‘രാഹുൽ ഗാന്ധി മതന്യൂനപക്ഷങ്ങളുടെ പ്രധാനമന്ത്രി യെന്ന് കെ സി വേണുഗോപാൽ’ – പ്രസ്താവനയുടെ നിജസ്ഥിതി 

‘രാഹുൽ ഗാന്ധി മതന്യൂനപക്ഷങ്ങളുടെ പ്രധാനമന്ത്രി യെന്ന് കെ സി വേണുഗോപാൽ’ – പ്രസ്താവനയുടെ നിജസ്ഥിതി 

“ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ്” വലതു പക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നടത്തുന്ന പുതിയ വിദ്വേഷ പ്രചാരണത്തിന്റെ തലക്കെട്ടാണിത്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപി യുമായ കെ സി വേണുഗോപാൽ ഇങ്ങനെ പറഞ്ഞുവെന്നാണ് ആരോപണം. എന്നാൽ ഈ ആരോപണം പൂർണമായും വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.

‘Surya Dev’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ള ഒരു സോഷ്യൽ മീഡിയ കാർഡാണ് ആദ്യ കണ്ടെത്തിയത്. “ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും മുസ്ലിങ്ങളും രാഹുൽഗാന്ധി പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നു.” എന്ന് കെ സി വേണുഗോപാൽ പറഞ്ഞെന്നാണ് കാർഡിൽ ആരോപിക്കുന്നത്. കൂടെ കെ സി വേണുഗോപാലിന്റെ പുറകിലായി രാഹുൽ ഗാന്ധിയുടെയും ചിത്രവും നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ വലത് വശത്ത് താഴെ മൂലയിലായി ഒരു ചിരിക്കുന്ന കുട്ടിയുടെ സ്റ്റിക്കറും നൽകിയിട്ടുണ്ട്. പരിഹാസരൂപേണയാണ് ഈ സ്റ്റിക്കർ നൽകിയിരിക്കുന്നത്.

‘Surya Dev’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

ആഗസ്റ്റ് 19 ന് പങ്കുവെച്ച പോസ്റ്റ് ഇതുവരെ (ആഗസ്റ്റ് 27) 52,000 ലധികം തവണ കണ്ടിട്ടുണ്ട്. 1,400 ലൈക്കുകളും 882 കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഒന്നിച്ച് നിൽക്കുന്നതാണ്, ‘Surya Dev’ എന്ന അക്കൗണ്ടിന്റെ കവർ ചിത്രം. സ്ഥിരമായി കോൺഗ്രസ് – സിപിഐഎം വിരുദ്ധ പോസ്റ്റുകൾ പങ്കുവയ്ക്കുന്ന ഈ അക്കൗണ്ട് ബിജെപി അനുകൂല പോസ്റ്റുകളും പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് മുസ്ലിം വിരുദ്ധ പോസ്റ്റുകളും ഈ പ്രൊഫൈലിൽ കാണാം. ഹിന്ദുക്കൾക്കിടയിൽ കോൺഗ്രസിനെതിരായ വികാരം സൃഷ്ടിക്കലാണ് പോസ്റ്റിന്റെ ഉദ്ദേശ്യമെന്നത് വ്യക്തമാണ്. പോസ്റ്റ് കണ്ട കുറച്ചധികം പേർ ഈ പ്രചരണത്തിൽ വീണു പോയിട്ടുണ്ടെന്നും കമന്റുകളിൽ നിന്ന് മനസ്സിലാക്കാം.

അതിന് ഈ രാജ്യം പാകിസ്ഥാനും വത്തിക്കാനും അല്ലല്ലോ പുല… ടി മോനെ, ഇതു ഹിന്ദുസ്ഥാൻ ആണ്” 

എന്നാണ് ഒരു കമന്റ്. 

“ജനാധിപത്യത്തിൽ പുരിപക്ഷം അല്ലെ. വേണ്ടത് സാറെ…. അപ്പോൾ 70% ഉള്ള ഹിന്ദുക്കൾ ആഗ്രഹിക്കുന്നില്ല എന്നല്ലേ താങ്കൾ പറയുന്നത്

എന്നും മറ്റൊരാൾ പറയുന്നു. കമന്റിൽ ഭൂരിഭാഗവും കോൺഗ്രസിനും കെ സി വേണുഗോപാലിനെതിരായുമുള്ള അസഭ്യമാണ്. മുസ്ലിങ്ങളെയാകെ അസഭ്യം പറഞ്ഞും കമന്റുകളുണ്ട്.

തുടർന്ന്, ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ നിരവധി അക്കൗണ്ടുകൾ ഇതേ ചിത്രം പങ്കു വെച്ചിരിക്കുന്നതായി കണ്ടെത്തി. ‘ബഹുദൈവ വിശ്വാസി മാത്രമാണ് മതേതരൻ’ എന്ന അക്കൗണ്ട് കെ സി വേണുഗോപാൽ ഇങ്ങനെ പറഞ്ഞുവെന്ന തരത്തിൽ മൂന്ന് പോസ്റ്ററുകൾ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 16, 18, 20 തീയതികളിലായാണ് ഇതെല്ലാം പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയിലെ 99.9% ക്രിസ്ത്യാനികളും മുസ്ലിങ്ങളും രാഹുൽ ഗാന്ധിക്കാണ് പിന്തുണ കൊടുക്കുന്നത്. സംശയമുണ്ടെങ്കിൽ നിങ്ങൾ തന്നെ സമൂഹത്തിൽ ഒരു നിരീക്ഷണം നടത്തി നോക്കുക” എന്നാണ് പോസ്റ്ററിലെ വരികൾ. കെ സി വേണുഗോപാൽ പറഞ്ഞതായി തന്നെയാണ് പോസ്റ്ററുകളിൽ അവകാശപ്പെടുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന് എല്ലാ ക്രിസ്ത്യാനികളും ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ച് ഒരു പോസ്റ്ററും ഈ അക്കൗണ്ട് പങ്കുവെച്ചിട്ടുണ്ട്.

‘ബഹുദൈവ വിശ്വാസി മാത്രമാണ് മതേതരൻ’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

Surya Dev’ പങ്കുവെച്ച അതേ പോസ്റ്റർ ‘ബഹുദൈവ വിശ്വാസി മാത്രമാണ് മതേതരൻ’ എന്ന അക്കൗണ്ടും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ പോസ്റ്റിൽ വലത് വശത്തെ ചിരിക്കുന്ന കുട്ടിയുടെ സ്റ്റിക്കറില്ല. പകരം ഗൂഗിൾ ജെമിനി എഐ യുടെ ലോഗോയാണ് കാണാനാകുക. ഗൂഗിൾ ജെമിനി ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളിൽ തിരിച്ചറിയാനായി, അവയുടെ താഴെ വലതുവശത്തായി ജെമിനിയുടെ ലോഗോ നൽകാറുണ്ട്. ചിത്രം എഐ നിർമ്മിതമാണെന്നതിന് തെളിവാണിത്. പ്രചരിക്കുന്ന പോസ്റ്റർ ശ്രദ്ധിച്ചാൽ അതിൽ ചില അക്ഷരത്തെറ്റുകൾ കാണാൻ സാധിക്കും. ക്രിസ്ത്യാനികളും എന്നതിന് പകരം ‘ക്രിസ്ത്യാന്നികളും’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി, എഐ ഉപയോഗിച്ച് മലയാളം പോസ്റ്ററുകൾ നിർമ്മിക്കുമ്പോൾ ഇത്തരത്തിലുള്ള തെറ്റുകൾ ഉണ്ടാകാറുണ്ട്.

മാത്രമല്ല, “Surya Dev’ എന്ന അക്കൗണ്ട് എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് തിരിച്ചറിയാതിരിക്കാനാണ് അതിന് മുകളിലായി കുട്ടിയുടെ സ്റ്റിക്കർ നൽകിയത്. കരുതിക്കൂട്ടിയുള്ള പ്രചാരണമാണിതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. 

സാധാരണയായി ഒരു പ്രമുഖ ദേശീയ നേതാവ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയാൽ അത് വലിയ വാർത്തയാകേണ്ടതാണ്. പ്രമുഖ മാധ്യമങ്ങളുടെ വെബ്സൈറ്റിൽ കീവേർഡ് സെർച്ച് ഉൾപ്പെടെ നടത്തിനോക്കിയെങ്കിലും കെ സി വേണുഗോപാൽ ഇങ്ങനെ പറഞ്ഞതായുള്ള വാർത്തകളൊന്നും കണ്ടെത്താനായില്ല.

ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ ഇതേ ചിത്രങ്ങളുപയോഗിച്ച് നിർമ്മിച്ച മറ്റൊരു പോസ്റ്ററും കണ്ടെത്തി. “2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും”എന്ന് കെ സി വേണുഗോപാൽ പറഞ്ഞതായാണ് ഈ പോസ്റ്ററിലുള്ളത്. ‘Butterfly Entertainments’ എന്ന വാട്ടർമാർക്കും ഈ ചിത്രത്തിൽ കാണാം. 

‘Butterfly Entertainments’ എന്ന വാട്ടർമാർക്കുള്ള പോസ്റ്റർ

ഈ പോസ്റ്റര്‍ എഐ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്താണ് പ്രചരണം നടത്തുന്നത്. കൂടുതൽ പരിശോധനയിൽ ‘2029 ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി’യാകുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞതായുള്ള മനോരമ വാർത്തയും കണ്ടെത്തി. 

സത്യാവസ്ഥയറിയാൻ കെ സി വേണുഗോപാലുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന വാർത്ത പൂർണമായും വ്യാജമാണെന്നും താൻ ഇത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഒബിസി യോട് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top