
ജന്തര്‍ മന്തറില്‍ നിന്നുള്ള വീഡിയോ; പ്രചരിക്കുന്നത് പഴയ ദൃശ്യങ്ങള്‍
ഡൽഹി വീണ്ടും സമരതീക്ഷ്ണമായതോടെ, സമരത്തിന്റേതെന്ന് അവകാശപ്പെട്ടുകൊണ്ട് തെറ്റായ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. പാർലമെന്റ് അംഗങ്ങൾ പോലും ഈ പ്രചാരണങ്ങളിൽ പെട്ട് പോകുന്നു.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇപ്പോള്‍ ജന്തർ മന്തറിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. വോട്ടർപട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷനിൽ ഉയർന്നുവന്ന ആഭ്യന്തര തർക്കങ്ങളും ക്രമക്കേടുകളും പുറത്ത് വന്നതിനെ തുടർന്നാണ് പ്രതിപക്ഷ പാർട്ടികളും വിവിധ വിദ്യാർത്ഥി സംഘടനകളും സമരരംഗത്തിറങ്ങിയിരിക്കുന്നത്. സി.ജെ.പിയാണ് ആദ്യം സമരം പ്രഖ്യാപിച്ചത്.
ഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ എക്സ് അക്കൗണ്ടുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘Genz of India’ എന്ന എക്സ് ഹാൻഡിലും ഈ വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ട്. പക്ഷെ ആ വൈറൽ വീഡിയോ രണ്ടു വർഷം മുൻപത്തെയാണ്. നിലവിലെ സാഹചര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
വീഡിയോ എന്താണ്?
സെപ്റ്റംബർ 26 ന് വൈകുന്നേരം 6;09 നാണ് രാജ്യസഭാ എം പിയായ സഞ്ജയ് റാവത്ത് വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

”ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരം, അവസാനത്തിലേക്കുള്ള പോരാട്ടം ” എന്നാണ് പോസ്റ്റിന് ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ഇലക്ഷൻ കമ്മീഷനെയും നരേന്ദ്ര മോദിയെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.
10 ലക്ഷത്തിലധികം പേരാണ് ഇതുവരെ (28/9/26) ആ വീഡിയോ കണ്ടിട്ടുള്ളത്. 21,000 ൽ അധികം പേർ ലൈക്ക് ചെയ്തിട്ടുമുണ്ട്.
സഞ്ജയ് റാവത്ത് പോസ്റ്റ് ചെയ്യുന്നതിന് മുൻപ് തന്നെ, അതായത്, സെപ്റ്റംബർ 26 ഉച്ചയ്ക്ക് 2:21 ന് Gen-Z of India എന്ന എക്സ് അക്കൗണ്ടിൽ ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. 21,000 ൽ അധികം ഫോളോവേഴ്സ് ഉള്ള ഒരു വെരിഫൈഡ് അക്കൗണ്ട് ആണിത്.

കനത്ത മഴയ്ക്കിടയിലും, ഡൽഹിയിൽ ജെൻ സികൾ ഒത്തുകൂടി എന്നാണ് ക്യാപ്ഷൻ പറയുന്നത്. ഇ.വി.എം ഉപേക്ഷിക്കുക, ജനാധിപത്യത്തെ രക്ഷിക്കുക, ബിജെപിയെ ഉപേക്ഷിച്ച് രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നും ക്യാപ്ഷനിൽ എഴുതിയിരിക്കുന്നു. അൻപതിനായിരത്തിൽ അധികം പേർ ഈ വീഡിയോ ഇതുവരെ (28/9/26) കണ്ടിട്ടുണ്ട്. സമാനമായ ക്യാപ്ഷനോട് കൂടി Gen-Z of India എന്നെ മറ്റൊരു അക്കൗണ്ടിലും ഇതേ വീഡിയോ പ്രചരിച്ചിട്ടുണ്ട്.
വീഡിയോയുടെ യാഥാർത്ഥ്യം?
റിവേഴ് ഇമേജ് സെർച്ചിലൂടെ വീഡിയോയുടെ ഉത്ഭവം കണ്ടെത്താനായി. ഇ വി എമ്മിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരം എന്ന ക്യാപ്ഷനിൽ 2024 ഫെബ്രുവരി 13 ന് ഷെയർ ചെയ്ത ഒരു വീഡിയോ ലഭിച്ചു. Sujeet Sachan എന്ന അക്കൗണ്ടാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. വീഡിയോ പുതിയതല്ല എന്ന് സ്ഥിരീകരിച്ചു.

ആയിരക്കണക്കിനാളുകളാണ് അന്ന് സമരത്തിൽ പങ്കെടുത്തത്. പേപ്പർ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണമെന്നാണ് സമരക്കാർ അന്ന് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട നാഷനൽ ഹെറാൾഡ് വാർത്തയിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന സമരം എന്ന് അവകാശപ്പെട്ടുകൊണ്ട് പ്രചരിക്കുന്ന വീഡിയോ, പഴയതാണ് എന്ന് ന്യൂ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസിൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രചരിക്കുന്ന വീഡിയോ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഈ പോസ്റ്റിൽ പറയുന്നുണ്ട്. ഡൽഹിയിൽ നടക്കുന്ന സമരത്തിൻറെ നിരവധി വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രചരിക്കുന്നത്. യാഥാർത്ഥ്യം മനസ്സിലാക്കാതെ ഒരു വീഡിയോയും ഷെയർ ചെയ്യരുത്.
