
രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനായി എ ഐ നിർമിത ചുംബന ദൃശ്യങ്ങൾ
രണ്ട് പേർ ഒരു പൊതുവേദി പങ്കിടുന്നു. ആ ദൃശ്യങ്ങൾ ഉപയോഗിച്ച് അവർ ചുംബിക്കുന്ന രീതിയിലുള്ള എഐ നിർമിത ദൃശ്യങ്ങളുണ്ടാക്കുന്നു. അത് സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നു.
രാഹുൽ ഗാന്ധിയും സ്റ്റാൻഡ്-അപ് കൊമേഡിയൻ പുൽകിത് മണിയും സ്റ്റേജിൽ പരസ്പരം ചുംബിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം? ഞങ്ങൾ പരിശോധിച്ചു.
ഫേസ്ബുക്കിൽ Ranjan Kumar Gautam എന്ന 9000 ഫോളോവേർസ് ഉള്ള അക്കൗണ്ടിൽ, “വളരെ പെട്ടെന്ന് തന്നെ ഇന്ത്യയിൽ എൽ.ജി.ബി.ടി അന്താരാഷ്ട്ര പ്രസിഡന്റായി രാഹുൽ ഗാന്ധിയുടെ പേര് പ്രഖ്യാപിച്ചേക്കാം” എന്ന് അർഥം വരുന്ന ഹിന്ദി തലക്കെട്ടോടെ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയിൽ രാഹുൽ ഗാന്ധിയും പുൽകിത് മണിയും ചുംബിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. ഇതുവരെ 3500 ലൈക്കുകളും 463 കമന്റുകളും 641 ഷെയറുകളും ലഭിച്ച ഈ വീഡിയോയ്ക്ക് 2 ലക്ഷത്തിൽ അധികം കമന്റുകളും ലഭിച്ചിട്ടുണ്ട്.

സെപ്റ്റംബർ 20ന് Hindustan Ki Army(Fan) എന്ന എക്സ് അക്കൗണ്ടിൽ “ടൂ ഗേയ്സ് ഇൻ വൺ ഫ്രെയിം” എന്ന തലക്കെട്ടോടെ പങ്കുവച്ച ചിത്രത്തിന് 26 സെപ്റ്റംബർ 2026 വരെ നാലുലക്ഷത്തിൽ അധികം വ്യൂസും 9500 ലൈക്കുകളും 1600 റീ-ഷെയറുകളും ലഭിച്ചിരുന്നു.

മലയാളത്തിൽ 66k ഫോളോവേർസ് ഉള്ള Kssiva Sudhan എന്ന ഫേസ്ബുക്ക് അക്കൗണ്ടിലും ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പങ്കു വച്ചിട്ടുണ്ട്. ഈ പ്രൊഫൈലിൽ ബിജെപി ഐ ടി സെൽ & മീഡിയ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്താണ് യാഥാർഥ്യം
Ranjan Kumar Gautham എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ ഇത് കൃത്രിമമായി നിർമ്മിച്ചതാണെന്ന് സൂചിപ്പിക്കുന്ന നിരവധി പ്രകടമായ പൊരുത്തക്കേടുകൾ ദൃശ്യമാകുന്നു. വീഡിയോയുടെ ആരംഭത്തിൽ പുൽകിതിന്റെ ഒരു കൈയിൽ മാത്രമാണ് മൈക്ക് കാണപ്പെടുന്നത്. എന്നാൽ നൃത്തം ചെയ്യുന്ന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഇരു കൈകളിലും മൈക്ക് പ്രത്യക്ഷപ്പെടുന്നതായി കാണാം. ഇത് കൂടാതെ, ശരീരചലനങ്ങളിലും വ്യക്തമായ അനുപാതരാഹിത്യം പ്രകടമാണ്. ഇത്തരം സൂക്ഷ്മ വൈരുദ്ധ്യങ്ങൾ ഈ ദൃശ്യം യഥാർത്ഥമല്ല, മറിച്ച് നിർമ്മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നതിന്റെ വ്യക്തമായ തെളിവുകളാണ്. ഗ്രോക് എ ഐ യുടെ വാട്ടർമാർക്കും ഈ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

Hindustan Ki Army(fan) എന്ന എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രം ഞങ്ങൾ AI ഡിറ്റെക്ഷൻ ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 96 ശതമാനം AI-നിർമിതമാണെന്ന് കണ്ടെത്തി.

ഈ ദൃശ്യങ്ങൾ യഥാർത്ഥത്തിൽ 2026 സെപ്റ്റംബർ 19 ന് ഇൻഡോറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ഛാത്ത്രോൻ കി ഗൂൻജ് എന്ന പരിപാടിയുമായി ബന്ധപ്പെട്ടതാണ്. ഈ പരിപാടിയുടെ പൂർണ്ണ ദൃശ്യങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ 2.5 മിനിറ്റോളം രാഹുൽ ഗാന്ധിയും പുൽകിത് മണിയും ഒന്നിച്ചു വേദി പങ്കിടുന്നുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ ഒരിക്കൽ പോലും അവർ നൃത്തം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യുന്നില്ല.

വ്യാജദൃശ്യം, വ്യക്തിഹത്യ
രാഹുൽ ഗാന്ധിയും, കോമേഡിയൻ പുൽകിത് മണിയും വേദിയിൽ ചുംബിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ പൂർണ്ണമായും വ്യാജമാണ്. ഇത്തരം ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത് തെറ്റിദ്ധാരണയ്ക്കും വ്യക്തിഹത്യയ്ക്കും കാരണമാകുന്നു.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക