
വികസനമോ അധിനിവേശമോ? ഇന്ത്യയിലെ ആറ് പ്രധാന പരിസ്ഥിതി പോരാട്ടങ്ങൾ
ഇന്ത്യയിൽ പലയിടത്തായി നടക്കുന്ന വൻകിട പദ്ധതികൾക്ക് വേണ്ടി 26,000 ഹെക്ടർ നിബിഡ വനമാണ് ഇല്ലാതാകുന്നത്. ഒപ്പം ആദിവാസി ജനസമൂഹങ്ങളും. കൃത്രിമ രേഖകൾ ചമച്ചും, കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇവയിൽ പല പദ്ധതികൾക്കും പാരിസ്ഥിതികാനുമതി നേടിയെടുത്തിട്ടുള്ളത്. വനാവകാശ നിയമമടക്കം ഭരണഘടനയിലെ മൗലികാവകാശങ്ങൾ വരെ ലംഘിച്ചു കൊണ്ടാണ് ഈ പ്രോജക്ടുകൾ മുന്നേറുന്നത്. നീരുറവകളും സസ്യ ജന്തു ജാലങ്ങളും തുടച്ചു നീക്കപ്പെടുന്ന ഈ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്, വേദാന്ത, അദാനി മുതൽ ഗൂഗിൾ വരെയുള്ള വൻകിട കോർപറേറ്റുകളാണ്.
“ജീവൻ കൊടുക്കേണ്ടി വന്നാലും ഞങ്ങൾ ഈ കാട് വിട്ടുപോകില്ല” വടക്കൻ ഛത്തീസ്ഗഡിലെ 38 കാരൻ രാംലാൽ കരിയാം മാധ്യമങ്ങളോട് പറഞ്ഞതാണിത്. വാണിജ്യ കൽക്കരി ഖനനത്തിനായി ഹസ്ദിയോ അരണ്യ വനങ്ങൾ അതിവേഗം വെട്ടി വെളുപ്പിക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കാളിയാണ് രാംലാൽ ഉൾപ്പെടെയുള്ള തദ്ദേശീയരായ ആദിവാസികൾ. തങ്ങളുടെ ഭൂമിയിലേക്ക് ഇരച്ചുകയറുന്ന ബുൾഡോസറുകളെ വികസനമായല്ല, മറിച്ച് തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും സംസ്‌കാരത്തിനും നിലനിൽപ്പിനും എതിരെയുള്ള ഭീഷണിയായാണ് ആദിവാസികൾ കാണുന്നത്.
വനം കയ്യേറുന്ന വൻകിട കോർപറേറ്റുകൾ
രാംലാൽ കരിയാമിന്റെ വാക്കുകൾ ഇന്ത്യയിലുടനീളം നടക്കുന്ന പാരിസ്ഥിതിക ചെറുത്തു നിൽപ്പുകളുടെ പ്രതീകമാണ്. അദാനി ഗ്രൂപ്പ്, വേദാന്ത, ഗൂഗിൾ തുടങ്ങിയ വൻകിട കോർപറേറ്റുകൾക്കെതിരെയാണ് രാജ്യത്ത് ഇന്ന് നടക്കുന്ന പ്രധാനപ്പെട്ട പരിസ്ഥിതി/അതിജീവന സമരങ്ങൾ. വിവിധ ഖനന പദ്ധതികൾക്കായി അദാനി ഗ്രൂപ്പ്, ഛത്തിസ്ഗഡിലെ ഹസ്ദിയോ ആരണ്യ, മധ്യ പ്രദേശിലെ വൈധൻ (Waidhan), സാരായ് ഈസ്റ്റ് എന്നീ വനപ്രദേശങ്ങൾ കയ്യേറുന്നതിനെതിരെ നടക്കുന്ന സമരങ്ങൾ, ബോക്സൈറ്റ് (Bauxite) ഖനനത്തിനായി വേദാന്ത കമ്പനി ഒഡീഷയിലെ സിജിമാലി, കുട്രുമാലി മലനിരകൾ വെട്ടി നശിപ്പിക്കുന്നുവെന്നാരോപിച്ച് ആദിവാസികൾ നടത്തുന്ന പ്രതിഷേധങ്ങൾ, എയർപോർട്ട് ഉൾപ്പെടെ സ്ഥാപിക്കാനായി ആൻഡമാൻ നിക്കോബറിലെ കന്യാവനങ്ങൾ നശിപ്പിക്കുന്നതിനെതിരെയുള്ള സമരങ്ങൾ, ഗൂഗിളിനായി എഐ ഡാറ്റ സെന്റർ സ്ഥാപിക്കാൻ ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തെ ജല സ്രോതസ്സുകൾ ചൂഷണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് നടക്കുന്ന സമരം – എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോർപറേറ്റുകൾക്കെതിരെ ആറോളം വലിയ പരിസ്ഥിതി – ഭൂ സമരങ്ങൾ നടക്കുന്നുണ്ട്.

വിവിധ കോർപ്പറേറ്റുകൾ ചേർന്ന് രാജ്യത്ത് നടപ്പിലാക്കുന്ന ഈ ആറ് ബൃഹദ് പദ്ധതികൾക്കായി ആകെ 320 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി ഏറ്റെടുക്കുന്നത്. ഇതിൽ 260 ചതുരശ്ര കിലോമീറ്ററിലധികം (26,000 ഹെക്ടർ) ഭൂമിയും നിബിഡ വനങ്ങളാണ്. കൽക്കട്ട നഗരത്തിന്റെ ആകെ വിസ്തീർണ്ണം 208 ചതുരശ്ര കിലോമീറ്ററെയുള്ളൂ എന്നത് പരിഗണിച്ചാൽ ഈ വനശീകരണത്തിന്റെ വ്യാപ്തി ബോധ്യപ്പെടും. മേല്പറഞ്ഞ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ വനങ്ങൾ പൂർണമായും നശിപ്പിക്കപ്പെടുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല 50 ലക്ഷത്തിലധികം മരങ്ങളും ഈ പദ്ധതികളിലായി നശിപ്പിക്കപ്പെടും.
ഇതിൽ പല പദ്ധതികൾക്കും സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നതിനായി വ്യാജ രേഖകൾ ചമച്ചുണ്ടാക്കുന്നത് മുതൽ പ്രാദേശിക ജനതയെ പണം നൽകി സ്വാധീനിക്കുന്നത് വരെ ചെയ്തിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2006-ലെ വനാവകാശ നിയമം (FRA), ആദിവാസി/പട്ടികവർഗ്ഗ മേഖലകളിലെ ഗ്രാമസഭകൾക്ക് സ്വയംഭരണവും പാരമ്പര്യ അവകാശങ്ങളും നൽകുന്ന 1996-ലെ പെസ (PESA) നിയമം, 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമം എന്നിവ ഉൾപ്പെടെ ആദിവാസി ജനവിഭാഗങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളാകെ ഈ പദ്ധതികളിൽ അട്ടിമറിക്കപ്പെടുകയാണ്.
കുടിയിറക്ക് ഭീഷണിയിൽ ജീവിതം വഴിമുട്ടി തദ്ദേശീയർ
വ്യവസായ വൽക്കരണത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ദുർബലരായ ആദിവാസി സമൂഹങ്ങളാണ്. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിൽ — അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ സ്ട്രാറ്റടെക് മിനറൽ റിസോഴ്‌സസ് (Stratatech Mineral Resources) നടത്തുന്ന ധിരൗളി (Dhirauli) കൽക്കരി പദ്ധതിക്കായി അനുവദിച്ചത് 26.72 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ്. എട്ട് ഗ്രാമങ്ങളിലായി 620 മുതൽ 1,000 വരെ കുടുംബങ്ങൾ (4,800-ലധികം ആളുകൾ) കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. ഇതിൽ ഗോണ്ട്, ഖൈർവാർ, ബൈഗ ഗോത്ര വിഭാഗങ്ങളിൽപ്പെട്ട 216 ആദിവാസി കുടുംബങ്ങളും 48 ദളിത് കുടുംബങ്ങളും ഉൾപ്പെടുന്നു. പ്രത്യേക സംരക്ഷണം ആവശ്യമുള്ള തദ്ദേശീയ ജനവിഭാഗമെന്ന നിലയിൽ നിയമപരമായ പദവിയുള്ള (PVTG) ഗോത്രവിഭാഗമാണ് ബൈഗകൾ.
ഈ സമൂഹങ്ങൾക്ക് വനഭൂമി വെറും താമസ സ്ഥലങ്ങൾ മാത്രമല്ല. മറിച്ച്, അവരുടെ സാമ്പത്തിക-സാംസ്കാരിക ആവാസ വ്യവസ്ഥയുടെ ഭാഗമാണ്. ഭക്ഷണത്തിനായും സാമ്പത്തിക ആവശ്യങ്ങൾക്കായും ഇവർ ആശ്രയിക്കുന്നത് വന വിഭവങ്ങളെയാണ്. അത് കൊണ്ട് തന്നെ, വനഭൂമി നശിപ്പിക്കപ്പെടുന്നത് ഈ സമൂഹങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. സിംഗ്രൗളിയിലും ഛത്തീസ്ഗഡിലെ ഹസ്ദേവ് അരണ്യ വനത്തിലും, ആദിവാസി കുടുംബങ്ങൾ പൂർണ്ണമായും വനവിഭവങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത് — മഹുവാ പൂക്കൾ, തെങ്ങോല, ഔഷധസസ്യങ്ങൾ, വിറക് എന്നിവ ശേഖരിച്ചാണ് ഇവരുടെ ജീവിതം. നിർബന്ധിത ഭൂമി ഏറ്റെടുക്കൽ തങ്ങളുടെ കാർഷിക സ്വാതന്ത്ര്യം കവർന്നെടുക്കുമെന്നും തങ്ങളെ ഭൂമിയില്ലാത്ത വ്യവസായ തൊഴിലാളികളാക്കി മാറ്റുമെന്നും ധിരൗളിയിലെ പ്രാദേശിക കർഷകർ പറയുന്നു. ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരമോ സ്ഥിരമായ പുനരധിവാസമോ ലഭിച്ചിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ആൻഡമാൻ; ദ്വീപിന്റെ 15 ശതമാനവും കയ്യടക്കുന്ന മെഗാ പ്രോജക്ട്
സമാന പ്രതിസന്ധി ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഉഷ്ണമേഖലാ മഴക്കാടുകളിലുമുണ്ട്. നിതി ആയോഗ് മുൻകൈയെടുത്ത് ആൻഡമാൻ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (ANIIDCO – Andaman and Nicobar Islands Integrated Development Corporation Limited) നടപ്പിലാക്കുന്ന 72,000 മുതൽ 92,000 കോടി രൂപയുടെ മെഗാ പ്രൊജക്റ്റാണ് ഇവിടെ പുരോഗമിക്കുന്നത്. ‘ഗ്രേറ്റ് നിക്കോബാർ പ്രോജക്ട്’ എന്ന പേരിലറിയപ്പെടുന്ന ഈ പദ്ധതി 166 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി ഏറ്റെടുക്കുന്നുണ്ട്. പദ്ധതിയിൽ അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ, വിമാനത്താവളം, ഊർജ്ജ നിലയം, ടൗൺഷിപ്പ് എന്നിവ ഉൾപ്പെടുന്നു. ഇതിനായി 130.75 ചതുരശ്ര കിലോമീറ്റർ പുരാതന മഴക്കാടുകൾ – ദ്വീപിന്റെ ആകെ വിസ്തൃതിയുടെ 15 ശതമാനം ഭൂമിയും ഏറ്റെടുക്കുകയാണ്. പദ്ധതി പ്രദേശത്തിന്റെ 84 ചതുരശ്ര കിലോമീറ്റർ ഭൂമി, നിക്കോബാറീസ് ജനവിഭാഗവും ഉൾക്കാടുകളിൽ പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന ഷോംപെൻ (PVTG) ഗോത്രവർഗ്ഗക്കാരും അധിവസിക്കുന്ന ട്രൈബൽ റിസർവ് ഭൂമിയാണ്. പദ്ധതിക്കായി 9.64 ലക്ഷം മരങ്ങളാണ് വെട്ടിമാറ്റുന്നത്. മാത്രമല്ല, പദ്ധതിക്കായി തെരഞ്ഞെടുത്തതിൽ 73.07 ചതുരശ്ര കിലോമീറ്റർ ഭൂമി ആദിവാസികൾക്കായി മാത്രമുള്ള ‘റിസർവ് ഭൂമിയാണ്’ (Tribal reserve land). പദ്ധതിയുടെ ഭാഗമായി, ഈ ഭൂമിയിൽ ആദിവാസികൾക്കുള്ള നിയമപരമായ അവകാശത്തെ റദ്ദാക്കുകയും ചെയ്യും. ഇത് കാടിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഷോംപെൻ വിഭാഗത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് ആദിവാസി ക്ഷേമ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

ഒഡീഷ : വേദാന്തയുടെ ബോക്സൈറ്റ് ഖനനം
കിഴക്കൻ ഒഡീഷയിൽ, രായഗഡ (Rayagada), കാളഹണ്ടി (Kalahandi) ജില്ലകളിലായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സിജിമാലി ബോക്സൈറ്റ് ഖനന പദ്ധതി നടക്കുന്നത് 1,548 ഹെക്ടർ ഭൂമിയിലാണ്. കൊന്ധ് (Kondh) ആദിവാസികളുടെയും ദളിത് സമൂഹങ്ങളുടെയും പരമ്പരാഗത ആവാസ കേന്ദ്രമാണിത്. ആഗോള ഖനന കമ്പനിയായ വേദാന്ത ഗ്രൂപ്പാണ് പദ്ധതിക്ക് പിന്നിൽ. ഖനനത്തിനായി പ്രദേശത്തെ ബോക്സൈറ്റ് പാളി നീക്കം ചെയ്യുന്നത് പ്രകൃതിദത്ത നീരുറവകളെ വറ്റിച്ചുകളയുമെന്നും തദ്ദേശീയരായ ആദിവാസി സമൂഹങ്ങളുടെ കുടിവെള്ളം മുട്ടുമെന്നും പരിസ്ഥിതി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഖനന പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 2023 മുതൽ നാട്ടുകാർ വേദാന്തയ്ക്കെതിരെ സമരത്തിലാണ്.
മധ്യപ്രദേശ് ; 22 ഗ്രാമങ്ങളെ മുക്കി കളയുന്ന അണക്കെട്ട് നിർമാണം
മധ്യപ്രദേശിലെ വരൾച്ച ബാധിത പ്രദേശമായ ബുന്ദേൽഖണ്ഡ് (Bundelkhand) മേഖലയിലെ, ദൗധൻ അണക്കെട്ട് നിർമ്മാണം 22 ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കും. ഇതിൽ 10 ഗ്രാമങ്ങൾ പൂർണ്ണമായും മുങ്ങിപ്പോവുകയും 7,000-ത്തിലധികം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യും. കെൻ-ബെത്വ നദി സംയോജനത്തിനായുള്ള ഈ പദ്ധതിയുടെ നിർമാണ ചെലവ് 44,605 കോടി രൂപയാണ്.
തലമുറകളായി കെൻ നദീതടത്തിൽ ജീവിക്കുന്ന ഗോണ്ട്, സൗർ ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരാണ് ബാധിക്കപ്പെടുന്ന ഗ്രാമീണരിൽ ഭൂരിപക്ഷവും. ഹൈദരാബാദ് ആസ്ഥാനമായ നാഗാർജുന കൺസ്ട്രക്ഷൻ എന്ന സ്വകാര്യ കോർപ്പറേറ്റ് കമ്പനിക്കാണ് നിർമ്മാണ ചുമതല. കൃത്യമായ സർവേയോ ന്യായമായ നഷ്ടപരിഹാരമോ ഇല്ലാതെയാണ് പദ്ധതിയെന്ന് പ്രാദേശികവാസികൾ പറയുന്നു. പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈ വർഷം ഏപ്രിൽ മുതൽ ഇവർ സമരത്തിലാണ്.
അനുമതി നേടാനായി വ്യാജ രേഖകൾ
2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 41, പെസ നിയമം (1996), വനാവകാശ നിയമം (2006) എന്നിവ പ്രകാരം ആദിവാസി വിഭാഗങ്ങൾ കൂടുതലായി പാർക്കുന്ന ‘അഞ്ചാം ഷെഡ്യൂൾ’ മേഖലകളിലെ ഭൂമി ഏറ്റെടുക്കുന്നതിനും വനം മാറ്റുന്നതിനും പ്രാദേശിക ഗ്രാമസഭകളുടെ അനുമതി ആവശ്യമാണ്. എന്നാൽ പല പദ്ധതികളിലും കോർപ്പറേറ്റുകൾ ഗ്രാമസഭകളെ കബളിപ്പിച്ച് അനുമതി നേടുകയോ അനുമതി രേഖകൾ കെട്ടിച്ചമക്കുകയോ ചെയ്തിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
ഒഡീഷയിലെ സിജിമാലി ബോക്സൈറ്റ് പദ്ധതിയുടെ ഭാഗമായി (വേദാന്ത ലിമിറ്റഡ് ലേലത്തിൽ പിടിച്ച പദ്ധതി) 2023 ഒക്ടോബറിൽ നടത്തിയ അഭിപ്രായ രൂപീകരണ പൊതുയോഗത്തിൽ (പബ്ലിക് ഹിയറിങ്) തങ്ങൾ പദ്ധതിയെ പൂർണമായും എതിർത്തിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ, 2023 ഡിസംബറിൽ ചേർന്ന ഗ്രാമസഭകൾ ഖനിക്ക് അനുമതി നൽകിയതായാണ് ഔദ്യോഗിക രേഖകൾ പറയുന്നത്. രേഖകൾ പൂർണമായും കെട്ടിച്ചമച്ചതാണെന്ന് ഗ്രാമീണർ പറയുന്നു. 2023 ഡിസംബറിൽ കുറച്ച് പ്രദേശവാസികളെ പോലീസുകാർ ബസ്സിൽ നിന്നിറക്കി മർദ്ദിച്ചതായും ശേഷം ഒരു ബാനർ കയ്യിൽ നൽകി നിർബന്ധിപ്പിച്ച് ഫോട്ടോ എടുപ്പിച്ചതായും ഇവർ ആരോപിക്കുന്നു.
വിവരാവകാശ നിയമപ്രകാരം പ്രദേശവാസികൾക്ക് കിട്ടിയ ഗ്രാമസഭാ രേഖകളിൽ വേറെയും വ്യാജ രേഖകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്.
മരിച്ചവരുടെ ഒപ്പ് ; ബിരുദധാരികളുടെ വിരലടയാളങ്ങൾ
വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ ഗ്രാമീണരുടെയും വിദേശത്തുള്ള പ്രവാസി തൊഴിലാളികളുടെയും ഒപ്പുകൾ ഈ രേഖകളിൽ ഉണ്ടായിരുന്നു. രേഖകളിൽ ബിരുദധാരികളുടെ പേരിന് നേരെ പോലും ഒപ്പിന് പകരം വിരലടയാളങ്ങളായിരുന്നു. പത്ത് വ്യത്യസ്ത ഗ്രാമസഭകൾ ഒരേ ദിവസം, ഒരേ സമയത്ത്, വ്യത്യസ്ത സ്ഥലങ്ങളിൽ വച്ച് നടന്നതായും എല്ലാത്തിലും ഒരേ ഉദ്യോഗസ്ഥർ പങ്കെടുത്തതായും ഔദ്യോഗിക രേഖകൾ പറയുന്നു. സെൻസസ് രേഖകൾ പ്രകാരം ജനവാസമില്ലാത്ത പെലനകണ, കാതിഭട്ട എന്നീ ഗ്രാമങ്ങളിൽ പോലും ഗ്രാമസഭകൾ നടന്നതായും പദ്ധതിക്ക് അവർ അനുമതി നൽകിയതായും രേഖകളിലുണ്ട്.
ഒഡീഷയിൽ മാത്രമല്ല, കോർപ്പറേറ്റ്കൾക്കെതിരെ സമരങ്ങൾ നടക്കുന്ന മറ്റ് പലയിടങ്ങളിലും ഇതേ രീതിയിൽ വ്യാജ രേഖകൾ ചമച്ചതായി റിപ്പോർട്ടുകളുണ്ട്. ഛത്തീസ്ഗഡിലെ ഹസ്ദിയോ അരണ്യ വനം കയ്യേറിയുള്ള പർസ കൽക്കരി ബ്ലോക്ക് പദ്ധതിയിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
1,252 ഹെക്ടർ വിസ്തൃതിയിൽ നടപ്പാവുന്ന പദ്ധതിക്ക് ഗ്രാമസഭകൾ 2018 ജനുവരിയിൽ അനുമതി നൽകിയതായാണ് ഔദ്യോഗിക രേഖകൾ. പർസ കൽക്കരി ബ്ലോക്കിന് ഒന്നാം ഘട്ട വനാനുമതി ലഭിക്കുന്നതിനായി (രാജസ്ഥാൻ സംസ്ഥാന വൈദ്യുതി ബോർഡിന് അനുവദിച്ചതും അദാനി എന്റർപ്രൈസസ് എം.ഡി.ഒ ആയി പ്രവർത്തിക്കുന്നതുമായ പദ്ധതി), 2018 ജനുവരിയിൽ ഗ്രാമസഭകൾ അനുമതി നൽകിയതായി ജില്ലാ കളക്ടർമാർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചു. എന്നാൽ വ്യക്തികൾക്കുള്ള വനാവകാശ നിയമങ്ങൾ ചർച്ച ചെയ്യാൻ മാത്രമാണ് ആ യോഗം വിളിച്ചതെന്ന് പദ്ധതി ബാധിത പ്രദേശങ്ങളായ സാൽഹി, ഹരിഹർപൂർ ഗ്രാമങ്ങളിലെ മനുഷ്യർ പറയുന്നു.
വിവാഹ സഹായം, ശൈത്യകാലത്ത് പുതപ്പ് വിതരണം
ചെറിയ ആനുകൂല്യങ്ങൾ നൽകിയോ ഭീഷണിപ്പെടുത്തിയോ തദ്ദേശായരെ കൊണ്ട് സമ്മതം ഒപ്പിട്ട് വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഹസ്ദിയോ അരണ്യയിൽ, അദാനി മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ് വിവാഹ സീസണിൽ ചെറുപ്പക്കാരായ വരന്മാർക്ക് 20,000 രൂപയുടെ വായ്പ നൽകി. ശേഷം, തങ്ങളുടെ ഭൂമി കൽക്കരി ഖനിക്കായി ജില്ലാ ഭരണകൂടം ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന നഷ്ടപരിഹാരത്തുകയിൽ നിന്ന് വായ്പ തിരിച്ചടച്ചുകൊള്ളാമെന്ന് കമ്പനി എഴുതിവാങ്ങിയതായും പ്രദേശവാസികൾ പറയുന്നു. തഹസിൽദാറുടെ സാന്നിധ്യത്തിൽ തയ്യാറാക്കിയ രേഖയിൽ ഇത് വ്യക്തമാക്കിയിട്ടുള്ളതായും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
മധ്യ പ്രദേശിലെ ധിരൗളി ഖനന പദ്ധതിയിൽ, ശൈത്യകാലത്ത് സൗജന്യ പുതപ്പുകൾ വിതരണം ചെയ്താണ് ആദിവാസികളിൽ നിന്ന് ഭൂമി ഏറ്റെടുക്കാനുള്ള സമ്മതപത്രം ഒപ്പിട്ട് വാങ്ങിയതെന്ന് സമരക്കാർ പറയുന്നു. സർവേയർമാരെ തങ്ങളുടെ വസ്തുവിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്ന കർഷകർക്കെതിരെ പോലീസ് കേസ് എടുക്കുകയാണ് ചെയ്തത്.
ആൻഡമാൻ ; അനുമതി പത്രങ്ങളിൽ ഒപ്പ് വെക്കാൻ സമ്മർദ്ദം ഭീഷണി
ആൻഡമാൻ നിക്കോബാറിലെ ‘ഗ്രേറ്റ് നിക്കോബാർ മെഗാ പ്രൊജക്റ്റിൽ’, തെരഞ്ഞെടുക്കപ്പെട്ട ട്രൈബൽ കൗൺസിലുകൾ ഔദ്യോഗികമായി തന്നെ പദ്ധതി നിരസിച്ചിരുന്നു. എന്നാൽ, സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന അന്തമാൻ ആദിം ജൻജാതി വികാസ് സമിതി (AAJVS) പാസാക്കിയ പ്രമേയങ്ങൾ, പ്രാദേശിക വിഭാഗങ്ങളുടെ സമ്മതമായി കണക്കാക്കി പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു. പദ്ധതിക്ക് അനുമതി നൽകുന്ന ‘സറണ്ടർ സർട്ടിഫിക്കറ്റുകളിൽ’ (surrender certificates) ഒപ്പുവെക്കാൻ ജില്ലാ ഉദ്യോഗസ്ഥർ തങ്ങളെ സമ്മർദ്ദത്തിലാക്കിയതായി ലിറ്റിൽ, ഗ്രേറ്റ് നിക്കോബാർ കൗൺസിലുകളിലെ അംഗങ്ങൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഗ്രാമസഭയുടെ സമ്മതം ലഭിച്ചതായി ഭരണകൂടം അവകാശപ്പെട്ടെങ്കിലും, വോട്ടർമാരുടെ പങ്കാളിത്തം 2 ശതമാനം മുതൽ 15 ശതമാനം വരെ മാത്രമായിരുന്നുവെന്ന് ഹാജർ രേഖകൾ വ്യക്തമാക്കി. നിയമപരമായി ഇത് 50 ശതമാനമെങ്കിലും ഉണ്ടായിരിക്കണം. തുടർന്ന് വനാനുമതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ വിചാരണയ്ക്കെടുക്കാൻ ഹൈക്കോടതി അനുമതി നൽകി.
കോർപ്പറേറ്റുകളുടെ ബിജെപി ബന്ധം
വലിയ പാരിസ്ഥിക ഭീഷണിയുയർത്തുന ഈ പദ്ധതികളുടെ കരാറുകൾ സ്വന്തമാക്കിയ കോർപ്പറേറ്റുകൾ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നവർ കൂടിയാണ്.
മധ്യപ്രദേശിലെ ദൗധൻ അണക്കെട്ട് നിർമ്മാണത്തിനായുള്ള കരാർ നേടിയത് ഹൈദരാബാദ് ആസ്ഥാനമായ നഗാർജുന കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡാണ് (NCC). 3,389.49 കോടി രൂപയുടെ കരാറാണിത്. 2019 നും 2022 നും ഇടയിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ഈ കമ്പനി ബിജെപി ക്ക് 60 കോടി രൂപ സംഭാവന നൽകിയതായി ഇലക്ഷൻ കമ്മീഷൻ രേഖകൾ വ്യക്തമാക്കുന്നു. 2018 ലും 2022 അവസാനത്തിലും നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ സംഭാവനകൾ.
യോഗ്യതയില്ലെങ്കിലും നിർമാണ കരാർ
വലിയ അണക്കെട്ടുകൾ നിർമ്മിക്കുന്നതിൽ എൻ.സി.സിക്ക് മുൻപരിചയം കുറവായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു. പൈപ്പ് ലൈനുകൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായിരുന്നു എൻ.സി.സി യുടെ പ്രധാന പ്രവൃത്തിപരിചയം. 366.70 കോടി രൂപ മൂല്യമുള്ള ഒരു സംയോജിത ജലസേചന പദ്ധതി മാത്രമായിരുന്നു ഇവരുടെ മുൻ പരിചയം. എന്നാൽ നിർമ്മാണ യോഗ്യത നേടുന്നതിന്, കുറഞ്ഞത് 700 കോടി രൂപയെങ്കിലും മൂല്യമുള്ള അണക്കെട്ട് നിർമ്മിച്ച പരിചയമുണ്ടാകണമെന്ന് ടെൻഡറിൽ വ്യവസ്ഥ ചെയ്തിരുന്നു.
ദേശീയ ജലവൈദ്യുത കോർപ്പറേഷൻ (NHPC) തയ്യാറാക്കിയ മുൻപരിചയ മാനദണ്ഡങ്ങളിൽ പദ്ധതിയുടെ സാങ്കേതിക ഉപദേശക സമിതി ഇളവ് വരുത്തിയതോടെയാണ് എൻ.സി.സി യോഗ്യത നേടുകയും കരാർ സ്വന്തമാക്കുകയും ചെയ്തത്. ബിജെപി ക്ക് സംഭാവന നൽകിയതിന് പിന്നാലെ ബിജെപി ഭരിച്ചിരുന്ന ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, മധ്യ പ്രദേശ്, ആന്ധ്ര പ്രദേശ്, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നിർമ്മാണ കരാറുകളും പല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കരാറുകളും എൻസിസി ക്ക് ലഭിച്ചിരുന്നു. ഇതോടെ, എൻസിസി യ്ക്ക് ആകെ ലഭിച്ച കരാറുകളുടെ മൂല്യം 2019 ലെ 26,572 കോടി രൂപയിൽ നിന്ന് 2025 ഓടെ 83,004 കോടി രൂപയായി ഉയർന്നു. മൂന്നിരട്ടിയിലധികം വർദ്ധന.
സമാനമായി, അദാനിയും ബിജെപിയുമായുള്ള ബന്ധങ്ങൾ ഏറെ ചർച്ചയായതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കൽക്കരി കരാറുകൾ മുഴുവൻ 25 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് നൽകിയത് നേരത്തെ തന്നെ വാർത്തയായിരുന്നു. ഏതാണ്ട് 13.27 ലക്ഷം കോടി രൂപ മൂല്യമുള്ള കരാറുകളാണിവ.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്, ഗൂഗിൾ, റിലയൻസ്, അദാനി ഗ്രൂപ്പ് എന്നിവരുടെ പങ്കാളിത്തത്തോടെ 6.5 ഗിഗാവാട്ട് ശേഷിയുള്ള ഹൈപ്പർസ്‌കെയിൽ എ.ഐ ഡാറ്റാ സെന്റർ പാർക്കുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. അദാനി-ഗൂഗിൾ ഡാറ്റാ സെന്റർ സൈറ്റുകൾക്കുള്ള പരിസ്ഥിതി അനുമതികൾ സംസ്ഥാന പാരിസ്ഥിതികാഘാത പഠന അതോറിറ്റി (SEIAA – State Environment Impact Assessment Authority) വെറും ഒരു ആഴ്ച കൊണ്ടാണ് നൽകിയത്.
2006-ലെ പാരിസ്ഥിക ആഘാത പഠന (Environment Impact Assessment) വിജ്ഞാപന പ്രകാരം കേന്ദ്ര സർക്കാർ എ.ഐ ഡാറ്റാ സെന്ററുകളെ സാധാരണ “കെട്ടിട നിർമ്മാണ” പ്രൊജക്റ്റുകളായാണ് തരംതിരിച്ചിരിക്കുന്നത്. ഇതുവഴി സമഗ്രമായ പരിസ്ഥിതി ആഘാത പഠനങ്ങളിൽ നിന്നും പബ്ലിക് ഹിയറിംഗുകളിൽ നിന്നും ഈ പദ്ധതികൾക്ക് ഇളവ് ലഭിക്കുന്നുവെന്ന് പരിസ്ഥിതി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. നിയമപരമായ ഈ വിടവ് ഉപയോഗപ്പെടുത്തിയാണ് വലിയ അളവിൽ ഊർജ്ജവും വെള്ളവും ആവശ്യമായി വരുന്ന മൾട്ടി-ഗിഗാവാട്ട് പദ്ധതികൾക്ക് കോർപ്പറേറ്റുകൾ അനുമതി നേടുന്നത്.
മനുഷ്യർ മാത്രമല്ല ഇരകൾ
വനനശീകരണത്തിനപ്പുറം പ്രാദേശിക ജലവ്യവസ്ഥയ്ക്കും വന്യജീവി ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാണ് ഈ ആറ് വ്യവസായ പദ്ധതികളും. ഒഡീഷയിലെ സിജിമാലിയിലെ ബോക്സൈറ്റ് കുന്നുകളിൽ, ഓപ്പൺ കാസ്റ്റ് ഖനനം വഴി മണ്ണിന് മുകളിലെ ബോക്സൈറ്റ് പാളി നീക്കം ചെയ്യപ്പെടുന്നു. പ്രകൃതിദത്തമായ ഒരു സ്പോഞ്ച് പോലെയാണ് ബോക്സൈറ്റ് പാളികൾ പ്രവർത്തിക്കുന്നത്. നിരവധി സുഷിരങ്ങളുള്ള ഇവ വലിയ തോതിൽ മഴവെള്ളം ശേഖരിക്കുന്നു.
ഇവ നീക്കം ചെയ്യുന്നതോടെ നീരുറവകളുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും വംശധാര, നാഗാവലി നദീതടങ്ങളിലേക്ക് ഒഴുകുന്ന അരുവികൾ വറ്റിപ്പോകുമെന്നും ഭൗമശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. സമീപത്തുള്ള പഞ്ച്പട്മാലി ബോക്സൈറ്റ് പീഠഭൂമിയിലും സമാനമായ രീതിയിൽ ഖനനം മൂലം ചുറ്റുമുള്ള പ്രകൃതിദത്ത നീരുറവകൾ വറ്റിപ്പോയിരുന്നു.
മധ്യപ്രദേശിലെ സിംഗ്രൗളിയിൽ, ഓപ്പൺ കാസ്റ്റ് കൽക്കരി ഖനനത്തിന് സൗകര്യമൊരുക്കുന്നതിനായി ഹർദുൽ നള എന്ന പ്രകൃതിദത്ത അരുവി കോൺക്രീറ്റ് കനാലിലേക്ക് വഴിതിരിച്ചുവിടാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ടണലുകൾ വഴിയുള്ള സാധാരണ ഖനന രീതിയിൽ നിന്ന് വ്യത്യസ്ഥമായി മണ്ണിന്റെ പുറം പാളി നീക്കി നടത്തുന്ന ഖനനമാണ് ‘ഓപ്പൺ കാസ്റ്റ്’. നദീതട പരിസ്ഥിതിക്കും ജലനിരപ്പിനും കടുത്ത ഭീഷണിയുള്ളതിനാൽ അരുവി തിരിച്ചുവിടുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി ആദ്യം വിലക്കിയിരുന്നു. എന്നാൽ ഓപ്പൺ കാസ്റ്റ് ഖനനം മാത്രമേ ലാഭകരമാകൂ എന്ന അദാനി ഗ്രൂപ്പിന്റെ വാദത്തെ തുടർന്ന് ഈ തീരുമാനം തിരുത്തുകയായിരുന്നു. ഈ പദ്ധതി ആനത്താരകളിലൂടെയാണെന്നത് കൂടുതൽ ഗൗരവതരമാണ്.

ഓപ്പൺ കാസ്റ്റ് ഖനനം
ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് അദാനി-ഗൂഗിൾ ഡാറ്റാ സെന്റർ നിർമ്മാണം നടക്കുന്നത് നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ മുഡസർലോവ ജലാശയത്തിന് തൊട്ടടുത്താണ്. നിർമ്മാണ പ്രവർത്തനങ്ങൾ സിംഹാചലം, കംബാലകൊണ്ട കുന്നുകളിൽ നിന്നുള്ള നീരൊഴുക്കുകളെ തടസ്സപ്പെടുത്തും. കൂടാതെ, 6.5 GW ഡാറ്റാ സെന്ററിന്റെ തണുപ്പിക്കൽ ആവശ്യങ്ങൾക്കായി 2 മുതൽ 3 ടി.എം.സി (TMC – Thousand Million Cubic Feet) ജലം ആവശ്യമായി വരുന്നത് കുടിവെള്ള ലഭ്യതയെ സാരമായി ബാധിക്കും.
ദേശീയ വന്യജീവി സങ്കേതങ്ങളെയും ഈ പദ്ധതി ബാധിക്കുന്നുണ്ട്. കെൻ-ബെത്വ അണക്കെട്ട് പദ്ധതി, പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലെ 98 ചതുരശ്ര കിലോമീറ്റർ വനം വെള്ളത്തിനടിയിലാക്കും. ഇത് കടുവകളുടെ പ്രധാന ആവാസവ്യവസ്ഥയെയും അപൂർവ്വ ഇനം മുതലകളുടെയും കഴുകന്മാരുടെയും പ്രജനന കേന്ദ്രങ്ങളെയും നശിപ്പിക്കും. ആൻഡമാൻ നിക്കോബാറിൽ നടപ്പാക്കുന്ന ‘ഗ്രേറ്റ് നിക്കോബാർ’ പദ്ധതിക്കായി ദേശീയ വന്യജീവി ബോർഡ് (National Board for Wildlife) ‘മെഗാപോഡ്’, ‘ഗലാത്തിയ ബേ’ എന്നീ വനങ്ങളുടെ ‘വന്യജീവി സങ്കേത’ (Wildlife Sanctuary) പദവി റദ്ദാക്കി. കൂറ്റൻ ലെതർബാക്ക് കടലാമകളുടെ പ്രധാന മുട്ടയിടൽ കേന്ദ്രമാണ് ഗലാത്തിയ ബേ. കടലിലെ ഖനനവും തുറമുഖ നിർമ്മാണവും തീരദേശ മാറ്റങ്ങളും കടലാമകളുടെ മുട്ടയിടൽ കേന്ദ്രങ്ങളെയും പവിഴപ്പുറ്റുകളെയും നശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തളരാത്ത ജനകീയ പ്രതിരോധങ്ങൾ
കോർപ്പറേറ്റ് കടന്നുകയറ്റങ്ങൾക്കെതിരെ തദ്ദേശീയ ജനവിഭാഗങ്ങൾ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം പോലീസ് സേനയെ ഉപയോഗിക്കുകയാണ്.
ഒഡീഷയിലെ കന്ധമാൽ ഗ്രാമത്തിൽ സിജിമാലി ഖനന പ്രവർത്തനങ്ങളെ എതിർത്ത ഗ്രാമവാസികളുടെ വീടുകൾ പോലീസ് ആക്രമിച്ചത് ഈ വർഷം ഏപ്രിലിലാണ്. മലനിരകളുമായി ബന്ധിപ്പിക്കുന്ന 3 കിലോമീറ്റർ ഖനിയിലേക്കുള്ള റോഡ് നിർമ്മാണത്തെ എതിർത്തതിനാണ് ഇരുന്നൂറിലധികം പോലീസുകാർ ചേർന്ന് തങ്ങളെ ക്രൂരമായി മർദ്ദിച്ചതെന്ന് ഗ്രാമീണർ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിലായിരുന്നു ഈ പോലീസ് നടപടി.
പോലീസ് നടപടികൾക്കും കേസുകൾക്കുമിടയിലും, പ്രതിഷേധ പ്രസ്ഥാനങ്ങൾ വ്യത്യസ്ത സമരമുറകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മധ്യപ്രദേശിൽ കെൻ, ബരാന നദികളുടെ തീരത്ത് നിർമ്മിക്കുന്ന ദൗധൻ അണക്കെട്ടിനെതിരെ ആദിവാസികൾ ‘ചെളി പൂശിയ ശവമഞ്ച സമരം’ (ന്യായ ദോ യാ മൃത്യു – നീതി തരൂ അല്ലെങ്കിൽ മരണം) നടത്തിയിരുന്നു. മണ്ണിൽ കുളിച്ച ശരീരങ്ങളുമായി നൂറുകണക്കിന് ഗോണ്ട്, സൗർ ആദിവാസി സ്ത്രീകളും പുരുഷന്മാരും നദീതീരത്ത് നിർമ്മിച്ച ശവമഞ്ചങ്ങളിൽ കിടന്നാണ് പ്രതിഷേധിച്ചത്. സമീപ ഗ്രാമങ്ങളിലെ സ്ത്രീകൾ ‘ചുൽഹ ബന്ദ്’ (അടുപ്പുകൂട്ടാത്ത സമരം) നടത്തി. സമര നേതാവ് അമിത് ഭട്നഗർ ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനർ സർവേ ആവശ്യപ്പെട്ട് 18 ദിവസത്തെ നിരാഹാര സമരം നടത്തി. പോലീസെത്തി ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും, ആശുപത്രി കിടക്കയിലും അദ്ദേഹം സമരം തുടർന്നു. ഒടുവിൽ തദ്ദേശീയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ സർവേ സുതാര്യമായി വീണ്ടും നടത്താൻ അധികൃതർ ഉത്തരവിടുകയായിരുന്നു.
അന്താരാഷ്ട്ര തലത്തിലും പദ്ധതികൾക്കെതിരെ സമ്മർദ്ദം ശക്തമാകുന്നുണ്ട്. 2026 ആഗസ്റ്റ് 25-ന്, വംശീയ വിവേചനം നിർജ്ജനം ചെയ്യുന്നതിനുള്ള ഐക്യരാഷ്ട്രസഭാ സമിതി (CERD), ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ എല്ലാ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നിർത്തിവെക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വനാവകാശ നിയമം നടപ്പിലാക്കുന്നതിലെ വ്യവസ്ഥാപിത വീഴ്ചകളും ഷോംപെൻ, നിക്കോബാറീസ് ജനവിഭാഗങ്ങൾ നേരിടുന്ന ഭീഷണിയും മുൻനിർത്തിയാണ് ഐക്യ രാഷ്ട്രസഭാ സമിതിയുടെ ആഹ്വാനം. സ്വതന്ത്രമായ പരിസ്ഥിതി-സാമൂഹിക-സാംസ്‌കാരിക പഠനങ്ങൾ പൂർത്തിയാകുന്നതുവരെ പദ്ധതി നിർത്തിവെക്കാനാണ് നിർദ്ദേശം.
ഹസ്ദിയോ അരണ്യയിലെ കാടുകൾ മുതൽ ഗ്രേറ്റ് നിക്കോബാറിലെ തീരങ്ങൾ വരെ, രാജ്യത്തെവിടെയും തദ്ദേശീയ ജനവിഭാഗങ്ങൾ പോരാട്ടത്തിലാണ്. ഗോത്രമേഖലകളിലേക്ക് കോർപ്പറേറ്റ് കമ്പനികൾ കടന്നു കയറുമ്പോൾ, മണ്ണും ജലവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം നിലക്കാതെ തുടരുന്നു.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക