ് ഉപയോക്താക്കളെ നയിച്ചത്.

ഓപ്പൺഹാർട്ടഡ് ഹെൽപ്പിങ് ഫൗണ്ടേഷൻ

ശുചിത്വ കിറ്റുകൾക്കും സുരക്ഷാ ഉപകരണങ്ങൾക്കുമായി സംഭാവന തേടുന്ന ഒന്നിലധികം പരസ്യങ്ങൾ ഈ പേജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വീഡിയോയിൽ, റിഫ്ലക്ടീവ് വെസ്റ്റ് ധരിച്ച ആളുകൾക്ക് വെളുത്ത ഹെൽമെറ്റുകൾ കൈമാറുന്ന ദൃശ്യങ്ങളാണുള്ളത്. “SAFETY GEARS SEWA” എന്ന എഴുത്തും ജന്തർ മന്തർ എന്ന ലൊക്കേഷൻ ലേബലും അതിലുണ്ടായിരുന്നു. 1,000 രൂപ സംഭാവന ചെയ്താൽ രണ്ട് പ്രവർത്തകർക്ക് ഹെൽമെറ്റും മറ്റ് സുരക്ഷാ ഉപകരണങ്ങളും നൽകാമെന്നായിരുന്നു മറ്റൊരു പരസ്യത്തിലെ വാഗ്ദാനം. മെറ്റയുടെ ആഡ് ലൈബ്രറിയിലെ വിവരങ്ങൾ പ്രകാരം ഈ പേജിന്റെ പരസ്യങ്ങൾ തുടങ്ങിയത് 2026 ഒക്ടോബർ 9, 10 തീയതികളിലാണ്.

ഓപ്പൺഹാർട്ടഡ് ഹെൽപ്പിങ് ഫൗണ്ടേഷൻ നൽകിയ മെറ്റ പരസ്യങ്ങളുടെ സ്ക്രീൻഷോട്ട്

ദൃശ്യങ്ങളുടെ ഉറവിടം: 2026 ജൂൺ 24-ന് ഉണ്ടാക്കിയ ഫേസ്ബുക്ക് പേജാണിത്. ജൂലൈയിലെ സിജെപി സമരത്തിനിടെ ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്ത സച്ഖണ്ഡ് ഫൗണ്ടേഷൻ (Sachkhand Foundation) വോളണ്ടിയർമാരുടെ ദൃശ്യങ്ങളാണ് ഇവർ ഉപയോഗിച്ചത്. ഈ ദൃശ്യങ്ങൾ പിന്നീട്, സുരക്ഷാ ഉപകരണങ്ങൾക്കായി സംഭാവന തേടുന്ന പരസ്യങ്ങളിൽ വീണ്ടും ഉപയോഗിക്കുകയായിരുന്നു.

ജൂലൈ 23-ന് സച്ഖണ്ഡ് ഫൗണ്ടേഷൻ പങ്കുവച്ച വീഡിയോ. ഇതാണ് പിന്നീട് ഓപ്പൺഹാർട്ടഡ് ഹെൽപ്പിങ് ഫൗണ്ടേഷൻ സംഭാവന തേടുന്ന മെറ്റ പരസ്യത്തിൽ ഉപയോഗിച്ചത്.

തഥാസ്തു റോസ്ഗാർ

ജനക്കൂട്ടത്തിന് ഭക്ഷണവും ലഘുപാനീയങ്ങളും വിതരണം ചെയ്യുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങളാണ് ഇവരുടെ പരസ്യത്തിലുമുള്ളത്. “Please Support & Donate Food. Help ₹500, ₹1000, ₹2000” എന്ന എഴുത്തും ഒരു ക്യു ആർ കോഡും പരസ്യത്തിലുണ്ട്. ഈ ക്യു ആർ കോഡ് “SupportStandGirls” എന്ന പേരിലുള്ള കാഷ്ഫ്രീ പേയ്‌മെന്റ് ഫോമിലേക്കാണ് പോകുന്നത്. “Support Girl” എന്ന വാചകവും പരസ്യത്തിലുണ്ടായിരുന്നു.

തഥാസ്തു റോസ്ഗാർ നൽകിയ മെറ്റ പരസ്യങ്ങളുടെ സ്ക്രീൻഷോട്ട്

ദൃശ്യങ്ങളുടെ ഉറവിടം: 2026 ഓഗസ്റ്റ് 15-ന് ഉണ്ടാക്കിയ ഫേസ്ബുക്ക് പേജാണിത്. ജൂലൈയിലെ പ്രതിഷേധത്തിനിടെ രണ്ട് പെൺകുട്ടികൾ സമരക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇവർ ഉപയോഗിച്ചത്. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ പിന്തുണയ്ക്കാൻ സംഭാവന ആവശ്യപ്പെടുന്ന അഭ്യർഥനയ്ക്കൊപ്പമായിരുന്നു ഈ വീഡിയോ. എന്നാൽ ഈ ദൃശ്യങ്ങളുടെ യഥാർത്ഥ ഉറവിടം വ്യക്തമല്ല.

ബി എസ് എം ഫൗണ്ടേഷൻ

ഇവരുടെ വീഡിയോയും ഭക്ഷണസഹായത്തിനായി സംഭാവന ആവശ്യപ്പെടുന്നതാണ്. ₹500, ₹1,000, ₹2,000 എന്നീ തുകകൾ വീഡിയോയിൽ കാണിച്ചിരുന്നു. ആൾക്കൂട്ടത്തിന് ഭക്ഷണം വിളമ്പുന്ന അഭിജീത് ദിപ്‌കെയുടെ ദൃശ്യങ്ങളാണ് ഇതിൽ ഉപയോഗിച്ചത്. സിജെപിയുടെ സമരത്തിന് വേണ്ടിയുള്ള ധനസമാഹരണമാണെന്ന് വരുത്തി തീർക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. സിഖ് വോളണ്ടിയർമാർ ജനക്കൂട്ടത്തിന് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ദൃശ്യങ്ങളും പരസ്യത്തിലുണ്ട്. ഈ പരസ്യം റേസർപേ പേയ്‌മെന്റ് പേജിലേക്കാണ് ലിങ്ക് ചെയ്തിരുന്നത്.

ബി എസ് എം ഫൗണ്ടേഷൻ നൽകിയ മെറ്റ പരസ്യങ്ങളുടെ സ്ക്രീൻഷോട്ട്

ദൃശ്യങ്ങളുടെ ഉറവിടം: ജൂലൈയിലെ സിജെപി സമരത്തിനിടെ സമരക്കാർക്ക് ഭക്ഷണം വിളമ്പുന്ന അഭിജീത് ദിപ്‌കെയുടെ ദൃശ്യങ്ങളാണ് ഇവർ ഉപയോഗിച്ചത്. ഹേംകുണ്ട് ഫൗണ്ടേഷൻ (Hemkunt Foundation) ഡയറക്ടർ ഹർതീരഥ് സിങ് അഹ്ലുവാലിയയും മറ്റ് വോളണ്ടിയർമാരും എനർജി ബാറുകളും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്യുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. സമീപകാലത്തെ ജന്തർ മന്തർ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംഭാവന ആവശ്യപ്പെടാനാണ് ബി എസ് എം ഫൗണ്ടേഷൻ ഈ ദൃശ്യങ്ങൾ ഉപയോഗിച്ചത്.

ജൂലൈ 22-ന് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ സ്ക്രീൻഷോട്ട്. ജന്തർ മന്തറിൽ സമരക്കാർക്ക് ഹേംകുണ്ട് ഫൗണ്ടേഷൻ വോളണ്ടിയർമാർ ഭക്ഷണം നൽകുന്ന ഈ ദൃശ്യങ്ങളാണ് ബി എസ് എം ഫൗണ്ടേഷൻ ഫേസ്ബുക്ക് പേജ് ഉപയോഗിച്ചത്

ഉഡാൻ ആശ ഫൗണ്ടേഷൻ

₹1,000, ₹2,000, ₹5,000 എന്നിങ്ങനെ സംഭാവനകൾ ചെയ്യാനാണ് ഇവരുടെ വീഡിയോ ആവശ്യപ്പെടുന്നത്. ഈ സഹായം, അത് ലഭിക്കുന്നവരുടെ നിശ്ചയദാർഢ്യം ശക്തിപ്പെടുത്തുമെന്നും വീഡിയോയിൽ പറയുന്നു. അവരെ പിന്തുണയ്ക്കാൻ ഒരുമിച്ചു ചേരണമെന്ന ആഹ്വാനവും പരസ്യത്തിൽ കാണാം. ജന്തർ മന്തറിലെ ഒത്തുചേരൽ എന്ന് പറയപ്പെടുന്ന സ്ഥലത്ത്, മെഡിക്കൽ വോളണ്ടിയർമാർ എന്ന് തോന്നിക്കുന്നവർ അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതാണ് വീഡിയോയിൽ.

ഉഡാൻ ആശ ഫൗണ്ടേഷൻ നൽകിയ മെറ്റ പരസ്യങ്ങളുടെ സ്ക്രീൻഷോട്ട്

ദൃശ്യങ്ങളുടെ ഉറവിടം: ജൂലൈയിലെ സിജെപി സമരത്തിൽ നിന്നുള്ള പഴയ വീഡിയോയാണ് ഇവരും ഉപയോഗിച്ചത്. ജന്തർ മന്തറിൽ പ്രതിഷേധക്കാരെ സഹായിക്കുന്ന മെഡിക്കൽ വോളണ്ടിയർമാരെയാണ് വീഡിയോയിൽ കാണുന്നത്.

നെക്സസ് ഓഫ് റിലീഫ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ (എൻ ആർ ഐ ഫൗണ്ടേഷൻ)

അഭിജീത് ദിപ്‌കെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോയാണ് ഇവർ ഉപയോഗിച്ചത്. ദൃശ്യങ്ങൾ ജന്തർ മന്തറിൽ നിന്നുള്ളതാണെന്ന് ക്യാപ്ഷനിൽ അവകാശപ്പെടുന്നു. സമരസ്ഥലത്ത് ഭക്ഷണം വിതരണം ചെയ്യാനാണ് ഈ പരസ്യം സംഭാവന അഭ്യർഥിച്ചത്.

നെക്സസ് ഓഫ് റിലീഫ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ നൽകിയ മെറ്റ പരസ്യങ്ങളുടെ സ്ക്രീൻഷോട്ട്

ദൃശ്യങ്ങളുടെ ഉറവിടം: 2026 സെപ്റ്റംബർ 2-ന് ഉണ്ടാക്കിയ ഫേസ്ബുക്ക് പേജാണിത്. ഇവരുടെ ദൃശ്യങ്ങൾ ജൂലൈയിലെ സമരവീഡിയോകളിൽ നിന്ന് വ്യത്യസ്തമാണ്. 2026 ഒക്ടോബർ 2-ന് മുംബൈയിൽ അഭിജീത് ദിപ്‌കെ പങ്കെടുത്ത പരിപാടിയുടെ വീഡിയോയാണ് ഇവർ പരസ്യത്തിൽ ഉപയോഗിച്ചത്. ദേശീയഗാനം മുഴങ്ങുമ്പോൾ ജനക്കൂട്ടം ഒരുമിച്ച് നിൽക്കുന്നതാണ് ദൃശ്യം. ഇത് ജന്തർ മന്തറിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടാണ് എൻ ആർ ഐ ഫൗണ്ടേഷൻ സംഭാവന തേടിയതെന്ന് OBC കണ്ടെത്തി.

ഈ സംഘടനകളെക്കുറിച്ച് ഞങ്ങൾ കണ്ടെത്തിയത്

ഓപ്പൺഹാർട്ടഡ് ഹെൽപ്പിങ് ഫൗണ്ടേഷൻ

ഓപ്പൺഹാർട്ടഡ് ഹെൽപ്പിങ് ഫൗണ്ടേഷൻ ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ട്

വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഡിജിറ്റൽ സാക്ഷരത, ഭക്ഷണവിതരണം, അടിയന്തര വൈദ്യസഹായം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നതായാണ് ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ അവകാശപ്പെടുന്നത്. U88900CT2026NPL020466 എന്ന കോർപ്പറേറ്റ് ഐഡന്റിഫിക്കേഷൻ നമ്പറിൽ (CIN) 2026 ജൂൺ ഒന്നിനാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്ത വിലാസം ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ്. ജമുന റാത്തോർ, നവീൻ കുമാർ റിസ്‌വാനി എന്നിവരാണ് ഡയറക്ടർമാർ. ഈ വിവരങ്ങൾ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ (Ministry of Corporate Affairs) ഔദ്യോഗിക രേഖകളുമായി ഒത്തുനോക്കി സ്ഥിരീകരിക്കേണ്ടതുണ്ട്.

പരസ്യങ്ങളുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പേജ്, സംഭാവന നൽകുന്നവരെ ഒരു കാഷ്ഫ്രീ പേയ്‌മെന്റ് ഫോമിലേക്കാണ് നയിക്കുന്നത്. പേയ്‌മെന്റ് സ്വീകരിക്കുന്നത് ആരാണെന്നും അവർക്ക് ഫൗണ്ടേഷനുമായുള്ള ബന്ധം എന്താണെന്നും വ്യക്തമല്ല. കൂടാതെ ജൂലൈയിലെ സിജെപി സമരത്തിനിടെ സച്ഖണ്ഡ് ഫൗണ്ടേഷൻ വോളണ്ടിയർമാർ പകർത്തിയ ദൃശ്യങ്ങൾ പിന്നീടുള്ള പരസ്യങ്ങളിൽ ഉപയോഗിച്ചതും സംശയാസ്പദമാണ്. 

തഥാസ്തു റോസ്ഗാർ

തഥാസ്തു റോസ്ഗാർ ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ട്

U88900UP2026NPL247235 എന്ന കോർപറേറ്റ് ഐഡന്റിഫിക്കേഷൻ നമ്പറിൽ 2026 ഏപ്രിൽ 28 ന് രജിസ്റ്റർ ചെയ്ത സംഘടനയാണിത്. രജിസ്റ്റർ ചെയ്ത വിലാസം ഉത്തർപ്രദേശിലെ മിർസാപുരിലാണ്. ഭക്ഷണസഹായം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, പിന്നാക്കവിഭാഗങ്ങൾക്കുള്ള പിന്തുണ എന്നീ പ്രവർത്തനങ്ങൾ നടത്തുന്നതായാണ് സംഘടന അവകാശപ്പെടുന്നത്.

ജൂലൈയിലെ സിജെപി സമരത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചിട്ടുള്ള ഈ പരസ്യങ്ങളിൽ കയറിയാൽ “SupportStandGirls” എന്ന കാഷ്ഫ്രീ പേയ്‌മെന്റ് ലിങ്കിലേക്കാണ് എത്തുക.

ബി എസ് എം ഫൗണ്ടേഷൻ

BSM ഫൗണ്ടേഷൻ ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ട്

ഈ ഫേസ്ബുക്ക് പേജിന്റെ പരസ്യം ഒരു റേസർപേ പേയ്‌മെന്റ് പേജിലേക്കാണ് ആളുകളെ നയിക്കുന്നത്. ജൂലൈയിലെ സിജെപി പ്രതിഷേധത്തിൽ നിന്നുള്ള അഭിജീത് ദിപ്‌കെയുടെ ദൃശ്യങ്ങൾ ഇവർ ഉപയോഗിച്ചിട്ടുണ്ട്. അന്ന് ജന്തർ മന്തറിൽ പ്രവർത്തിച്ചിരുന്ന ഹേംകുണ്ട് ഫൗണ്ടേഷൻ വോളണ്ടിയർമാരെന്ന് തോന്നിക്കുന്നവരുടെ ദൃശ്യങ്ങളും ഇതിലുണ്ട്. ഭാരതീയ സാമാജിക മഹാസംഘ് ഫൗണ്ടേഷൻ (ബി എസ് എം) U88100UP2026NPL251844 എന്ന CIN പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതായി OBC കണ്ടെത്തി. 2026 ഓഗസ്റ്റ് 24 ആണ് രേഖയിലെ ഇൻകോർപ്പറേഷൻ തീയതി. രജിസ്റ്റർ ചെയ്ത വിലാസം ഉത്തർപ്രദേശിലെ ഗോരഖ്പുരിലാണ്.

ഉഡാൻ ആശ ഫൗണ്ടേഷൻ

ഉഡാൻ ആശ ഫൗണ്ടേഷൻ ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ട്

ഉഡാൻ ആശ ഫൗണ്ടേഷന്റെ നിയമപരമായ പശ്ചാത്തലം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. 2026 മെയ് 8-ന് ഉണ്ടാക്കിയ ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ട മെറ്റ പരസ്യങ്ങൾ, സംഭാവന നൽകുന്നവരെ ഒരു കാഷ്ഫ്രീ പേയ്‌മെന്റ് ലിങ്കിലേക്കാണ് നയിക്കുന്നത്.

നെക്സസ് ഓഫ് റിലീഫ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ (NRI ഫൗണ്ടേഷൻ)

NRI ഫൗണ്ടേഷൻ ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ട്

ഈ ഫേസ്ബുക്ക് പേജ് 2026 സെപ്റ്റംബർ 2-നാണ് പ്രവർത്തിച്ചു തുടങ്ങിയതെന്ന് OBC കണ്ടെത്തി. നെക്സസ് ഓഫ് റിലീഫ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷന്റെ CIN U85500UP2025NPL221211 ആണെന്നും തിരിച്ചറിഞ്ഞു. ഈ CIN പ്രകാരം 2025 ഏപ്രിൽ 12-നാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പുരിലാണ് സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്.ദുരിതാശ്വാസം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഭക്ഷണവിതരണം, സ്ത്രീശാക്തീകരണം എന്നിവയാണ് വെബ്സൈറ്റ് വിവരിക്കുന്ന പ്രവർത്തനങ്ങൾ.

ഈ ഫേസ്ബുക്ക് പേജിന്റെ പരസ്യത്തിൽ ഉപയോഗിച്ചത്, ഒക്ടോബർ 2-ന് മുംബൈയിൽ അഭിജീത് ദിപ്‌കെ പങ്കെടുത്ത പരിപാടിയുടെ വീഡിയോയാണ്. എന്നാൽ അത് ജന്തർ മന്തറിൽ നിന്നുള്ളതാണെന്നാണ് പരസ്യം അവകാശപ്പെട്ടത്.

ഫേസ്ബുക്ക് പേജുകൾ, വെബ്സൈറ്റുകൾ, പേയ്‌മെന്റ് ലിങ്കുകൾ: തമ്മിലുള്ള ബന്ധം

ഓപ്പൺഹാർട്ടഡ് ഹെൽപ്പിങ് ഫൗണ്ടേഷൻ, തഥാസ്തു റോസ്ഗാർ ഫൗണ്ടേഷൻ, NRI ഫൗണ്ടേഷൻ എന്നീ പേരുകളുള്ള വെബ്സൈറ്റുകൾ കണ്ടെത്തി. എന്നാൽ ഈ ഡൊമെയ്‌നുകൾ രജിസ്റ്റർ ചെയ്തതും നിയന്ത്രിക്കുന്നതും ആരാണെന്ന് സ്ഥാപിക്കാൻ ആവശ്യമായ വിവരം ലഭിച്ചില്ല. ധനസമാഹരണ പരസ്യങ്ങൾ നൽകിയ ഫേസ്ബുക്ക് പേജുകളുമായി ഇവയെ ബന്ധിപ്പിക്കുന്ന വിവരങ്ങളും ലഭ്യമല്ല. ഫേസ്ബുക്ക് പേജുകൾ, മെറ്റ പരസ്യങ്ങളിലെ പേയ്‌മെന്റ് ലിങ്കുകൾ, വെബ്സൈറ്റുകൾ എന്നിവ ഒന്നിച്ചു വിശകലനം ചെയ്തപ്പോൾ, ബന്ധപ്പെടാനുള്ള വിവരങ്ങളിലും ബ്രാൻഡിങ്ങിലും ഉള്ള പൊരുത്തം ഓരോ സംഘടനയിലും വ്യത്യസ്തമാണെന്ന് കണ്ടു.

ഓപ്പൺഹാർട്ടഡ് ഹെൽപ്പിങ് ഫൗണ്ടേഷൻ എന്ന ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ട പേയ്‌മെന്റ് ലിങ്ക്, openheartedhelpingfoundation[.]com എന്ന വെബ്സൈറ്റിനെ പരാമർശിക്കുന്ന ഒരു കാഷ്ഫ്രീ ഫോമിലേക്കാണ് പോകുന്നത്. വെബ്സൈറ്റിലെ കോൺടാക്റ്റ് ആയി +91 9517882778 എന്ന ഫോൺ നമ്പറും openheartedhelpingfoundation11@gmail[.]com എന്ന ഇമെയിൽ വിലാസവും നൽകിയിട്ടുണ്ട്. പേയ്‌മെന്റ് പേജിലെ ലോഗോ വെബ്സൈറ്റിലെയും ഫേസ്ബുക്ക് പേജിലെയും ലോഗോയുമായി യോജിക്കുന്നു. ഈ മൂന്നും തമ്മിൽ ബന്ധമുണ്ടെന്നതിന് ഒന്നിലധികം സൂചനകൾ ഇത് നൽകുന്നുണ്ടെങ്കിലും, പേയ്‌മെന്റ് സ്വീകരിക്കുന്നയാൾ ആരാണെന്ന് ഇതുകൊണ്ടൊന്നും തന്നെ സ്ഥാപിക്കാനാവില്ല.

തഥാസ്തു റോസ്ഗാർ ഫൗണ്ടേഷൻ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ട പേയ്‌മെന്റ് ലിങ്ക് tathasturozgar[.]org എന്ന വെബ്സൈറ്റിലേക്ക് നേരിട്ട് പോകുന്നില്ല. എന്നാൽ പേയ്‌മെന്റ് പേജിലെ ലോഗോ വെബ്സൈറ്റിലെ ലോഗോയുമായി യോജിക്കുന്നു; പക്ഷെ ഫേസ്ബുക്ക് പേജിലെ ലോഗോയിൽ നിന്ന് അത് വ്യത്യസ്തമാണ്. വെബ്സൈറ്റിൽ വാട്സാപ്പ്/ഫോൺ നമ്പറായി +91 8081732772-ഉം ഇമെയിൽ വിലാസമായി Bsarya1989@gmail[.]com എന്ന ഐ ഡി-യും നൽകിയിരിക്കുന്നു. വെബ്സൈറ്റിലെയും പേയ്‌മെന്റ് പേജിലെയും ലോഗോകൾ ഒന്നുതന്നെ ആണെന്നത് ഒരു ബന്ധത്തിനുള്ള സാധ്യതയാണ്. എങ്കിലും ഫേസ്ബുക്ക് ലോഗോയിലെ വ്യത്യാസവും വെബ്സൈറ്റിലേക്ക് നേരിട്ടുള്ള ലിങ്ക് ഇല്ലാത്തതും ഈ അക്കൗണ്ടുകൾ തമ്മിലുള്ള ബന്ധം അവ്യക്തമാക്കുന്നു.

ഭാരതീയ സാമാജിക മഹാസംഘ് (BSM) എന്ന ഫൗണ്ടേഷന്റെ പേരിൽ ഒരു വെബ്സൈറ്റ് കണ്ടെത്താനായില്ല. ഇവരുടെ മെറ്റ പരസ്യത്തിൽ നൽകിയിരിക്കുന്ന പേയ്‌മെന്റ് ലിങ്കിൽ കോൺടാക്റ്റ് ആയി bsmahasangfoundation@gmail[.]com എന്ന ഇമെയിൽ വിലാസവും +91 9981034670 എന്ന ഫോൺ നമ്പറും ഉണ്ട്. പക്ഷെ പേയ്‌മെന്റ് പേജിൽ ലോഗോയില്ല. കൂടാതെ പൊരുത്തപ്പെടുന്ന വെബ്സൈറ്റോ സ്ഥിരതയുള്ള ബ്രാൻഡിങ്ങോ, പേയ്‌മെന്റ് സ്വീകരിക്കുന്നയാളെ തിരിച്ചറിയാൻ സഹായിക്കുന്ന മറ്റ് വിവരങ്ങളോ നൽകിയിട്ടില്ല.

ഉഡാൻ ആശ ഫൗണ്ടേഷൻ എന്ന ഫേസ്ബുക്ക് പേജിലെ പേയ്‌മെന്റ് ലിങ്കിൽ ബന്ധപ്പെടാനുള്ള വിവരങ്ങളില്ല. എന്നാൽ പേയ്‌മെന്റ് പേജിലെ ലോഗോ ഫേസ്ബുക്ക് പേജിലെ ലോഗോയുമായി യോജിക്കുന്നു. പക്ഷേ വെബ്സൈറ്റ് കണ്ടെത്താനായില്ല. ഒരേ ലോഗോ ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഫേസ്ബുക്ക് പേജും പേയ്‌മെന്റ് പേജും തമ്മിൽ ബന്ധമുണ്ടെന്ന് അനുമാനിക്കാം. എന്നാൽ ഇവ ആരാണ് നടത്തുന്നതെന്നും സംഭാവന ആർക്കാണ് ലഭിക്കുന്നതെന്നും സ്ഥാപിക്കാൻ കൂടുതൽ തെളിവ് വേണ്ടിവരും.

NRI ഫൗണ്ടേഷൻ എന്ന ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ട പേയ്‌മെന്റ് ലിങ്കിൽ nrifoundationdurga@gmail[.]com എന്ന ഇമെയിൽ വിലാസവും +91 6232776690 എന്ന ഫോൺ നമ്പറുമാണ് നൽകിയിരിക്കുന്നത്. പക്ഷെ nrifoundationindia[.]org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളിൽ നിന്ന് ഇവ വ്യത്യസ്തമാണ്. വെബ്സൈറ്റിൽ ഫോൺ, വാട്സാപ്പ് നമ്പറുകളായി +91 9519135139, +91 9519135139 എന്നിവയും ഇമെയിൽ വിലാസമായി donate@nrifoundationindia[.]org-ഉം ആണ് നൽകിയിരിക്കുന്നത്. എന്നാൽ പേയ്‌മെന്റ് പേജിലെ ലോഗോ വെബ്സൈറ്റിലെ ലോഗോയിൽ നിന്ന് വ്യത്യസ്തമാണ്. ഈ പൊരുത്തക്കേടുകൾ വെബ്സൈറ്റും പേയ്‌മെന്റ് പേജും തമ്മിലുള്ള ബന്ധം അവ്യക്തമാക്കുന്നു.

 ഫേസ്ബുക്ക് പേജുകൾ, വെബ്സൈറ്റുകൾ, പേയ്‌മെന്റ് ലിങ്കുകൾ എന്നിവ തമ്മിലുള്ള ബന്ധം തന്നെയും സ്ഥിരീകരിക്കാനാവാത്ത തരത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും OBC കണ്ടെത്തി.

സംഘടനകളുടെ പ്രതികരണം

വിശദീകരണം തേടി OBC ഈ സംഘടനകളെ ബന്ധപ്പെട്ടു.

സംഘടനയുടെ വോളണ്ടിയർമാർ CJP പ്രതിഷേധങ്ങളിൽ സജീവമായിരുന്നുവെന്നും ഫൗണ്ടേഷന് CJP-യുമായി ബന്ധമുണ്ടെന്നുമാണ് ഓപ്പൺഹാർട്ടഡ് ഹെൽപ്പിങ് ഫൗണ്ടേഷൻ ഒബിസിയോട് അവകാശപ്പെട്ടത്. എന്നാൽ സി ജെ പിയുടെ പ്രതിനിധികൾ ഇക്കാര്യങ്ങൾ നിഷേധിച്ചു.

തഥാസ്തു റോസ്ഗാർ ഫൗണ്ടേഷന്റെ സിഇഒ എന്ന് സ്വയം പരിചയപ്പെടുത്തിയ ദേവ് എന്ന വ്യക്തി താൻ ഒരു അഭിഭാഷകനാണെന്ന് അവകാശപ്പെട്ടു. സംഘടന മുൻപ് മെറ്റ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നതായും അദ്ദേഹം സ്ഥിരീകരിച്ചു. സമീപകാല പ്രതിഷേധങ്ങളുടെ സമയത്ത് തങ്ങളുടെ അഞ്ചോളം വോളണ്ടിയർമാർ ഡൽഹിയിൽ ഉണ്ടായിരുന്നുവെന്നും, എന്നാൽ ഫൗണ്ടേഷന് സിജെപി-യുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു’ തങ്ങളുടേത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും ആവശ്യക്കാർക്ക് ഭക്ഷണവും സഹായവും നൽകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൂടാതെ ഫേസ്ബുക്ക് പേജിലെയും വെബ്സൈറ്റിലെയും ലോഗോകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഫേസ്ബുക്ക് പേജിന്റെ ലോഗോ സംഘടനയുടെ ഐടി ടീമാണ് നിർമിച്ചതെന്നും വെബ്സൈറ്റ് ലോഗോ ചാറ്റ്ജിപിടി ഉപയോഗിച്ച് നിർമിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വോളണ്ടിയർമാർ ഇപ്പോൾ ഡൽഹിയിൽ ഇല്ലെന്നും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിജെപി-യുടെ പ്രതികരണം

ഈ സംഘടനകളുമായൊന്നും സി ജെ പി ക്ക് ബന്ധമില്ലെന്ന് അവർ സ്ഥിരീകരിച്ചു. ഇത്തരം ധനസമാഹരണ പേജുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അവയ്ക്കു പിന്നിൽ ആരാണെന്ന് അറിയില്ലെന്നും സിജെപി-യുടെ സൗത്ത് സോൺ കോർഡിനേഷൻ കമ്മിറ്റി അംഗം നിതിൻ നോബിൾ OBC-യോട് പറഞ്ഞു. സിജെപി-ക്ക് വിദേശ ഫണ്ടിങ് ലഭിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമവും ഇതിനു പിന്നിൽ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ സി ജെ പി ഗൗരവമായി കാണുന്നുവെന്നും, ഈ പേജുകളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പുകൾ വിവിധ സാമൂഹ്യമാധ്യമ പേജുകളിലായി പ്രസിദ്ധീകരിക്കുന്നുണ്ടെന്നും നിതിൻ നോബിൾ അറിയിച്ചു.

ഈ സംഘടനകൾ എല്ലാം തന്നെ ഈ വർഷം രജിസ്റ്റർ ചെയ്തവയാണ് എന്നതാണ് കൗതുകകരമായ കാര്യം. ഇവർ അവകാശപ്പെടുന്ന തരത്തിലുള്ള എന്തെങ്കിലും പ്രവർത്തനങ്ങൾ ഇവർ നടത്തിയതായി തെളിവുകളൊന്നും ലഭ്യമല്ല. ലോഗോകളിലെയും കോൺടാക്ട് വിവരങ്ങളിലെയും പൊരുത്തക്കേടുകളും ഈ തുക ആർക്കാണ് ലഭിക്കുന്നത് എന്ന കാര്യത്തിലുള്ള അതാര്യതയും ഒരു വലിയ സാമ്പത്തിക തട്ടിപ്പിന്റെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.ഈ ധനസമാഹരണ പേജുകളുമായി ബന്ധമില്ലെന്ന് സിജെപി വ്യക്തമാക്കിയ സാഹചര്യത്തിൽ, സമരത്തിന്റെ സന്ദർഭം ഉപയോഗിച്ച് പണം തട്ടാനുള്ള ശ്രമമാണെന്ന് തന്നെ കരുതേണ്ടി വരും.

ഓൺലൈൻ ധനസമാഹരണ കാമ്പയിനുകളുടെ വിശ്വാസ്യതയും നിജസ്ഥിതിയും ഉറവിടവും കണ്ടെത്തുക വളരെ ശ്രമകരമാണെന്നാണ് ഒബിസിയുടെ ഈ അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തരം ഗ്രൂപ്പുകൾ ഉപയോഗിച്ച ദൃശ്യങ്ങളുടെ ഉറവിടം, പണം പിരിക്കുന്നവരെ കുറിച്ചുള്ള വിവരം, പണം എത്തിച്ചേരുന്ന ഇടം എന്നിവ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ എളുപ്പമല്ല. അതിനാൽ ഇത്തരം പരസ്യങ്ങളിലൂടെ സംഭാവന നൽകുന്നവർ വഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.












സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top