മുംബൈയിൽ ബംഗ്ലാദേശ് പതാകകളുമായി പ്രകടനം നടത്തിയത് സിജെപിയാണോ? വൈറൽ വീഡിയോയുടെ വാസ്തവമെന്ത്?

മുംബൈയിൽ ബംഗ്ലാദേശ് പതാകകളുമായി പ്രകടനം നടത്തിയത് സിജെപിയാണോ? വൈറൽ വീഡിയോയുടെ വാസ്തവമെന്ത്?

മുംബൈയിൽ ബംഗ്ലാദേശ് പതാകകൾ പിടിച്ച്, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ജേഴ്സി അണിഞ്ഞ് ഒരുകൂട്ടം ആളുകൾ ആഘോഷമായി പ്രകടനം നടത്തുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ CJP യും മറ്റു പ്രതിപക്ഷ സംഘടനകളും പ്രതിഷേധം നടത്തുന്ന സമയത്താണ് ഈ പ്രചാരണം. ഈ ദൃശ്യങ്ങൾക്ക് ആ പ്രതിഷേധവുമായി ബന്ധമുണ്ടെന്ന തരത്തിലും പോസ്റ്റുകൾ വരുന്നു.

എന്താണ് വീഡിയോ; സോഷ്യൽ മീഡിയ പറയുന്നത്

“ഇത് ബംഗ്ലാദേശല്ല, മുംബൈയാണ്. SIR യഥാർത്ഥത്തിൽ എത്ര പ്രധാനമാണെന്ന് ഇത് നമ്മോട് പറയുന്നു” 

ഇങ്ങനെ ഒരു തലക്കെട്ടോടെ ഒക്ടോബർ 4ന് The Jaipur Dialogues എന്ന X അക്കൗണ്ടിൽ പങ്കു വച്ച വീഡിയോയിൽ ബംഗ്ലാദേശ് പതാകകളും പിടിച്ചുകൊണ്ടു ആഘോഷപൂർവ്വം പ്രകടനം നടത്തുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഒക്ടോബർ 5 വരെ മാത്രം ഈ വീഡിയോയ്ക്ക് എക്‌സിൽ 862k വ്യൂസും 23k ലൈക്കുകളും 8k റീ ഷെയറുകളും ലഭിച്ചിട്ടുണ്ട്.

X post by The Jaipur Dialogues with viral video screenshot claiming Bangladesh flags rally in Mumbai
X സ്ക്രീൻഷോട്ട്

എക്‌സിൽ 28k ഫോളോവേർസ് ഉള്ള, ബിജെപി അനൂകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന VARAHA WARRIOR എന്ന അക്കൗണ്ടിൽ “പശ്ചിമബംഗാൾ മറ്റൊരു ബംഗ്ലാദേശ് ആവുന്നതിൽ നിന്നും SIR വഴി ഗ്യാനേഷ് കുമാർ തടയുകയായിരുന്നു” എന്ന തരത്തിലുള്ള തലക്കെട്ടോടെ ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

X post by VARAHA WARRIOR claiming viral video shows Bangladesh flags in Mumbai
X സ്ക്രീൻഷോട്ട്

സിജെപി പ്രതിഷേധതിന്റെ ഭാഗമെന്നും പ്രചരണം

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടികൊണ്ട്, മുംബൈയിൽ CJP യും മറ്റു പ്രതിപക്ഷ സംഘടനകളും നടത്തിവരുന്ന പ്രതിഷേധങ്ങളുമായി ഈ ദൃശ്യങ്ങൾക്ക് ബന്ധമുണ്ടെന്ന തരത്തിൽ വ്യാപകമായ പ്രചരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.

Instagram post by bjpgen claiming CJP protest in Mumbai features Bangladesh flags
ഇൻസ്റ്റാഗ്രാം സ്ക്രീൻഷോട്ട്

Facebook post screenshot claiming video shows Bangladeshi protesters in Mumbai over SIR row
ഫേസ്ബുക്ക് സ്ക്രീൻഷോട്ട്

X post by Dear Men claiming viral video shows Bangladesh flags in Mumbai rally
X സ്ക്രീൻഷോട്ട്

കമന്റുകളിൽ കണ്ടത്

വീഡിയോയ്ക്ക് താഴെ നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. ദൃശ്യത്തെ അതേപടി വിശ്വസിച്ച് പ്രതികരിച്ചവരും, ദൃശ്യത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് സംശയം ഉന്നയിച്ചവരും കമന്റ് ബോക്സിലുണ്ട്.

X സ്ക്രീൻഷോട്ട്

എന്താണ് വാസ്തവം

ദൃശ്യങ്ങൾ മഹാരാഷ്ട്രയിലെ വിരാർ ഈസ്റ്റിലെ മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് ( MHADA) സമീപമുള്ള റോഡിൽ നിന്നുമാണ് ഈ ദൃശ്യങ്ങളെന്ന് ഞങ്ങൾ സ്ഥിരീകരിച്ചു. ജിയോ ലൊക്കേഷൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ ദൃശ്യങ്ങളിലുള്ളത് ഒരു സിനിമാ/വെബ് സീരിസ് ചിത്രീകരണമായിരുന്നുവെന്ന് മുംബൈയിൽ നിന്നുള്ള ABP Majha എന്ന മറാത്ത ടെലിവിഷൻ ന്യൂസ് ചാനലിന്റെ റിപ്പോർട്ടിൽ പറയുന്നു 

ഇൻസ്റ്റാഗ്രാമിൽ dharm_yoddhapradeep എന്ന യൂസർ നെയിമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്ന മറ്റൊരു വീഡിയോയിൽ, ചിത്രീകരണത്തിന് ബംഗ്ലാദേശ് പതാക ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് , ഒരുകൂട്ടം ആളുകൾ പതാകകളും ജേഴ്സികളും പിടിച്ചെടുത്ത് തീയിടുന്നതും കാണാം.

ഇൻസ്റ്റാഗ്രാം സ്ക്രീൻഷോട്ട്

ഇതുകൂടാതെ ABP Majha ന്യൂസ് റിപ്പോർട്ടിൽ ചിത്രീകരണത്തിന് പോലീസ് അനുമതി ഉണ്ടായിരുന്നതായും പറയുന്നു. എന്നാൽ പൊതുനിരത്തിൽ വിദേശ പതാക ഉപയോഗിക്കാൻ പ്രത്യേക അനുമതി ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

വൈറൽ പ്രചാരണങ്ങൾ മറച്ചുവച്ച വസ്തുത

സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നത് ഈ ദൃശ്യങ്ങളിൽ കാണാം. ഇതൊരു  ഒരു സിനിമാ/സീരീസ് ചിത്രീകരണമാണെന്നത് സാധൂകരിക്കുന്ന തെളിവാണിത്.

Social media posts screenshot highlighting professional video camera setup in viral Bangladesh flag video
ഇൻസ്റ്റാഗ്രാം, എക്സ് സ്ക്രീൻഷോട്ട്

ചുരുക്കത്തിൽ

വൈറൽ വീഡിയോ വിരാർ ഈസ്റ്റിലെ MHADA മേഖലയ്ക്ക് സമീപം നടന്ന സിനിമ/വെബ് സീരീസ് ചിത്രീകരണത്തിന്റേതാണ്. ദൃശ്യത്തിൽ കാണുന്ന പ്രൊഫഷണൽ ക്യാമറകൾ ഇത്‌ വ്യക്തമാക്കുന്നു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി യും മറ്റ് സംഘടനകളും നടത്തുന്ന പ്രതിഷേധവുമായി ഈ ദൃശ്യങ്ങൾക്ക് ബന്ധമില്ല.

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top