ഈഫൽ ടവറിന് മുകളിൽ പലസ്തീൻ പതാക? 

ഈഫൽ ടവറിന് മുകളിൽ പലസ്തീൻ പതാക? 

പാരിസിലെ ഈഫൽ ടവറിന് ഏറ്റവും മുകളിലായി പറക്കുന്ന ഒരു പലസ്തീൻ പതാക. സാമൂഹ്യ മാധ്യമങ്ങളിൽ കുറച്ച് ദിവസങ്ങളായി വൈറലായ വീഡിയോയാണിത്. ഈ വീഡിയോയെ മുൻനിർത്തി വലിയ വർഗീയ പ്രചാരണവും നടക്കുന്നുണ്ട്.ലക്ഷക്കണക്കിന് പേർ കണ്ട ഈ വീഡിയോയുടെ യാഥാർഥ്യമെന്താണ്? ഒബിസി ഫാക്ട് ചെക്ക് 

പലസ്തീൻ അനുകൂലികൾ ഫ്രാൻസിലെ ഈഫൽ ടവറിന് മുകളിൽ കയറി പലസ്തീൻ പതാകയുയർത്തിയെന്നാണ് പോസ്റ്റുകളിലെ അവകാശവാദം. ഇത് മാത്രമല്ല, ഇറ്റലിയിലെ പിസ ഗോപുരത്തിന് മുകളിലും പലസ്തീൻ അനുകൂലികൾ പതാകയുയർത്തിയെന്ന് പ്രചാരണമുണ്ട്. എന്നാൽ ഈ പ്രചാരണങ്ങൾ വ്യാജമാണെന്ന് ഒബിസി യുടെ അന്വേഷണത്തിൽ കണ്ടെത്തി.

8 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഈഫൽ ടവറിന്റെ ഏറ്റവും മുകൾ ഭാഗത്തായി പലസ്തീൻ പതാകയോട് സാമ്യമുള്ള ഒരു വലിയ പതാക കാണാം. അത് കാറ്റത്ത് പറക്കുന്നുമുണ്ട്. മാത്രമല്ല, ടവറിന്റെ മൂന്നാം നിലയ്ക്കും മുകളിൽ നിന്ന് താഴോട്ട് മറ്റൊരു പലസ്തീൻ കൊടി താഴേക്ക് നിവർത്തിയിട്ടിരിക്കുന്നതായും കാണാം. വീഡിയോയിൽ, ടവറിന്റെ മൂന്നാം നിലയിലും അതിന്റെ മുകളിലുള്ള റേഡിയോ സെക്ഷനിലുമായി നിരവധിയാളുകൾ നിൽക്കുന്നുമുണ്ട്.

‘@Kaleshini’ എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. ഒക്ടോബർ 19 ന് രാവിലെ പങ്കുവെച്ച വീഡിയോ 6 മണിക്കൂറുകൾക്കുള്ളിൽ പതിനെട്ടായിരത്തിലധികം തവണ കണ്ടിട്ടുണ്ട്. 385 എക്സ് അക്കൗണ്ടുകൾ റിപോസ്റ്റ് ചെയ്തിട്ടുമുണ്ട്.

X post showing a video of a Palestinian flag flying over the Eiffel Tower
‘@Kaleshini’ എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റ്

വർഗ്ഗീയ പരാമർശത്തോട് കൂടിയാണ് ഈ അക്കൗണ്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “ഈഫൽ ടവറിൽ പലസ്തീൻ പതാക. ഫ്രാൻസ് നശിച്ചിരിക്കുന്നു. ഇതു കൊണ്ടാണ് അനധികൃതമായി കുടിയേറുന്ന ബംഗ്ലാദേശികളെ തിരിച്ചയക്കുന്ന CAA, NRC നിയമങ്ങളെ ഞങ്ങൾ അനുകൂലിച്ചത്.” എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്. 

കേന്ദ്ര സർക്കാർ ലോക്സഭയിൽ 2016 ൽ അവതരിപ്പിച്ച പൗരത്വ നിയമഭേദഗതിയാണ് CAA. സിഎഎ നടപ്പാക്കിയാൽ രാജ്യത്തെ വലിയ വിഭാഗം മുസ്ലിംങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ 2019-20 കാലഘട്ടത്തിൽ രാജ്യമാകെ സിഎഎ വിരുദ്ധ സമരങ്ങളും നടന്നിരുന്നു. കമന്റുകളിലേറെയും വർഗ്ഗീയ ചുവയോടുകൂടിയുള്ളതാണ്. ‘ഇസ്ലാം തീവ്രവാദികളാണ്’ ഇതിന് പിന്നിലെന്നാണ് ഒരാളുടെ അഭിപ്രായം.

 ലോകമൊട്ടാകെ നിരവധി അക്കൗണ്ടുകൾ വർഗ്ഗീയ പ്രചാരണത്തിനായി ഈ വീഡിയോ ഉപയോഗിച്ചിരിക്കുന്നതായി റിവേഴ്സ് ഇമേജ് സെർച്ചിലൂടെ ഞങ്ങൾ കണ്ടെത്തി. പലസ്തീനെ അനുകൂലിക്കുന്നവരും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

‘@Trumpsuporter47’ എന്ന എക്സ് അക്കൗണ്ട് വീഡിയോ പോസ്റ്റ് ചെയ്തത് ഒക്ടോബർ 19 ന് വെളുപ്പിനെയാണ്. പത്ത് മണിക്കൂറുകൾക്കകം പതിനഞ്ച് ലക്ഷത്തിലധികം തവണയാണ് ഈ വീഡിയോ എക്സിൽ കണ്ടിരിക്കുന്നത്. 9,000 പേർ റിപോസ്റ്റ് ചെയ്തിട്ടുമുണ്ട്.

“അഭിനന്ദനങ്ങൾ, ഇമ്മാനുവൽ മാക്രോൺ.നിങ്ങൾ പാരീസിനെ നശിപ്പിച്ചിരിക്കുന്നു.” എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവൽ മാക്രോണിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കമന്റ്.

X post showing a video of a Palestinian flag flying over the Eiffel Tower
‘@Trumpsuporter47’ എന്ന എക്സ് അക്കൗണ്ടിലെ പോസ്റ്റ്

‘@anisaibrahim09’ എന്ന അക്കൗണ്ടും എക്സിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. “പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും രാജ്യം” എന്ന അടിക്കുറിപ്പോടുകൂടിയാണ് പോസ്റ്റ്. സ്ഥിരമായി പലസ്തീൻ അനുകൂല കണ്ടന്റുകൾ പങ്കുവയ്ക്കുന്ന ഒരു അക്കൗണ്ട് കൂടിയാണിത്. ഒക്ടോബർ 18 ന് അർദ്ധ രാത്രിയോട് കൂടി പങ്കുവെച്ച ഈ പോസ്റ്റ് ഇതുവരെ (ഒക്ടോബർ 19) അഞ്ച് ലക്ഷത്തിലധികം തവണ കണ്ടിട്ടുണ്ട്. 7,800 പേരാണ് വീഡിയോ റിപോസ്റ്റ് ചെയ്തിരിക്കുന്നത്. 

X post showing a video of a Palestinian flag flying over the Eiffel Tower
‘@anisaibrahim09’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

അത് ജോർദാന്റെ പതാകയാണ്

വേറെയും നിരവധി അക്കൗണ്ടുകൾ ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഒറ്റനോട്ടത്തിൽ തന്നെ ഈഫൽ ടവറിൽ പലസ്തീൻ കൊടിയുയർത്തിയെന്ന വാദം വ്യാജമാണെന്ന് മനസ്സിലാക്കാം. കാരണം, ഈഫൽ ടവറിന്റെ ഏറ്റവും മുകളിൽ തിരശ്ചിനമായി പറക്കുന്ന കൊടി പലസ്തീന്റേതല്ല, മറിച്ച് ജോർദാന്റേതാണ്. രണ്ട് രാജ്യങ്ങളുടെയും കൊടിയുടെ നിറങ്ങളും രൂപവും സമാനമാണ്. എന്നാൽ ജോർദാന്റെ കൊടിയിൽ ചുവപ്പ് നിറത്തിലുള്ള ത്രികോണത്തിന്റെ നടുവിലായി ഒരു വെള്ള നക്ഷത്രമുണ്ട്. വീഡിയോയിൽ തിരശ്ചീനമായി പറക്കുന്ന കൊടിയിലും ഇതേ നക്ഷത്രമുണ്ട്. വീഡിയോ പങ്കുവെച്ചതായി കണ്ടെത്തിയ ഒരു അക്കൗണ്ടും ഇത് ജോർദാന്റെ കൊടിയാണെന്ന് പരാമർശിച്ചിട്ടില്ല. എല്ലാ പോസ്റ്റുകളും പലസ്തീൻ കൊടിയെ പറ്റി മാത്രമാണ് പറയുന്നത്.

Comparison image showing the flag of Jordan and the Palestinian flag

എന്നാൽ ഇതേ വീഡിയോയിൽ ഈഫൽ ടവറിന്റെ മുകളിൽ നിന്ന് താഴോട്ട് ലംബമായി തൂക്കിയിരിക്കുന്ന കൊടി പലസ്തീന്റേതാണ്. ഇതിൽ വെള്ള നക്ഷത്രം കാണാൻ സാധിക്കില്ല.

ഈഫൽ ടവറിൽ സന്ദർശകർക്ക് പതാക തൂക്കാൻ കഴിയുമോ?

ഈഫൽ ടവറിൽ സന്ദർശകർക്ക് പ്രവേശിക്കാവുന്ന മൂന്ന് നിലകളാണുള്ളത്. ഇതിൽ ആദ്യത്തെ രണ്ട് നിലകളിൽ പടികൾ മുഖേനയോ ലിഫ്റ്റ് മുഖേനയോ എത്തിപ്പെടാം. മൂന്നാമത്തെ നിലയിൽ ലിഫ്റ്റ് വഴി മാത്രമേ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. മൂന്നാമത്തെ നിലയ്ക്ക് മുകളിലുള്ള ഭാഗത്ത്, വിവിധ ടെലിവിഷൻ – റേഡിയോ ആന്റിനകളാണ്. ഇങ്ങോട്ടേക്ക് ടെക്നീഷ്യൻമാർക്ക് മാത്രമേ പ്രവേശനമുള്ളൂ. മാത്രമല്ല, മൂന്നാം നിലയിലേത് പോലെ ഈ ഭാഗങ്ങളിൽ അധികം ആളുകൾക്ക് നിൽക്കാനുള്ള സൗകര്യവുമില്ല. ഇത് ഈഫൽ ടവറിന്റെ യഥാർത്ഥ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

എന്നാൽ പ്രചരിക്കുന്ന വീഡിയോയിൽ മൂന്നാമത്തെ നിലയിലും അതിന് മുകളിലുള്ള ഭാഗത്തുമായി നിർവധിപേർ നിൽക്കുന്നത് കാണാം. യഥാർത്ഥത്തിൽ ടവറിൽ ഇല്ലാത്ത ഒരു വേദി വീഡിയോയിൽ കാണുന്നുണ്ട്.

Comparison between the screenshot from the viral video and the real photo of the Eiffel Tower

ടവറിന്റെ മൂന്നാം നിലയിൽ സന്ദർശകർക്ക് പ്രവേശിക്കാവുന്ന ഭാഗം മുഴുവൻ യഥാർത്ഥത്തിൽ ഇരുമ്പ് വല കൊണ്ട് മൂടിയിട്ടുണ്ട്. കാഴ്ച ലഭിക്കുമെന്നല്ലാതെ, സന്ദർശകർക്ക് പുറത്തേക്ക് കൈകടത്താൻ പോലും സാധ്യമല്ല. എന്നാൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരാൾ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എത്തി നോക്കുന്നതായി കാണാം. ഇയാൾ പുറത്തേക്ക് കൈകടത്തി മുകളിലേക്ക് ഒരു കയറ് വലിച്ചു നൽകുന്നുമുണ്ട്. ഇരുമ്പ് വല വീഡിയോയിൽ കാണാൻ സാധിക്കുന്നില്ല.

Comparison highlighting the missing safety mesh in the viral video versus the real observation deck of the Eiffel Tower

എ ഐ നിർമ്മിതം 

സാധാരണയായി, എഐ നിർമ്മിത വീഡിയോകളിലുണ്ടാകുന്ന പിഴവുകളാണിവ. ഒറ്റനോട്ടത്തിൽ യാഥാർഥ്യമെന്ന് തോന്നുന്ന വീഡിയോകളാണ് എഐ നിർമ്മിച്ച് നൽകുക. എന്നാൽ ഇതിൽ പലപ്പോഴും വിശദാംശങ്ങൾ കാണില്ല. 

 ഇൻസ്റ്റഗ്രാമിൽ ‘jaranor.films’ എന്ന അക്കൗണ്ട് ഇതേ വീഡിയോ ഒക്ടോബർ 18 ന് രാത്രിയോടെ പോസ്റ്റ് ചെയ്തിരുന്നുവെന്നും കണ്ടെത്തി. ഇതുവരെ ഈ വീഡിയോ ആറ് ലക്ഷത്തിലധികം തവണ കണ്ടിട്ടുണ്ട്.

 പ്രചരിക്കുന്ന വീഡിയോ ഏറ്റവും ആദ്യം പങ്കുവെച്ച അക്കൗണ്ട് കൂടിയാണിതെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്. ഈ വീഡിയോയുടെ അടിക്കുറിപ്പിൽ, ഇതൊരു എഐ വീഡിയോയാണെന്ന് വ്യക്തമാക്കുന്നുണ്ട്. സ്ഥിരമായി എഐ നിർമ്മിത വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടാണ് ‘jaranor.films’.

Instagram post from 'jaranor.films' disclosing that the Eiffel Tower video is AI-generated
‘jaranor.films’ എന്ന അക്കൗണ്ടിലെ പോസ്റ്റ് 

വിവിധ സോഫ്റ്റ്വറുകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ വീഡിയോ എഐ നിർമ്മിതമാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടുണ്ട്.

Software analysis result confirming that the Eiffel Tower video is AI-generated
സോഫ്റ്റ്വെയറിൽ നിന്ന് ലഭിച്ച ഫലം

ഇറ്റലിയിലെ പിസ ഗോപുരത്തിന്റെ മുകളിൽ നിന്ന് താഴേക്ക് പലസ്തീൻ കൊടി തൂക്കിയിട്ടിരിക്കുന്ന ഒരു വീഡിയോയും നിലവിൽ പ്രചരിക്കുന്നുണ്ട്. 

‘Yuvrajsays’ എന്ന അക്കൗണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 18 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ ആയിരത്തിലധികം തവണ കണ്ടിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ നടക്കുന്ന സിജെപി സമരവുമായി ബന്ധപ്പെടുത്തിയാണ് ഇയാൾ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

X post from the account 'Yuvrajsays' claiming that a flag was hoisted on the Leaning Tower of Pisa
Yyuvrajsays’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

“പിസ ടവറിൽ പാലസ്തീൻ പതാക ഉയർത്തി. കോക്ക്‌റോച്ചുകളുടെ സ്വപ്നങ്ങൾ സത്യമായാൽ, റെഡ് ഫോർട്ടിലും അതേ കാഴ്ച കാണാം.” എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. 

വീഡിയോയുടെ കീഫ്രെയിമുകളുപയോഗിച്ച് നടത്തിയ പരിശോധന ചെന്നെത്തിയത്, 2023 ലെ ഒരു വാർത്തയിലാണ്. 2023 നവംബർ 20 ന് അന്താരാഷ്ട്ര മാധ്യമമായ അൽജസീറയുടെ ഒരു റിപ്പോർട്ടിൽ ഇതേ വീഡിയോ കാണാം. “പിസയിലെ ചരിഞ്ഞ ഗോപുരത്തിൽ പലസ്തീൻ പതാക തൂക്കി” എന്നാണ് വാർത്തയുടെ തലക്കെട്ട്. അതായത്, 2023 ൽ നടന്ന സംഭവമാണിത്. നിലവിൽ ഇങ്ങനെയൊരു സംഭവം നടന്നതായി വാർത്തകളില്ല.

ചുരുക്കത്തിൽ, ഈഫൽ ടവറിലും പിസ ഗോപുരത്തിലും ഈ ദിവസങ്ങളിൽ പലസ്തീൻ പതാക ഉയർത്തിയെന്ന വാർത്ത വ്യാജമാണ്.ഈഫൽ ടവറിൽ പലസ്തീൻ പതാക പറക്കുന്ന ദൃശ്യം പൂർണമായും എ ഐ നിർമ്മിതമാണ്. പിസാ ഗോപുരത്തിലേതാകട്ടെ പഴയ ദൃശ്യങ്ങളും. ഫ്രാൻസിലും ഇന്ത്യയിലും ഇപ്പോൾ നടക്കുന്ന ജെൻസി പ്രക്ഷോഭങ്ങളെ ഇകഴ്ത്താനും വർഗീയ പ്രചാരണത്തിനും ഈ വീഡിയോകൾ ഉപയോഗപ്പെടുത്തുകയാണ് ഒരു വിഭാഗം ആളുകൾ ചെയ്യുന്നത്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top