‘നഗ്നത പ്രദർശിപ്പിക്കുന്ന സമരക്കാർ, ഭീഷണിപ്പെടുത്തി സമരത്തിന് കൊണ്ടുവന്നവർ’: വ്യാജവാർത്തകളുടെ പെരുമഴ

‘നഗ്നത പ്രദർശിപ്പിക്കുന്ന സമരക്കാർ, ഭീഷണിപ്പെടുത്തി സമരത്തിന് കൊണ്ടുവന്നവർ’: വ്യാജവാർത്തകളുടെ പെരുമഴ

സി ജെ പിയുടെ സമരം അവസാനിച്ചെങ്കിലും അവർക്കെതിരായ വ്യാജ വാർത്തകളുടെ പെരുമഴ അവസാനിച്ചിട്ടില്ല. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളുടേത് എന്ന പേരിൽ ഒരു ചിത്രം എക്സില്‍ വലതുപക്ഷ അക്കൗണ്ടുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. സമരത്തില്‍ വിദ്യാര്‍ഥികള്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്. ജെ.എൻ.യു വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കിയതാണ് എന്ന അവകാശവാദത്തോടെ മറ്റൊരു വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. എന്താണ് യാഥാർഥ്യം? ആരാണ് ഇപ്പോഴും ഈ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്?

വൈറലാകുന്ന എക്സ് – ഫേസ്ബുക്ക് വീഡിയോകള്‍

ജെ എൻ യുവിലെ അധ്യാപകരും ഇടതുപക്ഷ സംഘടനകളും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ക്ലാസ് മുറികളിൽ നിന്നിറക്കിയാണ് ഡൽഹിയിലെ സമരത്തിൽ പങ്കെടുപ്പിച്ചത് എന്നാണ് വിവിധ ഫേസ്ബുക്ക് – എക്സ് അക്കൗണ്ടുകളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ കാണിക്കുന്നത്. വിദ്യാർത്ഥികളുടെ ബൈറ്റാണ് വീഡിയോയിൽ ഉള്ളത്.

ഫേസ്ബുക്കിൽ ആറായിരത്തിലധികം ഫോളോവേഴ്സ് ഉള്ള Sheetal Sehgal എന്ന ഒരു അക്കൗണ്ടിൽ ജൂലൈ 22 ന് ആണ് ഇങ്ങനെയൊരു പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ജൂലൈ 22, 23 തീയതികളിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നുവെന്ന് മനസ്സിലാക്കാം.

Basant Kumar Tripathy എന്ന ഒരു ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഈ വീഡിയോ ആറു ലക്ഷത്തിലധികം പേർ ഇതുവരെ (29/6/26) കണ്ടിട്ടുണ്ട്. ആയിരത്തിലധികം പേരാണ് ഇതിന് ലൈക്ക് ചെയ്തിട്ടുള്ളത്. ഏതാണ്ട് ആയിരത്തിനടുത്ത് ആളുകളിലേക്ക് ഈ പോസ്റ്റ്‌ ഷെയർ ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ജെ എൻ യു വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കിയോ?

വൈറലാകുന്ന വീഡിയോയുടെ വസ്തുത പരിശോധിക്കുന്നതിനായി റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ ദീർഘമായ രൂപം കണ്ടെത്താനായി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ‘The Lallantop’ പ്രസിദ്ധീകരിച്ച വിദ്യാർത്ഥികളുടെ ഒരു അഭിമുഖമാണത്.

ഫെബ്രുവരി 23ന് ABVP യും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും തമ്മിൽ ജെ എന്‍ യു കാമ്പസിലുണ്ടായ സംഘർഷത്തെക്കുറിച്ചാണ് വിദ്യാർത്ഥികൾ ഈ വീഡിയോയിൽ സംസാരിക്കുന്നത്. സംഘടനകൾ തമ്മിലുണ്ടായ സംഘർഷം മൂലം ക്ലാസുകൾ തടസ്സപ്പെട്ടതിനെക്കുറിച്ചും, തുടർച്ചയായ പ്രതിഷേധങ്ങളും അക്രമങ്ങളും യൂണിവേഴ്സിറ്റിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനെക്കുറിച്ചുമുള്ള ആശങ്കകളാണ് വിദ്യാർഥികൾ പ്രകടിപ്പിക്കുന്നത് . ഹിന്ദിയിലെ ഒരു വാര്‍ത്താ മാധ്യമമാണ് The Lallantop. ഫെബ്രുവരി 25 നാണ് യു ട്യൂബ് ചാനലില്‍ ഈ വീഡിയോ അവര്‍ പങ്കുവച്ചിരിക്കുന്നത്. 

The Lallantop ല്‍ വന്ന മുഴുവന്‍ വീഡിയോ, സ്ക്രീന്ഷോട്ട്

തുടര്‍ന്ന് നടത്തിയ കീ വേര്‍ഡ് സെര്‍ച്ചില്‍ ഈ സംഭവത്തിന്റെ മറ്റു മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒബിസിക്ക് ലഭിച്ചു.   

സംഭവവുമായി ബന്ധപ്പെട്ട ഹിന്ദു റിപ്പോര്‍ട്ട്, സ്ക്രീന്‍ഷോട്ട്  

ജെഎൻയു വിദ്യാർത്ഥി യൂണിയനും എബിവിപിയും തമ്മിലുണ്ടായ സംഘർഷത്തിന്റെ വാര്‍ത്തയാണിത്‌. എബിവിപി പ്രവർത്തകർ പ്രതിഷേധക്കാരെ ആക്രമിച്ചതായി ഇടതുപക്ഷ പിന്തുണയുള്ള സംഘടനകൾ ആരോപിച്ചപ്പോൾ, ഇടതുപക്ഷ സംഘടനകൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ക്ലാസുകൾ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് എബിവിപി മാധ്യമങ്ങളോട് പറഞ്ഞത്. അതായത് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ ആണ്. നിലവിലെ സാഹചര്യങ്ങളുമായി ഈ വീഡിയോക്ക് ഒരു ബന്ധവുമില്ല.

‘സനാതന’ പേജുകളിലെ പ്രചാരണം ഇങ്ങനെ

വലതുപക്ഷ പേജുകളില്‍ പ്രചരിക്കുന്ന മറ്റൊരു ഫോട്ടോ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ പ്രതിച്ഛായ ചോദ്യം ചെയ്യുന്നതാണ്. സമരത്തിൽ പ്ലക്കാർഡ് ഉയർത്തി നിൽക്കുന്ന  പെൺകുട്ടികളുടെ  ചിത്രമാണത്.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീന്‍ഷോട്ട്  

ഒരു ബിജെപി അനുകൂല പേജാണ്‌ 23,000 ഫോളോവേഴ്സ് ഉള്ള SathyaJyothi – സത്യജ്യോതി. 

“ഓരോ ബോധവാനായ വ്യക്തിയും ഈ ചിത്രം വീണ്ടും കാണേണ്ടതുണ്ട്… ഈ വിദ്യാർത്ഥികളാണ് നാളത്തെ ഡോക്ടർമാർ… ഇവരുടെ ഈ നഗ്നതയെ നാം ഇരു കൈയും നീട്ടി പിന്തുണയ്ക്കണം…” എന്ന കുറിപ്പോടെ, ഡൽഹിയിൽ  നീറ്റ് സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനിയുടേത് എന്ന പേരിലാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.

15,000 ല്‍ അധികം ഫോളോ വേഴ്സ് ഉള്ള ‘ സനാതന ഭാരതം’ എന്ന ഫേസ്ബുക്ക് പേജിലും ഈ ചിത്രം പ്രചരിപ്പിച്ചിട്ടുണ്ട്. ഫോട്ടോ പങ്കുവച്ചുകൊണ്ട്, ഈ പെണ്‍കുട്ടികൾ രഞ്ജിനി ഹരിദാസിന്റെ സുഹൃത്തുക്കൾ ആണോ എന്ന് കളിയാക്കിക്കൊണ്ടുള്ള കമന്റുകളുമുണ്ട് .

പക്ഷെ ഈ ചിത്രം എ ഐ ആണെന്നാണ് ഒബിസിയുടെ അന്വേഷണത്തില്‍ മനസിലായത്. ഓപ്പൺ എ.ഐയുടെ ഒഫീഷ്യൽ ഇമേജ് വെരിഫിക്കേഷൻ ടൂൾ (Verify OpenAI-generated images tool) ആണ് ഇതിനായുപയോഗിച്ചത്.

openai.com ഫലം, സ്ക്രീന്‍ഷോട്ട്

ഓപ്പണ്‍ എ ഐ ടൂള്‍ ഉപയോഗിച്ചാണ് ഈ ചിത്രം നിര്‍മിച്ചിട്ടുള്ളത് എന്ന് ഇതോടെ മനസിലായി.

പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും സമരരംഗത്തുണ്ടായിരുന്ന വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. ഈ പ്രചാരണങ്ങളിൽ മുന്നിലുള്ളത് ബിജെപി – വലതുപക്ഷ അക്കൗണ്ടുകൾ തന്നെയാണ്.




സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top