പ്രതിച്ഛായാ നിർമിതിയുടെ വ്യാജവഴികൾ: വി ഡി സതീശന്റെ ചായകുടിയുടെ കഥ

പ്രതിച്ഛായാ നിർമിതിയുടെ വ്യാജവഴികൾ: വി ഡി സതീശന്റെ ചായകുടിയുടെ കഥ

പോലീസുകാരോടൊപ്പം ചായ കുടിക്കുന്ന മുഖ്യമന്ത്രി. കഴിഞ്ഞ ദിവസങ്ങളിലെ ഒരു വൈറൽ ചിത്രം. മുഖ്യമന്ത്രി വി ഡി സതീശന്റെ ലാളിത്യത്തിനും എളിമക്കും ഉദാഹരണമായി സൈബർ ലോകത്ത് ഫോട്ടോ പറന്നു. ചിത്രം എ ഐ നിർമിതമാണെന്ന് പലരും കണ്ടെത്തി. പക്ഷേ ആരാണ് ഈ വ്യാജ പ്രതിച്ഛായാ നിർമ്മിതിക്ക് പിന്നിൽ? ഈ ചിത്രം എവിടെ നിന്നാണ് /എങ്ങനെയാണ് ഉടലെടുത്തത്? ഞങ്ങൾ പരിശോധിച്ചു.

എ ഐ ഇൻ്റഗ്രേറ്റഡ് ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നതിനായി എ ഐ ടൂളുകൾ ഉപയോഗിക്കുന്ന പ്രവണത ഇപ്പോൾ വ്യാപകമായിക്കഴിഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും വ്യാജമായ ആഖ്യാനങ്ങൾ നിർമിക്കാനും എ ഐ ഉപയോഗിക്കുന്ന പ്രവണത സാമൂഹ്യമാധ്യങ്ങളിൽ ശക്തമാണ്. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഈ വഴി പിന്തുടരുന്നത് വാർത്താവിനിമയ മേഖലയിൽ വലിയ തോതിലുള്ള ഗുണനിലവാര തകർച്ചക്ക് വഴിയൊരുക്കും.

എ ഐ ഉപയോഗിച്ചുള്ള പ്രതിച്ഛായാ നിർമ്മിതിക്കിടെ വരുന്ന സാങ്കേതിക പിഴവുകളാണ് പലപ്പോഴും വ്യാജമായ ആഖ്യാനങ്ങളെ പൊളിക്കുന്നത്. വി ഡി സതീശൻ പോലീസുകാരോടൊപ്പം ചായ കുടിക്കുന്ന വൈറലായ ചിത്രത്തിന് സംഭവിച്ചതും അതാണ്.

കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിലൂടെ  ഈ ചിത്രം വലിയ തോതിൽ പ്രചരിച്ചു നിരവധി ഫോളോവേഴ്സുള്ള അക്കൗണ്ടുകളും കോണ്‍ഗ്രെസിന്റെ സൈബർ ഗ്രൂപ്പുകളും ഒരേപോലെ പങ്കുവെച്ച ഒരു ചിത്രം വലിയ രീതിയിൽ വൈറലായി. മുഖ്യമന്ത്രിയുടെ എളിമക്കും ലാളിത്യത്തിനും ഉദാഹരണമായാണ് ഈ ചിത്രം ആഘോഷിക്കപ്പെട്ടത് . ‘പൊതു പ്രവർത്തകർക്കും മറ്റു ഭരണാധികാരികൾക്കും മാതൃകയാകുന്ന ലളിതവും മനോഹരവുമായ ദൃശ്യം’ എന്ന തലക്കെട്ടോടെയാണ് ഈ ഫോട്ടോ പ്രചരിക്കുന്നത്. കോൺഗ്രസ് അനുകൂല പേജുകൾ മാത്രമല്ല, മലയാളത്തിൽ നിരവധി ഫോളോവേഴ്സ് ഉള്ള എൻ്റർടെയ്ൻമെൻ്റ് പേജുകളും ഈ ഫോട്ടോ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നു. പോലീസുകാരോട് സൗഹൃദപൂർവം സംസാരിക്കുന്ന കോൺഗ്രസിൻ്റെ പുതിയ മുഖ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹമായിരുന്നു കമൻ്റ് സെക്ഷൻ മുഴുവൻ.

ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ്, സ്ക്രീൻഷോട്ട്

അഭിനന്ദനീയവും മാതൃകാപരവുമായ ഫോട്ടോ എന്നാണ് ക്യാപ്ഷനിലെ പരാമർശം. ഫേസ്ബുക്കിൽ അയ്യായിരത്തിലധികം (5.9K) ഫോളോവേഴ്സ് ഉണ്ട് Ajith Kumar JS എന്ന അക്കൗണ്ടിന്.

ഇതേ ഫോട്ടോ, എക്സ് ഉൾപ്പെടെ മറ്റ് സോഷ്യൽ മീഡിയ പേജുകളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ടുള്ള ക്യാപ്ഷനുകൾ തന്നെയാണ് എല്ലാവരും ഉപയോഗിച്ചിരിക്കുന്നത്. 

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അനുകൂല അക്കൗണ്ടുകളാണ് എക്സിൽ ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത്. 15,000 ൽ കൂടുതൽ ഫോളോവേഴ്സ് ഉള്ള ഒരു അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ് ഇതുവരെ, 28,000 ൽ അധികം (28.4K) പേരാണ് കണ്ടത്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

ഒറ്റ നോട്ടത്തിൽ ഫോട്ടോയ്ക്ക് പ്രശ്നം ഒന്നുമില്ല. പക്ഷെ, എഡിറ്റിങ്ങിൽ കാര്യമായ ഒരു പിഴവ് പറ്റിയിട്ടുണ്ട്. പോലീസുകാരോടൊപ്പം ചായ കുടിക്കാൻ ഇരിക്കുന്ന വി.ഡി സതീശന്റെ  കൈ, ചായ കപ്പിൽ പിടിച്ചിരിക്കുന്നിടത്ത് നോക്കിയാൽ സാങ്കേതിക പാളിച്ച കാണാം. ഇത് എ ഐ നിർമിതമാണെന്ന് ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുകളുടെ പ്രവാഹമായി പിന്നീട്. മുഖ്യമന്ത്രിയുടെ പി. ആർ വർക്ക് പാളി എന്ന് കളിയാക്കികൊണ്ടുള്ള പോസ്റ്റുകളും  പ്രചരിച്ചു. ഇടതനുകൂല പേജുകളിലാണ് ഇത്തരം പോസ്റ്റുകള്‍ വന്നത്.

ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ചിത്രം എ ഐ ഡിറ്റക്റ്റക്ഷന്‍ ടൂളില്‍ ചേര്‍ത്ത് വിശകലനം ചെയ്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

എന്തായാലും പിന്നീട് മുഖ്യമന്ത്രിയുടെ ഇതേ ഫോട്ടോ പിന്നീട് പല അക്കൌണ്ടുകളിലും പോസ്റ്റ് ചെയ്യപ്പെട്ടു. ‘UDF Online’ എന്ന വെരിഫൈഡ് പേജിലും ഈ ഫോട്ടോ പോസ്റ്റ് ചെയ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീന്‍ഷോട്ട്

ആയിരത്തിലധികം പേരാണ് ഈ അക്കൗണ്ടില്‍ നിന്നും പോസ്റ്റിനു ലൈക്ക് ചെയ്തിട്ടുള്ളത്. നിരവധി എന്റർടൈൻമെന്റ് പേജുകളിൽ ഈ ചിത്രം വൈറലായി തുടരുകയാണ്.

ചിത്രത്തിന്റെ ഉറവിടം

പ്രചരിക്കുന്ന എ ഐ ചിത്രത്തിന്റെ ഉറവിടം ഒബിസി കണ്ടെത്തി. വൈറല്‍ ചിത്രത്തിന്റെ വലത്തേ അറ്റത്തായി മുകള്‍ ഭാഗത്ത് ‘MS WORLD’ എന്ന ഒരു ലോഗോ കാണാം. ഫേസ്ബുക്കില്‍ ഈ പേജ് കണ്ടെത്തുകയിരുന്നു അടുത്ത പടി. 

MS WORLD ല്‍ വന്ന പോസ്റ്റ്, സ്ക്രീന്‍ഷോട്ട് 

ഫേസ്ബുക്കിൽ 90,000 ഫോളോവേഴ്സ് ഉള്ള ഒരു അക്കൗണ്ട് ആണിത്. സിനിമ അപ്ഡേറ്റുകൾ ആണ് ഈ പേജിലെ മുഖ്യ കണ്ടൻ്റ്. ഇതോടൊപ്പം പുതിയ സർക്കാരുമായി ബന്ധപ്പെട്ട നിരവധി അപ്‌ഡേറ്റുകളും ഈ പേജിൽ പോസ്റ്റ് ചെയ്യപ്പെടുന്നു.

MS World ലെ വിവിധ പോസ്റ്റുകൾ, സ്ക്രീൻഷോട്ട് 

സിനിമാ വിശേഷങ്ങള്‍ക്കിടയില്‍, ഇടയ്ക്കിടെ വി.ഡി സതീശനുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഈ അക്കൌണ്ട് പങ്കുവയ്ക്കുന്നു. ഈ പേജിലാണ് മുഖ്യമന്ത്രിയുടെ എ ഐ ഫോട്ടോ ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് ഒബിസിയുടെ അന്വേഷണത്തിൽ നിന്ന് മനസ്സിലായത്. പല രാഷ്ട്രീയ നേതാക്കളും നല്ല ദൃശ്യത ഉള്ള സോഷ്യൽ മീഡിയ പേജുകൾ വാങ്ങി അവ പി ആർ വർക്കിന്‌ ഉപയോഗിക്കുന്നത് അസാധാരണമല്ല. എന്തായാലും ഈ പേജിന്റെ ഉള്ളടക്കം പണം വാങ്ങിയുള്ള പി ആർ പ്രവർത്തനമാണോ എന്ന് പറയാൻ തെളിവുകൾ ഇല്ലെങ്കിലും വലിയ തോതിൽ വൈറലായ ചായ കുടി ചിത്രം ഇവിടെ നിന്നാണ് ഉടലെടുത്തത് എന്നത് കൗതുകകരമാണ്. 

രണ്ടു കൊല്ലം മുന്‍പത്തെ ചായകുടി! 

മുഖ്യമന്ത്രി പോലീസുകാരോടോപ്പം ചായ കുടിച്ചിരിക്കുന്ന ഫോട്ടോ ഇപ്പോഴത്തെയല്ല. രണ്ട് വര്‍ഷം മുൻപ് അദ്ദേഹം പ്രതിപക്ഷനേതാവായിരിക്കുന്ന കാലത്തെ  ദൃശ്യമാണ് പുതിയതെന്ന മട്ടിൽ പ്രചരിപ്പിക്കുന്നതെന്ന് റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ കണ്ടെത്താൻ കഴിഞ്ഞു. ഇതേക്കുറിച്ചുള്ള  ഒരു വീഡിയോ റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ചാനലിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കാണാം. 

റിപ്പോര്‍ട്ടര്‍ വാര്‍ത്ത, സ്ക്രീന്‍ഷോട്ട്

വയനാട് നടന്ന കെ പി സി സി ക്യാമ്പിനു ശേഷം പൈലറ്റ്‌ വാഹനത്തില്‍ വന്ന പോലീസ് ഉദ്യോഗസ്ഥരാണ് വി.ഡി സതീശന്റെ കൂടെ ചായ കുടിച്ചിരിക്കുന്നത്.

ഈ വീഡിയോയില്‍ നിന്നുള്ള ഒരു ഭാഗമാണ് എഡിറ്റ് ചെയ്ത് തെറ്റായ ആഖ്യാനത്തോടെ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ‘എളിമയും വിനയവും ‘എടുത്തുകാട്ടാനായി പ്രതിപക്ഷ നേതാവായിരുന്ന കാലത്തെ ദൃശ്യം ഉപയോഗിക്കുകയാണ് ചെയ്യുന്നത്.  

സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉള്ള വെരിഫൈഡ് പേജുകൾ പോലും അടിസ്ഥാന വിവരങ്ങൾ പരിശോധിക്കാതെ ഇത്തരം എഡിറ്റഡ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാനിടയാക്കും. എ ഐ സാങ്കേതികവിദ്യ വലിയ പ്രാധാന്യം നേടിയ ഈ കാലഘട്ടത്തിൽ, അവയുടെ ദുരുപയോഗവും വര്‍ധിച്ചു വരികയാണ്‌.

 

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top