സോഷ്യൽ മീഡിയയെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ നേരിടുന്ന അരുണാചൽ സർക്കാർ

സോഷ്യൽ മീഡിയയെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ നേരിടുന്ന അരുണാചൽ സർക്കാർ

അരുണാചൽ പ്രദേശിൽ സിയാങ് മെഗാ അണക്കെട്ടിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്. എന്നാൽ പ്രതിഷേധങ്ങളെ നേരിടാൻ കോടികളെറിഞ്ഞ് പി ആർ വർക്ക് നടത്തുകയാണ് സർക്കാർ. സർക്കാരിന് അനുകൂലമായ വാദങ്ങൾ പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പണം നൽകിയും പ്രതിഷേധത്തെ പിന്തുണക്കുന്നവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും പ്രതിഷേധത്തെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ അനുകൂല ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നതിനായി 10.91 കോടി രൂപയുടെ പബ്ലിക് റിലേഷൻസ് കരാറാണ് നൽകിയത്. പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന പ്രവർത്തകരുടെ അറസ്റ്റ്, മാധ്യമപ്രവർത്തകർക്കെതിരായ സെർച്ച്‌ വാറണ്ട്, ഇന്റർനെറ്റ് വിച്ഛേദിക്കൽ തുടങ്ങിയ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. 

അരുണാചൽ പ്രദേശിന്റെ വികസനത്തിന് വലിയ മുതൽക്കൂട്ടായാണ് സിയാങ് മെഗാ അണക്കെട്ട് പദ്ധതിയെ സർക്കാർ അവതരിപ്പിക്കുന്നത്. എന്നാൽ പദ്ധതിക്കെതിരെ സിയാങ് താഴ്‌വരയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള ജനങ്ങളുടെ അവകാശം ചോദ്യം ചെയ്യപ്പെടുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയെന്ന വിശേഷണത്തോടെ മുന്നോട്ടുവെച്ചിരിക്കുന്ന 11,200 മെഗാവാട്ട് ശേഷിയുള്ള സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ടാണ് (SUMP) ഇപ്പോൾ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്. ആദി, ഗാലോ, നിഷി, അപതാനി, ഇഡു മിഷ്മി തുടങ്ങിയ തദ്ദേശീയ വിഭാഗങ്ങളാണ് പദ്ധതിക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. ഈ സമുദായങ്ങൾക്ക് സിയാങ് വെറുമൊരു നദി മാത്രമല്ല. അവരുടെ കൃഷി, വിശ്വാസം, സ്വത്വം എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടതാണ് ഈ നദി. ‘അനെ സിയാങ്’ അഥവാ അമ്മയായ സിയാങ് എന്നാണ് അവർ സിയാങ് നദിയെ വിളിക്കുന്നത്.

2026 ഒക്ടോബർ 23ന് പാസിഘട്ടിൽ നടന്ന 12 മണിക്കൂർ ബന്ദിനിടെ അക്രമവും തീവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് പ്രതിഷേധം കൂടുതൽ രൂക്ഷമായി. ഇതിനു പിന്നാലെ സംസ്ഥാന സർക്കാർ കർശനമായ നടപടികളിലേക്ക് കടന്നു. അറസ്റ്റുകളും സാമൂഹിക മാധ്യമ നിയന്ത്രണങ്ങളും ഇന്റർനെറ്റ് വിച്ഛേദിക്കലും ഉൾപ്പെടെയുള്ള നടപടികൾക്കൊപ്പം പദ്ധതിക്ക് അനുകൂലമായ പ്രചാരണത്തിനായി വലിയ തുക ചെലവഴിക്കുന്നതും പുറത്തുവന്നു.

10.91 കോടി രൂപയുടെ പി ആർ കരാർ

പദ്ധതിക്ക് അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് നാഷണൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപ്പറേഷന്റെ (NHPC) പി ആർ കരാറാണ്. ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, 2025 ജൂലൈയിൽ മുംബൈ ആസ്ഥാനമായുള്ള കോൺസെപ്റ്റ് പബ്ലിക് റിലേഷൻസിന് NHPC 8.73 കോടി രൂപയുടെ കരാർ നൽകി. 2026 നവംബർ വരെ നീളുന്ന ഈ കരാറിന്റെ തുക പിന്നീട് ഏകദേശം 10.91 കോടി രൂപയായി വർധിപ്പിച്ചു.

ദി ഇന്ത്യ എക്സ്പ്രസ്സ്‌ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട്

സിയാങ് നദീതട പ്രദേശങ്ങൾ, ഇറ്റാനഗർ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ബഹുതല പി ആർ പ്രചാരണം നടത്തുകയായിരുന്നു കരാറിന്റെ ലക്ഷ്യം. 30ലധികം പി ആർ എക്സിക്യൂട്ടീവുകൾ, പ്രാദേശിക സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാർ, വിവിധ സമുദായങ്ങളിലെ മുതിർന്ന വ്യക്തികൾ എന്നിവരെ പ്രചാരണത്തിന്റെ ഭാഗമാക്കി. അച്ചടി മാധ്യമങ്ങൾ, ടെലിവിഷൻ, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയും പദ്ധതിയെക്കുറിച്ചുള്ള അനുകൂല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാനും നിരന്തരം ശ്രമിച്ചു.

പല റീലുകൾ, ഒരേ ആഖ്യാനം

പദ്ധതിക്ക് അനുകൂലമായ ഉള്ളടക്കങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രത്യക്ഷപ്പെടുന്നുണ്ട്. വിവിധ വലതുപക്ഷ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ സിയാങ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന റീലുകളും വീഡിയോകളും പങ്കുവയ്ക്കുന്നതായി OBC-യുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ഉള്ളടക്കങ്ങളിൽ പ്രധാനമായും ആവർത്തിക്കുന്നത് രണ്ട് ആഖ്യാനങ്ങളാണ്.

ഒന്നാമത്തേത്, ദേശീയ സുരക്ഷക്ക് അണക്കെട്ട് അനിവാര്യമാണെന്ന വാദമാണ്. ചൈന, സിയാങ് നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, ഇന്ത്യയും സമാനമായ പദ്ധതിയിലൂടെ ജലത്തിന്മേലുള്ള അവകാശവും മേഖലയുടെ സുരക്ഷയും ഉറപ്പാക്കണമെന്നാണ് ഈ പ്രചാരണങ്ങളുടെ ഉള്ളടക്കം.

രണ്ടാമത്തെ ആഖ്യാനം പ്രതിഷേധക്കാരെ ലക്ഷ്യമിടുന്നതാണ്. അണക്കെട്ടിനെ എതിർക്കുന്നവരെ ‘മതംമാറിയവർ’, ‘ചൈനീസ് ചാരന്മാർ’, ‘സമര ജീവികൾ’, ‘ദേശവിരുദ്ധർ’ തുടങ്ങിയ വിശേഷണങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കുന്നു. പ്രതിഷേധക്കാർ സിയാങ് നദി ചൈനയ്ക്ക് വിട്ടുകൊടുക്കുകയാണെന്ന ആരോപണവും ചില അക്കൗണ്ടുകൾ ഉന്നയിക്കുന്നു. ഇതിലൂടെ സിയാങ് പദ്ധതിയെ ദേശീയ സുരക്ഷയുമായി ബന്ധിപ്പിക്കുകയും അതിനെ എതിർക്കുന്നവരെ രാജ്യ വിരുദ്ധരായി അവതരിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങളാണ് വിവിധ അക്കൗണ്ടുകളിൽ കാണുന്നത്.

പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ ചോദ്യം ചെയ്യുന്ന വിവിധ വലതുപക്ഷ ഇൻഫ്ലുവൻസർമാരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ.

കോൺടെന്റ് ക്രിയേറ്റർമാർക്ക് പണം വാഗ്ദാനം ചെയ്ത് പി ആർ ഏജൻസികൾ 

പദ്ധതിക്ക് അനുകൂലമായ പ്രചാരണങ്ങളിൽ പി ആർ ഏജൻസികൾ വ്യാപകമായി കോൺടെന്റ് ക്രീയേറ്റർമാരെ സമീപിച്ചതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.

2026 ഒക്ടോബർ 31ന് നടി ടാബ റീമ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അണക്കെട്ടിന്റെ ഗുണങ്ങൾ പ്രചരിപ്പിക്കുന്ന റീലുകൾ നിർമിക്കാൻ പി ആർ ഏജൻസികൾ കോൺടെന്റ് ക്രീയേറ്റർമാരെ സമീപിക്കുകയും പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തെന്നാണ് അവരുടെ ആരോപണം. കുറച്ച് മാസങ്ങൾക്ക് മുമ്പ് തനിക്കും പി ആർ ഏജൻസികളിൽനിന്ന് ഇത്തരമൊരു ഇമെയിൽ ലഭിച്ചിരുന്നുവെന്ന് റീമ പറഞ്ഞു. റീലുകളിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളുടെ പട്ടികയും ഓരോ റീലിനും വാഗ്ദാനം ചെയ്ത പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങളും ഇമെയിലിൽ ഉണ്ടെന്നും ടാബ റീമ വ്യക്തമാക്കി.

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന പല ഉള്ളടക്കങ്ങളും ഒരേ രീതിയിലുള്ള സന്ദേശങ്ങളാണ് ആവർത്തിക്കുന്നതെന്നും റീമ ചൂണ്ടിക്കാട്ടി. കൂടാതെ അരുണാചൽ സ്വദേശികളായ നിരവധി കണ്ടന്റ് ക്രിയേറ്റർമാർ ഇത്തരം ഓഫറുകൾ നിരസിച്ചിട്ടുണ്ടെന്നും, അതിനെ തുടർന്ന് പുറത്തുനിന്നുള്ളവരെ ഉപയോഗിച്ച് പദ്ധതിക്ക് അനുകൂലമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഏജൻസികൾ ശ്രമിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.

ഒക്ടോബർ 31ന് ടാബ റീമ പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയുടെ സ്ക്രീൻഷോട്ട്

പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണം?

പദ്ധതിക്കെതിരായ പ്രക്ഷോഭത്തിന് പിന്തുണ നൽകുന്ന പ്രവർത്തകർ, മാധ്യമപ്രവർത്തകർ, വാർത്താ സ്ഥാപനങ്ങൾ എന്നിവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. 

OBC ഈ അക്കൗണ്ടുകൾ നേരിട്ട് പരിശോധിക്കാൻ ശ്രമിച്ചപ്പോൾ അവയൊന്നും തന്നെ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. സമര പ്രവർത്തകനും അഭിഭാഷകനുമായ എബോ മിലിയുടെ (Ebo Mili) അക്കൗണ്ട് ഉൾപ്പെടെ നിരവധി പേജുകൾ ഇത്തരത്തിൽ നിയന്ത്രിക്കപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തി.

എബോ മിലിയുടെ നിയന്ത്രിക്കപ്പെട്ട ഫേസ്ബുക് അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് 

ഒക്ടോബർ അഞ്ചിന് ദി അരുണാചൽ ടൈംസ് X-ൽ പങ്കുവെച്ച വീഡിയോയിൽ, അപ്പർ സിയാങ് ന്യൂസ് 24×7ന്റെ മാനേജിങ് ഡയറക്ടർ ഷാൻ ജിജോങ്, സ്ഥാപനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പ്രവർത്തനരഹിതമാക്കിയതായി അറിയിച്ചു. പ്രവർത്തകരായ എബോ മിലിയുടെയും കടോൺ മൊയോങ്ങിന്റെയും ഫേസ്ബുക്ക് പേജുകളും നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ അഞ്ചിലെ X സ്ക്രീൻഷോട്ട്.

അരുണാചൽ ഫ്രണ്ടിയർ ട്രൈബൽ ഫ്രണ്ട് (AFTF) എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകനും പ്രസിഡന്റുമായ ടഡാക് നലോയുടെ ഫേസ്ബുക്ക് അക്കൗണ്ടായ ‘Tadak Nalo for Revolution’ ഐ ടി നിയമപ്രകാരം ഇന്ത്യയിൽ നിയന്ത്രിച്ചതിന് പിന്നാലെ അദ്ദേഹം വീഡിയോ പ്രസ്താവന പുറത്തിറക്കി. അരുണാചൽ പ്രദേശിലെ നിലവിലെ സാഹചര്യത്തെ ‘അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അഭിപ്രായസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ വ്യാപകമായി നിയന്ത്രിക്കപ്പെടുകയാണെന്നും ടഡാക് നലോ ആരോപിച്ചു. രാജ്യത്തിന് പുറത്തുനിന്ന് പ്ലാറ്റ് ഫോം ഉപയോഗിക്കുമ്പോൾ മാത്രമേ തന്റെ പോസ്റ്റുകൾ കാണാൻ കഴിയൂ എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഒക്ടോബർ 25ലെ X സ്ക്രീൻഷോട്ട് 

പ്രതിഷേധക്കാർക്കൊപ്പം മാധ്യമപ്രവർത്തകർക്കെതിരെയും പൊലീസ് നടപടി

സിയാങ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാർക്കെതിരെ വ്യാപകമായ പോലീസ് നടപടിയുണ്ട്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, അപ്പർ സിയാങ് ജില്ലയിലെ ഗെകു സ്വദേശികളായ നാല് പ്രവർത്തകരെ അരുണാചൽ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആദും ടായോം (Adum Tayom), ഒമാക് പരോൺ (Omak Paron), ഒകുട്ട് പലോ (Okut Paloh), ഒസോൺ പരോൺ (Oson Paron) എന്നിവരാണ് അറസ്റ്റിലായത്. അരുണാചൽ പ്രദേശ് അൺലോഫുൾ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (APUAPA), 2014 പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 23ന് പാസിഘട്ടിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർക്കെതിരെയും പൊലീസ് നടപടി എടുത്തിട്ടുണ്ട്. ദി വയർ റിപ്പോർട്ട് പ്രകാരം, ദി അരുണാചൽ ടൈംസ് ഡെപ്യൂട്ടി എഡിറ്റർ ടോംഗം റീന ഉൾപ്പെടെ നാലുപേർക്കെതിരെ സെർച്ച്‌ വാറന്റിനായി പൊലീസ് ശ്രമിച്ചു. ഒക്ടോബർ 29ന് ദി റിപ്പോർട്ടേഴ്സ് കളക്ടീവിന്റെ സ്ഥാപക എഡിറ്റർ നിതിൻ സേത്തിയുടെ ഔദ്യോഗിക X അക്കൗണ്ടായ @nit_set സെർച്ച്‌ വാറന്റിന്റെ രേഖകൾ പങ്കുവെച്ചിരുന്നു. മുതിർന്ന മാധ്യമപ്രവർത്തക ടോംഗം റീനയും ആക്ടിവിസ്റ്റ് എബോ മിലിയും ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് രേഖയിലുണ്ടായിരുന്നത്.

ഒക്ടോബർ 29ലെ X സ്ക്രീൻഷോട്ട്

വാറണ്ടിൽ ഇവരെ ‘പ്രതികൾ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ടോംഗം റീനയുടെ പ്രതികരണം

തനിക്കും അഭിഭാഷകനായ സണ്ണി ടായെങ്ങിനുമെതിരെ പൊലീസ് സെർച്ച്‌ വാറണ്ട് തേടിയതിലും നിരീക്ഷണം നടത്തിയതിലും ദി അരുണാചൽ ടൈംസ് പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകയുമായ ടോംഗം റീന X-ലൂടെ വിമർശനം ഉന്നയിച്ചു. ഒക്ടോബർ 23-ന് പാസിഘാട്ടിലുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ടോംഗം റീനയുൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് തിരച്ചിൽ വാറണ്ട് തേടിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇത്തരം നടപടികൾക്ക് തന്റെ മാധ്യമപ്രവർത്തനത്തെയോ സാമൂഹിക ഇടപെടലുകളെയോ തടയാൻ കഴിയില്ലെന്ന് ടോംഗം റീന വ്യക്തമാക്കി. അറസ്റ്റിലായ പ്രവർത്തകർക്ക് പിന്തുണ നൽകണമെന്നും സിയാങ് താഴ്‌വരയിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളണമെന്നും അവർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

തനിക്കും സണ്ണി ടായെങ്ങിനുമെതിരായ പൊലീസ് നടപടിയെക്കുറിച്ചും നിയമവിരുദ്ധമായ നിരീക്ഷണത്തെക്കുറിച്ചും ഇപ്പോൾ കൂടുതൽ പറയാനില്ലെന്നും അവർ പോസ്റ്റിൽ കുറിച്ചു.

“സിയാങ് താഴ്‌വരയിലെയും അരുണാചലിലെയും ജനങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കട്ടെ. സിയാങിനോടും അവിടുത്തെ ജനങ്ങളോടും നമുക്ക് കടപ്പാടുണ്ട്” എന്നായിരുന്നു അവരുടെ പ്രതികരണം.

ഒക്ടോബർ 29ലെ X സ്ക്രീൻഷോട്ട് 

അപ്പർ സിയാങ്ങിൽ ഇന്റർനെറ്റ് നിരോധനം

പ്രവർത്തകരുടെ അറസ്റ്റിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ അപ്പർ സിയാങ് ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. നവംബർ രണ്ടിന് ദി അരുണാചൽ ടൈംസ് X-ൽ പങ്കുവെച്ച വിവരമനുസരിച്ച്, APUAPA പ്രകാരം തടവിലാക്കിയ പ്രതിഷേധക്കാരെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജില്ലയിൽ 36 മണിക്കൂർ സമ്പൂർണ സ്തംഭനം പ്രഖ്യാപിച്ച് തദ്ദേശീയ കർഷക, യുവജന, വിദ്യാർഥി സംഘടനകൾ പ്രതിഷേധം ആരംഭിച്ചിരുന്നു. ഈ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് അപ്പർ സിയാങിൽ അധികൃതർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചത്.

നവംബർ 2ലെ X സ്ക്രീൻഷോട്ട് 

സിയാങ് ; ഉയരുന്ന ചോദ്യങ്ങൾ

സിയാങ് അണക്കെട്ടിനെതിരായ പ്രതിഷേധങ്ങളെ നേരിടാൻ അരുണാചൽ പ്രദേശ് സർക്കാർ സ്വീകരിച്ച നടപടികൾ ക്രമസമാധാന പാലനത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നത്. പ്രതിഷേധക്കാരെ APUAPA പ്രകാരം അറസ്റ്റ് ചെയ്തു. ഒക്ടോബർ 23ലെ പാസിഘട്ട് അക്രമവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകയ്ക്കും അവരുടെ അഭിഭാഷകനുമടക്കം നാലുപേർക്കെതിരെ സെർച്ച്‌ വാറണ്ടിനായി പൊലീസ് നീക്കം നടത്തി. കൂടാതെ, പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന പ്രവർത്തകരുടെയും വാർത്താ സ്ഥാപനങ്ങളുടെയും സാമൂഹ്യ മാധ്യമ പേജുകൾ ഇന്ത്യയിൽ ലഭ്യമല്ലാത്ത സാഹചര്യവും റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ അപ്പർ സിയാങിൽ ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചു.

പദ്ധതി നടപ്പായാൽ ഗ്രാമങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടെ വലിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നുമുള്ള ആശങ്കകൾക്കിടയിലാണ് പ്രതിഷേധം തുടരുന്നത്. അതേ സമയം പദ്ധതിയുടെ നേട്ടങ്ങൾ പ്രചരിപ്പിക്കാനായി കോൺടെന്റ് ക്രിയേറ്റർമാർക്ക് പണം നൽകുക, സമരത്തെ അനുകൂലിക്കുന്നവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളും നിയന്ത്രിക്കുക തുടങ്ങിയ അസാധാരണ നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

ഇത്രയും വലിയൊരു പദ്ധതി നടപ്പാക്കുമ്പോൾ അതിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സ്വതന്ത്രമായി വിലയിരുത്തുകയും വിദഗ്ധരുമായി തുറന്ന ചർച്ചകൾ നടത്തുകയും പ്രദേശവാസികളുടെ ആശങ്കകൾക്ക് മതിയായ പരിഗണന നൽകുകയും ചെയ്യേണ്ടതുണ്ട്. പദ്ധതിയെക്കുറിച്ചുള്ള തീരുമാനങ്ങളിൽ അവിടുത്തെ ജനങ്ങളുടെ പങ്കാളിത്തവും അഭിപ്രായസ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സിയാങ് താഴ്‌വരയിലെ സംഭവവികാസങ്ങൾ വീണ്ടും വിരൽ ചൂണ്ടുന്നത്.

പരിഭാഷ : അനന്തു ഗോപിദാസ്

Share Email
Top