
സൈബർ അധിക്ഷേപം നേരിടുന്ന സിനിമാ പ്രവർത്തകർ
സ്ഥിരമായി രാഷ്ട്രീയത്തിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന സിനിമാ പ്രവർത്തകർ മാത്രമല്ല ഇത്തവണ രംഗത്ത് വന്നിട്ടുള്ളത്. മുൻപ് ഉണ്ടായിട്ടില്ലാത്ത വിധത്തിൽ സിനിമാലോകം വിദ്യാർത്ഥി പ്രക്ഷോഭത്തോടൊപ്പം അണി നിരന്നു. ഇവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടക്കുകയാണ്.
ഡൽഹിയിൽ നടക്കുന്ന സി ജെ പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്ന കലാ – സാംസ്കാരിക പ്രവർത്തകരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. എന്നാൽ, ഇതിന് പിന്നാലെ അവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളും രൂക്ഷമാകുകയാണ് .ഇവർക്കെതിരായ വിദ്വേഷകമന്റുകളും വ്യക്തി അധിക്ഷേപവും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ.
മലയാളത്തില്‍ ആസിഫ് അലി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, നസ്ലന്‍, രഞ്ജിനി ഹരിദാസ്, മഞ്ജു വാര്യർ, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, നിഖില വിമല്‍, വിസ്മയ മോഹന്‍ലാല്‍ തുടങ്ങിയവരും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി രംഗത്തുവന്നിരുന്നു.
സൈബര്‍ അധിക്ഷേപങ്ങള്‍
വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ആണ് മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ പങ്കുവച്ചത്. എന്നാൽ ഇതിനെ തുടർന്ന് വലിയ തോതിലുള്ള സൈബർ അറ്റാക്കാണ് അവർക്ക് നേരിടേണ്ടി വന്നത്.

“ശബ്ദമുയർത്തുന്ന പൗരന്മാർക്ക് നേരെ, ചർച്ചകൾക്ക് പകരം അമിതമായ ബലപ്രയോഗമാണ് ഉത്തരമെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് നാമോരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ഒരു ജനാധിപത്യ രാജ്യം സ്വന്തം പൗരന്മാരോട് ഇങ്ങനെയയാണോ പ്രതികരിക്കേണ്ടത്”? എന്നാണ് സ്റ്റോറിയില്‍ വിസ്മയ ചോദിക്കുന്നത്. തുടര്‍ന്നു വലതുപക്ഷ അക്കൌണ്ടുകളില്‍ നിന്നും വലിയ സൈബര്‍ അധിക്ഷേപങ്ങള്‍ ആണ് വിസ്മയക്ക് നേരെ നടന്നത്.
വിസ്മയ പങ്കുവെച്ച പോസ്റ്റിനെ മുൻനിർത്തി മാധ്യമങ്ങൾ വാർത്ത നൽകിയതോടെയാണ് വിദ്വേഷ പ്രചാരണം ശക്തമായത്. വാർത്താ ചാനലുകളുടെ സോഷ്യൽ മീഡിയ പേജുകളിലും യൂട്യൂബ് ചാനലുകളുടെ കമന്റ് സെക്ഷനുകളിലും വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ഒരു വിഭാഗം ആളുകൾ നടത്തുന്നത്.
വിസ്മയയുടെ പുതിയ ചിത്രമായ ‘തുടക്കം’ റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ സൈബർ ആക്രമണം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. “കേന്ദ്രത്തിനെതിരെ പോസ്റ്റിട്ടു, ഇനിയിപ്പോ ഈ സിനിമ വിജയിച്ചത് തന്നെ” എന്ന രീതിയിലുള്ള പരിഹാസങ്ങളും, സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
രാഷ്ട്രീയപരമായ ഒരു നിരീക്ഷണത്തെ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും മോഹൻലാലിന്റെ മകൾ എന്ന വിലാസത്തെ ലക്ഷ്യമിട്ടുള്ള സ്ലട്ട് ഷേമിംഗിലേക്കും മാറുന്ന കാഴ്ചയാണ് പല കമന്റ് ബോക്സുകളിലും കാണുന്നത്.

“അങ്ങനെ നിന്റെ ആദ്യത്തെ സിനിമ പൊട്ടും…” എന്ന രീതിയിൽ അവരുടെ വരാനിരിക്കുന്ന ചിത്രത്തെ തകർക്കുമെന്ന പരസ്യമായ ഭീഷണികളാണ് ഉയരുന്നത്.
മോഹൻലാലിനെ പരാമർശിച്ചു കൊണ്ട്, കുടുംബ പശ്ചാത്തലത്തെ മുൻനിർത്തി അനുസരണയുള്ളവളായിരിക്കണം എന്ന് ഉപദേശിക്കുന്ന കമന്റുകളും ധാരാളം കാണാം.
“എമ്പുരാൻ ചെയ്ത പൃഥ്വിരാജിന്റെ ഗതി അറിയാമല്ലോ, അത് അച്ഛനോട് ചോദിച്ചാൽ മതി” എന്ന തരത്തിലുള്ള കമന്റുകളും കാണാം.
നേരത്തെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയ സിനിമാപ്രവർത്തകർ നേരിട്ട ബഹിഷ്കരണ ആഹ്വാനങ്ങളെയും അധിക്ഷേപങ്ങളെയും ഇവര്‍ ഓർമിപ്പിക്കുകയാണ് ചെയ്യുന്നത്.
സംവിധായകനും നടനുമായ മേജർ രവിയും വിസ്മയയുടെ പോസ്റ്റിനോട് വിയോജിച്ച് രംഗത്തുവന്നു. വിസ്മയയ്ക്ക് രാഷ്ട്രീയ ബോധമില്ലെന്നും കാര്യങ്ങളെ അറിവില്ലായ്മ കൊണ്ടാണ് വൈകാരികമായി സമീപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിന്റെ പൂർണ്ണമായ പശ്ചാത്തലം മനസ്സിലാക്കാതെയാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചതെന്നും ലൈവിൽ മേജർ രവി പറയുന്നു.
നടന്‍ ആസിഫ് അലിയും ഇത്തരത്തില്‍ സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നു. യുവജനങ്ങള്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ ആണ് എന്നും അവരെ കേള്‍ക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് എന്നുമാണ് ആസിഫ് അലി ഇന്‍സ്റ്റഗ്രാമില്‍ ജൂലായ് 22 ന് പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.

ഐക്യദാർഢ്യം പ്രഖ്യാപിച്ച നടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജുകളിലും വലിയ രീതിയിലുള്ള സൈബർ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. താരത്തിന്റെ രാഷ്ട്രീയത്തിലെ ‘ഇരട്ടത്താപ്പ്’ ആരോപിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്.
‘നാട്ടിലെ പ്രശ്നങ്ങൾ കാണുന്നില്ലേ?’: “ഈ കേരളത്തിൽ കുറെ ദിവസങ്ങളായിട്ട് സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചോ? ആദ്യം സ്വന്തം നാട്ടിലെ പ്രശ്നങ്ങൾ കാണുക… അല്ലാതെ സെലക്ടീവ് രാഷ്ട്രീയവും ഇരട്ടത്താപ്പും കൊണ്ട് നടക്കാതെ…” എന്ന രീതിയിലാണ് പലരും കമന്റ് സെക്ഷനിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നത്.

കേരളത്തിൽ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ നടന്ന പി എസ് സി ആശാ വർക്കർ സമരത്തിനൊന്നും എന്തുകൊണ്ട് നിങ്ങൾ പ്രതികരിച്ചില്ല എന്നാണ് ചിലരുടെ ചോദ്യം.
FCRA ബില്ലിനെ പേടിയാണോ എന്ന് ടോവിനോയോട്
ഡൽഹി സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടൻ ടൊവിനോ തോമസിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയും സമാനമായ ആസൂത്രിത ആക്രമണമാണ് നടക്കുന്നത്.

മുൻ സമരങ്ങളെ മുൻനിർത്തിയാണ് ടൊവിനോയെയും പ്രതിരോധത്തിലാക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നത്. “ Afraid of FCRA Bil’ എന്ന കമന്റും ടോവിനോയുടെ പോസ്റ്റിനു താഴെ കാണാം.

പൃഥ്‌വി രാജിന്റെ സിനിമകൾക്ക് സംഭവിച്ചത് നിന്റെ സിനിമകൾക്കും സംഭവിക്കാതിരിക്കട്ടെ എന്ന ഭീഷണി പോസ്റ്റുകളും ഫേസ്‌ബുക്കിൽ കാണാം. ‘Rajappan Lite’ എന്നാണ് ടൊവിനോയെ ഈ പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്. യുവമോർച്ചയുടെ നേതൃത്വത്തിൽ ടോവിനോയുടെ ഇരിങ്ങാലക്കുടയിലെ വീട്ടിൽ വായ് മൂടിക്കെട്ടി പ്രതിഷേധവും ഉണ്ടായിരുന്നു.
പെയ്ഡ് പ്രൊമോഷൻ ആണെന്ന് പാർവതി തിരുവോത്തിനോട്
നിരാഹാരത്തിലിരിക്കുന്നസോനം വാങ്ചുക്കിനെ പോലീസ് നീക്കിയ ദിവസമാണ് നടി പാർവതി തിരുവോത്ത് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നത്, ജൂലൈ 18 ന്. നിങ്ങൾക്ക് ഇതിന് എത്ര പണം ലഭിച്ചു എന്നൊക്കെയാണ് കമൻ്റ് സെക്ഷനിൽ ചോദിക്കുന്നത്. ഓരോ പോസ്റ്റിനും പൈസ വാങ്ങിയല്ലേ ചെയ്യുന്നത് എന്നാണ് ചോദിക്കുന്നത്. നിങ്ങളെ അൺ ഫോളോ ചെയ്യുന്നു എന്നും ചിലർ പറയുന്നു.

ഡൽഹിയിലെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് ആദ്യം മുന്നോട്ട് വന്ന മലയാളത്തിലെ അഭിനേതാക്കളിൽ ഒരാളാണ് പാർവതി.
ഡൽഹിയിൽ ഇപ്പോഴും സമരമുഖത്തുള്ള വിദ്യാർത്ഥികളെ അനുകൂലിച്ചുകൊണ്ട് നിരവധി സിനിമാ താരങ്ങളും ഇൻഫ്ലുവൻസർമാരുമാണ് സോഷ്യൽ മീഡിയ പോസ്റ്ററുകളും സ്റ്റോറികളും പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ഇതിൽ ചിലരെ മാത്രം പ്രത്യേകം ലക്ഷ്യമിട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ സൈബർ അധിക്ഷേപങ്ങളും പ്രചാരണങ്ങളും ഇപ്പോഴും ശക്തമായി തന്നെ തുടർന്നു വരികയാണ്.
