മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ മാത്രമല്ല അക്കാദമിക് സ്വാതന്ത്ര്യ സൂചികയിലും ഇന്ത്യ കുത്തനെ താഴേക്ക്

മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ മാത്രമല്ല അക്കാദമിക് സ്വാതന്ത്ര്യ സൂചികയിലും ഇന്ത്യ കുത്തനെ താഴേക്ക്

ജുഡിഷ്യറിക്കെതിരായ വിമർശനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ അക്കാദമിക് വിദഗ്ധർക്ക് ആജീവനാന്ത വിലക്ക്; ഇന്ത്യയുടെ സൈനിക നടപടിയെ വിമർശിച്ച് പോസ്റ്റിട്ട അധ്യാപകനെ പിരിച്ചു വിട്ടു. മുസ്ലിങ്ങൾ നേരിടുന്ന അക്രമങ്ങളെ കുറിച്ച് സംസാരിച്ച അധ്യാപകന് സസ്പെൻഷൻ. വിദ്യാർത്ഥി സമരങ്ങൾക്കും കൂട്ടായ്മകൾക്കും മേൽ നിയന്ത്രണം, നിരോധനം. പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതിനും സെമിനാറുകൾ നടത്തുന്നതിനും നിയന്ത്രണം. യു ജിസിയെ ഉപയോഗിച്ചും, വേണ്ടപ്പെട്ടവരെ വൈസ് ചാൻസലർമാരായി വാഴിച്ചും സർവകലാശാലകളെ രാഷ്ട്രീയമായി കീഴടക്കൽ. ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു അന്താരാഷ്ട്ര സംഘടന തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളാണിവ.  

കേരള സർവകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വിദ്യാർഥി രാഷ്ട്രീയം പൂർണ്ണമായി വിലക്കിക്കൊണ്ടുള്ള വിദ്യാർഥി പെരുമാറ്റച്ചട്ട കരട് രേഖ കഴിഞ്ഞ ദിവസമാണ് സർവകലാശാല പുറത്തുവിട്ടത്. ക്യാംപസുകളിൽ വിദ്യാർഥികളുടെ സ്വതന്ത്രമായ ഇടപെടലുകളെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഈ നടപടി, രാജ്യത്തുടനീളം അക്കാദമിക സ്വാതന്ത്ര്യം തീവ്രമായി പരിമിതപ്പെടുത്തപ്പെടുകയാണെന്ന അന്താരാഷ്ട്ര പഠന റിപ്പോർട്ടുകളുടെ കണ്ടെത്തലുകൾ ശരിവെക്കുന്നതാണ്.

ഭരണകൂടത്തിന്റെ ഇടപെടൽ വർധിച്ചതോടെ ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യം കടുത്ത നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കുകയാണ് ന്യൂയോർക് ആസ്ഥാനമായ ,സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക് (Scholars at Risk – SAR) കൂട്ടായ്മയുടെ ‘ഫ്രീ ടു തിങ്ക്‌ 2026’ റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ഗവേഷകരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ കണ്ടെത്തൽ പ്രകാരം, ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ മേഖല കടുത്ത ഭരണകൂട നിയന്ത്രണങ്ങൾക്കും  അടിച്ചമർത്തലുകൾക്കും വിധേയമാണ്. അക്കാദമിക് ഫ്രീഡം ഇൻഡെക്‌സ് (എ.എഫ്.ഐ) പ്രകാരം ഇന്ത്യയുടെ സ്‌കോർ 2024നെ (0.16) അപേക്ഷിച്ച് ഈ വർഷം 0.14 ആയി കുറഞ്ഞെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അക്കാദമിക് സ്വാതന്ത്ര്യം അപകടത്തിലായ ആറ് രാജ്യങ്ങളിലൊന്ന് ഇന്ത്യ 

ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങളിലാണ് അക്കാദമിക സ്വാതന്ത്ര്യം കടുത്ത നിയന്ത്രണത്തിലായിരിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. ഹോങ്കോങ്, പാകിസ്ഥാൻ, വെസ്റ്റ് ബാങ്ക്, യുക്രൈൻ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിലാണ് കടുത്ത നിയന്ത്രണമുള്ളത്. അയൽരാജ്യങ്ങളായ ചൈന (0.07), അഫ്ഗാനിസ്ഥാൻ (0.09) എന്നിവ പൂർണ്ണമായി നിയന്ത്രിക്കപ്പെട്ട (completely restricted) അവസ്ഥയിലാണ്. ഇറാൻ, റഷ്യ, തുർക്കിയ, സിറിയ, വെനിസ്വേല, സിംബാബ്‌വെ, ഗസ എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. പഠനം നടത്തിയ 179 രാജ്യങ്ങളില്‍ അൻപതിലും  അക്കാദമിക് സ്വാതന്ത്ര്യം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ൽ ഇന്ത്യയുടെ അക്കാദമിക് സ്വാതന്ത്ര്യ സൂചിക  സ്കോർ 0.41 ആയിരുന്നു. 2024ൽ ഇത് 0.16 ആയി കുറഞ്ഞു. 2026ൽ ഇത് വീണ്ടും കുറഞ്ഞ് 0.14 ലെത്തി.

/scholarsatrisk.org

ശാരീരിക ആക്രമണങ്ങൾ, അറസ്റ്റ്, തടങ്കൽ, പിരിച്ചു വിടൽ 

2025 ജൂലൈ 1 മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിൽ ലോകമെമ്പാടുമായി അക്കാദമിക് മേഖലയിൽ  നടന്ന 382 കുറ്റകൃത്യങ്ങളിൽ   42 എണ്ണവും ഇന്ത്യയിലാണ് സംഭവിച്ചത്. അധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്കെതിരെയുണ്ടായ ആക്രമണങ്ങൾ, ജോലി നഷ്ടപെടുത്തൽ, അറസ്റ്റ്, തടങ്കലിൽ വയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയില്‍ ഈ വര്‍ഷമാണ്‌ അക്കാദമിക് സ്വാതന്ത്ര്യം ഏറ്റവും തീവ്രമായി നിയന്ത്രിക്കപ്പെട്ടതെന്ന്  റിപ്പോര്‍ട്ട് അടിവരയിടുന്നു.

റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് അക്കാദമിക് സ്വാതന്ത്ര്യം അളക്കുന്ന അഞ്ച് പ്രധാന ഘടകങ്ങളിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

/scholarsatrisk.org

കാമ്പസുകളിലെ രാഷ്ട്രീയ ഇടപെടലുകളും അക്രമങ്ങളും കാരണം കാമ്പസ് സുരക്ഷിതത്വം അപകടത്തിലാണ്. അധ്യാപകർക്കെതിരെ നടപടിയെടുക്കുന്നതിലൂടെ അക്കാദമിക് – സാംസ്കാരിക ആവിഷ്കാര സ്വാതന്ത്ര്യവും വലിയ ഭീഷണി നേരിടുന്നു. കൂടാതെ, പുസ്തകങ്ങൾ നിരോധിക്കുന്നതും സെമിനാറുകൾ തടയുന്നതും വഴി വിജ്ഞാന വിനിമയവും നിയന്ത്രിക്കപ്പെടുന്നു. യു.ജി.സി പോലുള്ള ഭരണ നിർവഹണ ഏജൻസികളുടെ  ഇടപെടലുകളിലൂടെ സർവ്വകലാശാലകളുടെ സ്വയംഭരണാവകാശവും ഗവേഷണ – അധ്യാപന സ്വാതന്ത്ര്യവും കുറഞ്ഞിരിക്കുകയാണ്, റിപ്പോര്‍ട്ട്‌ പറയുന്നു.

യു.ജി.സിയെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു?

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണനിർവഹണത്തിലും വൈസ് ചാൻസലർ നിയമനങ്ങളിലും രാഷ്ട്രീയമായി ഇടപെടാൻ ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ (UGC) ഒരു പ്രധാന രാഷ്ട്രീയ ഉപകരണമായി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നു. വി.സി നിയമനങ്ങൾക്കുള്ള അക്കാദമിക് യോഗ്യതകളിലെ ഇളവുകൾ, സ്ഥിരം അധ്യാപകർക്ക് പകരം കൂടുതൽ താൽക്കാലിക അദ്ധ്യാപകരെ നിയമിക്കൽ തുടങ്ങിയ തീരുമാനങ്ങൾ ഇതിന് ഉദാഹരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.  

പാഠ്യപദ്ധതി നിർണയത്തിലും ഭരണകൂടത്തിന്റെ ആശയപരമായ അജണ്ട അടിച്ചേൽപ്പിക്കാൻ  ശ്രമങ്ങളുണ്ടാകുന്നതായി റിപ്പോര്‍ട്ട്‌ പറയുന്നു. രാജ്യത്ത് ഗവേഷണം, അധ്യയനം, പ്രസിദ്ധീകരണം എന്നിവയുടെ സ്വാതന്ത്ര്യം ഭരണകൂട ഇടപെടലുകളിലൂടെ എങ്ങനെ കവർന്നെടുക്കപ്പെടുന്നു എന്നതിന് ഉദാഹരണമായി സുപ്രീം കോടതിയുടെയും സംസ്ഥാന സർക്കാരുകളുടെയും ചില നടപടികൾ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ജുഡിഷ്യറിക്കെതിരായ വിമർശനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ അക്കാദമിക് വിദഗ്ധർക്ക് വിലക്ക് 

എൻ.സി.ഇ.ആർ.ടി തയാറാക്കിയ മിഡിൽ സ്കൂൾ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമർശിച്ചതിന്റെ പേരിൽ, അതിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് അക്കാദമിക് വിദഗ്ദ്ധർക്ക് ഈ വർഷം മാർച്ച് 11ന് സുപ്രീം കോടതി ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. ഈ പാഠപുസ്തകം നിരോധിക്കുകയും അത് തയ്യാറാക്കിയവരെ ഭാവിയിലെ പാഠ്യപദ്ധതി നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതേ തുടർന്ന്, റദ്ദാക്കപ്പെട്ട പാഠ്യപദ്ധതി സമിതിയുടെ അധ്യക്ഷനും ഐ.ഐ.ടി ഗാന്ധിനഗറിലെ ഗസ്റ്റ് പ്രൊഫസറുമായിരുന്ന മിഷേൽ ഡാനിനോയെ പ്രൊഫസർ പദവിയിൽ നിന്ന് പുറത്താക്കി. തുടർന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെയാണ് മേയ് 22ന് സുപ്രീം കോടതി തങ്ങളുടെ നിലപാടിൽ ഇളവ് വരുത്തിയത്.

വിദ്യാർത്ഥി സമരങ്ങൾ അടിച്ചമർത്തിയത് ചോദ്യം ചെയ്ത അധ്യാപകൻ പുറത്ത്

2022 ഒക്ടോബറിലെ വിദ്യാർഥി സമരങ്ങളെ സർവകലാശാല കൈകാര്യം ചെയ്ത രീതിയിൽ ആശങ്ക പ്രകടിപ്പിച്ച് കത്തെഴുതിയ 15 അധ്യാപകരിൽ ഒരാളായ ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സ്നേഹാശിഷ് ഭട്ടാചാര്യയെ, രണ്ടു വർഷത്തെ സസ്പെൻഷന് ശേഷം 2025 സെപ്റ്റംബറിൽ സർവകലാശാലാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പെരുമാറി എന്നാരോപിച്ച് പിരിച്ചുവിട്ടു.

സൈനിക നടപടിയെ കുറിച്ചുള്ള വിമർശനത്തിന് പിരിച്ചു വിടൽ; മുസ്ലിങ്ങൾക്കെതിരെയായ അക്രമങ്ങൾ ചർച്ച ചെയ്തതിന് സസ്‌പെൻഷൻ 

പാകിസ്ഥാനിലെ ഇന്ത്യൻ സൈനിക നടപടിയെത്തുടർന്നുണ്ടായ സിവിലിയൻ നാശനഷ്ടങ്ങളെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രൊഫസർ ലോറ ശാന്തകുമാറിനെ പിരിച്ചുവിട്ടു. ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾ എന്ന കോഴ്സിന്റെ പരീക്ഷയിൽ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ചർച്ച ചെയ്യുക എന്ന ചോദ്യം ഉൾപ്പെടുത്തിയതിന്  ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി പ്രൊഫസർ വീരേന്ദ്ര ബാലാജി ഷാറെയെ സസ്പെൻഡ് ചെയ്തു. ബി.ജെ.പി സർക്കാരിനെ വിമർശിച്ചവരുടെ പ്രഭാഷണങ്ങൾ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും മുംബൈ യൂണിവേഴ്സിറ്റിയും റദ്ദാക്കിയിട്ടുമുണ്ട്. 

ക്യാംപസുകളിൽ വിദ്യാർഥികൾ നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങളും  അനുസ്മരണ പരിപാടികളും  പോലും അടിച്ചമർത്താൻ സർവകലാശാലാ അധികാരികളും പോലീസും ശ്രമിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ജി.എൻ. സായിബാബയുടെ അനുസ്മരണം സമാധാനപരമായി സംഘടിപ്പിച്ച വിദ്യാർഥികൾക്കെതിരെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് വിദ്യാർഥികൾക്കെതിരെ കേസെടുക്കുകയാണുണ്ടായത്.

പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ  പോലീസ് നടപടിയുടെ അഞ്ചാം വാർഷികത്തിൽ സമാധാനപരമായ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച സർവകലാശാല വിദ്യാർഥികൾക്ക് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി അധികൃതർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലും വിദ്യാര്‍ത്ഥികളുടെ എല്ലാതരം പൊതുയോഗങ്ങള്‍ക്കും സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. ഇതിന്റെ കാലാവധി അവസാനിച്ചപ്പോൾ, ഭാവിയിലെ എല്ലാ പ്രതിഷേധങ്ങൾക്കും 72 മണിക്കൂർ മുമ്പ് അനുമതി വാങ്ങണമെന്ന് സർവകലാശാല കാമ്പസിനെ അറിയിക്കുകയുണ്ടായി. 

അമേരിക്കയിലും അക്കാദമിക സ്വാതന്ത്ര്യം കുറഞ്ഞതായി റിപ്പോര്‍ട്ട്‌ പറയുന്നു. എട്ടു രാജ്യങ്ങളിലാണ്‌ സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കപ്പെട്ടത്.



സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top