ബുർക്ക അഴിച്ച്  സംഘനൃത്തം: ഒരു വ്യാജ പ്രചാരണത്തിന്റെ കഥ 

ബുർക്ക അഴിച്ച്  സംഘനൃത്തം: ഒരു വ്യാജ പ്രചാരണത്തിന്റെ കഥ 

ഒരു സംഘനൃത്തം. തുടക്കം ബുർക്കയണിഞ്ഞ്. ശേഷം സ്റ്റേജിൽ വെച്ച് തന്നെ ബുർക്ക ഊരിമാറ്റി നൃത്തം തുടരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിദ്വേഷ പ്രചാരണത്തിനാണ് ഈ വീഡിയോ വഴി വെച്ചത്. എന്തായിരുന്നു ഈ നൃത്തം? ഏതെങ്കിലും മത വിഭാഗത്തിന് അനുകൂലമോ എതിരോ ആയിരുന്നോ ഈ സംഘനൃത്തം? തീവ്ര ഹിന്ദു മുസ്ലിം വക്താക്കളുടെ വികാരം  വ്രണപ്പെട്ട ഒരു വീഡിയോയുടെ കഥ 

സാരിക്ക് മുകളിൽ ധരിച്ച ബുർഖ ഊരിമാറ്റി  നൃത്തം ചെയ്യുന്ന പതിനാലോളം പെൺകുട്ടികൾ . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണിത്. ഒരു കോളേജ് പരിപാടിയുടെ വീഡിയോ ആണെന്ന് വ്യക്തം. സാമാന്യ നിരീക്ഷണത്തിൽ മറ്റ്  പ്രശ്നങ്ങളൊന്നും  കണ്ടെത്താനാകാത്ത വീഡിയോ. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലെ തീവ്ര വലതുപക്ഷ പ്രൊഫൈലുകൾക്ക് വർഗീയത പ്രചരിപ്പിക്കാനൊരു ആയുധമായി ഈ വീഡിയോ മാറി . ഇസ്ലാം മതത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കേരളത്തിലെ  വിദ്യാർത്ഥികൾ നടത്തിയ നൃത്തമാണിതെന്നാണ് പ്രചാരണം. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് ഒബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

സാരിക്കുമേൽ അണിഞ്ഞിരുന്ന ബുർഖ ഊരിമാറ്റി വേദിയിൽ നൃത്തം ചെയ്യുന്ന പെൺകുട്ടികൾ. 32 സെക്കന്റുകൾ ദൈർഘ്യമുള്ള വീഡിയോയിൽ വേദിയുടെ പിന്നിൽ ‘Squid game’ എന്നെഴുതി വെച്ചിരിക്കുന്നതും കാണാം. ഇസ്ലാം  മതത്തെ വിമർശിക്കുന്നതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച്  ഹിന്ദുത്വ അക്കൗണ്ടുകൾ ഈ വീഡിയോ എക്സിൽ  പോസ്റ്റ് ചെയ്തിട്ടുണ്ട്. കമന്റുകളിലും അടിക്കുറിപ്പുകളിലും നൃത്തം ചെയ്യുന്ന കുട്ടികൾക്ക് അഭിനന്ദന പ്രവാഹമാണ്.

‘@VedicKid’ എന്ന എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റാണ് ആദ്യം കണ്ടെത്തിയത്. ആഗസ്റ്റ് 10 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ (ആഗസ്റ്റ് 12) 5.5 ലക്ഷത്തോളം തവണയാണ് കണ്ടിരിക്കുന്നത്. 18,000 ത്തോളം ലൈക്കുകളും 2,300 റീപ്പോസ്റ്റുകളും ഇതുവരെ ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. “കേരളത്തിലെവിടെയോ നിന്നുള്ള വീഡിയോ” എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. കൂടെ സന്തോഷം പ്രകടിപ്പിക്കുന്ന ഇമോജികളും നൽകിയിട്ടുണ്ട്. സ്ഥിരമായി മുസ്ലിം വിരുദ്ധ പോസ്റ്റുകൾ പങ്കുവയ്ക്കുന്ന അക്കൗണ്ട് കൂടിയാണിത്. വീഡിയോയിൽ തന്നെ ഇംഗ്ലീഷിൽ 

വിവാദം” “ഹിജാബ് മാറ്റി വച്ച് നൃത്തം ചെയ്ത് സ്വാതന്ത്ര്യം ആഘോഷിച്ച് കേരളത്തിലെ സ്ത്രീകൾ, വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു

എന്നെഴുതിയിരിക്കുന്നതും കാണാം.

‘@vedickid എന്ന അക്കൗണ്ടിലെ പോസ്റ്റ്

ഇസ്ലാമിനെതിരായ  വിമർശനമെന്ന നിലക്കാണ്   പെൺകുട്ടികൾ ബുർഖ ഊരിയെറിയുന്നതെന്ന അർത്ഥത്തിലാണ് വീഡിയോ  പങ്ക് വെച്ചിരിക്കുന്നത്. കമന്റുകളിലും ഇത് വ്യക്തമാണ്. സ്ഥിരമായി തീവ്ര മുസ്ലിം വിരുദ്ധ കണ്ടന്റുകൾ പോസ്റ്റ് ചെയ്യുന്ന നിരവധി അക്കൗണ്ടുകൾ കമന്റിൽ അഭിനന്ദനം രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ പ്രതിഷേധത്തിന്റേതായ യാതൊരു സൂചനയും വീഡിയോയിലൊരിടത്തും കാണാനാകില്ല. 

വീഡിയോയുടെ കീഫ്രൈമുകളെടുത്ത് നടത്തിയ ഗൂഗിൾ റിവേഴ്സ് ഇമേജ് പരിശോധനയിൽ സമാനമായ നിരവധി പോസ്റ്റുകൾ കണ്ടെത്താനായി. എക്സിൽ മാത്രമല്ല, ഇതേ ഇംഗ്ലീഷ് എഴുത്തുകളുള്ള പത്തോളം വീഡിയോകൾ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലായി കണ്ടെത്തി. കൂടുതലും ആഗസ്റ്റ് 10,11 തീയതികളിലാണ്  പങ്ക് വെച്ചിട്ടുള്ളത് . ‘Bharath khand’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് മെയ് 26 ന് ഇതേ വീഡിയോയുടെ സ്ക്രീൻഷോട്ട് സമാനമായ എഴുത്തുകളോടുകൂടി പങ്ക് വെച്ചിട്ടുണ്ട്.

‘Bharath Khand’ എന്ന അക്കൗണ്ട് പങ്ക് വെച്ച പോസ്റ്റ്

ഇൻസ്റ്റാഗ്രാമിൽ നിന്ന് കണ്ടെത്തിയ ഒരു പോസ്റ്റിലെ വീഡിയോയിൽ ‘ONLY_DANCEEEEE’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ ടാഗ് ചെയ്തിരിക്കുന്നതായും കാണാം. എന്നാൽ ഈ അക്കൗണ്ട് നിലവിൽ പ്രവർത്തന രഹിതമാണ്.

വീഡിയോയിൽ ‘ONLY_DANCEEEE’ എന്ന ടാഗ് കാണാം. വലത് വശത്ത് ആ അക്കൗണ്ട് ലഭ്യമല്ല എന്നതിന്റെ സ്ക്രീൻഷോട്ട്

ഈ പോസ്റ്റിനും രണ്ടായിരത്തിന് മുകളിൽ ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ തന്നെ ഇതേ വീഡിയോ മറ്റൊരു തരത്തിലും പ്രചരിക്കുന്നുണ്ട്. ‘Brahmanichal Patriarchy’ എന്ന ബിജെപി അനുകൂല ഫേസ്ബുക്ക് പ്രൊഫൈൽ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയെന്ന വ്യാജേനെയാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. “BHU വിൽ ബ്രാഹ്മണിക്കൽ പുരുഷാധിപത്യം തകർക്കാൻ നിൽക്കുന്നവർ” എന്ന അർത്ഥത്തിൽ ഇംഗ്ലീഷിലാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.

എന്നാൽ മറ്റ് പോസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി ഈ വീഡിയോയിൽ ഇംഗ്ലീഷിലുള്ള എഴുത്തുകളൊന്നും കാണാനില്ല. മാത്രമല്ല, പൂർണ്ണരൂപത്തിലുള്ള വീഡിയോയാണ് ഈ അക്കൗണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതായത്, മറ്റ് അക്കൗണ്ടുകളെല്ലാം പങ്ക് വെച്ചിരിക്കുന്നത് വെട്ടിമുറിച്ച വീഡിയോയാണ്. ഇതിൽ പരിപാടി നടക്കുന്ന ഹാളിന്റെ  പേരുകൂടി കാണാം. ‘EDLLYCOTT HALL’ എന്നാണ്  വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കേരളത്തിലെ ഏതെങ്കിലും കോളേജിൽ ഇതേ പേരിലുള്ള ഓഡിറ്റോറിയുമുണ്ടോ എന്ന് ഞങ്ങൾ പരിശോധിച്ചു. കീവേർഡ് സെർച്ചുകൾ വഴി തൃശൂരിലെ സെന്റ് തോമസ് കോളേജിന് ‘MEDLYCOTT HALL’ എന്ന പേരിൽ ഒരു ഓഡിറ്റോറിയുമുള്ളതായി കണ്ടെത്തി. ഗൂഗിളിൽ നിന്നുള്ള ഫോട്ടോകളുപയോഗിച്ച്, വീഡിയോയിൽ കാണുന്നത് തൃശൂർ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയം തന്നെയാണെന്ന് ഉറപ്പാക്കി.

ഇടത് വശത്ത് വീഡിയോയിലെ സ്ക്രീൻഷോട്ട്, വലത് വശത്ത് തൃശൂർ സെന്റ് തോമസ് കോളേജിലെ ഓഡിറ്റോറിയം. രണ്ട് ചിത്രത്തിലും ഓഡിറ്റോറിയത്തിന് ഒരേ പേരാണെന്ന് കാണാം.

ഇതുവഴി, വീഡിയോയിൽ നൃത്തം ചെയ്യുന്ന പുണ്യ കെ എസ് എന്ന സെന്റ് തോമസ് കോളേജിലെ മുൻ ബിരുദ വിദ്യാർഥിനിയുമായി ഒബിസി ബന്ധപ്പെട്ടു. 2025 ൽ സെന്റ് തോമസ് കോളേജിലെ ഫ്രഷേഴ്സ് ഡേ പരിപാടിക്കിടെ റെക്കോർഡ് ചെയ്ത വീഡിയോയാണിതെന്ന് പുണ്യ ഒബിസിയോട് പറഞ്ഞു . ഈ വർഷം ഏപ്രിലിൽ പുണ്യ ഇത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തിരുന്നു.

നൃത്തത്തിന് നല്ലൊരു തുടക്കം കിട്ടാൻ വേണ്ടി മാത്രമാണ് ബുർഖ ധരിച്ചതെന്നും, മതപരമായ യാതൊന്നും നൃത്തത്തിൽ ഉണ്ടായിരുന്നില്ലെന്നും പുണ്യ കെ എസ് ഒബിസിയോടു പറഞ്ഞു. “വാടകയ്ക്ക് എടുത്തതും ഞങ്ങളുടെ തന്നെ കൂട്ടുകാർ തന്നതുമായ ബുർക്കകളാണ് നിങ്ങൾ വീഡിയോയിൽ കാണുന്നത്. ഇതിൽ വർഗ്ഗീയതയ്ക്ക് ഒരു സ്ഥാനവുമില്ല. പരിപാടി നേരിട്ട് കണ്ടവരോ കോളേജ് അധികൃതരോ സുഹൃത്തുക്കളോ പോലും ഒരിക്കലും ഇങ്ങനെയൊരു ആരോപണം ഞങ്ങളോട് പറഞ്ഞിട്ടില്ല” പുണ്യ പറയുന്നു.

മാത്രമല്ല, ഡാൻസിന്റെ ആദ്യ ഭാഗം ഒരു അറബിക് സ്വഭാവമുള്ള പട്ടായിരുന്നെന്നും ആ പാട്ടിന് അനുയോജ്യമായത് കൊണ്ട് കൂടിയാണ് ബുർഖ ധരിച്ചതെന്നും പുണ്യ പറയുന്നു. “മറ്റ് താളങ്ങളിലുള്ള പാട്ടിന് ബുർഖയിട്ട് കളിക്കേണ്ട ആവശ്യമില്ലല്ലോ. അത് കൊണ്ടാണ് ആ പാട്ട് കഴിഞ്ഞയുടൻ സ്റ്റേജിൽ വെച്ച് തന്നെ അത് ഊരിമാറ്റിയത്” പുണ്യ കൂട്ടിച്ചേർത്തു.

ഈ വർഷം മെയ് 29 ന് ഇതേ വീഡിയോയുടെ തുടക്ക ഭാഗം മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ട് പങ്ക് വെച്ചിരുന്നു. ഈ വീഡിയോയിൽ, ഒരു പാട്ടിന് മുഴുവനും ഇവർ ബുർഖയണിഞ്ഞ് നൃത്തം ചെയ്യുന്നത് കാണാം. ഈ വീഡിയോയിൽ ബുർഖ അഴിക്കുന്ന ഭാഗവും കാണാനാകില്ല.

പുണ്യയും സംഘവും ബുർഖയണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ

വലതു ഹിന്ദുത്വ അക്കൗണ്ടുകൾ മാത്രമല്ല, തീവ്ര മുസ്ലിം അക്കൗണ്ടുകളും വീഡിയോക്കെതിരെ രംഗത്ത് വന്നിരുന്നതായി പുണ്യ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്ക് വെച്ചതിന് പിന്നാലെ ഇത്തരം അക്കൗണ്ടുകൾ അസഭ്യ വർഷവും ഭീഷണികളുമായി പുണ്യയുടെ പിന്നാലെ കൂടിയിരുന്നു. മെയ് 22 ന് മുസമിൽ അഹമ്മദ് ഖാൻ എന്നയാൾ പുണ്യയും സംഘവും ബുർഖയണിഞ്ഞ് നൃത്തം ചെയ്തതിനെ വിമർശിച്ച് കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ‘chaudri_saab1’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത് . ബുർഖ പവിത്രമാണെന്നും ഈ നൃത്തത്തിൽ ബുർഖയെ കളിയാക്കുകയാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. പോലീസ് കേസെടുക്കുമെന്ന ഭീഷണിയുമുണ്ട് കൂടെ. മാത്രമല്ല, വീഡിയോ പോസ്റ്റ് ചെയ്ത പുണ്യയുടെ അക്കൗണ്ടിനെ ടാഗ് ചെയ്തിട്ടുമുണ്ട്. റിപ്പോർട്ട് ചെയ്ത് ആ അക്കൗണ്ട് പൂട്ടിക്കാനാണ് വീഡിയോയിലുള്ളയാളുടെ ആഹ്വാനം. ഇയാളുടെ വീഡിയോ ഇതുവരെ (ആഗസ്റ്റ് 12) മൂന്ന് ലക്ഷത്തോളം പേർ കണ്ടിട്ടുണ്ട്. 

‘Chaudri_saab1’ എന്ന അക്കൗണ്ട് പുണ്യയുടെയും സംഘത്തിന്റെയും നൃത്തത്തിനെതിരെ പങ്ക് വെച്ച വീഡിയോ

ഇയാൾ ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിപ്പോയതെന്ന് പുണ്യ പറയുന്നു. ഇതിന് തൊട്ട് പിന്നാലെ പുണ്യയുടെ അക്കൗണ്ട്

 

പുണ്യ പോസ്റ്റ് ചെയ്ത വീഡിയോക്കടിയിലും മെസ്സേജിലുമായി വന്ന അസഭ്യങ്ങൾ

പൂട്ടിച്ചതിന്റെ ആഹ്ളാദം  പങ്ക് വെച്ച് ഇയാൾ തന്നെ മെയ് 23 ന് മറ്റൊരു വീഡിയോ പങ്ക് വെച്ചിരിക്കുന്നതായും കാണാം. ഈ വീഡിയോ പത്ത് ലക്ഷത്തിലധികം തവണ കണ്ടിട്ടുണ്ട്.

വേറെയും നിരവധി അക്കൗണ്ടുകൾ പുണ്യയെ ആക്രമിച്ച് കൊണ്ട് റിയാക്ഷൻ വീഡിയോകൾ ചെയ്തിട്ടുണ്ട്. വീഡിയോക്കെതിരെ പ്രതികരണം വന്ന ആദ്യ നാളുകളിൽ വീട്ടുകാരുൾപ്പെടെ ഭയപ്പെട്ടുവെന്ന് പുണ്യ പറയുന്നു. “പ്രശ്നങ്ങളൊഴിവാക്കാൻ വീഡിയോ ഡിലീറ്റ് ചെയ്യാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ കൂട്ടുകാർ തന്ന ആത്മവിശ്വാസത്തിലാണ്  അങ്ങനെ ചെയ്യാത്തത്. എന്നാൽ അടുത്ത ദിവസം കൂട്ടത്തോടെ റിപ്പോർട്ട് ചെയ്ത് അവർ ആ അക്കൗണ്ട് പൂട്ടിച്ചു” പുണ്യ പറഞ്ഞു.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top