
അത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അല്ല, വീഡിയോ തമിഴ്നാട്ടിലേത്
ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ നടന്ന കൂട്ട ബലാത്സംഗ സംഭവത്തില്‍, പ്രതികരണം അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദ് സെപ്റ്റംബര്‍ 22 ന് ഒരു എക്സ് പോസ്റ്റ് പങ്കുവയ്ക്കുകയുണ്ടായി. രാജ്യ തലസ്ഥാനം പോലും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമല്ല എന്ന് പറയുന്നതായിരുന്നു ആ പോസ്റ്റ്. പക്ഷെ, ഈ പോസ്റ്റ് പിന്നീട് ഒരു വലതുപക്ഷ അക്കൌണ്ട് എക്സില്‍ റീ ഷെയര്‍ ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തു പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് ആക്ഷേപിച്ചു കൊണ്ട് ഒരു വീഡിയോ ആണ് അവര്‍ ഷെയര്‍ ചെയ്തത്. എന്നാല്‍, ഈ ഷെയര്‍ ചെയ്ത വീഡിയോ, കേരളത്തില്‍ നിന്നുള്ളതല്ല, ഒബിസി ഫാക്റ്റ് ചെക്ക്.
എന്താണ് എക്സ് പോസ്റ്റ് പറയുന്നത്?
കോണ്‍ഗ്രസ് നേതാവ് ഷമയുടെ എക്സ് പോസ്റ്റ് റീ ഷെയര്‍ ചെയ്തുകൊണ്ട് 9,405 ഫോളോവേഴ്സ് ഉള്ള Sumit Joshi എന്ന പ്രൊഫൈലിലാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്, രണ്ടു വീഡിയോകള്‍ ആണ് ഇങ്ങനെ ഷെയര്‍ ചെയ്തിട്ടുള്ളത്.
“കേരളത്തില്‍ നിങ്ങളുടെ പാര്‍ട്ടിക്ക് അകത്തു പോലും സ്ത്രീകള്‍ സുരക്ഷിതരല്ല” എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് ആദ്യത്തേത്.

രണ്ടാമത്തേത്, സിനിമയിലേതിന് സമാനമായി കോണ്‍ഗ്രസ് പാർട്ടിയിലും ‘കാസ്റ്റിങ് കൗച്ച്’ ഉണ്ടെന്ന ആരോപണം ഉന്നയിച്ച വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന വാര്‍ത്തയും ആണ് ഷെയര്‍ ചെയ്തിട്ടുള്ളത്. എണ്ണൂറോളം പേര്‍ ഇതുവരെ (23/9/26) ഈ വീഡിയോ കണ്ടിട്ടുണ്ട്. ആദ്യത്തെ വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല എന്ന് ഒബിസിയുടെ അന്വേഷണത്തില്‍ വ്യക്തമായി.
വീഡിയോ തമിഴ്നാട്ടില്‍ നിന്നുള്ളത്
Sumit Joshi എന്ന പ്രൊഫൈല്‍ ഷെയര്‍ ചെയ്ത ആദ്യത്തെ വീഡിയോയില്‍ രാഷ്ട്രീയ കക്ഷിയിലെ അംഗങ്ങള്‍ തമിഴിലാണ് പ്രതിജ്ഞ ചൊല്ലുന്നത്. ‘തമിഴ്നാട് പോരാടും എന്നും തമിഴ്നാട് ജയിക്കും’ എന്നും പ്രതിജ്ഞയില്‍ പറയുന്നുണ്ട്. വീഡിയോ കേരളത്തില്‍ നിന്നുള്ളത് അല്ല എന്ന് ഇതോടെ വ്യക്തമായി.
ഇത് ഉറപ്പുവരുത്തുന്നതിനായി, വീഡിയോ റിവേഴ്സ് ഇമേജ് സേര്‍ച്ച് ചെയ്തുനോക്കി, അപ്പോള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഈ വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്യപ്പെട്ടതായി കണ്ടു. ബിജെപി ഐ ടി സെല്‍ മേധാവിയായിരുന്ന അമിത് മാളവ്യ ആണ് ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഡിഎംകെ നേതാക്കൾ പ്രതിജ്ഞയ്ക്കായി ഒത്തുചേർന്നപ്പോൾ അതിലൊരു കൗൺസിലർക്ക് വേറെ ചിന്തയാണ് എന്ന് കളിയാക്കുകയാണ് ഈ പോസ്റ്റ്. ഡിഎംകെയുടെ ഹിന്ദി വിരുദ്ധതയെയും ഈ പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.
തുടര്‍ന്ന് നടത്തിയ കീ വേര്‍ഡ് തിരച്ചിലില്‍, ഈ സംഭവത്തിന്റെ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ കണ്ടെത്താനായി. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ ഡി എം കെ അംഗങ്ങള്‍ നടത്തിയ പ്രതിജ്ഞയില്‍, 25 ആം വാര്‍ഡ് കൌണ്‍സിലര്‍ ആയ സക്കീര്‍ ഹുസൈന്‍ ആണ് അടുത്ത് നിന്നിരുന്ന ഒരു സ്ത്രീയുടെ വള അഴിക്കാന്‍ ശ്രമിക്കുന്നത്. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ അണ്ണാമലൈ, ഇതിന്റെ വീഡിയോ അദേഹത്തിന്റെ എക്സ് പ്രൊഫൈലില്‍ പങ്കുവയ്ക്കുണ്ടായി. ഇത് news 18 പോര്‍ട്ടല്‍ വാര്‍ത്തയാക്കിയിരുന്നു.

ഇംഗ്ലീഷ് ബിസിനസ് ന്യൂസ് ചാനലായ ET Now ന്‍റെ യു ട്യൂബ് ചാനലിലും ഇതിന്റെ വാര്‍ത്ത വന്നിട്ടുണ്ട്. അണ്ണാമലൈയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ കുറിച്ച് തന്നെയാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഈ സംഭവം വലിയ വാര്‍ത്ത ആയതാണ്. പ്രതിജ്ഞയ്ക്കിടെ കൌണ്‍സിലര്‍ വനിതാ അംഗത്തിന്റെ കയ്യില്‍ നിന്നും വള ഊരാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ക്ലിപ്പ് പ്രചരിച്ചതോടെ, അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഇത് വാർത്തയാക്കി. ഈ വീഡിയോ ആണ് ഇപ്പോള്‍ പുതിയൊരു സാഹചര്യത്തില്‍ പ്രചരിപ്പിക്കുന്നത്. വലതുപക്ഷ അക്കൗണ്ടുകള്‍ പക്ഷെ ഇത് കേരളത്തില്‍ നിന്നുള്ള വീഡിയോ ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആണ് ശ്രമം നടത്തിയത്. Deccan Herald, The Economic Times പോലുള്ള മാധ്യമങ്ങളിലും അന്നിത് വാര്‍ത്തയായിരുന്നു എങ്കിലും ഈ വിഷയത്തെക്കുറിച്ച് ഡി എം കെ നേതൃത്വം പ്രതികരിച്ചിരുന്നില്ല.
