‘ഹിന്ദുസ്ഥാന്‍, ഹിന്ദു രാഷ്ട്രം എന്ന് പറയുന്നവരെ ഭ്രാന്താശുപത്രിയിലേക്ക് അയക്കണം’; മോഹന്‍ ഭാഗവതിന്റെ വൈറല്‍  വീഡിയോ- ഫാക്റ്റ് ചെക്ക് 

‘ഹിന്ദുസ്ഥാന്‍, ഹിന്ദു രാഷ്ട്രം എന്ന് പറയുന്നവരെ ഭ്രാന്താശുപത്രിയിലേക്ക് അയക്കണം’; മോഹന്‍ ഭാഗവതിന്റെ വൈറല്‍  വീഡിയോ- ഫാക്റ്റ് ചെക്ക് 

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ഒരു വീഡിയോ ക്ലിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ഒരു പൊതുപരിപാടിക്കിടെ മോഹന്‍ ഭാഗവത് സംസാരിക്കുന്ന വീഡിയോ ആണ് വലതുപക്ഷ അക്കൗണ്ടുകള്‍ വഴി പ്രചരിക്കുന്നത്. 

“ഹിന്ദുസ്ഥാന്‍, ഹിന്ദു രാഷ്ട്രം എന്ന് പറയുന്നവരെ ഭ്രാന്താശുപത്രിയിലേക്ക് അയക്കണം എന്നാണ് എന്‍റെ  അഭിപ്രായം”: ഇങ്ങനെയാണ് വീഡിയോയുടെ തുടക്കത്തില്‍ മോഹന്‍ ഭാഗവത് പറയുന്നത്. ആര്‍ എസ് എസിന്റെ മേധാവി തന്നെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതില്‍ പ്രതികരിച്ചുകൊണ്ട്  സോഷ്യല്‍ മീഡിയയിലെ, പ്രത്യേകിച്ചും എക്സിലെ സംഘപരിവാർ  അക്കൗണ്ടുകൾ  നിരവധി പോസ്റ്റുകളാണ് ഷെയര്‍ ചെയ്യുന്നത്. പക്ഷെ മോഹന്‍ ഭാഗവത് ഇങ്ങനെയൊരു പ്രസ്താവന നടത്തുമോ? വീഡിയോ എഡിറ്റഡ് ആണോ? ഒബിസി പരിശോധിച്ചു.

എന്താണ് വീഡിയോയില്‍ മോഹന്‍ ഭാഗവത് പറയുന്നത്?

“ഹിന്ദുസ്ഥാന്‍, ഹിന്ദു രാഷ്ട്രം എന്ന് പറയുന്നവരെ ഭ്രാന്താശുപത്രിയിലേക്ക് അയക്കണം എന്നാണ് എന്‍റെ  അഭിപ്രായം, എനിക്ക് ഹെഡ്ഗേവാറിനെ അറിയാം, അദ്ദേഹം ഭ്രാന്തുള്ളയാള്‍ അല്ല, നല്ലൊരു മനുഷ്യനാണ്, ആര്‍ എസ് എസ് വര്‍ഗീയ സംഘടനയല്ല”  ഇങ്ങനെയാണ് 13 സെക്കന്റ്‌ ദൈര്‍ഘ്യം ഉള്ള  വീഡിയോയില്‍ ഹിന്ദിയിൽ പറയുന്നതായി കാണുന്നത്. 

“മോഹന്‍ ഭാഗവത് പറയുന്നത് എല്ലാവരും ശ്രദ്ധയോടെ കേള്‍ക്കൂ, അദ്ദേഹത്തിന്റെ പ്രസ്താവനയെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഹിന്ദു രാഷ്ട്രം സ്വപ്നം കാണുന്നവര്‍ ഇത് ഒന്നുകൂടി കേള്‍ക്കൂ” എന്നാണ് ‘Nitish Jha’ എന്ന ഒരു അക്കൗണ്ടില്‍ പറയുന്നത്. 

 

‘Nitish Jha’ എന്ന അക്കൗണ്ടില്‍ വന്ന എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

നവംബര്‍ 11 നാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.

“ഹിന്ദുക്കള്‍ ശ്രദ്ധിക്കുക, മോഹന്‍ ഭാഗവത് പറയുന്നത് കേള്‍ക്കുക, ഹിന്ദു രാഷ്ട്രം വേണമെന്ന് വാദിക്കുന്നവര്‍, മെന്റല്‍ ഹോസ്പിറ്റലിലേക്ക് പോകണമെന്നാണ് അദ്ദേഹം പറയുന്നത്, നിങ്ങളുടെ മുഖത്തേക്ക് തുപ്പിയിരിക്കുന്നു മോഹന്‍ ഭാഗവത്” എന്നാണ് ഇതേ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ‘Subharansh Kumar Rai’ എന്ന ഒരു അക്കൗണ്ടില്‍ പറയുന്നത്. ഇതും ഹിന്ദിയിലാണ് ഉള്ളത്.

 ‘Subharansh Kumar Rai’ എന്ന അക്കൗണ്ടില്‍ വന്ന എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

Economic Times ന്‍റെ വീഡിയോ ആണ് ഈ രണ്ട് അക്കൗണ്ടുകളും ഷെയര്‍ ചെയ്തിട്ടുള്ളത്.

ഈ വീഡിയോ ക്ലിപ്പ് പിന്നീട് സംഘ് അനുകൂല അക്കൗണ്ടുകളിലും പ്രചരിച്ചു. പ്രസ്താവനയ്ക്ക് പ്രതികരണം അറിയിച്ചുകൊണ്ടാണ് പോസ്റ്റ്  ഷെയര്‍ ചെയ്തിരിക്കുന്നത്.

റിവേഴ്സ് ഇമേജ് അന്വേഷണം; കണ്ടെത്തല്‍

പ്രചരിക്കുന്ന വീഡിയോ റിവേഴ്സ് ഇമേജ് സേര്‍ച്ച്‌ ചെയ്തു നോക്കി വീഡിയോയുടെ പൂര്‍ണമായ ക്ലിപ്പ് കണ്ടെത്തി. 3 മിനിറ്റ് 34 സെക്കന്റ്‌ ഉള്ള വീഡിയോ ഫേസ്ബുക്കില്‍ The Economic Times പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

 The Economic Times പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

നവംബര്‍ 9 നാണ് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. 

മോഹൻ ഭാഗവത് സ്വന്തമായി നടത്തിയ ഒരു പ്രസ്താവനയല്ല അത്, മറിച്ച് ഇബ്രാഹിം എന്ന ഒരു വ്യക്തിയെ പരാമർശിച്ചുകൊണ്ടാണ് വേദിയിൽ സംസാരിക്കുന്നത്.

1930കളിൽ സെൻട്രൽ പ്രൊവിൻസസ് അസംബ്ലി ആർ.എസ്.എസിനെ നിരോധിക്കാൻ ശ്രമിച്ചപ്പോൾ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് പറയുന്നത്. 

“നിരോധനം നേരിട്ട സമയത്ത് ആർ.എസ്.എസിനെയോ അതിന്റെ ആശയധാരയെയോ പ്രതിരോധിക്കാൻ സംഘടനയിലെ പ്രവർത്തകരോ അനുഭാവികളോ മുന്നോട്ടുവന്നില്ല. അപ്പോൾ ഇബ്രാഹിം എന്നൊരു വ്യക്തി, സംഘത്തിന് അനുകൂലമായി സംസാരിച്ചു. സംഘത്തെ നിരോധിക്കരുതെന്നും അത് വർഗീയമല്ലെന്നും വാദിച്ചു”.

“എനിക്ക് ഡോ. ഹെഡ്‌ഗേവാറിനെ അറിയാം. അദ്ദേഹം നല്ലൊരു മനുഷ്യനാണ്, അതുകൊണ്ട് സംഘം വർഗീയമാകില്ല”, “ഇന്ത്യയെ ഹിന്ദു രാഷ്ട്രം എന്ന് വിളിക്കുന്നവരെ ഭ്രാന്താശുപത്രിയിലേക്ക് അയക്കണം”, എന്നിങ്ങനെയും അന്ന് ഇബ്രാഹിം പറഞ്ഞതായി മോഹൻ ഭാഗവത് പ്രസംഗിക്കുന്നു.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ഇത് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌, സ്ക്രീന്‍ഷോട്ട് 

1930കളിൽ, ആർ എസ് എസിനെ പ്രതിരോധിക്കാൻ അന്ന് സ്വയംസേവകർ ആരും ഇല്ലാതിരുന്ന സാഹചര്യത്തിൽ, നിരോധനം ഭരണഘടനാവിരുദ്ധമാണെന്ന് ഇബ്രാഹിം പറഞ്ഞുവെന്നാണ് മോഹൻ ഭാഗവത് പറയുന്നത്. ഇങ്ങനെയാണ് പി ടി ഐ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതായത്, മുഴുവന്‍ വീഡിയോയില്‍ നിന്നും ഒരു ഭാഗം കട്ട് ചെയ്ത് മോഹന്‍ ഭാഗവത് പറഞ്ഞെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. 

 

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top