
യൂണിഫോമില്‍ ഖുര്‍ ആന്‍ ഓതുന്ന യു എസ് വനിതാ ആര്‍മി ഉദ്യോഗസ്ഥര്‍; വൈറല്‍ വീഡിയോ ഫാക്റ്റ് ചെക്ക്
യു.എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ അൽ സയിദിന്റെ വിജയം ലോകമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു. മൊത്തം 7 മുസ്ലിം സ്ഥാനാർത്ഥികളാണ് യു.എസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്ലാമോഫോബിയക്കെതിരായ ഒരു വിജയമെന്ന നിലയിൽ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഈ ചർച്ചകളുടെ വിശ്വാസ്യത തകർക്കാവുന്ന രീതിയിലുള്ള വ്യാജ വീഡിയോകളും വൈറലാവുന്നുണ്ട്.
യു.എസ് മിലിട്ടറിയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ ഖുര്‍ ആന്‍ ഓതുന്ന ഒരു വീഡിയോ എക്സില്‍ വൈറല്‍ ആണ്. നൈജീരിയയില്‍ നിന്നുള്ള ഒരു നടിയുടെ പേരിലുള്ള എക്സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ വീഡിയോ ഒബിസി പരിശോധിച്ചു.
ഖുര്‍ ആന്‍ ഓതുന്ന വനിതാ മിലിട്ടറി ഉദ്യോഗസ്ഥര്‍
നവംബര്‍ പത്തിനാണ് Khady Bamalli എന്ന എക്സ് അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെടുന്നത്. Allahu Akbar, United states Army reciting the Holy Quran. This is so Beautiful എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത് 25,000 ല്‍ അധികം ഫോളോവേഴ്സ് ഉള്ള ഒരു അക്കൗണ്ട് ആണ് Khady Bamalli. നൈജീരിയയില്‍ നിന്നുള്ള ഒരു അഭിനേത്രിയുടെ പേരിലുള്ളതാണ് ഈ അക്കൌണ്ട്. ഇസ്ലാമുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകള്‍ ഈ അക്കൗണ്ടില്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

89,000 ല്‍ അധികം പേരാണ് ഈ അക്കൗണ്ടില്‍ നിന്നും വീഡിയോ കണ്ടിട്ടുള്ളത്. അയ്യായിരത്തിലധികം പേര്‍ വീഡിയോക്ക് ലൈക്ക് ചെയ്തിട്ടുമുണ്ട്.
വീഡിയോ എ ഐ നിര്‍മിതമാണ് എന്ന് ഉറപ്പിക്കാവുന്ന ചില പൊരുത്തക്കേടുകള്‍ വീഡിയോയില്‍ കാണാം. ഖുര്‍ ആന്‍ വായിക്കുന്ന സ്ത്രീകളുടെ ചലനങ്ങള്‍ എല്ലാം ഒരേ സെക്കന്റില്‍ തന്നെയാണ് നടക്കുന്നത്. ഒരു പുസ്തകത്തിന് മൂന്ന് പുറങ്ങളും കാണുന്നു.

പ്രചരിക്കുന്ന വീഡിയോയുടെ കമന്റ് സെക്ഷനില്‍ വീഡിയോ കൃത്രിമമായി നിര്‍മിച്ചതാണ് എന്ന് ചിലര്‍ പറയുന്നത് കാണാം.
എ ഐ ഡിറ്റക്ഷന്‍ ടൂള്‍ പരിശോധന
വീഡിയോയുടെ കൂടുതല്‍ വ്യക്തതയുള്ള പതിപ്പ് റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ ഞങ്ങൾ കണ്ടെത്തി. ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ വ്യക്തതയുള്ള ദൃശ്യങ്ങളാണ് എ ഐ ഡിറ്റക്ഷനായി ഉപയോഗിച്ചത്.
ഹൈവ് മോഡറേഷന്‍ ടൂളില്‍ പരിശോധിച്ചപ്പോള്‍, വീഡിയോ 99.5% എ ഐ നിര്‍മിതമാണ് എന്നാണ് ഫലം ലഭിച്ചത്.

അമേരിക്കയിലെ വനിതാ സൈനികർ ഖുര്‍ ആന്‍ വായിക്കുന്നുവെന്ന അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ എ ഐ നിര്‍മിതമാണ് എന്നാണ് ഒബിസിയുടെ പരിധോധനയില്‍ വ്യക്തമായത്. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്ന എല്ലാ കണ്ടന്റും സത്യമല്ല. വസ്തുതയറിയാതെ ഒരു പോസ്റ്റും ഷെയര്‍ ചെയ്യരുത്.
