
വിദേശ ടൂറിസ്റ്റ് ആക്രമിക്കപ്പെട്ടെന്ന പേരിലുള്ള വ്യാജ ദൃശ്യങ്ങൾ കണ്ടത് 60 ലക്ഷത്തിലേറെ പേർ
ഇന്ത്യ സന്ദർശിക്കാനെത്തിയ വിദേശ വനിതയ്ക്ക് നാട്ടുകാരുടെ മർദ്ദനമേറ്റു എന്ന തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് വരരുത് എന്ന രീതിയിലുള്ള കമന്റുകളും ധാരാളമാണ്. ഈ വീഡിയോയുടെ നിജസ്ഥിതി ഞങ്ങൾ പരിശോധിച്ചു
ഇന്ത്യയിലെ സ്ത്രീ സുരക്ഷയെ പറ്റി ആശങ്കപ്പെട്ടു കൊണ്ടാണ് പലരും ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, ഈ ദൃശ്യങ്ങളിൽ കാണുന്ന സംഭവത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്ന് ഒബിസിയുടെ അന്വേഷണത്തിൽ വ്യക്തമായി.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ‘അബബീൽ’ (@areesha8md) എന്ന എക്സ് അക്കൗണ്ടിൽ നിന്ന്, വിദേശ വനിതയ്ക്ക് നേരെ ആക്രമണമുണ്ടായെന്ന അവകാശവാദവുമായി നവംബർ ഒന്നിന് ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. “ഇന്ത്യ സന്ദർശിക്കാനെത്തിയ വിദേശ വിനോദസഞ്ചാരിയെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു, അവരുടെ തലമുടിയും വടിച്ചുമാറ്റി. ഈ സംഭവം വിദേശ വിനോദസഞ്ചാരികളുടെ സുരക്ഷയെ മാത്രമല്ല, ഇന്ത്യയിൽ ജീവിക്കുന്ന സാധാരണക്കാരായ മുസ്ലീം സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നത്” എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്.

വീഡിയോയിൽ, ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുന്നതും മുടി മുറിച്ചുമാറ്റുന്നതും കാണാം.
നവംബർ 4 ആയപ്പോഴേക്കും ഈ പോസ്റ്റ് 61 ലക്ഷത്തിലധികം തവണ കാണുകയും 16,000 പേർ ലൈക്ക് ചെയ്യുകയും 2,900 പേർ റീപോസ്റ്റ് ചെയ്യുകയും ചെയ്തു.
പോസ്റ്റിലെ കമന്റുകളിൽ ബഹുഭൂരിപക്ഷവും ഇത് ഇന്ത്യയിൽ നടന്നതാണെന്ന് പൂർണമായും വിശ്വസിച്ചവരാണ്. “ഇന്ത്യയിലേക്ക് പോകുന്നതിനുള്ള ഒന്നാമത്തെ നിയമം… ഇന്ത്യയിലേക്ക് പോകരുത്” എന്നാണ് പോസ്റ്റിലെ ഒരു കമന്റ്. “സ്ത്രീകൾക്കും വിദേശ സന്ദർശകർക്കും പോലും ഇത്രയധികം ഭയാനകമായ പെരുമാറ്റം നേരിടേണ്ടി വരുമ്പോൾ ഇന്ത്യയ്ക്ക് എങ്ങനെയാണ് സുരക്ഷിത രാജ്യമാണെന്ന് സ്വയം അവകാശപ്പെടാൻ കഴിയുക? ഇത് നാണക്കേടും അംഗീകരിക്കാനാവാത്തതുമാണ്” എന്നും മറ്റൊരാൾ പറയുന്നു.
ഈ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ളതാണെന്നും കമന്റുകളിൽ നിരവധി പേർ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
തുടർന്ന് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ നിരവധി അക്കൗണ്ടുകൾ ഇതേ വീഡിയോ പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്തി. പാകിസ്ഥാനിൽ വിദേശ വനിതയ്ക്ക് നേരെ ആക്രമണമുണ്ടായെന്ന അവകാശവാദത്തോടെയാണ് വേറെ ചിലർ ഇതേ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗൗരവ് (@k_gauravs) എന്ന ഇന്ത്യൻ എക്സ് അക്കൗണ്ട് പങ്കുവെച്ച പോസ്റ്റിലെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: “പാകിസ്ഥാൻ സന്ദർശിക്കാനെത്തിയ വിദേശ വിനോദസഞ്ചാരിയെ പീഡിപ്പിക്കുകയും അപമാനിക്കുകയും തലമുടി ബലമായി മുറിച്ചുമാറ്റുകയും ചെയ്തു. ഈ സംഭവം പാകിസ്ഥാനിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. വിദേശ വിനോദസഞ്ചാരികളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ആശങ്ക; മുസ്ലീം സ്ത്രീകൾ ഉൾപ്പെടെ അവിടെ ജീവിക്കുന്ന എണ്ണമറ്റ സാധാരണ സ്ത്രീകളും തുല്യമായ സംരക്ഷണവും അന്തസ്സും അർഹിക്കുന്നുണ്ട്.”
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന്റെ പേരിൽ നിരന്തരമായി വിമർശനങ്ങൾക്ക് വിധേയനായിട്ടുള്ള ‘ബാബ ബനാറസ്’ (@RealBababanaras) എന്ന അക്കൗണ്ടിനെ ടാഗ് ചെയ്തുകൊണ്ടാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ വീഡിയോയിൽ കേൾക്കുന്ന ഭാഷ ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയുമായും സാമ്യമുള്ളതല്ല. അതിനാൽ തന്നെ ഈ ദൃശ്യങ്ങൾ മറ്റൊരു രാജ്യത്തുനിന്നുള്ളതാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി.
വൈറലായ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ, ഒക്ടോബർ 16-ന് എക്സിൽ പങ്കുവെക്കപ്പെട്ട മറ്റൊരു പോസ്റ്റിലേക്ക് ഞങ്ങളെത്തി. ഒരു വിദേശ വനിതയെ രണ്ട് സ്ത്രീകൾ മർദ്ദിക്കുകയും തുടർന്ന് മുടി മുറിക്കുകയും ചെയ്യുന്ന സംഭവമാണിതെന്ന് ഈ പോസ്റ്റിൽ പറയുന്നു.

തുർക്കിയിലെ പ്രമുഖ ഡിജിറ്റൽ വാർത്താ മാധ്യമമായ ‘ഗുഷോൾഡർ ഹേബർ ബുൾട്ടേനി’ (Gusholder Haber Bülteni) യുടെ ഔദ്യോഗിക എക്സ് അക്കൗണ്ടും ഒക്ടോബർ 15-ന് ഈ വീഡിയോ പങ്കുവെച്ചിരുന്നു. തുർക്കിയിലെ ഇസ്താംബൂളിലെ അർനാവുത്കോയ് (Arnavutköy) എന്ന സ്ഥലത്താണ് സംഭവം നടന്നതെന്നായിരുന്നു അവരുടെ അവകാശവാദം.
വ്യത്യസ്ത രാജ്യങ്ങളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഈ വീഡിയോയ്ക്ക് 1 മിനിറ്റും 29 സെക്കൻഡും ദൈർഘ്യമുണ്ട്. ഇത് വെട്ടിച്ചുരുക്കിയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, സെപ്റ്റംബർ 23-ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് ലഭിച്ചു. ഉസ്ബെക്കിസ്ഥാനിലെ ഖോറസ് (Khorezm) പ്രദേശത്തുനിന്നുള്ളതാണ് വീഡിയോയിലെ സ്ത്രീയെന്നാണ് ഈ യൂട്യൂബ് വീഡിയോയുടെ തലക്കെട്ട് സൂചിപ്പിക്കുന്നത്.

വീഡിയോയിലെ സംഭാഷണങ്ങൾ വിശകലനം ചെയ്തതിൽ നിന്ന്, ഇതിൽ സംസാരിക്കുന്നവർ ഉപയോഗിക്കുന്നത് ഉസ്ബെക്ക് ഭാഷയാണെന്ന് വ്യക്തമായി. ഇതിൽ നിന്ന് ഈ വീഡിയോ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.
കൂടാതെ, തുർക്കി മാധ്യമമായ ‘ടിആർ ഹേബർ’ (TR Haber) ഒക്ടോബർ 10, 2026-ൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ പറയുന്നതനുസരിച്ച്, ഇസ്താംബൂളിലെ അർണാവുത്കോയിൽ നടന്നു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഈ വീഡിയോ യഥാർത്ഥത്തിൽ ഉസ്ബെക്കിസ്ഥാനിൽ ചിത്രീകരിക്കപ്പെട്ടതാണെന്നാണ്.
ഇസ്താംബൂൾ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ അർണാവുത്കോയ് ജില്ലാ പോലീസ് ഡയറക്ടറേറ്റ് ഈ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അർണാവുത്കോയിൽ ഈ സംഭവം നടന്നിട്ടില്ലെന്നും ഇത് ഉസ്ബെക്കിസ്ഥാനിൽ വളരെക്കാലം മുമ്പ് നടന്ന സംഭവമാണെന്നും അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതികളോ റിപ്പോർട്ടുകളോ ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ജനങ്ങളിൽ ആശങ്കയും പരിഭ്രാന്തിയും പരത്തുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പങ്കുവെക്കുമ്പോൾ സമൂഹമാധ്യമ ഉപയോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും വീഡിയോകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തുടക്കത്തിൽ തുർക്കിയിൽ നിന്നുള്ളതാണെന്ന് പ്രചരിപ്പിക്കുകയും പിന്നീട് ഇന്ത്യയിലും പാകിസ്ഥാനിലും വിദേശികൾക്ക് നേരെ നടന്ന ആക്രമണമായി വ്യാഖ്യാനിക്കുകയും ചെയ്ത ഈ വീഡിയോ യഥാർത്ഥത്തിൽ ഉസ്ബെക്കിസ്ഥാനിൽ നടന്ന ഒരു സംഭവത്തിന്റെതാണ്.

സുജിത് എ
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക