സൗദി – ബഹ്റൈൻ പാലം തകർന്നോ? ഫാക്ട് ചെക്ക് 

സൗദി – ബഹ്റൈൻ പാലം തകർന്നോ? ഫാക്ട് ചെക്ക് 

ഇറാനെതിരായുള്ള യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണവും പ്രത്യാക്രമണവും രൂക്ഷമാവുന്നതിനൊപ്പം സാമൂഹ്യ മാധ്യമങ്ങളിൽ യുദ്ധവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളും കളം പിടിക്കുകയാണ്. സൗദി അറേബ്യയിലെ ഖോബർ സിറ്റിയെയും ബഹ്റൈനിലെ എൽ ജാസ്ര തീരദേശ ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ‘കിങ് ഫഹ്ദ് കോസ്വേ’ (King Fahd Causeway) എന്ന പാലം ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നെന്നാണ് ഇപ്പോൾ  എക്സിൽ (ട്വിറ്റർ) വൈറലാകുന്ന വാർത്ത. രാത്രിയിൽ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന ഒരു പാലം പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ഒരു വീഡിയോടൊപ്പമാണ് വാർത്ത പ്രചരിക്കുന്നത്. വ്യക്തമല്ലാത്ത വസ്തുതകൾക്കൊപ്പം പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഒബിസി പരിശോധിക്കുന്നു.

പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻ ഷോട്ട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനെയി ഫെബ്രുവരി 28 ന് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ  തുടർച്ചയാണ് ‘കിങ് ഫഹ്ദ് കോസ്വേ’ പാലത്തിലെ ആക്രമണമെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെയും വാർത്തകളിലെയും ഉള്ളടക്കം. ഒബിസി എക്സിൽ നടത്തിയ പരിശോധനയിൽ, മാർച്ച് 5 ന് മാത്രം എക്സിൽ സമാന വീഡിയോയും വാർത്തയും പങ്ക് വെച്ച നാല്പത്തി ഏഴോളം  അക്കൗണ്ടുകൾ കണ്ടെത്തി. ‘@icardo8’ എന്ന എക്സ് അക്കൗണ്ട് മാർച്ച് 5 രാവിലെ 6:51 ന് പങ്ക് വെച്ച പോസ്റ്റാണ് ഏറ്റവുമധികം ആളുകൾ കണ്ടത്, പത്ത് മണിക്കൂറിൽ ഏതാണ്ട് രണ്ട് ലക്ഷത്തോളം ആളുകൾ കണ്ട പോസ്റ്റിന് 3,300 ലൈക്കുകളും കിട്ടിയിട്ടുണ്ട്. 

@icardo8 എന്ന അക്കൗണ്ടിൽ നിന്ന് പങ്ക് വെച്ച എക്സ് പോസ്റ്റ്

“ബഹ്‌റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹ്ദ് കോസ്‌വേ (ഫ്രണ്ട്‌ഷിപ്പ് കോസ്‌വേ) ശക്തമായ ഒരു മിസൈൽ ആക്രമണത്തിനിരയായി. അമേരിക്ക തങ്ങളുടെ സൈനികരെ ഒഴിപ്പിക്കുന്നതിനും താവളങ്ങൾ ഒരുക്കുന്നതിനും ഈ പാലം ഉപയോഗിച്ചിരുന്നു.” എന്ന അടിക്കുറിപ്പോടെയാണ് ‘@icardo8’ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇറാനെ അനുകൂലിച്ചും പ്രതികൂലിച്ചും 63 പേരാണ് ഈ പോസ്റ്റിൽ കമ്മന്റ് ചെയ്തിട്ടുള്ളത്. വീഡിയോ വ്യാജമാണെന്നും കമന്റുകളിൽ ചിലർ ആരോപിക്കുന്നുണ്ട്.

ഇതിനും മുൻപേ ഏഴ് അക്കൗണ്ടുകൾ സമാന ആരോപണം ഉന്നയിച്ച് ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഈ പോസ്റ്റിന് ശേഷമാണ് വീഡിയോ കൂടുതലാളുകൾ ഷെയർ ചെയ്യാൻ തുടങ്ങിയതെന്ന് കാണാം. 

രണ്ടാമത് ഏറ്റവുമധികം ആളുകൾ കണ്ടത് ‘@AbdulBasitGB’ എന്ന അക്കൗണ്ടിൽ നിന്ന് പങ്ക്വെച്ച ഇതേ വീഡിയോയ്ക്കാണ്. രണ്ട് മണിക്കൂറിൽ 1,100 പേരാണ് ഈ അക്കൗണ്ടിൽ വീഡിയോ കണ്ടത്. 

@AbdulBasitGB എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്

“ബഹ്‌റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹ്ദ് (ഫ്രണ്ട്ഷിപ്പ്) പാലത്തിന് നേരെ ഇറാനിയൻ മിസൈലുകൾ ആക്രമണം നടത്തിയതിന്റെ ആദ്യ ദൃശ്യങ്ങൾ ഇതാ. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പാലം വിജയകരമായി തകർന്നു.” എന്നാണ് ഈ പോസ്റ്റിന്റെ അടിക്കുറിപ്പ്. എക്സിലെ കൂടുതൽ പരിശോധനയിൽ, ഇതേ അടിക്കുറിപ്പ് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്ത പല അക്കൗണ്ടുകളും ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. 

@AbdulBasitGB എന്ന അക്കൗണ്ട് പോസ്റ്റ് ചെയ്ത അതേ അടിക്കുറിപ്പ് ഉപയോഗിച്ച് വന്ന മറ്റ് പോസ്റ്റുകൾ 

ചില പോസ്റ്റുകളിൽ ഡ്രോൺ ഉപയോഗിച്ചാണ് പാലം തകർത്തതെന്ന് പറയുമ്പോൾ മറ്റ് ചില പോസ്റ്റുകളിൽ മിസൈൽ ആക്രമണം ആണെന്നാണ് ആരോപണം. വസ്തുതകളിലെ ഈ കൃത്യതയില്ലായ്മ പരിശോധിക്കാൻ, വീഡിയോയുടെ സ്ക്രീൻഷോട്ട് ഉപയോഗിച്ച് ഗൂഗിൾ റിവേഴ്സ് സെർച്ച് ചെയ്ത ഞങ്ങൾ ചെന്നെത്തിയത് 2022 ഒക്ടോബർ 8 ലെ ‘സിഎൻഎൻ വേൾഡ്’ (CNN World) എന്ന അമേരിക്കൻ മാധ്യമത്തിന്റെ വാർത്തയിലാണ്

ഇപ്പോൾ വൈറലാകുന്ന വീഡിയോ എ അടിസ്ഥാനമാക്കി ‘സിഎൻഎൻ വേൾഡ്’ 2022 ൽ പങ്ക് വെച്ച റിപ്പോർട്ട്

യുക്രൈനെയും റഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ നീളമുള്ള ‘കേർച്ച് പാലം’ ബോംബാക്രമണത്തിൽ തകർന്നതിനെ പറ്റിയുള്ള സിഎൻഎൻ വേൾഡിന്റെ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്നത് ഇപ്പോൾ വൈറലാകുന്ന അതേ വീഡിയോയായാണെന്ന് കാണാം. അൽ ജസീറ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ സമാന തലക്കെട്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതായത്, എക്സിൽ പ്രചരിക്കുന്ന വീഡിയോ 2022 ൽ തുടങ്ങിയ യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി നടന്ന ബോംബാക്രമണത്തിന്റേതാണ്. സൗദി അറേബ്യ – ബഹ്റൈൻ പാലവുമായി വീഡിയോയ്ക്ക് ബന്ധമൊന്നുമില്ലെന്ന് വ്യക്തം.

ഇതാദ്യമായല്ല കേർച്ച് പാലം പൊട്ടിത്തെറിക്കുന്ന വീഡിയോ തെറ്റായ വാർത്തകളിൽ പ്രചരിക്കുന്നത്. 2024 ൽ അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലെ സ്ഫോടനമെന്ന പേരിൽ ഇതേ വീഡിയോ പ്രചരിച്ചിരുന്നു (Francis Scott Key Bridge). ഇത് വ്യാജ വാർത്തയാണെന്ന് അന്താരാഷ്ട്ര വാർത്ത ഏജസി റോയിറ്റേഴ്സ് (Reuters) റിപ്പോർട്ട് ചെയ്തിരുന്നു.

യഥാർത്ഥത്തിൽ ആക്രമണം നടന്നോ?

ബഹ്റൈൻ കടലിടുക്കിന് കുറുകെ സൗദി അറേബ്യയെയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിച്ചിരിക്കുന്ന 25 കിലോമീറ്റർ നീളമുള്ള പാലമാണ് ‘കിങ് ഫഹ്ദ് കോസ്വേ’. ഈ പാലം ആക്രമിക്കപ്പെട്ടതിനെ പറ്റി നടത്തിയ ഗൂഗിൾ സെർച്ച് ചെന്നത്തിയത് പ്രധാനമായും നാല് വാർത്ത റിപ്പോർട്ടുകളിലാണ്. ദ കാസ്പിയൻ പോസ്റ്റ് (The Caspian Post), ന്യൂസ്.അസ് (News.az), ടാസ് (TAZZ), എന്നീ മാധ്യമങ്ങൾ ഈ പാലത്തിൽ മാർച്ച് 3 ന് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി പറയുന്നു. ഇതിൽ ടാസ് റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമമാണ്. റഷ്യ ഇറാനെതിരായുള്ള യുഎസ്-ഇസ്രയേൽ ആക്രമണത്തെ അപലപിച്ചിരുന്നു.

കിങ് ഫഹ്ദ് കോസ്വേ പാലം 

ഈ മൂന്ന് റിപ്പോർട്ടുകളും വാർത്തയുടെ ഉറവിടമായി പരാമർശിക്കുന്നത് മെഹർ (Mehr), ഐആർഎൻഎ (IRNA) എന്നീ മാധ്യമങ്ങളെയാണ്. ഐആർഎൻഎ ഇറാൻ സർക്കാരിന്റെ ഔദ്യോഗിക മാധ്യമമാണ്. മെഹർ ഭാഗികമായി ഇറാൻ സർക്കാർ സപോൺസർഷിപ്പ് കിട്ടുന്ന മാധ്യമവും. ഇങ്ങനെ പ്രചരിക്കുന്ന വാർത്തകളുടെ സ്രോതസ്സുകളിൽ ഭൂരിഭാഗവും ഇറാൻ സർക്കാർ മാധ്യമങ്ങൾ തന്നെയാണ്.

ഇതല്ലാതെ ജെഫീഡ് (JFEED) എന്ന ഇസ്രയേലി മാധ്യമവും സൗദി-ബഹ്റൈൻ പാലത്തിൽ ആക്രമണം നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ആക്രമണത്തിന്റെ ദൃശ്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടിലെന്ന് മാത്രമല്ല വാർത്തയുടെ ഉറവിടത്തെ പറ്റിയും പരാമർശങ്ങളൊന്നുമില്ല.

‘ടാസ്’ നൽകിയ വാർത്ത

മാർച്ച് നാലിന് ലണ്ടൻ ആസ്ഥാനമായ ടൈംഔട്ട് (Timeout) എന്ന മാധ്യമം കോസ്വേ പാലം പൂർണ്ണമായും യാത്രായോഗ്യമാണെന്ന് പറയുന്നു. പാലത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ആക്രമണം നടന്നതായോ യാത്രാതടസ്സമുള്ളതായോ പരാമർശമില്ല.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top