
ധ്രുവ് റാഠി അറസ്റ്റിൽ? ആ വാഹനത്തിലുള്ളത് ധ്രുവ് റാഠിയാണോ?
ഡൽഹിയിൽ പ്രതിഷേധങ്ങൾ ഓരോ ദിവസവും മൂർച്ഛിക്കുകയാണ്. മറുവശത്ത്, പ്രതിഷേധങ്ങളുടെ മുന ഒടിക്കുവാനെന്നവണ്ണം വ്യാജ വാർത്തകളും നിറയുകയാണ്. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യൂട്യൂബർ ധ്രുവ് റാഠിയെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് നിലവിൽ പ്രചരിക്കുന്ന വാർത്ത. എന്നാൽ ഇത് പൂർണമായും വ്യാജമാണെന്ന് ഒബിസി യുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഒരു മഹീന്ദ്ര ബൊലേറോ കാറിൽ രണ്ട് പേർ ഇരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. കാറിൽ ഡ്രൈവറെയും കാണാം. പിന്നിൽ വലത് വശത്തിരിക്കുന്നയാൾ വീഡിയോയിൽ കാണാതിരിക്കാനായി രണ്ട് കൈ കൊണ്ടും മുഖം പൊത്തിപ്പിടിക്കുന്നുമുണ്ട്. പിന്നിലിരിക്കുന്നത് യൂട്യൂബർ ധ്രുവ് റാഠിയാണെന്നാണ് പോസ്റ്റുകളുടെ അവകാശവാദം.
‘@RightWingWire26’ എന്ന എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റാണ് ആദ്യമായി കണ്ടെത്തിയത്. ഒക്ടോബർ 16 ന് രാവിലെ ഈ അക്കൗണ്ടിൽ നിന്ന് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതേ ദിവസം വൈകുന്നേരം അവരെ ഒരു ലക്ഷത്തിലധികം തവണ ഈ വീഡിയോ കണ്ടിട്ടുണ്ട്. സ്ഥിരമായി സിജെപി വിരുദ്ധ കണ്ടന്റുകൾ പങ്കുവയ്ക്കുന്ന അക്കൗണ്ടാണിത്.

“ധ്രുവ് റാഠി നോയിഡയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. സ്രോതസ്സുകളനുസരിച്ച് NSA ക്ക് കീഴിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തൊന്നും അയാൾക്ക് ജർമനിയിൽ തിരിച്ച് പോകാനാകില്ല.”
എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്. ദേശീയ സുരക്ഷാ നിയമമാണ് ‘NSA’ എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. സുരക്ഷാ കാരണങ്ങളെ മുൻനിർത്തി, എൻഎസ്എ നിയമപ്രകാരം സർക്കാരിന് പൗരന്മാരെ കരുതൽ തടങ്കലിൽ വയ്ക്കാൻ വയ്ക്കാൻ സാധിക്കും.
കൂടുതൽ പരിശോധനയിൽ ഇതേ വീഡിയോ നിരവധി എക്സ് അക്കൗണ്ടുകൾ പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്തി.
‘@1Hindu_Sanatani’ എന്ന എക്സ് അക്കൗണ്ടും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധ്രുവ് റാഠി അറസ്റ്റിലായി എന്നാണ് ഈ പോസ്റ്റിലും പറയുന്നത്. ഇത്തവണ ഡൽഹി പൊലീസല്ല മറിച്ച് നോയിഡ പോലീസാണ് ധ്രുവ് റാഠിയെ അറസ്റ്റ് ചെയ്തതെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഒക്ടോബർ 10 ന് ഡൽഹിയിൽ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിയെ ഡൽഹി പോലീസ് തടവിലാക്കിയിരുന്നു.

‘@1Hindu_Sanatani’ എന്ന അക്കൗണ്ടിൽ നിന്ന് ഒക്ടോബർ 16 ന് രാവിലെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതേ ദിവസം വൈകുന്നേരം വരെ 2,60,000 തവണ ഈ വീഡിയോ കണ്ടിട്ടുണ്ട്. 2,800 ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ വീഡിയോയിൽ വ്യാജമാണെന്ന് തോന്നാൻ പാകത്തിനുള്ള തെളിവുകളുണ്ട്. കാറിന്റെ പിൻസീറ്റിൽ മുഖം പൊത്തിയിരിക്കുന്നയാളെയാണ് ധ്രുവ് റാഠിയാണെന്ന് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഒറ്റനോട്ടത്തിൽ ഇയാൾ ധ്രുവ് റാഠിയല്ല എന്ന് മനസ്സിലാകും. മാത്രമല്ല, വീഡിയോയിൽ പറയുന്നത്, നോയിഡയിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ്. പക്ഷേ വീഡിയോയിലെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ തുടങ്ങുന്നത് ‘MH01’ എന്നാണ്. അതായത്, മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ രജിസ്റ്റർ ചെയ്ത വണ്ടിയാണിത്.

വീഡിയോയുടെ അവസാനത്തിൽ, ‘YOKO Sizzlers’ എന്ന സ്ഥാപനത്തിന്റെ ബോർഡും കാണാം. മുംബൈ, റായ്പ്പൂർ, ഹൈദരാബാദ്, ഗുവാഹത്തി എന്നീ നഗരങ്ങളിലായി പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ ശൃംഖലയാണ് ‘YOKO Sizzlers’.

ഈ വിവരങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, മുംബൈ നഗരത്തിലെ, റുസ്തം സിദ്ധ്വ മാർഗ് എന്ന തെരുവിൽ സ്ഥിതി ചെയ്യുന്ന ‘YOKO Sizzlers’ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നതെന്ന് വ്യക്തമായി. പ്രചരിക്കുന്ന വീഡിയോയിൽ കാണിക്കുന്ന സ്ഥലം ഞങ്ങൾക്ക് ഗൂഗിൾ മാപ്പിൽ കണ്ടെത്താൻ സാധിച്ചു.
മാത്രമല്ല, കണ്ടെത്തിയ തെരുവിലെ ‘Residency Hotel’ എന്ന സ്ഥാപനത്തിലെ ബോർഡിന്റെ പ്രതിഫലനം വീഡിയോയിലെ കാറിൽ കാണാം. വീഡിയോയുടെ അവസാനഭാഗത്ത് നീലയും വെള്ളയും നിറമുള്ള ഒരു കാറും കാണാം. ഇത് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘Cool Cabs’ എന്ന സ്ഥാപനത്തിലെ ടാക്സികളുടെ കളർ കോഡാണ്.

അതായത്, പ്രചരിക്കുന്ന വീഡിയോ നോയിഡയിൽ നിന്നല്ല, മറിച്ച് മുംബൈയിൽ നിന്നുള്ളതാണ്.
ധ്രുവ് റാഠിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇതിനകം അത് പ്രധാന വാർത്തയായി മാറിയേനെ. എന്നാൽ അങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മാത്രമല്ല, ധ്രുവ് റാഠിയെ തങ്ങൾ അറസ്റ്റ് ചെയ്തുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നോയിഡ പോലീസും എക്സിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ, ധ്രുവ് റാഠിയെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തുവന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. വീഡിയോ യഥാർത്ഥത്തിൽ മുംബൈയിൽ നിന്നുള്ളതാണ്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക