
ഷോക്കടിപ്പിക്കുമോ നിർമിത ബുദ്ധി?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻതോതിലുള്ള നിക്ഷേപമാണ് ഇന്ത്യയിൽ വരുന്നത്. ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ നിർമിക്കാനായി ബഹുരാഷ്ട്ര കമ്പനികൾ മുന്നോട്ട് വരുന്നു. ഇത് രാജ്യത്ത് ജലക്ഷാമം രൂക്ഷമാക്കും. ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്ന വിശാഖപട്ടണമടക്കമുള്ള പ്രദേശങ്ങളിൽ ജലപ്രതിസന്ധിയെ ചൊല്ലി വലിയ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. അതേ സമയം ഡാറ്റാ സെന്ററുകൾക്ക് വേണ്ടി വരുന്ന വൻതോതിലുള്ള അധിക വൈദ്യുതി എങ്ങനെ കണ്ടെത്തും എന്ന ചോദ്യവും നില നിൽക്കുന്നു. എ ഐയുടെ വികസനം, സാധാരണക്കാരുടെ വൈദ്യതി ഉപഭോഗത്തിന് മേൽ വലിയ ആഘാതം ഏൽപ്പിക്കുമെന്നാണ് മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടത്.
ആഗോളതലത്തിൽ എ.ഐയുടെയും ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെയും ഒരു പ്രധാന കേന്ദ്രമായി മാറാനാണ് ഇന്ത്യയിപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യത്ത് വൻതോതിൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ എയർട്രങ്ക്, അദാനി കണക്ട്സ്, റിലയൻസ് തുടങ്ങിയ പ്രമുഖ കമ്പനികൾ കോടിക്കണക്കിന് രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ, നമ്മൾ ഉപയോഗിക്കുന്ന ഓരോ എ.ഐ സേവനങ്ങൾക്കും പിന്നിൽ വലിയ തോതിൽ വൈദ്യുതി ആവശ്യമുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യ ഡിജിറ്റൽ രംഗത്ത് അതിവേഗം മുന്നേറുമ്പോൾ, ഈ വളർച്ചയ്ക്ക് ആവശ്യമായ വൈദ്യുതി തടസ്സമില്ലാതെ നൽകാൻ നമ്മുടെ രാജ്യത്തെ ഊർജ്ജ സംവിധാനത്തിന് സാധിക്കുമോ എന്ന ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്. ആഗോളതലത്തിൽ ഡാറ്റാ സെന്ററുകളുടെ വളർച്ച ഊർജ്ജമേഖലയെ എങ്ങനെയാണ് ബാധിക്കുന്നത്? ഇന്ത്യ ഇപ്പോൾ ലക്ഷ്യമിടുന്ന എ ഐ പദ്ധതികൾ രാജ്യത്ത് ഊർജ്ജപ്രതിസന്ധി സൃഷ്ടിക്കുമോ?
ഇന്ത്യയിൽ 5 ജിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റർ തുടങ്ങാണ് എയർട്രങ്ക് കമ്പനി ഉദേശിക്കുന്നത്. 5 ജിഗാവാട്ട് ശേഷി എന്ന് പറയുമ്പോൾ അവർ ഉൽപ്പാദിപ്പിക്കുന്ന വൈദ്യതിയുടെ കണക്കായി തെറ്റിദ്ധരിക്കരുത്. ആ ഡാറ്റാ സെന്ററിന് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതിയുടെ അളവാണ്. വൈദ്യുതി ഉല്പാദിപ്പിക്കുന്ന പവർ പ്ലാന്റുകളെപ്പോലെയല്ല ഡാറ്റാ സെന്ററുകൾ; അവ വലിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നവയാണ്. കമ്പ്യൂട്ടർ സെർവറുകൾ, ഗ്രാഫിക്സ് പ്രൊസസിംഗ് യൂണിറ്റുകൾ (GPUs), സ്റ്റോറേജ് സംവിധാനങ്ങൾ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ എന്നിവയും, ഇവ ചൂടാവാതിരിക്കാനുള്ള കൂളിംഗ് സിസ്റ്റം, ലൈറ്റുകൾ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയും, 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ പവർ ഗ്രിഡിൽ നിന്ന് വലിയ അളവിൽ വൈദ്യുതി ഈ ഡാറ്റാ സെന്ററുകളിലേക്ക് ആവശ്യമായി വരുന്നു.
5 ജിഗാവാട്ട് ഡാറ്റാ സെന്റർ എത്ര വൈദ്യുതി ഉപയോഗിക്കും?
ഇടതടവില്ലാതെ ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കാൻ ഡാറ്റാ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ വൈദ്യുതി ഉപഭോഗം സാധാരണയായി ജിഗാവാട്ട്-അവർ (GWh) അല്ലെങ്കിൽ ടെറാവാട്ട്-അവർ (TWh) എന്ന കണക്കിലാണ് പറയാറുള്ളത്. എയർട്രങ്ക് നിർദ്ദേശിച്ച 5 ജിഗാവാട്ട് ശേഷിയുള്ള ഒരു ഡാറ്റാ സെന്റർ, അതിന്റെ പൂർണ്ണ ശേഷിയിൽ തുടർച്ചയായി പ്രവർത്തിക്കുകയാണെങ്കിൽ, അത് മണിക്കൂറിൽ ഏകദേശം 5 GWh, ഒരു ദിവസം 120 GWh, ഒരു മാസം 3.6 TWh, ഒരു വർഷത്തിൽ 43.8 TWh എന്നീ കണക്കിൽ വൈദ്യുതി ഉപയോഗിക്കും.

ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (IEA) ‘ഊർജ്ജവും നിർമിതബുദ്ധിയും ‘എന്ന റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടുമുള്ള ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപഭോഗം വരും വർഷങ്ങളിൽ ഇരട്ടിയിലധികമായി വർദ്ധിക്കും എന്ന് പറയുന്നു. 2024ൽ ഇത് 415 ടെറാവാട്ട് – അവർ (TWh) ആയിരുന്നത് 2030 ആകുമ്പോഴേക്കും ഏകദേശം 945 TWh ആയി ഉയരുമെന്നാണ് റിപ്പോർട്ട് കണക്കാക്കുന്നത്.
എ.ഐയുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ് ഇതിന് പ്രധാന കാരണം. സാധാരണ സെർവറുകളെ അപേക്ഷിച്ച്, എ.ഐ സെർവറുകളുടെ വൈദ്യുതി ഉപഭോഗം വളരെ കൂടുതലാണ്. ഓരോ വർഷവും ഇതിന്റെ ഉപയോഗം 30 ശതമാനം വെച്ച് കൂടും. ഇതുകൂടാതെ, ഈ വലിയ കമ്പ്യൂട്ടർ സംവിധാനങ്ങൾ എപ്പോഴും നല്ലവണ്ണം ചൂടാകും. ചൂടാകാതെ സൂക്ഷിക്കാനുള്ള കൂളിംഗ് സംവിധാനങ്ങൾക്കും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കും വലിയ തോതിൽ വൈദ്യുതി ആവശ്യമായി വരും. 2030 ആകുമ്പോഴേക്കും ലോകത്തിലെ ആകെ വൈദ്യുതിയുടെ 3 ശതമാനത്തിൽ താഴെ മാത്രമേ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കൂ എങ്കിലും, ചില പ്രത്യേക പ്രദേശങ്ങളിൽ ഇവയുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് IEA ചൂണ്ടിക്കാണിക്കുന്നു.
നിർമിത ബുദ്ധിക്ക് എത്ര വൈദ്യുതി വേണം ? അയർലണ്ടിൽ നിന്നുള്ള പാഠം
ഡാറ്റാ സെന്ററുകളുടെ വളർച്ച ഒരു രാജ്യത്തിന്റെ വൈദ്യുതി സംവിധാനത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് അയർലൻഡ്.
ഡാറ്റാ സെന്ററുകൾ കൂടിയതു കാരണം 2021ൽ അയർലൻഡിൽ വൈദ്യുതി തികയാതെ വരികയും, ഗ്രിഡ് തകരാറിലാകാതിരിക്കാൻ പലതവണ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ടി വരികയും ചെയ്തു ആ പ്രതിസന്ധി പരിഹരിക്കാൻ അടച്ചുപൂട്ടിയിരുന്ന ഗ്യാസ്, ഓയിൽ പവർ പ്ലാന്റുകൾ താൽക്കാലികമായി വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കേണ്ടി വന്നു.
ഇതേത്തുടർന്ന്, അവിടുത്തെ വൈദ്യുതി ശൃംഖല ശക്തമാക്കാൻ അടുത്ത 5 വർഷത്തേക്ക് ഏകദേശം 19 ബില്യൺ യൂറോയുടെ വലിയൊരു നിക്ഷേപമാണ് കമ്പനികൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഡബ്ലിൻ നഗരത്തിലെ പകുതിയോളം വൈദ്യുതിയും ഡാറ്റാ സെന്ററുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ ഡാറ്റാ സെന്ററുകൾക്ക് കണക്ഷൻ നൽകുന്നത് 2021ൽ അധികൃതർ നിരോധിച്ചിരുന്നു. പിന്നീട് കടുത്ത നിബന്ധനകളോടെ 2025 അവസാനത്തോടെയാണ് ഇതിൽ ചെറിയ ഇളവുകൾ വരുത്തിയത്.
വൈദ്യുതി പ്രതിസന്ധി അമേരിക്കയിലും
ഇതേ ആശങ്കകൾ ഇപ്പോൾ അമേരിക്കയിലുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ മാർക്കറ്റായ നോർത്തേൺ വിർജീനിയയിൽ വലിയ ഡാറ്റാ സെന്ററുകൾ നിർമിക്കപ്പെടുന്നതിനിനനുസരിച്ച്, വൈദ്യുതിയുടെ ആവശ്യകതയും കൂടുകയാണ്. ഏറ്റവും വലിയ പവർ ഗ്രിഡ് നടത്തുന്ന അമേരിക്കൻ കമ്പനിയായ പി.ജെ.എം ഇന്റർകണക്ഷൻ ഇക്കഴിഞ്ഞ ജൂൺ 30ന് ഈ പ്രശ്നം പരിഹരിക്കാൻ പുതിയ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നു. എ.ഐ ഡാറ്റാ സെന്ററുകളുടെ അനിയന്ത്രിതമായ വളർച്ച,
ഏകദേശം 6.5 കോടി ജനങ്ങൾക്കുള്ള വൈദുതി വിതരണത്തെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ തീരുമാനം.
അടിയന്തിര സാഹചര്യങ്ങളിൽ വീടുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ വേണ്ടി, സ്വന്തം ബാക്കപ്പ് ജനറേറ്ററുകളിലേക്ക് മാറാൻ ഡാറ്റാ സെന്ററുകളോട് പി.ജെ.എം ഇന്റർകണക്ഷൻ’ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ അമേരിക്കയിലെ ആകെ വൈദ്യുതിയുടെ 4 ശതമാനത്തോളമാണ് ഡാറ്റാ സെന്ററുകൾ ഉപയോഗിക്കുന്നത്. എന്നാൽ 2030 ആകുമ്പോഴേക്കും ഇത് 9 ശതമാനമായി ഉയരുമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയിൽ വർദ്ധിച്ചുവരുന്ന വൈദ്യുതി നിരക്ക്
പുതിയ ഡാറ്റാ സെന്ററുകൾ തുടങ്ങാനായി അമേരിക്കയിലെ പവർ കമ്പനികൾക്ക് ലഭിച്ച വൈദ്യുതി കണക്ഷൻ അപേക്ഷകൾ ആകെ 700 ജിഗാവാട്ടിലധികം വരുമെന്ന് എൻവയോൺമെന്റൽ ആൻഡ് എനർജി സ്റ്റഡി ഇൻസ്റ്റിറ്റ്യൂട്ട്ന്റെ (EESI) ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വൈദ്യുതി കണക്ഷന് വേണ്ടി അപേക്ഷിച്ച എല്ലാ എ ഐ പ്രോജക്ടുകളും യാഥാർത്ഥ്യമാകാൻ സാധ്യതയില്ലെങ്കിലും, വരാൻ പോകുന്ന ഈ ഭീമമായ ഊർജ്ജാവശ്യം മുൻകൂട്ടി കണ്ട് പുതിയ പവർ പ്ലാന്റുകളും സബ്സ്റ്റേഷനുകളും ട്രാൻസ്മിഷൻ ലൈനുകളും സ്ഥാപിക്കാൻ അവിടുത്തെ കമ്പനികൾ ഇപ്പോൾ തന്നെ പണം നിക്ഷേപിച്ചു തുടങ്ങിയിട്ടുണ്ട്.
ഡാറ്റാ സെന്ററുകൾക്ക് വേണ്ടി പുതിയ പവർ പ്ലാന്റുകളും ലൈനുകളും നിർമ്മിക്കാൻ പവർ കമ്പനികൾക്ക് കോടിക്കണക്കിന് രൂപ ചെലവാകുന്നുണ്ട്. ഈ ഭീമമായ തുക തിരിച്ചുപിടിക്കാൻ കമ്പനികൾ സാധാരണക്കാരുടെ വൈദ്യുതി നിരക്ക് കൂട്ടുകയാണ് ചെയ്യുന്നത്.
ഇതിന്റെ ഫലമായി അമേരിക്കയിലെ ഗാർഹിക കണക്ഷനുകൾക്ക് വലിയ തോതിൽ വില കൂടിയിട്ടുണ്ട്. 2019ന് മുമ്പ് അവിടെ ഒരു യൂണിറ്റ് കറന്റിന് ഏകദേശം 13 സെന്റ് ആയിരുന്നത്, 2025 അവസാനമായപ്പോഴേക്കും 19 സെന്റായി ഉയർന്നു. അതായത്, ഡാറ്റാ സെന്ററുകളുടെ വരവോടെ സാധാരണക്കാരുടെ കറന്റ് ബില്ലിൽ വൻ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ വൈദ്യുതി മേഖലയെ കാത്തിരിക്കുന്ന പ്രതിസന്ധി
കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി വരെയുള്ള വിവരമനുസരിച്ച് ഇന്ത്യയുടെ ആകെ വൈദ്യുതി ഉത്പാദന ശേഷി 520.51 ജിഗാവാട്ട് ആണ്. നിലവിൽ രാജ്യത്തെ വൈദ്യുതിയുടെ ആവശ്യകതയും വിതരണവും തമ്മിലുള്ള വിടവ് (Demand-Supply Gap) വലിയൊരു പരിധി വരെ പരിഹരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഊർജ്ജ മന്ത്രാലയം അവകാശപ്പെടുന്നത്. എങ്കിലും, വരും വർഷങ്ങളിൽ വൈദ്യുതിയുടെ ആവശ്യകത ഇനിയും വലിയ തോതിൽ ഉയരുമെന്ന് സർക്കാർ മുൻകൂട്ടി കാണുന്നുണ്ട്. ഇത് കണക്കിലെടുത്ത്, ദേശീയ വൈദ്യുതി പദ്ധതി പ്രകാരം 2031-32 ആകുമ്പോഴേക്കും രാജ്യത്തിന്റെ ആകെ ഉത്പാദന ശേഷി 874 ജിഗാവാട്ടായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി വൻതോതിലുള്ള പുനരുപയോഗ ഊർജ്ജ പദ്ധതികൾക്ക് പുറമെ, പുതിയ തെർമൽ പ്ലാന്റുകൾ, ഊർജ്ജ സംഭരണ സംവിധാനങ്ങൾ വലിയ ട്രാൻസ്മിഷൻ ശൃംഖലകൾ എന്നിവയും സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്. വരാൻ പോകുന്ന വർഷങ്ങളിൽ ഇന്ത്യൻ ഊർജ്ജ മേഖലയിലേക്ക് വൻതോതിലുള്ള നിക്ഷേപങ്ങൾ ആവശ്യമായി വരും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ വർഷം രാജ്യം കടുത്ത വേനലിലൂടെയാണ് കടന്ന് പോയത്. എയർകണ്ടീഷണറുകളുടെയും കൂളിംഗ് സംവിധാനങ്ങളുടെയും ഉപയോഗം കുതിച്ചുയർന്നു. ഇതിന്റെ ഫലമായി രാജ്യത്തെ പരമാവധി വൈദ്യുതി ആവശ്യകത (Peak Electricity Demand) മുൻകാല റെക്കോർഡുകളെല്ലാം ഭേദിച്ച് 270.73 ജിഗാവാട്ട് എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.
പുനരുപയോഗ ഊർജ്ജ ശേഷി രാജ്യം വേഗത്തിൽ വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, ഈ കടുത്ത ആവശ്യകത നേരിട്ട സമയത്ത് ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനത്തിലധികവും കൽക്കരി പ്ലാന്റുകളിൽ നിന്ന് തന്നെയാണ് ലഭ്യമാക്കിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യം ഇപ്പോഴും പരമ്പരാഗത ഊർജ്ജസ്രോതസ്സുകളെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്നാണ് ഇത് അടിവരയിടുന്നത്.
അതുകൊണ്ടുതന്നെ, എ ഐയുടെയും ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്ററുകളുടെയും അതിവേഗത്തിലുള്ള വളർച്ച ഇന്ത്യയുടെ വൈദ്യുതി ശൃംഖലയ്ക്ക് സമീപഭാവിയിൽ വലിയൊരു ഭാരമായി മാറും. 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ആവശ്യമുള്ള ഡാറ്റാ സെന്ററുകൾ കൂടുതലായി സ്ഥാപിക്കപ്പെടുന്നതോടെ, രാജ്യത്തെ ഊർജ്ജ ആവശ്യകത ഇനിയും കുതിച്ചുയരും.
പുനരുപയോഗ ഊർജ്ജത്തിന്റെ പരിമിതി
എയർട്രങ്ക് ഉൾപ്പെടെയുള്ള മുൻനിര ആഗോള ഡാറ്റാ സെന്റർ ഓപ്പറേറ്റർമാരെല്ലാം തങ്ങളുടെ പ്രവർത്തനങ്ങൾക്കായി പരമാവധി പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, സൗരോർജ്ജവും കാറ്റാടിയന്ത്രങ്ങളും പോലുള്ള പുനരുപയോഗ ഊർജ്ജസ്രോതസ്സുകൾക്ക് ചില പരിമിതികളുണ്ട്; അവ കാലാവസ്ഥയെ ആശ്രയിച്ചു പ്രവർത്തിക്കുന്നതിനാൽ എപ്പോഴും ഒരേ അളവിൽ തുടർച്ചയായി വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയില്ല.
ഡാറ്റാ സെന്ററുകളുടെ അതിവേഗത്തിലുള്ള വളർച്ച, വൈദ്യുതി ശൃംഖലകൾക്ക് മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത് എന്നാണ് അയർലൻഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇത് മറികടക്കാൻ ഉത്പാദന ശേഷി കൂട്ടാനും, ട്രാൻസ്മിഷൻ ശൃംഖലകൾ വികസിപ്പിക്കാനും, ഗ്രിഡ് കൂടുതൽ ശക്തമാക്കാനും വലിയ തോതിലുള്ള നിക്ഷേപങ്ങൾ ആവശ്യമായി വരുന്നു.
നിർമിത ബുദ്ധിക്ക് വലിയ വില നൽകേണ്ടി വരുമോ?
പരമ്പരാഗത വ്യവസായങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, 24 മണിക്കൂറും ഉയർന്ന സാന്ദ്രതയിൽ തുടർച്ചയായി വൈദ്യുതി വിഴുങ്ങുന്ന ഒരു പുതിയ ഉപഭോഗ സംസ്കാരമാണ് എ.ഐ സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഇന്ത്യയുടെ വലിയ പദ്ധതികൾക്ക് വൈദ്യുതി ലഭ്യമാക്കാൻ എങ്ങനെ കഴിയും എന്ന ചോദ്യം അവശേഷിക്കുന്നു. പരിസ്ഥിതി സൗഹൃദപരമായ വൈദ്യുതിയുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതുണ്ട്. അതേ സമയം സാധാരണക്കാർക്ക് ഷോക്കടിക്കുന്ന കറന്റ് ബിൽ വരില്ലെന്ന് ഉറപ്പിക്കേണ്ട ചുമതലയും സർക്കാരിനുണ്ട്.

സുജിത് എ
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക